ചണ്ഡീഗഢ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജുമുഅ (വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥന) തടസ്സപ്പെടുത്തിയ സംഭവത്തില്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.
‘നമസ്ക്കാരം പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പള്ളിയിലോ ഈദ്ഗാഹിലോ ആണ് നടത്തേണ്ടത്. അവിടെ സ്ഥലക്കുറവുണ്ടെങ്കിലാണ് പുറത്തേക്ക് മാറ്റേണ്ടത്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടവയല്ല ഇതൊന്നും. എതിര്‍പ്പില്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ചെയ്യുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷെ ഏതെങ്കിലും വിഭാഗത്തില്‍ നിന്നും എതിര്‍പ്പുണ്ടായാല്‍ നമ്മള് ശ്രദ്ധിക്കേ്ണ്ടതുണ്ട്. പൊതുസ്ഥലങ്ങളില്‍ നമസ്ക്കരിക്കുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്.
അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, ബജ്റംഗ് ദള്‍, ശിവസേന, ഹിന്ദു സേന, സ്വദേശി ജാഗരണ്‍ മഞ്ച്, ഗുരുഗ്രാം സാംസ്കൃതിക് ഗൗരവ് സമതി തുടങ്ങിയ സംഘടനകള്‍ ഒന്നായി സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന പേരില്‍ സംഘടിച്ചാണ് പൊതുസ്ഥലങ്ങളിലെ നമസ്ക്കാരത്തിനെതിരെ രംഗത്തെത്തിയത്.
നമസ്ക്കാരം തടഞ്ഞതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ടര്‍ 53യിലെ തുറന്ന സ്ഥലത്ത് നമസ്ക്കാരത്തിനിടെ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
വെള്ളിയാഴ്ച അതുല്‍ കതാരിയ ചൗക്ക്, സിക്കന്ദര്‍പൂര്‍, ഇഫ്കോ ചൗക്ക്, എംജി റോഡ്, സൈബര്‍ പാര്‍ക്കിനടത്തുള്ള തുറന്നയിടം എന്നിവിടങ്ങളിലും പ്രവര്‍ത്തകര്‍ നമസ്ക്കാരം തടഞ്ഞിരുന്നു.
വടകര: യുവകവി ജിനേഷ് മടപ്പള്ളിയെ(35) മരിച്ച നിലയില്‍ കണ്ടെത്തി. തന്റെ എഴുത്തുകളില്‍ നിറഞ്ഞ ആത്മഹത്യയെ തന്നെ ഒടുവില്‍ യുവകവി തിരഞ്ഞെടുത്തു. ജിനേഷ് ജോലി ചെയ്യുന്ന വടകര ഒഞ്ചിയം യുപി സ്കൂളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ജിനേഷ് മടപ്പള്ളിയുടെ പല കവിതകളിലും ആത്മഹത്യ തന്നെയായിരുന്നു പ്രധാന വിഷയം. 2009 ല്‍ പുറത്തിറക്കിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. നിരവധി കവിതാപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ ജിനേഷ് കോഴിക്കോട് സ്വദേശിയാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്ച മുമ്പാണ് മരണമടഞ്ഞത്. വടകര യെരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. ജിനേഷ് അവിവാഹിതനാണ്.
ചെന്നൈ: നടന് രജനികാന്തിന്റെയും തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും വീടുകളില്‍ ബോംബ് വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്ട്രോള് റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു സന്ദേശം.
ഉടന്‍ തന്നെ ചെന്നൈയില്‍നിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് പ്രതിയെ പിടികൂടി. ഇരുപത്തിയെന്നുകാരന് പി. ഭുവനേശ്വരനെയാണ് പൊലീസ് പിടികൂടിയത്.
അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക് നേരെയും ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയിരുന്നു. ചെന്നൈയിലെ കില്‍പൗക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ വിഷാദ രോഗത്തിന് ചികിത്സയിലാണ് ഭുവനേശ്വര്‍. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ വീട്ടില്‍ ബോംബുവെച്ചെന്ന് വ്യാജ സന്ദേശം നല്‍കിയതിന് 2013ലും ഭുവനേശ്വരിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍: കസ്റ്റഡി മരണവും കൈക്കൂലിയും ഒക്കെ കൂടി പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും പോലീസ് സ്റ്റേഷന് സാധാരണക്കാര്‍ക്ക് വെറുക്കപ്പെട്ട ഇടമാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ഇവിടെ ഇതാ വ്യത്യസ്തമായ ഒരു പോലീസ് സ്റ്റേഷന്. ഇവിടെ പോലീസിനെയും പോലീസ് സ്റ്റേഷനെയും നാട്ടുകാര്‍ വീടുപോലെ കരുതുന്ന ഒരിടം ഉണ്ട് . നിയമം ലംഘിച്ചാല്‍ കൃഷി, കഞ്ചാവടിച്ചാല്‍ പുസ്തക വായന, നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിമരങ്ങള്‍ വിളക്കുമരമാക്കി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനില്‍ ; നടപ്പാക്കുന്ന ‘ശിക്ഷാവിധി’കള്‍ ഇങ്ങനെയാണ്. ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന ആരും ഒന്നമ്പരക്കും. നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവം. അത്രമേല്‍ ഹൃദ്യമാണ് ഇവിടുത്തെ അന്തരീക്ഷം. അതു തന്നെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് എസ് ഐ പി ബിജു പറയുന്നു.
സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെന്ന് പ്രശ്നങ്ങള്‍ പറയാനുള്ള ഇടമാക്കി പോലീസ് സ്റ്റേഷനെ മാറ്റുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പി.ബിജു പറയുന്നു. ആദ്യം ചെയ്തത് ഒരു മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയാണ്. വൃത്തിയുള്ള ചുറ്റുപാടും ചെടികളും പൂക്കളും കിളികളുമൊക്കെയാണ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സന്ദര്‍ശകര്‍ക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കി. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നു. സ്റ്റേഷനകത്തും മനോഹരമായ പെയിന്റിങ്ങുകള്‍ സ്ഥാപിച്ചു.
കച്ചേരിപ്പടിയിലെ ഒരു ക്ലബില്‍ രാത്രിയില്‍ മദ്യപിച്ചു കൊണ്ടിരുന്നവരെ പൊക്കുകയും ക്ലബ് പൂട്ടുകയും ചെയ്തു. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ക്ലബ് വീണ്ടും തുറക്കാനായി ഒരു വ്യവസ്ഥ വച്ചു.തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരാഴ്ചകൊണ്ടു വോളിബോള്‍ കോര്ട്ടുണ്ടാക്കണം. മൂന്നു ദിവസത്തിനകം കോര്‍ട്ട് തയാര്‍ . ക്ലബ് വീ ണ്ടും തുറന്നു. വോളിബോള്‍ കോര്‍ട്ടും സജീവമായി. ഇതൊരു തുടക്കമായി.കഞ്ചാവ് കടത്ത്, മദ്യപിച്ചു വാഹനമോടിക്കല്‍ ട്രാഫിക് നിയമം ലംഘിക്കല്‍് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ സഹായത്തോടെ നാട്ടുമ്പുറങ്ങളില്‍ വോളിബോള്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മാണം തുടങ്ങി. പഴയ കോര്‍ട്ടുകള്‍ നന്നാക്കാനും പുതിയവ നിര്‍മിക്കാനും നാട്ടുകാര്‍ക്കൊപ്പം ഇത്തരം കേസുകളിലെ പ്രതികളുമുണ്ടായിരുന്നു.
രാഷ്ട്രീയപാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ഇരുന്നൂറോളം കൊടിമരങ്ങള്‍ പിഴുതെടുത്ത്, ഈ കോര്‍ട്ടുകള്‍ക്ക് നല്കി. അവ പോസ്റ്റുകളായും ഫ്ലഡ്ലിറ്റ് ടവറുകളായും തലയുയര്‍ത്തിയും വെളിച്ചം വിതറിയും നില്ക്കുന്നു. സ്റ്റേഷന് പരിധിയില്‍ വരുന്ന അഞ്ചു പഞ്ചായത്തുകളില്‍ സജീവമായ അറുപതിലധികം വോളിബോള്‍ ഷട്ടില്‍ കോര്‍ട്ടുകള്‍ ഇങ്ങനെ നിര്‍മിക്കപ്പെട്ടവയാണ്. ചില സ്ഥലങ്ങളില്‍. ടൂര്‍ണമെന്റ് നടത്താന്‍ പോലീസ് തന്നെ മുന്‍്കൈയെടുത്തു. ഇടയ്ക്കു ചില പ്രതികള്‍ക്കു കിട്ടിയ ‘ശിക്ഷ’, പോലീസ് സ്റ്റേഷനോടു ചേര്‍്ന്നുള്ള കോര്‍ട്ടില്‍ ഷട്ടില്‍ കളിക്കണമെന്നതായിരുന്നു. ഇതിനൊന്നും സമ്മതിക്കാത്തവര്ക്കും പൊലീസ് ‘പണി’ കൊടുത്തു.
കളിയ്ക്കാന്‍ താത്പര്യമില്ലാത്തവരെ പച്ചക്കറികൃഷിക്കാരാക്കുകയാണ് ചെയ്തത്. അവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്കി. എന്നിട്ട് ചെടിയുടെ ഓരോഘട്ടത്തിന്റെയും ഫോട്ടോയെടുത്ത് വാട്സ് ആപ്പില്‍ പോലീസിനയയ്ക്കുകയും വേണം.മറ്റു ചിലര്‍ക്ക്, പുസ്തകം വായിക്കാന്‍ നല്കി. പോലീസുകാര്‍് പിരിവെടുത്തു വാങ്ങിയ പുസ്തകങ്ങളായിരുന്നു തുടക്കത്തില്‍ ഇതു കേട്ടറിഞ്ഞു ചില എഴുത്തുകാരും വ്യക്തികളും പുസ്തകങ്ങള്‍് നല്്കി.എസ്ഐയുടെ മുറിയില്‍; ഒരു വായനാ മൂല ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങള്‍ ഇവിടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് വായിക്കാം. കൂടാതെ ചെറിയ കേസുകളില്‍ പെട്ട് എത്തുന്നവര്‍ക്ക് ശിക്ഷക്ക് പകരം പുസ്തകങ്ങള്‍ വായിക്കാന്‍ നല്കുന്നു. വായനയേക്കാള്‍ നല്ല മരുന്നില്ലല്ലോ.
കേസില്‍ പെട്ടവരല്ലെങ്കിലും മക്കളെ നേര്‍വഴിക്കാക്കണമെന്ന അഭ്യര്‍ഥനയുമായി രക്ഷാകര്ത്താക്കള് സ്റ്റേഷനില്‍ എത്തിത്തുടങ്ങി. ബിടെക്കുകാരനായ മകന് തന്നെയും ഭാര്യയെയും മര്‍്ദ്ദിക്കുന്നുവെന്നും അവനെ നേര്‍വഴിക്കണമെന്നും പറഞ്ഞു സ്റ്റേഷനിലെത്തിയതു വിരമിച്ച സ്കൂള്‍ ഹെഡ്മാസ്റ്ററാണ്. മകനെ പേടിച്ചു പാലക്കാട്ടാണു താമസമെന്നും അയാള്‍ എസ്ഐയോടു പറഞ്ഞു.അമിത മൊബൈല്‍ ഉപയോഗവും ബൈക്കിലുള്ള കറക്കവുമൊക്കെയാണു യുവാവിനെ വഴിതെറ്റിച്ചതെന്നു മനസ്സിലാക്കിയ പോലീസ്, അവനു നല്കിയതു പുസ്തകങ്ങളായിരുന്നു കഷ്ടപ്പാടുകളില്‍ നിന്നു വിജയം നേടിയവരുടെ ജീവിതകഥകള്‍ ഇന്ന് യുവാവ് മാതാപിതാക്കള്‍ക്കൊപ്പം സ്നേഹത്തോടെ കഴിയുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ, ഒരു പുസ്തകപ്രകാശന ചടങ്ങിനും സ്റ്റേഷന് വേദിയായി.
