നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.
ഒരു തെറ്റും ചെയ്യാതെ ഒരു നിമിഷം കൊണ്ട് ജീവിതം നഷ്ടമായതാണ് ഇവർക്ക്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കയ്യൊഴിഞ്ഞതോടെയാണ്, ഭർത്താവ് നഷ്ടമായ വേദന മാറും മുൻപ് കുഞ്ഞുങ്ങളുമായി അധികാരികളുടെ മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഒരു മാസം മുൻപാണ് വാഹനത്തിന് ഗതാഗത തടസം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ തളളിയിട്ട് കൊലപ്പെടുത്തിയത്. പൊലീസുകാരനാൽ കൊല്ലപ്പെട്ടത് കൊണ്ട് തന്നെ ഭാര്യക്ക് സർക്കാർ ജൊലി നൽകണമെന്ന് ഡി.ജി.പി ഗുപാർശ ചെയ്തിരുന്നു. സഹായം തേടി വിജി രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ടു. മൂന്ന് മന്ത്രിമാർ വീട്ടിലെത്തി ഉറപ്പ് നൽകി. പക്ഷെ കേസും ബഹളവും അവസാനിച്ചതോടെ സർക്കാർ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ നിരാഹാര സമരമാണ് ഈ കുടുംബത്തിന്റെ അടുത്ത വഴി.
ന്യൂഡല്‍ഹി: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അഗ്‌നിപരീക്ഷയായിട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്. 2019ല്‍ ആര് ഭരിക്കുമെന്നതിന്റെ സൂചകമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുക. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ചവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ കാഴ്ച്ചപ്പാടില്‍ നിര്‍ണായക പങ്കുള്ളവയാണ്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ രാഷ്ട്രീയവല്‍ക്കരിച്ച കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്നത്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര സുഖകരമല്ല ബി.ജെ.പിക്ക്. പ്രദേശിക പാര്‍ട്ടികളുമായി ഉണ്ടാക്കിയ ധാരണയും ബി.ജെ.പിയിലെ കൊഴിഞ്ഞുപോക്കും കോണ്‍ഗ്രസിന് ഗുണം ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധി നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.
പാലാ/ രാമപുരം: സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന ഒരു വാർത്തയാണ് അക്ഷരനഗരിയെന്ന് വിശേഷണമുള്ള കോട്ടയം ജില്ലയിലെ പാലായിക്കടുത്തുള്ള രാമപുരത്തുനിന്നും വന്നിരിക്കുന്നത്. രാമപുരത്ത് വച്ച് നെടുമ്പാശേരിയിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിനു നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്. മുംബൈയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ യുവതിക്കും ഇവരുടെ പിതാവിനും സഹോദരനും മർദനമേറ്റു. ശനിയാഴ്ച രാത്രി 9.30 ന് പാലാ നെച്ചിപ്പുഴൂരായിരുന്നു സംഭവം. റാന്നി ഇടമണ്‍ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകൻ ജോർജി(17), മകൾ മേഘ(22) എന്നിവർക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ നെച്ചിപ്പുഴൂർ തെക്കേകളത്തിനാനിക്കൽ ജെനീഷ് (42), ഇയാളുടെ പിതാവ് ബാലകൃഷ്ണൻ (78), സെയിൽ ടാക്സ് ഓഫീസിലെ ജീവനക്കാരൻ നെച്ചിപ്പുഴൂർ മാവേലിൽ ജോഷി ജോസഫ് (45) എന്നിവർ അറസ്റ്റിലായി. കേസിൽ ഇനിയും ഏഴോളം പേരെ പിടികൂടാനുണ്ട്.
