നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ് കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ സഹായഹസ്തവുമായെത്തുന്നുണ്ട്. എൻഡിടിവിയും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവർ കേരളത്തിനായി പണം സമാഹരിച്ചത്.
ആറുമണിക്കൂർ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനൽ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാൽ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ടെലിത്തോണിൽ പങ്കെടുത്തു. കേരളത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്രസർക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യോമ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എൻഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കൊല്‍ക്കത്ത: ബംഗാളില്‍ മോമൊ ഗെയിം ചലഞ്ച് കളിച്ച് രണ്ട് പേര്‍ ആത്മഹത്യ ചെയ്തതായി സൂചന. ഡാര്‍ജീലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നിന്നുള്ള മനീഷ് സര്‍കി (18) ഓഗസ്റ്റ് 20നും അഥിതി ഗോയല്‍ (26) തൊട്ടടുത്ത ദിവസവും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ മോമൊ ഗെയിം ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ബ്ലു വെയിലിനേക്കാളും അപകടകാരിയാണ് മോമൊയെന്നാണ് പോലീസ് നല്‍കുന്ന സൂചന.
നിലവില്‍ വാട്സാപ്പ് ലിങ്കുകള്‍ വഴിയാണ് മോമൊ പ്രചരിക്കുന്നത്. ഗെയിം കളിക്കാന്‍ ആരംഭിച്ചാല്‍ നമ്മള്‍ അതില്‍ അഡിക്ടഡാവുകയും ആത്മഹത്യാ തലത്തിലേക്ക് അത് വളരുകയും ചെയ്യും. പ്രത്യേകം ജാഗ്രത വേണമെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ജല്‍പൈഗുരി, കുര്‍സിയോങ്, വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലകളിലാണ് ഗെയിം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന സമയത്തു പ്രത്യേകം ശ്രദ്ധ വേണമെന്ന് രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഗെയിം പ്രചരിക്കുന്നതായി വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൈബര്‍ ഡോം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും മോമൊ ചലഞ്ച് പടരുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.
മലപ്പുറം: നാടിനെ നടുക്കിയ മേലാറ്റൂര്‍ കൊലപാതകത്തിന് പിന്നില്‍ പിതൃസഹോദരന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് തിരിച്ചറിഞ്ഞു. ഒന്‍പത്കാരനെ തട്ടിക്കൊണ്ട് പോയ ശേഷം കുട്ടിയുടെ പിതാവും തന്റെ സഹോദരനുമായ അബ്ദുല്‍സലാമിന്റെ കൈയ്യിലുള്ള മൂന്ന് കിലോ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ അത്രയും സ്വര്‍ണമോ പണമോ സലാമിന്റെ കൈകളില്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ കുറ്റകൃത്യം മറച്ചു പിടിക്കാന്‍ കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് താഴെക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തുന്നതിന് മുന്‍പ് ഇയാള്‍ കുട്ടിയുമായി സിനിമാ തീയേറ്ററിലും ബിരിയാണി ഹട്ടിലുമൊക്കെ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടി തട്ടിക്കൊണ്ടു പോകല്‍ തിരിച്ചറിയാതിരിക്കാനാണ് സിനിമാ കാണിക്കാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹിനെ ഈ മാസം പതിമൂന്നിനാണ് കാണാതാവുന്നത്. പിതൃസഹോദരന്‍ കൂടിയായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് ഷഹീനിനെ സ്‌കൂളില്‍ നിന്ന് ബൈക്കില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി രാത്രി ഉള്‍പ്പെടെ കറങ്ങിയ ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് മുഹമ്മദ് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഷഹീനിന്റെ മൃതദേഹം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ആം ആദ്മി പാര്‍ട്ടി എം.പി ശ്രി സഞ്ജയ് സിംഗ് തന്റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രളയ ദുരന്തത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഡല്‍ഹി സര്‍ക്കാരിന്റെ വിഹിതമായി 10 കോടി രൂപയും, കേരള ജനതയുടെ ദുരിതങ്ങള്‍ അവിടെയുള്ള ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്ര പരസ്യം നല്‍കുകയും അതുവഴി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനവും ചെയ്തിരുന്നു.
എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരോട് രണ്ടുദിവസത്തെ ശമ്പളവും സംഭാവന നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎല്‍എ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കുകയും അത് ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിവാസികള്‍ക്ക് കൈമാറുന്നതിനായി അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി ജങ്ക്പുര മണ്ഡലത്തിലെ എംഎല്‍എ ശ്രീ പ്രവീണ്‍കുമാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എംപി ഫണ്ട് വിനിയോഗിക്കാനുള്ള സഞ്ജയ് സിംഗ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകര പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യാമഹാരാജ്യത്തെ എല്ലാ എം.പി മാരും എംഎല്‍എമാരും ഈ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
മലയാളികളെ രൂക്ഷമായി അധിക്ഷേപിച്ച് അർണാബ് ഗോസ്വാമി. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ചാനലിൽ നടന്ന അന്തിച്ചർച്ചയിലാണ് മലയാളികളെ അധിക്ഷേപിച്ച് ചാനൽ ഉടമയും വാർത്താ അവതാരകനുമായ അർണാബ് രംഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും നാണമില്ലാത്ത വർഗ്ഗമാണ് മലയാളികൾ എന്നായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം. സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധമറിയിച്ചു തുടങ്ങിയിട്ടുണ്ട്.