ക്രിമിനലുകളെ നേര്‍വഴിക്കു നടത്തുന്നതിനായി കഴിഞ്ഞ ജൂലൈ രണ്ടിനു നടത്തിയ പരിപാടിക്കെത്തിയത് ഇരുന്നൂറോളം പേരാണ്. പോലീസ് സ്റ്റേഷനിലേക്കു ബോംബെറിഞ്ഞവര്‍ വരെ ഇതിലുണ്ടായിരുന്നു. കല്പറ്റ നാരായണനടക്കമുള്ളര്‍ ക്ലാസെടുത്തു. കേസില്‍്പ്പെട്ടവരും അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. അന്ന് ഒരു പകല്‍ മുഴുവന്‍ നീണ്ട പരിപാടിയിന്‍ പങ്കെടുത്തവര്‍ പിന്നീട് ഇതുവരെ ഒറ്റ കുറ്റകൃത്യത്തില്‍ പോലും ഏര്‍പ്പെട്ടിട്ടില്ലെന്നും ചിലരൊക്കെ, പോലീസിന്റെ ഇന്ഫോര്മര്മാരാവുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.
വര്‍ഗീയ ചേരിതിരിവുണ്ടാവാനിടയുണ്ടെന്നു കണ്ടപ്പോള്‍ മുണ്ടേരി ഗവ. എച്ച്എസ്എസില്‍ അഞ്ചുദിവസത്തെ നാടകോത്സവവും ഗാനമേളയും ചിത്രപ്രദര്ശനവുമൊക്കെ ഉള്‍പ്പെടുത്തി സാംസ്കാരികോത്സവം നടത്തുകയാണു പോലീസ് ചെയ്തത്. വമ്പിച്ച ജനക്കൂട്ടമാണു സാംസ്കാരികോത്സവത്തിനെത്തിയത്. വര്‍ഗീയ ചേരിതിരിവിന് ഇതോടെ മാറ്റം വന്നു. രാഷ്ട്രീയകക്ഷി നേതാക്കളുടെയും സാമൂഹികസംഘടന, ക്ലബ് ഭാരവാഹികളുടെയും കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തു. പുതുവല്‍സര രാവില്‍ പിടികൂടിയ ചെറുപ്പക്കാരുടെ പുതുവത്സരാഘോഷം സ്റ്റേഷനിലാക്കി. പലരും രാത്രിയില്‍ വീടുകളില്‍ നിന്നു മുങ്ങി, ഫാസ്റ്റ്ഫുഡ് കടകളിലേക്കായിരുന്നു സഞ്ചാരം. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനൊപ്പം കേക്ക് മുറിച്ചും ഉച്ചയ്ക്കു കഞ്ഞി കുടിച്ചും കഥ പറഞ്ഞും അവര്‍ വീടുകളിലേക്കു മടങ്ങി. ഇരുപത്തിയഞ്ചോളം കുട്ടികളാണു പരിപാടിക്കെത്തിയത്.
മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രദേശം മദ്യപാനികളുടെ പിടിയിലായിരുന്നു. രാത്രിയില്‍ സ്ഥിരമായി മര്‍ദ്ദിക്കുന്നതായി ഭാര്യമാരുടെ പരാതി. ഇതിനെതിരെ പ്രവര്‍ത്തിച്ച ഒരുമ എന്ന കൂട്ടായ്മയിലെ ഒരാളുടെ ബൈക്ക് മദ്യപാനികള്‍ കത്തിച്ചു. അന്നു തന്നെ ഇവരെ ഒതുക്കാന്‍ പോലീസ് തീരുമാനിച്ചു.പഞ്ചായത്തില്‍ തരിശിട്ടിരുന്ന 77 ഏക്കര്‍ വയലില്‍ നെല്‍കൃഷി ചെയ്യാനുള്ള പദ്ധതിയില്‍ സഹകരിക്കാനും പോലീസ് തീരുമാനിച്ചു. മൂന്ന് ഏക്കറില്‍ ചക്കരക്കല്ല് പൊലീസ് തന്നെ നേരിട്ടു കൃഷിയിറക്കി. മദ്യപര്ക്കുള്ള അധികശിക്ഷയെന്ന നിലയില്‍ വിളവിറക്കുന്നതു മുതലുള്ള പണികള്‍ അവരെക്കൊണ്ടു ചെയ്യിച്ചു. മൂന്നു ടണ്‍ നെല്ല് കിട്ടിയെന്ന് എസ്ഐ ബിജു. നെല്ല്, തൊഴിലാളികള്‍ക്കു തന്നെ നല്കി. നെല്ലു വിളഞ്ഞതോടെ, മദ്യപരുടെ വിളയാട്ടമില്ലാതായി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ബോധവല്‍ക്കരണ ഹൃസ്വചിത്ര പ്രദര്‍ശനം, നാല്പതിലധികം ആനുകാലികങ്ങള്‍ ലഭിക്കുന്ന വായനശാല തുടങ്ങിയവയാണ് സ്റ്റേഷന് സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത്. നിരാലംബര്‍ക്ക് വീടു വച്ചു കൊടുക്കാനും അനാഥരെ ശുശ്രൂഷിക്കാനും അഡീഷനല്‍ എസ്ഐ പികെ കനകരാജും 45 പോലീസുകാരും എസ്ഐ പി ബിജുവിനൊപ്പമുണ്ട്. ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഡിജിപിയുടെ പ്രശംസ ലഭിച്ചു. ഇത് മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്. ഇതൊക്കെയുണ്ടെങ്കിലും കേസന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ബിജുവും കൂട്ടരും ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. നാട്ടുകാര്‍ ഒന്നടങ്കം ബിജുവിനും സംഘത്തിനും ഒപ്പമുണ്ട്.
