India

ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലൂരൂ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. നിലവില്‍ കേസന്വേഷിച്ചുകൊണ്ടിരുന്ന ഓച്ചിറ എസ്‌ഐ, സിഐ, എന്നിവരില്‍ നിന്നും അന്വേഷണചുമതല കരുനാഗപളളി എസ്പിക്ക് കൈമാറി.

അതേസമയം പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ മുഹമ്മദ് റോഷന്‍ സ്ഥലത്തെ സിപിഎം നേതാവ് നവാസിന്‍റെ മകനായതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി തര്‍ക്കം തുടരുന്നതിനിടയില്‍ ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരാണ് പത്തനംതിട്ട സീറ്റിനായി നിലവില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ സുരേന്ദ്രനെ പിന്തുണച്ച് ആര്‍.എസ്.എസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അല്‍ഫോണ്‍സ് കണ്ണന്താനമോ അല്ലെങ്കില്‍ ശ്രീധരന്‍ പിള്ളയോ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ അണികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരേന്ദ്രനെ പരിഗണിക്കാനായിരിക്കും അമിത് ഷാ ശ്രമിക്കുക.

സംസ്ഥാനതലത്തിലെ ഭിന്നത കേന്ദ്രനേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി എന്നത് വ്യക്തമാണ്. ബിജെപിയുടെ 14 സീറ്റില്‍ 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരിക്കുന്നത്. മുരളീധരപക്ഷവും കെ. സുരേന്ദ്രന്റെ ഗ്രൂപ്പും പത്തംതിട്ട സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യക്തി തലത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്‍കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. പിന്നാലെ പിളളയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.

ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. കേരളത്തിലാദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഐപിഎസ് ഓഫീസര്‍ മത്സരിക്കാനെത്തുന്നത്. മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഐ പി എസില്‍ നിന്ന് രാജി വയ്ക്കുമെന്നാണ് സൂചന.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം പി ഇന്നസെന്റും യു ഡി എഫിന് വേണ്ടി മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാനുമാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. കിഴക്കമ്പലം പഞ്ചയാത്ത് ഭരിക്കുന്നത് ട്വന്റി 20ആണ്.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിയന്റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും തുടരെ സസ്‌പെന്‍ഷന്‍ ലഭിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.എം.മാണിയിപ്പോള്‍ ചികിത്സയിലുള്ളത്.

എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ് മാണി ആശുപത്രിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർഥിനിക്ക് നാടിൻറെ അന്ത്യാഞ്ജലി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവല്ലയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവല്ലയിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

സ്വന്തം കലാലയമുറ്റത്തേക്ക് അവസാനമായി ഒരിക്കൽക്കൂടി അവളെത്തി. കണ്ണീർ തളംകെട്ടിയ അന്തരീക്ഷത്തിൽ സഹപാഠികളും, അധ്യാപകരും, നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു. വാടകവീട്ടിലെ പൊതുദർശനമൊഴിവാക്കിയാണ് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിന് മുന്നിൽ പതിനഞ്ച് മിനിറ്റ് പൊതുദർശനമൊരുക്കിയത്. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതുശ്മശാനത്തിലെത്തിച്ച് നാലരയോടെ സംസ്കരിച്ചു.

അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെ ഈ മാസം പന്ത്രണ്ടാംതീയതിയാണ് ആക്രമണത്തിനിരയായത്. പ്ലസ്ടുവിന് സഹപാഠിയായിരുന്ന അജിൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ‘പിഎം നരേന്ദ്രമോദി’ യെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തൂത്തെറിഞ്ഞ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മോദിജിയെ ട്രെയിലറിൽ കാണിക്കുന്നില്ലെന്നാണ് പരിഹാസം. കമ്മികളുടെയും നക്‌സലുകളുടെയും ‘നെഹ്രു’വിന്റെയും വിലകുറഞ്ഞ തന്ത്രമാണോ ഇതെന്നും താരം പരിസാഹ രൂപേണ ട്വിറ്ററിൽ കുറിച്ചു.

ഇതുപോലുള്ള ബയോപിക്കുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മാര്‍ഥത കാണുമ്പോഴാണ് ജയലളിതയെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ എത്രത്തോളം സ്വര്‍ണം പൂശൽ നടന്നേക്കുമെന്ന് ആലോചിക്കുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ ക്ഷമിക്കാവുന്നതാണ്, എന്നാല്‍ അതിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് മാപ്പർഹിക്കുന്നില്ല”, സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

റാഫേല്‍ രേഖകൾ കളവ് പോയി എന്ന അറ്റോർണി ജനറലിൻറെ വെളിപ്പെടുത്തലിനു പിന്നാലെ ഇതിനെ പരിഹസിച്ചും താരം രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണവും സൈനികരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും സിദ്ധാർത്ഥ് ആരോപിച്ചിരുന്നു.

പുൽവാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമർശിച്ചും സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു. സ്വയം ഹീറോ ആയി പ്രഖ്യാപിക്കുന്ന മോദി ആ പണി നിർത്തണം എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.

 

തിരുവനന്തപുരം പൊഴിയൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേര്‍ന്ന് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതോടെ പനങ്കാല ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും ഒളിവില്‍ പോയി. ഉച്ചഭാഷിണി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.

പൊഴിയൂരിന് സമീപം ചെങ്കവിളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അതിര്‍ത്തിയിലെ തമിഴ്നാട് പ്രദേശമായ മങ്കമലയില്‍ താമസിക്കുന്ന ജേക്കബ് എന്ന 28കാരനാണ് കുത്തേറ്റത്. സി.പി.എമ്മിന്റെ പനങ്കാല ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവും പിതാവ് രാജപ്പനും ചേര്‍ന്നാണ് ആക്രമിച്ചത്. കുത്തേറ്റ ജേക്കബ് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ചെങ്കവിള ക്ഷേത്രത്തിലെ ഉത്സവത്തിന് മൈക്ക് സൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലിക്കെത്തിയതായിരുന്നു ജേക്കബ്. ജോലി ചെയ്യുന്നതിനിടെ ബൈജുവും പിതാവ് രാജപ്പനുമെത്തി ജേക്കബിനോട് തട്ടിക്കയറി.

മൈക്ക് വയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. വാക്കേറ്റത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജേക്കബിനെ മര്‍ദിച്ചു. ഇതിനൊടുവിലാണ് കത്തിയെടുത്ത് പിതാവ് രാജപ്പന്‍ കുത്തിയത്. കുത്തേറ്റ് വീണ ജേക്കബിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ബൈജുവും രാജപ്പനും ഒളിവില്‍ പോയി. ഇരുവരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോള്‍ രക്ഷിക്കാനായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. പൊഴിയൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ തന്നെ വീണ്ടും മല്‍സരിക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനവിധി തേടും. ആദ്യ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ഉള്‍പ്പെടുത്തിയില്ല. പത്തനംതിട്ട ഒഴികെ കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മല്‍സരിക്കും.

ബി.ജെ.പി ഏറെ പ്രതീക്ഷവയ്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട്, കേരളം ഉള്‍പ്പെടെ ഇരുപത് സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദി വാരാണസിയില്‍ വീണ്ടും ജനവിധി തേടുമ്പോള്‍ നിലവില്‍ രാജ്യസഭാംഗമായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ സ്ഥാനാര്‍ഥിയാകും.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലക്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും വീണ്ടും ജനവിധി തേടുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരിടാന്‍ സ്മൃതി ഇറാനിക്ക് വീണ്ടും അവസരം നല്‍കി. കേന്ദ്രമന്ത്രി വി.കെ.സിങ്ങ് ഗാസിയാബാദിലും ഹേമമാലിനി മുഥരയിലും സാക്ഷിമഹാരാജ് ഉന്നാവയിലും വീണ്ടും ജനവിധി തേടും.

കേരളത്തില്‍ ബി.ജെ.പി മല്‍സരിക്കുന്ന പതിനാല് സീറ്റുകളില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരില്‍ സി.കെ.പത്മനാഭനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും കൊല്ലത്ത് സാബു വര്‍ഗീസും പാലക്കാട് സി.കൃഷ്ണകുമാറും ചാലക്കുടിയില്‍ എ.എന്‍.രാധാകൃഷ്ണും കോഴിക്കോട് പ്രകാശ് ബാബുവും മലപ്പുറത്ത് വി.ഉണ്ണികൃഷ്ണനും പൊന്നാനിയില്‍ വി.ടി.രമയും വടകരയില്‍ വി.കെ.സജീവനും കാസര്‍കോട്ട് രവീശതന്ത്രിയും മല്‍സരിക്കും.

പത്തനംതിട്ട ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളം നല്‍കിയപ്പോള്‍ കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന് ആലപ്പുഴ നല്‍കി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ച പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം ദേശീയ നേതൃത്വം മാറ്റിവച്ചു.

മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി.മുരളീധരനും പി.കെ.കൃഷ്ണദാസും മുതിര്‍ന്ന നേതാവ് എം.ടി.രമേശും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനും പട്ടികയില്‍ ഇടംപിടിച്ചില്ല.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസ് പാളയത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ടോ വടക്കന് അവിടെയും സീറ്റില്ല. ഇതുവരെ പ്രഖ്യാപിച്ച 13 സീറ്റുകളിലും വടക്കൻറെ പേരില്ല. ഇനി പ്രഖ്യാപിക്കാനുള്ളത് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ മാത്രം. ഇവിടെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം ഏറെക്കുറേ ഉറപ്പിച്ചും കഴിഞ്ഞു. ഇതോടെ ഇത്തവണയെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച സീറ്റ് വടക്കന് നഷ്ടമായി.

ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കൻ ഇല്ലെന്നും വടക്കന്റ കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്നുമാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. തൃശൂരോ ചാലക്കുടിയോ കിട്ടുമെന്നാണ് ടോം വടക്കൻ പ്രതീക്ഷിച്ചിരുന്നതും. എന്നാൽ കൊല്ലം കൊടുക്കാമെന്ന് കേന്ദ്രനേതൃത്വം ധാരണയിലെത്തി. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച സാബു വർഗീസീനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ ആയിരിക്കുമെന്ന ഒഡീഷ ചീഫ് മിനിസ്റ്ററും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാതൃകാ പരമായ നിലപാടുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോകസഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്നാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം.

വനിതകളെ സംബന്ധിച്ച് ഇത് അഭിമാനാര്‍ഹമായ നിമിഷമാണെന്നും ഈ പട്ടിക പ്രഖ്യാപിക്കാന്‍ സന്തോഷവുമുണ്ടെന്ന് അഭിമുഖത്തോടെയാണ് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിന് പുറമെ ഒഡീഷയിലും ആസാമിലും ജാര്‍ഖണ്ഡിലും ബീഹാറിലും ആന്‍ഡമാനിലും തൃണമൂല്‍ കോണ്‍ഗ്രസ് ചില സീറ്റുകളില്‍ മല്‍സരിക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.

സ്ത്രീ ശാക്തീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പ്രഖ്യാപനങ്ങള്‍ പാലിക്കണമെന്ന ആഹ്വാനത്തോടെയാണ് ബിജെഡി 330ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെന്ന പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൂട്ടാന്‍ എന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടം മാത്രമല്ല ആശയങ്ങളുടെ കൂടെ പോരാട്ടമെന്ന് ഉറപ്പ് നല്‍കുന്നതാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം.

രാജ്യ വ്യാപകമായി ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത വ്യക്തി കൂടിയാണ് മമതാ ബാനര്‍ജി. രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ വനിതകളെ എത്തിക്കാനുള്ള മമതാ ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വ്യാപക പ്രോല്‍സാഹനമാണ് ലഭിക്കുന്നത്. പ്രമുഖ സ്ഥാനങ്ങളില്‍ വനിതകള്‍ ഉള്ള പല പാര്‍ട്ടികള്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് 40 ശതമാനം സീറ്റുകളിലധികം വനിതകള്‍ക്ക് നല്‍കികൊണ്ട് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

കൊല്ലം ഓച്ചിറയിൽ രാജസ്ഥാനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുഹമ്മദ് റോഷനും പതിനഞ്ചുകാരിക്കുമായി പൊലീസ് സംഘം ബംഗളൂരുവിൽ തിരച്ചിൽ തുടരുകയാണ്. അതേ സമയം മുഹമ്മദ് റോഷനും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് റോഷന്റെ അച്ഛൻ പറഞ്ഞു.

ഒച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളെ വീട്ടിൽ നിന്നു ബലമായി പിടിച്ചുകൊണ്ടു പോയ കേസിലാണ് മൂന്നു പേരെ പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ വലിയകുളങ്ങര സ്വദേശി പ്യാരി,വിപിൻ, അനന്തു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു പേരും ഇരുപതു വയസിനു താഴെപ്രായമുള്ളവരാണ്. പതിനഞ്ചുകാരിയായ പെൺകുട്ടിയും മുഹമ്മദ് റോഷനും ബംഗളുരുവിലേക് കടന്നുവെന്നാണ് നിഗമനം.

ഓച്ചിറയിൽ നിന്നുള്ള പൊലീസ് സംഘവും പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. അതേ സമയം മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് മുഹമ്മദ് റോഷന്റെ കുടുംബം ആരോപിച്ചു. പെൺകുട്ടി മുൻപും റോഷനൊപ്പം പോയിട്ടുണ്ട്. കുറ്റം ചെയ്ത മകനെ സംരക്ഷിക്കില്ലെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ പറഞ്ഞു

രാഷ്ട്രിയ സമ്മർദത്തെ തുടർന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി വലിയകുളങ്ങരയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

Copyright © . All rights reserved