India

തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്ന എസ്‌ഐക്ക് പാറാവ് പണികൊടുത്ത എഎസ്പിയുടെ നടപടി വിവാദത്തില്‍. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്‌ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

രാവിലെ 10 മുതല്‍ രാത്രി വൈകിയും ശിക്ഷ നടത്തുകയായിരുന്നു. രാവിലെ മണിക്കൂറുകളില്‍ നിര്‍ത്തിയും തുടര്‍ന്ന് കസേര നല്‍കി ഇരുത്തിയമാണ് ശിക്ഷ നടത്തിയത്.

തന്റെ അധികാരപരിധിയിലുള്ള എസ്‌ഐയോട് രാവിലെ തന്നെ വിളിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതില്‍ നിന്നും വീഴ്ച വരുത്തിയതിനാണ് എഎസ്പി ശിക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് എസ്‌ഐയെ വിളിച്ചുവരുത്തി ശിക്ഷിച്ചത്.

എസ്‌ഐക്ക് പാറാവ് നില്‍ക്കുന്നതിന് വേണ്ടി നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശകര്‍ എത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിനു വിളിപ്പിച്ചതാണെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളുമാണെന്നും എഎസ്പി പറഞ്ഞു.

 

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ എ.എം.എം.എ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിട്ട് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.

മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ നടി ആക്രമണ കേസിലെ പ്രതിയായ ദിലീപ് ഫാന്‍സ് അംഗങ്ങളും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ലൈവ് വീഡിയോ ണഇഇ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.

തീയേറ്ററില്‍ നിങ്ങളുടെ സിനിമ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ചിലരുടെ ഭീഷണി. ചിലര്‍ നടിമാരുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ തെറിവിളികളുമായി രംഗത്ത് വന്നു. ചിലര്‍ മോഹന്‍ലാല്‍ മഹാനടനാണെന്നും നിങ്ങളൊക്കെ ഫീല്‍ഡ് ഔട്ടാണെന്നും വാദം ഉന്നയിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഡബ്ല്യുസിസി സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടുന്നത്. നേരത്തെ ദിലീപിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്ന സമയത്ത് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.

കോട്ടയം: ജലന്ധര്‍ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹന ജപമാല യാത്ര’യില്‍ നിന്ന് മുഖ്യാതിഥിയെ മാറ്റി. മുഖ്യാതിഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് പി.സി ജോര്‍ജ് എം.എല്‍.എയെ ആയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കി കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജ് ജലന്ധറില്‍ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിര്‍ത്തതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

ജോര്‍ജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികര്‍ പരാതിയുമായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാന്‍ സംഘടാകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നും ലഭിക്കുന്ന വിവരം.

നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധര്‍ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയില്‍ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കത്തോലിക്കാ സഭയില്‍ ജപമാലയുടെ വണക്കത്തിനായി ഒക്‌ടോബര്‍ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളില്‍ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാല്‍ ജലന്ധറില്‍ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.

 

 

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ഇത്തവണ ആരോപണവുമായി വന്നിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക്‌ ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നപ്പോഴാണ് മര്യാദ വിട്ട പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌. നിലവില്‍ ആഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അക്ബര്‍ ആരോപണങ്ങളേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

കശ്മീര്‍ സ്വദേശികളായ വസിം മാലിക്, അബ്ദുള്‍ മിര്‍ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി.

കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്ററായ മനന്‍ ബഷീര്‍ വാനിക്ക് വേണ്ടി അറസ്റ്റിലായവര്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു.

അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സര്‍വകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഗ്ലോബല്‍ സാലറി ചലഞ്ച് പ്രതിസന്ധിയില്‍. ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായം സ്വീകരിക്കാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മാത്രം കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും മറ്റു മന്ത്രിമാരുടെയും യാത്രയ്ക്ക് അനുമതിയായില്ല. അതോടൊപ്പം തന്നെ കേരളത്തിനുള്ള പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കുള്ള അപേക്ഷ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒഴികെ മറ്റാര്‍ക്കും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കാകട്ടെ കര്‍ശന നിബന്ധനകളോടെയാണ് ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ പാടൂള്ളൂവെന്നും നിബന്ധനയില്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

ഈ മാസം 18 മുതലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ 20 വരെ അബുദാബി, ദുബായ്. ഷാര്‍ജ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

നവകേരള സൃഷ്ടിക്ക് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. വിദേശത്തുനിന്നുള്ള പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വായ്പാ പരിധിയും അനിശ്ചിതത്വത്തിലാണ്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുക്കാത്തതാണ് കാരണം. ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലായി. ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ കേരളത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു.

