India

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സംവിധായകനും മുന്‍തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന എം.എ.നിഷാദ്. ഒരു സുപ്രഭാതത്തിൽ സംഘപരിവാർ പാളയത്തിൽ ചെന്നുപെട്ടയാളല്ല സുരേഷ് ഗോപി. സാധാരണ ജനങ്ങൾക്കിടയിൽ മനുഷ്യത്വമുള്ള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കുകയും പിന്നീട് നേട്ടങ്ങൾ ഓരോന്നായി നേടിയെടുക്കുകയും ചെയ്ത പത്തരമാറ്റ് അവസരവാദിയാണ് സുരേഷ് ഗോപിയെന്ന് നിഷാദ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്‍റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്. തനിക്കിനിയൊരു ജന്മമുണ്ടെങ്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്‍റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണ മനസ്സിന്റെ ആഴം അളക്കാനെന്ന് നിഷാദ് പറയുന്നു.

മോദിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല. അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ സാക്ഷര കേരളത്തിൽ സുരേഷിന്റെ നിങ്ങളുടെ പരിപ്പ് വേവില്ല. കേരളം ഒരു വർഗ്ഗീയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ലെന്നും നിഷാദ് കുറിക്കുന്നു.

 നിഷാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം 

സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങുമ്പോൾ…….

താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ആദ്യമല്ല..അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്…..

പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോർമ്മ വരുന്നു…രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും ,സിനിമയിൽ കയറിയെന്നും..അങ്ങനെയാണ് നാടൻ ഭാഷ..ഒരർത്ഥത്തിൽ ശരിയാണ്…രാഷ്ട്രീയം ഒരിറക്കമാണോ ?പൂർണ്ണമായും അതിനോട് യോജിക്കുന്നില്ലെന്കിലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അത് ശരി തന്നെയാണ്…വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റ്റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്..തനിക്കിനിയൊരു ജന്മമുണ്ടെന്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്റ്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം അളക്കാൻ…അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും,എന്റ്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ പറ്റും…

Suresh Gopi is an exhibist and a materialistic person…അയാളൊരു മണ്ടനൊന്നുമല്ല…മോഡിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല..(അടിമ ഗോപി എന്ന ആക്ഷേപം അയാൾ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം)..

സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കൾക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്…എന്നാൽ അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല..പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്…

അത് ലീഡർ കരുണാകരന്,ചോറ് വിളമ്പി കൊടുത്തപ്പോഴും,സ: വി എസി വേണ്ടി തിരഞ്ഞെടുപ്പിൽ പ്രസംഗിക്കാൻ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി…വിശേഷണങ്ങൾ തീരുന്നില്ല…

സംഘപരിവാർ പാളയത്തിൽ ഒരു സുപ്രഭാതത്തിൽ ചെന്ന് പെട്ടതല്ല അയാൾ…വ്യക്തമായ പ്ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്ഗോപി അത്തരം നിലപാട് എടുത്തത്..

ഏഷ്യാനെറ്റിലെ ഞാൻ കോടീശ്വരൻ പരിപാടിയിലൂടെ അതി ബുദ്ധിപൂർവ്വം,സുരേഷ് അയാളുടെ വർഗ്ഗീയ അജണ്ട സൂത്രത്തിൽ തിരുകികയറ്റി…

സാധാരണ ജനങ്ങളുടെയിടയിൽ മനുഷത്ത്വമുളള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കി…പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ് അതിന്റ്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ..അയാളിലെ വർഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു…ബി ജെ പിയിലെസാധാരണ പ്രവർത്തകരെയും ആ പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി,അടിമ പട്ടം നേടി രാജ്യസഭാ MP യായി സുരേഷ്ഗോപി നൂലിൽ കെട്ടിയിറങ്ങയപ്പോൾ…നിശ്ശബ്ദം..നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുളളൂ..അതാണ് സുരേഷ് ഗോപി..വിഡ്ഡിത്തം വിളമ്പും ,(അത് പിന്നെ ആ പാർട്ടിയുടെ മുഖമുദ്ര ആണല്ലോ…)പക്ഷെ സുരേഷിനറിയാം എന്ത് എവിടെകൊണ്ടെത്തിക്കണമെന്ന്…

പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം…മതേതര വിശ്വാസികളുളള കേരളം..ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ധത് പോലെ..ഇവിടെ ഈ സാക്ഷര കേരളത്തിൽ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല…

കേരളം ഒരു വർഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല..ഒരു കാലത്തും..പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വാേട്ടർമാർ…

NB..ഇതെന്റ്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാൻ ഈ കുറിപ്പെഴുതിയിരിക്കുന്നത്..ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല…

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും കോഴിക്കോട് വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകരുടെ വരവേൽപ്പ്. സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പ്രവർത്തകരുടെ തിരക്കു കാരണം ഇരുവർക്കും വിഐപി ഏരിയയിൽ അൽപനേരം കാത്തിരിക്കേണ്ടി വന്നു. തുടർന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.

