കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ വി.എച്ച.പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. ബദിയെടുക്ക പൊലീസാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. ലവ് ജിഹാദ് നടത്തുന്നവരെയും കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വാളെടുത്ത് വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. എന്നൊക്കെയാണ് സരസ്വതി പ്രസംഗിച്ചത്.
വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ സംഘടനകള്‍ കാസര്‍ഗോഡ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. ദൃക്‌സാക്ഷികളില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പരാതികളൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.
പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയിരിക്കുന്നത്. സമാന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ സ്വകാര്യ ബസ് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ജീവനക്കാരെ പിടിച്ചു മാറ്റിയത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വ്യാപിച്ചതോടെ അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ പരാതി ലഭിക്കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
വീഡിയോ കാണാം
https://www.facebook.com/1545760932212281/videos/1643950812393292/
തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ദൈവ ഭക്തനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്നാണ് സോഷ്യല്‍ മീഡയയുടെ പരിഹാസം. സത്യസായിബാബയുടെ ചിത്രത്തിന് മുന്നില്‍ ഭക്തി സാന്ദ്രമായി തൊഴുത് നില്‍ക്കുന്ന കടകംപള്ളിയുടെ പുതിയ ചിത്രമാണ് ട്രോളര്‍മാര്‍ക്ക് ചാകരയുണ്ടാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ പൊതുവില്‍ നിരീശ്വരവാദികളാണെങ്കിലും ആള്‍ദൈവങ്ങളെ കണ്ടാല്‍ ഇതൊക്കെ മറക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഭക്തിയില്‍ കടകംപള്ളി മറികടക്കാന്‍ മറ്റാരുമില്ലെന്നാണ് മറ്റൊരു പരിഹാസ കമന്റ്.
ഇന്ന് രാവിലെയോടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കടകംപള്ളിയുടെ ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി. കടകംപള്ളിയുടെ ഭക്തി മുന്‍പും സോഷ്യല്‍ മീഡിയ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. പക്ഷേ ഇത്തവണ ഇത്തിരി രൂക്ഷമായ പ്രതികരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സായിബാബയെന്ന ആള്‍ദൈവം ഇന്ത്യയിലെ മാജിക് എന്ന കലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് പലരും കളിയാക്കുന്നു.
എന്നാല്‍ ചിത്രം ഏത് പരിപാടിക്കിടെ എടുത്തതാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനവും വഴിപാടും കഴിച്ച മന്ത്രി വെട്ടിലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്തായാലും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരെ ട്രോളാനുള്ള അവസരമായി മന്ത്രിയുടെ ചിത്രം മാറിയിട്ടുണ്ട്.
ന്യൂഡല്‍ഹി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പിക്ക് സി.പി.ഐഎമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് ശ്രീജിത്തിന്റെ സഹോദരന്റെ മൊഴി.
കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തതെന്നും ഹസന്‍ പറഞ്ഞു. ആലുവയിലെ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇന്ന് വരാപ്പുഴയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു.
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തോട് പ്രദേശവാസികള്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലിഗയെ കാണാതായി ദിവസങ്ങള്‍ നീണ്ട തെരെച്ചില്‍ നടത്തിയിട്ടും വിവരങ്ങളൊന്നും നല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാവാതിരുന്നതാണ് പോലീസിനെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. ലിഗയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് തിരുവല്ലത്തിന് സമീപം വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്തെ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശത്തെ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.
എന്നാല്‍ പ്രദേശവാസികളായ ചിലര്‍ മൃതദേഹം നേരത്തെ കണ്ടിരുന്നുവെന്നും പോലീസിനെ മനഃപൂര്‍വ്വം വിവരമറിയിക്കാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരീരം കിടന്നിരുന്നതിന് തൊട്ടടുത്തായി 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജീര്‍ണിച്ച മൃതശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിട്ട് പോലും ആരും സംഭവ സ്ഥലത്ത് എത്തിയില്ലെന്നത് അവിശ്വസനീയമാണ്. ലിഗയെ പലരും കണ്ടിരുന്നെങ്കിലും പോലീസിനെ അറിയിച്ചില്ല. രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ വാഴമുട്ടത്തിന് സമീപങ്ങളില്‍ താമസിക്കുന്നവരാണെന്ന് പോലീസിന് സംശയമുണ്ട്. അതേസമയം കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ശക്തമായ തെളിവുകളുടെ അഭാവമുള്ളതു കൊണ്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വരും ദിവസങ്ങളില്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് കരുതുന്നത്.
ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിവസമായി ആചരിക്കും. യുവാക്കളില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കാനാണ് നടപടി. മാതൃ പിതൃ പുജാന്‍ ദിവസ് എന്നാണ് ദിവസത്തിന് പേര് നല്‍കിയിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 23-ാം തിയതി ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ മറ്റാരെയെങ്കിലും സ്നേഹിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളെ സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞത്.
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ സ്‌ഥലം എം.എല്‍.എയെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നു പരാതി. കഴിഞ്ഞദിവസം എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് അവകാശലംഘന നോട്ടീസ് നല്‍കും.
പരിപാടിക്കു ക്ഷണിച്ചെങ്കിലും സ്‌ഥലം എം.എല്‍.എയെ, പ്രോട്ടോക്കോള്‍ ലംഘിച്ച്, സദസില്‍ ഇരുത്തുകയായിരുന്നു. വകുപ്പ് ഡയറക്‌ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കു വേദിയിലായിരുന്നു ഇരിപ്പിടം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും(കെയിസ്) ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്‌ഘാടകന്‍. പരിപാടിയില്‍ എം.എല്‍.എയ്‌ക്ക് അര്‍ഹമായ സ്‌ഥാനം നല്‍കാതെ അപമാനിച്ചെന്നാണു പരാതി.സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്‌ഥലം എം.എല്‍.എയ്‌ക്കു വേദിയില്‍ പ്രധാനസ്‌ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണു കൊച്ചിയില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി സദസിലിരുത്തിയത്.
വ്യവസായ പരിശീലനവകുപ്പ് ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു ഹൈബിയെ ചടങ്ങിലേക്കു ക്ഷണിച്ചത്. മന്ത്രി ടി.പി. രാമകൃഷ്‌ണനായിരുന്നു അധ്യക്ഷന്‍. വേദിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എം.ഡി: ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുമുണ്ടായിരുന്നു. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഹൈബി പരിപാടി അവസാനിക്കും മുമ്പ് ഇറങ്ങിപ്പോയി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ടി.പി. രാമകൃഷ്‌ണന് എം.എല്‍.എയുടെ ഓഫീസ് പരാതി നല്‍കി. ഇന്നു രാവിലെ സ്‌പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കും.
ഗാന്ധിനഗര്‍: ബാലിശമായ പ്രസ്താവനകള്‍ നടത്തിയ സോഷ്യല്‍ മീഡയയില്‍ ബിജെപി നേതാക്കള്‍ പരിഹാസ്യരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെപ്പോലെയായിരുന്നു നാരദ മഹര്‍ഷിയെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂപാണിയുടെ നാരദ മഹര്‍ഷി ഗൂഗിള്‍ താരതമ്യം പുറത്തുവന്നിരിക്കുന്നത്.
‘ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നു. ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. മുഴുവന്‍ ലോകത്തെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’- രൂപാണി പറഞ്ഞു.
വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രൂപാണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ബിപ്ലബ് കുമാര്‍ ദേബിനെതിരെ സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
മുംബൈ: ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 9 വര്‍ഷം നീണ്ട വിവാഹബന്ധം ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ശാരീരിക ബന്ധമില്ലാത്തതാണ് ബന്ധം റദ്ദാക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടി കാണിച്ചത്. ജസ്റ്റിസ് മൃദുല ഭട്കറാണ് കേസ് പരിഗണിച്ചത്.
കോലാപ്പുര്‍ സ്വദേശികളായ യുവതിയും യുവാവും വിവാഹം കഴിച്ചിട്ട് ഏതാണ്ട് 9 വര്‍ഷം പിന്നിട്ടെങ്കിലും ഇവര്‍ അകന്നാണ് താമസിക്കുന്നത്. തട്ടിപ്പിലൂടെയാണ് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചതോടെയാണ് ഇരുവരും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയത്. ഏറെ നാളുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
യുവതിയുടെ ആരോപണം തെളിയിക്കാന്‍ പാകത്തിനുള്ള തെളിവുകള്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇരുവരും തമ്മില്‍ ലൈഗികബന്ധം നിലനിന്നിരുന്നതായിട്ടുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ലൈംഗിക ബന്ധമെന്ന് കോടതി പറഞ്ഞു. അത് നടക്കാത്ത സാഹചര്യത്തിലാണ് വിവാഹമോചനം നല്‍കുന്നതെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ വ്യക്തമാക്കി.
സോണി കെ. ജോസഫ്
മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണ തേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.
സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹജമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം.
ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാനാവാതെ ഇയാള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്. കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യന്‍. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ : 9447825748, 9446743873, 9447523540.