മുംബൈയിൽ നഴ്സായ മേഘയുമായി സജി മാത്യുവും ജോർജിയും നെടുമ്പാശേരിയിൽനിന്ന് റാന്നിയിലേക്കു വരികയായിരുന്നു. നെച്ചിപ്പുഴൂർ ഭാഗത്തെത്തിയപ്പോൾ മേഘയ്ക്കു ഛർദിക്കാൻ തോന്നുകയും കാർ നിർത്തുകയും ചെയ്തു. ഈ സമയം സമീപത്തെ വീട്ടിനിന്നും ഇറങ്ങിവന്ന ജെനീഷും സംഘവും ഛർദിക്കാൻ നിന്ന മേഘയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി. ഇത് സജിയും ജോർജിയും ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. സമീപത്തെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്ന ജെനീഷും സംഘവും കാർ യാത്രക്കാർ മദ്യപിക്കുകയായിരുന്നെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പത്തോളം പേർ ചേർന്ന് മേഘയെ ഉൾപ്പെടെ മർദിച്ചു.
സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെയും സംഘം മർദിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ പോലീസിൽ വിവരം അറിയച്ചതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. പോലീസ് എത്തിയാണ് സജിയേയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. ഇതേ ആശുപത്രിയിൽ ജെനീഷും ബാലകൃഷ്ണനും ജോഷിയും ചികിത്സ തേടിയെത്തിയതോടെ മേഘയും പിതാവും അക്രമികളെ തിരിച്ചറിഞ്ഞു പോലീസിനു വിവരം കൈമാറി. പോലീസ് ഇവരെ ആശുപത്രിയിൽനിന്നും അറസ്റ്റ് ചെയ്തു. അക്രമണ സംഭവത്തിൽ ഉൾപ്പെട്ട ഏഴോളം പേരെ ഇനിയും പിടികൂടാനുണ്ട് എന്നാണ് അറിയുന്നത്. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ടേക്ക് ഓഫ് അല്‍പ്പസമയത്തിനകം നടക്കും. അബുബാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണൂരില്‍ നിന്ന് പറന്നുയരും. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നായിരിക്കും ആദ്യ വിമാനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുക.
വിവിധ കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. നേരത്തെ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വ്യോമയാന മന്ത്രിയായിരിക്കും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുകയെന്ന് തീരുമാനമെടുത്തിരുന്നു. രാവിലെ പത്തരമണിയോടെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും. ചടങ്ങിന് വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക.
ഉത്തരകേരളത്തിന്റെ ഏറെ നാളെത്തെ സ്വപ്നമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. പ്രവാസി മലയാളികള്‍ക്ക് വിമാനത്താവളം ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. രാവിലെ 9.30ഓടെ ടെര്‍മിനല്‍ കെട്ടിടം വ്യോമയാന മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആയിരങ്ങളാണ് ചടങ്ങ് വീക്ഷിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയത്. ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുണ്ടാവുക. പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കും. കൂടാതെ ആഭ്യന്തര സര്‍വീസുകളും ഉടന്‍ ആരംഭിക്കും.
മായം കലര്‍ത്തിയ വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ സുലഭമാകുമ്പോഴും സാധാരണക്കാര്‍ അറിയാതെ പോകുന്നു ഒന്നുണ്ട്. സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നമ്മള്‍ കൂടിയ കാശു കൊടുത്ത് വാങ്ങിക്കുന്നതെന്ന്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം നോട്ടീസ് മൂലം അറിയിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇതുകൂടാതെ വ്യാജന്മാര്‍ പുതിയ പേരില്‍, ബ്രാന്‍ഡില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. താഴെ കൊടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പേരുകളാണ്. ഇനിയെങ്കിലും ഇതൊന്ന് മനസ്സില്‍ കുറിച്ചു വച്ചോളൂ…
അത്ര പെട്ടെന്നൊന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ഭക്ഷ്യ എണ്ണകളിലെ മായം ചേര്‍ക്കല്‍. റിഫൈന്‍ഡ് ഓയിലിനെ വെളിച്ചെണ്ണയും നല്ലെണ്ണയുമാക്കി മാറ്റുന്ന തട്ടിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. സാധാരണക്കാര്‍ ഇപ്പോഴും ഈ ചതിയെക്കുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പാചക രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വിഡിയോ കാണാം
[ot-video][/ot-video]
കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പീഡിപ്പിച്ച് നഗ്‌നചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോട്ടയം സ്വദേശി ജിന്‍സുവിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് വന്നേക്കുമെന്ന് സൂചന. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ജിന്‍സു പീഡിപ്പിച്ച പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു(24) വിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ചതായി വ്യക്തമാവുകയായിരുന്നു.