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ചത്തീസ്ഗഢില്‍ കനത്ത തിരിച്ചടി. പിസിസി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ ഉയികി ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് പാലിതനാക്കര്‍ എംഎല്‍എയായ രാംദയാല്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെയും സാന്നിധ്യത്തില്‍ രാംദയാലിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ചത്തീഗഢിലെത്തിയതിന് പിന്നാലെയാണ് രാം ദയാല്‍ ബിജെപിയിലെത്തിയത്.

2013ലെ തെരഞ്ഞെടുപ്പില്‍ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാംദയാല്‍ വിജയിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്.

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായി. ദര്‍ശനത്തിനെത്തുന്ന സമയത്ത് സമരം ചെയ്യുന്നതും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും ശരിയല്ല. ദര്‍ശനം തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകയും ഇന്ത്യയിലെ സ്ത്രീ വിമോചന പോരാളികളില്‍ ഒരാളുമായ തൃപ്തി ദേശായി നേരത്തെ വനിതകള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്ന വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചിരുന്നു. ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് തൃപ്തി ദേശായി പ്രവേശിച്ചത്. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് ഇവര്‍.

അതേസമയം സ്ത്രീകള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്താനെത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധം നടത്തുന്നവരുടെ നിലപാട്. ആര്‍ത്തവ ‘വിശുദ്ധിയുള്ള’ സ്ത്രീകളെ യാതൊരു കാരണവശാലും ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ വലിയ സുരക്ഷ ഒരുക്കാനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.

ബൈക്കപകടത്തിൽ മരിച്ച നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ(23) ഹൃദയം ഇനി മടവൂർ ചക്കാലക്കൽ കെ.പി. സിദ്ദീഖ് – ഷെറീന ദമ്പതികളുടെ മകൾ ഫിനു ഷെറിനിൽ മിടിക്കും. 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിഷ്ണുവിന്റെ ഹൃദയം മെട്രോ കാർഡിയാക് സെന്ററിൽ ഫിനുവിന്റെ ശരീരത്തിൽ വച്ചു പിടിപ്പിച്ചത്. ഒരു കൂട്ടം ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പൊലീസിന്റെയും കഠിനാധ്വാനത്തിന് ഇതോടെ ഫലമായി. കാസർകോട്ടുകാരൻ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്.

അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബെംഗളൂരുവിൽ ചികിൽസയിലായിരുന്ന പെൺകുട്ടിയെ ആംബുലൻസിൽ നാലര മണിക്കൂർ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. ബുധനാഴ്ച രാത്രി മാത്തറയിൽ ബൈക്കിൽ കാറിടിച്ച് അപകടത്തിൽ പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് പിതാവ് സുനിൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിൽ ചികിൽസയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീർണതയെ തുടർന്ന് ബെംഗളൂരു നാരായണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായില്ല. വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതോടെ മെഡിക്കൽ കോളജ് അധികൃതർ ഫിനു ഷെറിൻ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഫിനുവിനെ വേഗത്തിൽ കോഴിക്കോട്ട് എത്തിക്കുന്നതിന് ഹെലികോപ്റ്റർ അടക്കമുള്ളവയ്ക്കു ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

തുടർന്ന് ബെംഗളൂരു കെഎംസിസിയുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പുലർച്ചെ 1.55ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട ആംബുലൻസ് 6.25ന് കോഴിക്കോട് മെട്രോ കാർഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവർ ഹനീഫയുടെ ധൈര്യമായിരുന്നു. ഗുണ്ടൽപേട്ട് ചെക്പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂർ വൈകി. ആംബുലൻസ് സംസ്ഥാന അതിർത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ റോഡിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടർന്ന് മെട്രോ കാർഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിൽ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴോടെയാണ് അവസാനിച്ചത്. ഷിനുവിനു ഹൃദയം ദാനം നൽകിയതിനു പുറമേ, വിഷ്ണുവിന്റെ മറ്റ് അവയവങ്ങൾ മറ്റ് 5 രോഗികൾക്കു കൈമാറി. ഒരു വൃക്ക മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗിക്കും കരളും മറ്റൊരു വൃക്കയും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പിവിഎസ് ആശുപത്രിയിലെ രോഗികൾക്കും കൈമാറി. ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ട വിഷ്ണുവിന്റെ മസ്തിഷ്കമരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. നെല്ലിക്കോട് വഴിപോക്കിൽ പൂതംകുഴിമേത്തൽ സുനിൽകുമാർ– ബീന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ലക്ഷ്മി.

ചെന്നൈ: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബായിലേക്ക് പുറപ്പെട്ട ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍.

സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved