ശബരിമലയിൽ 51 യുവതികൾ കയറിയെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. 51 യുവതികളുടെ പേരു വിവരങ്ങളും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു.ആധാർ കാർ‌ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സുപ്രീം കോടതിയിൽ നൽകിയത്. ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

കേരളത്തിൽനിന്നുള്ള ആരുടെയും പേരു വിവരങ്ങൾ പട്ടികയില്‍ ഇല്ല. ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സർക്കാർ സമർപ്പിച്ചത്. വെർച്വൽ ക്യൂ വഴി അല്ലാതെയും യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം 7,564 യുവതികളാണ് ശബരിമലയിലെത്താൻ റജിസ്റ്റർ ചെയ്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. രേഖ പ്രകാരമുള്ള വിവരമാണ് സുപ്രീം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് രാഹുൽ ഈശ്വർ. ശ്രീലങ്കൻ യുവതി കയറിയെന്ന് മുഖ്യമന്ത്രി പറഞ്ഞ കള്ളം പോലെതന്നെയാണ് ഇതും. അവർ കയറിയിട്ടുണ്ടെങ്കിൽ ശബരിമലയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും രാഹുൽ ഈശ്വർ മനോരമന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.

കനകദുർഗയും ബിന്ദുവും മഞ്ജുവും കയറിയത് ചിലപ്പോൾ സത്യമായിരിക്കും. പക്ഷെ മറ്റുള്ളർ കയറിയെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. ശബരിമല യുവതിപ്രവേശനം റിവ്യൂഹർജിയ്ക്ക് അൽപ്പം ക്ഷീണമുണ്ടാക്കും. എന്നിരാന്നാലും സുപ്രീംകോടതിയിൽ സത്യം തെളിഞ്ഞ് കേസ് വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ശബരിമല കയറിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്നവർക്കു സുരക്ഷ നൽകുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോൾ ഇതു തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിർദേശം. ശബരിമല തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേർ ശബരിമലയിലെത്തിയെന്ന വിവരം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.

നേരത്തേ ഇക്കാര്യത്തിൽ അവ്യക്തതകൾ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശുദ്ധിക്രിയ ഉൾപ്പെടെയുള്ള വിഷത്തിൽ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഞങ്ങൾക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.