തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും അക്രമം. തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്താണ് ഈ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.

പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്ന് സമരക്കാര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ സമരക്കാരെ തടഞ്ഞതോടെ സംഘര്‍ഷമായി. മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു.

പതിനഞ്ചോളം പേരാണ് ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമണം തുടങ്ങിയതെന്നും മാനേജര്‍ പറയുന്നു. മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.