‘ഫ്ലഡ്എയ്ഡ്ലൈ’ എന്ന വിഷയത്തിലായിരുന്നു റിപ്പബ്ലിക്ക് ടിവിയിലെ ചർച്ച. യുഎഇയിൽ നിന്നുള്ള ധനസഹായവും മറ്റുമായി ബന്ധപ്പെട്ട് മലയാളികൾ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അവർക്കതു കൊണ്ട് എന്താണ് ലഭിക്കുന്നതെന്നും അയാൾ ചോദിച്ചു. “ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്?”- ഇങ്ങനെയായിരുന്നു ചർച്ചയിൽ അർണാബിൻ്റെ പരാമർശം.
പ്രളയത്തിൽ മുങ്ങിയ വീടിനു സമീപം താമസിക്കുന്ന ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെളിയനാട് മുല്ലശേരിൽ ബാബുവിന്‍റെ മകൻ ബിബിൻ ബാബു(18)വിന്‍റെ മൃതദേഹമാണ് കാവാലത്തു നിന്നും കണ്ടെത്തിയത്. ചങ്ങനാശേരി എസ്ബി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്നു ബിബിൻ.
വെളിയനാട് മുല്ലശേരിൽ മാത്യുവിന്‍റെ മകൻ ടിബി(26)ന് വേണ്ടി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ബന്ധുക്കൾക്ക് ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബന്ധുക്കളായ മൂവർ സംഘം സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മുല്ലശേരിൽ ജിറ്റോ (32) നീന്തി രക്ഷപെട്ടിരുന്നു.
ചീരഞ്ചിറ ചന്പന്നൂർ ജോളി ജോസഫിന്‍റെ വീട്ടിലാണ് അപകടത്തിൽപെട്ടവർ ഉൾപ്പടെ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ജോളിയുടെ ഭാര്യ മോളിയുടെ സഹോദര·ാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്. കാണാതായ ടിബിൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രളയത്തിനിടെ മലപ്പുറം മേലാറ്റൂരിൽ ഒൻപതുവയസ്സുകാരനെ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊല സ്വർണം കൈക്കലാക്കാനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
മലപ്പുറം എടയാറ്റൂരില്‍നിന്ന് ഈ മാസം പതിമൂന്നിനാണ് മുഹമ്മദ് ഷഹീനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ഷഹീനെ പുഴയില്‍തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന്‍ കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയുടെ പിതാവില്‍നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തിൽ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഷഹീനു വേണ്ടി ആനക്കയം പുഴയില്‍തിരച്ചിൽ തുടരുകയാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന പ്രതി കുട്ടിയെ പുഴയിൽ തള്ളിയിട്ടു കൊല്ലുകയായിരുന്നു.
കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റർ മാറി തറവാടുവീടിനടുത്തു വെച്ചാണ് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയത്.
മഹാപ്രളയത്തിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായവുമായി അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഏഴുകോടി രൂപയാണ് കമ്പനി സഹായം പ്രഖ്യാപിച്ചത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂർണപിന്തുണയും ആപ്പിൾ പ്രഖ്യാപിച്ചു.
‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വേദനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴ് കോടി രൂപ സംഭാവനയായി നൽകുന്നു. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകൾ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നു.’ ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.
അതുകൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ ഡൊണേഷന്‍ ബട്ടണുകള്‍ വഴി സംഭാവന നല്‍കാം.
പ്രളയക്കാഴ്ചകളുടെ ദൃശ്യങ്ങൾ ഏറെ ഉലച്ചത് പ്രവാസികളെയായിരുന്നു. പ്രാർഥനകളും സഹായങ്ങളുമായി അവർ േകരളത്തിനൊപ്പം നിലകൊണ്ടു. സമൂഹമാധ്യമങ്ങളായിരുന്നു അവരുടെ കൺട്രോൾ റൂമുകൾ. ഫെയ്സ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് ക്യാംപെയിനിലൂടെ എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിയോളം രൂപയാണ് ഇവർ സ്വരൂപിച്ചത്.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവരുടെ നേതൃത്വത്തിൽ ചിക്കാഗോയില്‍ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇൗ ഫണ്ട് സ്വരൂപിച്ചത്. ചിക്കാഗോയിൽ ഇൗ ചെറുപ്പക്കാരുടെ നീക്കത്തിന് സോഷ്യൽ ലോകത്ത് വലിയ കയ്യടി. പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു.
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.
ഫണ്ട് റൈസിങ്ങ് ക്യാംപെയിൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം ക്യാംപെയിൻ ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മലയാളികളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. ‘കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ’ എന്ന പേരിലാണത് നല്‍കുക.
ന്യൂഡല്‍ഹി: പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് വിദേശ സഹായം നല്‍കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ വിദഗദ്ധര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരു എന്നിവര്‍ കേന്ദ്ര നിലപാടിനെതിരെ പരസ്യമായി രംഗത്ത് വന്നു.
ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോന്‍ പ്രതികരിച്ചു. വേണ്ട എന്നു പറയാന്‍ എളുപ്പമാണ്! പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ല. ഗള്‍ഫ് രാജ്യങ്ങള്‍ ധാരളം ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് ഇക്കാര്യം പരിഗണക്കണം. വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ വകതിരിവുണ്ടാകണമെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അഭിപ്രായപ്പെട്ടു.
സുനാമി കാലയളവില്‍ വിദേശ സഹായം സ്വീകരിച്ചില്ലെന്നത് ഒരു വാദമല്ല. ഇക്കാര്യത്തില്‍ പിണറായി വിജയനൊപ്പമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന കാര്യം ഓര്‍ക്കണമെന്നും മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരു പറഞ്ഞു. ഏതാണ്ട് 1000 കോടി രൂപയോളം കേന്ദ്ര നയം മൂലം സംസ്ഥാനത്തിന് നഷ്ടമാകുമെന്നാണ് സൂചന.