അതേസമയം പ്രതി പീഡിപ്പിച്ച ചില സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരുന്നില്ലെന്നും പോലീസ് പറഞ്ഞു. മൂന്ന് പരാതിയിലേറെ ലഭിക്കുകയാണെങ്കില്‍ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകള്‍ ചുമത്താനാവും പോലീസ് ശ്രമിക്കുക. വിഷയത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ജിന്ഡസുവിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് നടത്തുന്നത്. ഇതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തെങ്കിലേ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു
രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം. അഞ്ചിടങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്തിറങ്ങിയ എക്സിറ്റ്പോള്‍ ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡേ, സി.വോട്ടര്‍ , എ.ബി.പി എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്യ ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന് ടൈംസ് നൗ, ജന്‍ കി ബാത് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു.
ഇന്ത്യ ടുഡേ– കോണ്‍ഗ്രസ് 104– 122, ബി.ജെ.പി 102– 120
സി.വോട്ടര്‍ : കോണ്‍ഗ്രസ്– 110– 126, ബി.ജെ.പി–90– 106
എ.ബി.പി: കോണ്‍ഗ്രസ്– 126, ബി.ജെ.പി–94
ജന്‍ കി ബാത്: ബി.ജെ.പി–108– 128, കോണ്‍ഗ്രസ്– 95–115
ടൈംസ് നൗ –ബി.ജെ.പി– 126 സീറ്റ്, കോണ്‍ഗ്രസ്–89,ബി.എസ്.പി–6
രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് ടൈംസ് നൗ,ഇന്ത്യ ടുഡേ, സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ജന്‍ കി ബാത് (റിപ്പബ്ളിക് ടി.വി) എക്സിറ്റ് പോളും പ്രവചിക്കുന്നു.
രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്സിറ്റ് പോള്‍
ടൈംസ് നൗ– CNX :കോണ്‍ഗ്രസ്– 105, ബി.ജെ.പി– 85
ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119– 141, ബി.ജെ.പി 55–72
സി വോട്ടര്‍: കോണ്‍ഗ്രസ് 129–145, ബി.ജെ.പി 52–68
ജന്‍ കി ബാത്: ബി.ജെ.പി– 83–103, കോണ്‍ഗ്രസ് 81– 101
ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന്ടൈംസ് നൗ, ജന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് സി.വോട്ടര്‍, ഇന്ത്യ ടുഡേ ഫലങ്ങള്‍ പറയുന്നു.
ടൈംസ് നൗ: ബി.ജെ.പി–46. കോണ്‍ഗ്രസ് – 35
ജന്‍ കി ബാത്: ബി.ജെ.പി–44, കോണ്‍ഗ്രസ് –40
സി വോട്ടര്‍: കോണ്‍ഗ്രസ് –46,ബി.ജെ.പി – 39,
ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 55–65, ബി.ജെ.പി 21–31
തെലങ്കാനയില്‍ ടി.ആര്‍.എസ്
തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് എക്സിറ്റ് പോള്‍
ടൈംസ് നൗ, ഇന്ത്യ ടുഡേ, ജന്‍ കി ബാത് ഫലങ്ങള്‍ ടി.ആര്‍.സിന് അനുകൂലം
മിസോറമില്‍ കോണ്‍ഗ്രസിന് തിരിച്ചടി
മിസോറമില്‍ എം.എന്‍.എഫ് ഭൂരിപക്ഷം നേടുമെന്ന് ജന്‍ കി ബാത് എക്സിറ്റ് പോള്‍
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനം തിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് ഒരു ഉപാധി. കഴിഞ്ഞ 21 ദിവസമായി ജയിലിലായിരുന്നു സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിക്കാനുണ്ടായിരുന്നത്. നേരത്തെ പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിക്കവേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമായിരുന്നു സുരേന്ദ്രനെതിരെ ഉന്നയിച്ചത്. സുരേന്ദ്രന്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ശബരിമലയില്‍ പോയതെന്നും നിയമത്തെ വെല്ലുവിളിക്കുന്നതാണ് സുരേന്ദ്രന്റെ പ്രവര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്.
അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. അതേസമയം, അനുമതിയില്ലാതെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന്‍ കൊല്ലം എ.ആര്‍ ക്യാംപിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എ.ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.
നമ്പർ പ്ളേറ്റുകളിലെ ‘നമ്പറുകൾ’ ഇനി നടപ്പില്ല. ഏപ്രിൽ മാസം മുതൽ പുതിയ വാഹനങ്ങൾക്ക് അതി സുരക്ഷാ സംവിധാനങ്ങളുള്ള നമ്പർ പ്ളേറ്റുകൾ നിർബന്ധമാക്കുന്നു. കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി.
രജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ളേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും.
നമ്പർ പ്ളേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. രജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പരുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ളാസിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഗ്ളാസ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.
സാധാരണയായ നമ്പർ പ്ളേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ളേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ളേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ളേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം.
2001 ലാണ് നമ്പർ പ്ളേറ്റ് പരിഷ്കാരം ഏർപ്പെടുത്താൻ നിയമഭേദഗതി കൊണ്ടു വന്നത്. എന്നാൽ പൂർണമായി വിജയം കൈവരിക്കാനായില്ല. ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് നടപ്പാക്കിയത്. പല തവണ ടെൻഡർ വിളിച്ചെങ്കിലും ലേലത്തിൽ കമ്പനികൾ തമ്മിലുള്ള തർക്കം തടസമാകുകയായിരുന്നു
തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എട്ട് പേര്‍ കൂടി പോലീസ് പിടിയിലായി. മാട്ടൂലിലെ വീട്ടില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് വടക്കാഞ്ചേരിയിലെ യു.ഇ.വൈശാഖ്(25), മാട്ടൂല്‍ നോര്‍ത്തിലെ ടി.ജിതിന്‍(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കുടിയാന്‍മല റിസോര്‍ട്ടില്‍ നടന്ന പീഡനത്തില്‍ പഴയങ്ങാടിയിലെ അബ്ദുല്‍സമദിനെയും(21) പെണ്‍കുട്ടിയുടെ വാടകവീട്ടില്‍ നടന്ന പീഡനത്തില്‍ തളിയില്‍ ഉറുമി ഹൗസില്‍ നിഖില്‍(20), മീത്തല്‍ ഹൗസില്‍ മൃദുല്‍(24) എന്നിവരെയും അറസ്റ്റുചെയ്തു.തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ചെയ്ത മറ്റു രണ്ടു പോക്സോ കേസുകളിലായി തളിയില്‍ സ്വദേശികളായ ശ്യാംമോഹന്‍(25), കെ.സജിന്‍(26) എന്നിവരെയും അറസ്റ്റുചെയ്തു.
നേരത്തെ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ്, ബലാല്‍സംഗത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജര്‍ പവിത്രന്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇതോടെ അഞ്ചു കേസുകളിലായി 13 പേരാണ് അറസ്റ്റിലായത്.
നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ഫെയിസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടു പോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു.
മൂന്ന് ദിവസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കുകയായിരുന്നു. വിവിധയിടങ്ങളില്‍ വെച്ച് ഇരുപതിലേറെപ്പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്. പറശ്ശിനിക്കടവിലെ സംഭവത്തിനു പുറമേയും പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്നാണ് സൂചന. പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.