പ്രിയങ്ക ഡൽഹിയിൽനിന്നുള്ള വിമാനത്തിൽ 8.42നും രാഹുൽ അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ 9.05നുമാണ് എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

വ്യാഴാഴ്ച രാവിലെ കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോ‍ഡ് ഷോ നടത്തും. 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും.

മണ്ഡലത്തിലെ നേതാക്കളുമായി ഡിസിസി ഓഫിസില്‍ ആശയവിനിമയം നടത്തിയ ശേഷം ഒരുമണിയോടെ മടങ്ങും. പത്രിക നൽകാൻ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിക്കും. മുൻപ് അമേഠിയിൽ രാഹുൽ പത്രിക സമർപ്പിച്ചപ്പോഴെല്ലാം പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെ.സി. വേണുഗോപാൽ തിങ്കളാഴ്ച കോഴിക്കോട്ടെത്തിയിരുന്നു.

കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.

കോഴിക്കോട്ടെ ട്രാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ‍ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി വയനാട് മാറുന്നു.  വയനാട്ടിൽ പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തി. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ട്. പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ രാഹുൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം.

കൽപറ്റ

രാത്രി ഉന്നത കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും.

എസ്.കെ.എം.ജെ. ഹൈസ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങും. അവിടന്ന് റോഡ് ഷോ ആയി നാമനിർദേശ പത്രിക നൽകാൻ കളക്ടറേറ്റിലേക്ക് പോകും. തുടർന്ന് മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ഏജൻസിയുടെ അനുമതി ലഭിച്ചശേഷമേ വ്യാഴാഴ്ചത്തെ പരിപാടികളിൽ അന്തിമ തീരുമാനമാവുകയുള്ളൂ.

ന്യൂസ് ഡെസ്ക്

മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.
വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു സൈരാങ്ക്. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ സൈരാങ്ക് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.

പത്ത് രൂപയേ സൈരാങ്കിന്റെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സൈരാങ്ക് സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുന്നുണ്ട്.

60,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് സൈരങ്കിന്റെ കഥ കേട്ടവര്‍ പറയുന്നു.

ന്യൂസ് ഡെസ്ക്

കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

തിരുവനന്തപുരം: വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളി നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്ക് ഒപ്പമെത്തിയാണ് തുഷാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്തനംതിട്ട ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക നൽകും. കൂടുതൽ കേസുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും നാമനിർദേശ പത്രിക നൽകുന്നത്.

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇന്ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ കോഴിക്കോട് തങ്ങിയ ശേഷം വ്യാഴാഴ്ച കൽപറ്റയിലെത്തി നാമനിർദേശ പത്രിക നൽകും.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി കൊല്ലുകയാണ്. ട്രോളാന്‍ പാകത്തിന് കണ്ണന്താനം വഷളത്തരമൊക്കെ വിളിച്ചു പറയുന്നുമുണ്ട്. ട്രോളര്‍മാര്‍ക്ക് മറുപടിയുമായി കണ്ണന്താനം എത്തിയിരിക്കുകയാണ്.

ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇടതും വലതും ഭരിച്ച് മുടിച്ചിരിക്കുകയാണ് കേരളം. ഇവിടെ വിദ്യാഭ്യാസം ഇല്ലാതെ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തിരികെ വരികയാണ്. അപ്പോള്‍ ആ നിരാശ ആരോടെങ്കിലും തീര്‍ക്കണം. ഇവര്‍ക്ക് കത്തി എടുത്ത് ഒരാളെ കൊല്ലാനുളള ധൈര്യമൊന്നും ഇല്ല. അപ്പോള്‍ രാവിലെ ഫോണ്‍ എടുത്ത് ട്രോളുണ്ടാക്കുമെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തെ നോക്കി ചിരിച്ചോട്ടെ. കേരളം സന്തോഷമായിരിക്കട്ടെ. ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല. അതിന്റെ ഐഡി പോലും എനിക്കറിയില്ല. എനിക്ക് 10 കോടി ആളുകളെ ചിരിപ്പിക്കാന്‍ പറ്റുന്നതൊക്കെ സന്തോഷമാണ്. ഇവിടെ ആര് ഷൈന്‍ ചെയ്താലും അവരെ കൊല്ലും. ഞാന്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ട്രോളാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്നുംകണ്ണന്താനം പറനഞ്ഞു.

Related image

 

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം, പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്റെ അഭിപ്രായവും ട്രോളുകള്‍ക്ക് കാരണമായി.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. മികച്ച ആനുകൂല്യങ്ങളോടെയാണ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോവളം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.

പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത് എന്ന് കെ.ടി.ഡി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ജി എസ് രാജ്മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.ktdc.com എന്ന വെബ്സൈറ്റിലോ 0471-2316736, 2725213 എന്നീ നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ് എന്ന് പെരിയാര്‍ ഹൗസ് മാനേജര്‍ ശ്രീ മനോജ് കുമാര്‍ മലയാളം യുകെയോട് പറഞ്ഞു.

Copyright © . All rights reserved
➤