കോഴിക്കോട്: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഫുള്‍സ്ലീവ് മുറിച്ചതായി പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്കൂളിലാണ് സംഭവം. ഫുള്‍സ്ലീവ് കൈ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചെന്നും ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയാണ്. ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞതായാണ് ആക്ഷേപം.
മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഇന്നാണ് നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങള്‍. ഒരു ലക്ഷത്തോളം പേരാണു കേരളത്തില്‍ പരീക്ഷയെഴുതുന്നത്.
വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കര്‍ശന നിബന്ധനകളാണ് ഇത്തവ ഏര്‍പ്പെടുത്തിയിരുന്നത്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ് എന്നിവ പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണു ധരിക്കേണ്ടത്. ഷൂ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, ജ്യോമെട്രി ബോക്സ്, പെന്‍സില്‍ ബോക്സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, ലോഹ ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാന്‍ അനുമതിയുണ്ട്. ഈ വിദ്യാര്‍ഥികള്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പു പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ കയറുമ്പോല്‍ ഉടുപ്പൂരണമെന്ന ആചാരത്തിന് എസ്എന്‍ഡിപിയുടെ തിരുത്ത്. ഇനി മുതല്‍ എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് അഴിക്കാതെ പുരുഷന്മാര്ക്ക് പ്രവേശിക്കാം. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ വെച്ച് നടത്തിയ പ്രഖ്യാപനത്തിനു ശേഷം വെള്ളാപ്പള്ളി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.
പഞ്ചലോഹത്തില്‍ നിര്‍മിച്ച ശ്രീനാരായണഗുരു വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സമര്‍പ്പിച്ച ശേഷം നടന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്കരിക്കണം എന്നു പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന് പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
‘ഷര്‍ട്ട്, ബനിയന് തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. പിന്നീട് ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.
അഹമ്മദ് കുറ്റിപ്പാല
ലണ്ടന്‍ : ബ്രിട്ടണിലുള്ള മലയാളികള്‍ ഒത്ത് ചേര്‍ന്ന് മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ രൂപീകരണവും പ്രഥമ സൗഹൃദ യോഗവും ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വെംബ്ലിയിലെ ചല്‍ക്കില്‍ കമ്മൂണിറ്റി സെന്ററില്‍ വെച്ച് നടക്കുകയുണ്ടായി . 200 മൈല്‍ ദൂരത്ത് നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു
മുജീബ് ലണ്ടന്റെ അധ്യക്ഷതയില്‍ ഒത്തു കൂടിയ യുകെ മലയാളികളായ സാധാരണക്കാരുടെ യോഗം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സി ആര് നീലകണ്ഠന് അയച്ച വീഡിയോ സന്ദേശ പ്രദര്‍ശനത്തോടെയായിരുന്നു ആരംഭിച്ചത് . ഇന്ന് എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യകതയും പ്രസക്തിയും എന്നത് പ്രധാന വിഷയമായി ചര്‍ച്ച ചെയ്തു . ആം ആദ്മി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാനുള്ള കാരണവും സാഹചര്യവും , പാര്‍ട്ടിയുടെ ആശയങ്ങളും , നയങ്ങളും , ലക്ഷ്യവും , നാം പ്രവാസികള്‍ എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെ അനുകൂലിക്കണമെന്നുമുള്ള അധ്യക്ഷന്റെ മിതമായ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെപ്പറ്റി പലരും മനസ്സ് തുറന്നു.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കൊണ്ട് തന്നെ ഡെല്‍ഹിയിലെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് രാജ്യത്തിനാകെ മാതൃകാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെയും , ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവിനെയും യോഗം വിലയിരുത്തി . അധികാര ദുരുപയോഗമില്ലാതെ പൊതുജന നന്മയുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആം ആദ്മി പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . അതോടൊപ്പം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി നേത്രുത്വം നടത്തുന്ന പോരാട്ടത്തിന് ഐക്യധാര്ട്യവും പ്രഖ്യാപിച്ചു.
കേരളത്തിലെ ആം ആദ്മി കണ്‍വീനര്‍ ശ്രീ സി ആര് നീലകണ്ഠന് യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ക്കായി നല്കുന്ന സന്ദേശം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
വെയില്‍സില്‍ നിന്നും , വിഞ്ചെസ്സ്റ്ററില്‍ നിന്നും , കോവന്ട്രിയില് നിന്നും വരെ അനേക മൈലുകള്‍ താണ്ടി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ സദസ്സിന് പ്രത്യേക ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഓര്‍ഗനൈസറായി മുജീബ് ലണ്ടനെയും , ട്രഷററായി സക്കീര്‍ ക്രോയിഡനേയും ചുമതലപ്പെടുത്തി . ഇപ്പോള്‍ സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് യുകെ മുഴുവനിലുമുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രുപ്പുകളില്‍ കമന്റുകളും പോസ്റ്റുകളും പങ്ക് വെയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യവും നയങ്ങളുമായി ബന്ധപ്പെട്ട ഫലപ്രദമായ പോസ്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ചയുടെ ഭാഗമായി നടന്നു .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് ഡോര്‍ റ്റു ഡോര്‍ ക്യാമ്പയിന് വേണ്ടി ഒരു സംഘത്തെ നാട്ടിലേയ്ക്ക് അയയ്ക്കാനും , പരമാവധി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെലിഫോണ്‍ ക്യാമ്പയിന് നടത്തുവാനും , ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് വേണ്ടി പരമാവധി തുക സമാഹരിക്കുവാനും യോഗം തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ വരുംകാല പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധികം വൈകാതെ തന്നെ ഒരു കുടുംബ സംഗമം കൂടി സംഘടിപ്പിക്കണമെന്ന ശുഭവാര്‍ത്തയോടെയാണ് യോഗം അവസാനിച്ചത്.
മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ (20) കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നജീബ് മൂടാടി പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നജീബ് മൂടാടി എഴുതിയ കുറിപ്പ്;
അവള് എങ്ങോട്ടാണ് മാഞ്ഞുപോയത്!
ഈ പെണ്‍കുട്ടിയെ നമുക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടില്‍/കുടുംബത്തില്‍/ അയല്പക്കങ്ങളില് ഈ പ്രായത്തിലുള്ള ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരിലൊരാള്‍ ഒരുദിവസം അല്പനേരമെങ്കിലും വീട്ടിലെത്താന്‍ വൈകുകയും വിവരങ്ങളൊന്നും അറിയാതിരിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.
പരിചയക്കാരെയൊക്കെ വിളിച്ചന്വേഷിച്ചും, പലവഴിക്ക് തിരഞ്ഞിറങ്ങിയും, പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചും… ഉത്കണ്ഠയോടെ, പരിഭ്രാന്തിയോടെ ഇരുട്ടിലേക്ക് കണ്ണ്നട്ട്….. ഓരോ വിളിക്കും കാതോര്‍ത്ത്, താങ്ങാനാവാത്ത വര്‍ത്തയൊന്നും കേള്‍ക്കല്ലേ എന്ന് കരളുരുകി പ്രാര്‍ത്ഥിച്ച്……
എത്ര പെട്ടെന്നാണ് ഒരു കുടുംബം എല്ലാ സന്തോഷങ്ങളും അവസാനിച്ച് നിസ്സഹായമായ നിലവിളിയിലേക്ക് വീണു പോകുക. ഒരു രാത്രിയെങ്കിലും ഇങ്ങനെ തള്ളി നീക്കുക എന്നത് എത്ര കഠിനമായ അനുഭവമാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ ഫോട്ടോയില്‍ കാണുന്ന പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് Bcom രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ
ജസ്ന മരിയ ജെയിംസിന്റെ കുടുംബം ഇതുപോലെ അവള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സില്‍ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവള് അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോള്‍ അറുപത് ദിവസങ്ങള്‍ ആവുന്നു!
ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ ATM കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും കിട്ടാതെ ഓരോ ദിവസവും കഴിഞ്ഞു പോവുകയാണ്. എന്താണ് സംഭവിച്ചിരിക്കുക എന്നറിയില്ല.
ഒരു വിദേശവനിതയെ ഇതേപോലെ കാണാതായി ഒരു മാസം കഴിഞ്ഞപ്പോള്‍ കേട്ട വാര്‍ത്തയുടെ നടുക്കം മാറാത്ത നമുക്കെങ്ങനെയാണ് എന്നിട്ടും ഈ പെണ്‍കുട്ടിയുടെ കാര്യം കണ്ടില്ല എന്നു നടിക്കാന്‍ കഴിയുക. സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കണം എന്നഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് സുഹൃത്ത് Jincy Maria ആണ് വിവരങ്ങള്‍ മെസേജ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന നമുക്ക് ഈ വാര്‍ത്തയും ഫോട്ടോയും share ചെയ്യുന്നതിലൂടെ ആ കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും ശമനമാവാന്‍ കഴിഞ്ഞാലോ?
ഈ പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ എവിടെവെച്ചെങ്കിലും കണ്ടുമുട്ടിയ, അല്ലെങ്കില്‍ എന്തെങ്കിലും വിവരം തരാന്‍ കഴിയുന്ന ആരുടെയെങ്കിലും മുന്നില്‍ ഈ വാര്‍ത്തയും ചിത്രവും എത്തിയെങ്കിലോ. നമുക്ക് പരമാവധി ശ്രമിക്കാം. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനോ വാര്‍ത്ത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനോ ഒന്നുകൂടി ജനശ്രദ്ധ ഉണ്ടാവനോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുള്ളവര്‍ അവരുടെ ശ്രദ്ധയില്‍ പെടുത്താനും ശ്രമിക്കുക.
ഒരുപാട് നന്മകള്‍ക്ക് കാരണമാകുന്ന സോഷ്യല്‍ മീഡിയക്ക് ജസ്നയെ കണ്ടെത്താനും കഴിയട്ടെ. നമുക്ക് നല്ല വാര്‍ത്ത മാത്രം പ്രതീക്ഷിക്കാം. പരമാവധി ആളുകളില്‍ എത്താന്‍ താങ്കളിലൂടെ സാധ്യമാവട്ടെ. വീട്ടില്‍ നിന്ന് സന്തോഷപൂര്‍വ്വം പുറത്തേക്ക് പോയ ഒരു പെണ്‍കുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടില്‍ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങള്‍ക്ക് നാം കൂട്ടാവുക.
____
എന്തെങ്കിലും വിവരം നല്കാന് കഴിയുന്നവരോ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനോ ജസ്നയുടെ കസിന് റോജിസ് ജെറിയുടെ 9995780027 എന്ന നമ്പറില്‍ ബന്ധപ്പെടാം. (വിശദവിവരങ്ങള്‍ ആദ്യ കമന്റിലെ വാര്‍ത്തയില്‍ ഉണ്ട്)
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടു. ഇന്ന് രാവിലെയാണ് ഉപരാഷ്ട്രപതി പുറപ്പെട്ടത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടിമാല, പനാമ, പെറു എന്നിവിടങ്ങളാണ് വെങ്കയ്യ നായിഡു സന്ദർശിക്കുന്നത്. മേയ് ആറിന് ആരംഭിക്കുന്ന സന്ദർശനം 11 വരെ നീളും.
ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം. സന്ദർശനവേളയിൽ സർവകലശാലകൾ സന്ദർശിക്കുകയും ഇന്ത്യൻ വംശജരെ കാണുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ്, ഒരു നിരാപരാധിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുമ്പോള്‍ സിനിമാ സ്റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പര്‍താരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന് ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്കിയ സ്വകാര്യ ബസ് ജീവനക്കാരനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സൂപ്പര്‍ഹീറോ എന്നാണ് പിന്നീട് വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.