വ്യാഴാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാല്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സൈനികള്‍ ഔറംഗസേബിനെ കൊല്ലുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ പുല്‍വാമയിലെ ഗുസൂ കാടിനുളളിലായിരുന്നു ക്രൂരതയൂം വീഡിയോ പിടുത്തവും.
ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഔറംഗസേബിനെ തീവ്രവാദികള്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. നീല ജീന്‍സും ടി ഷര്‍ട്ടും ധരിച്ച നിലയിലുള്ള സൈനികനോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ജോലിയെക്കുറിച്ചും പോസ്റ്റിംഗിനെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്.
വ്യാഴാഴ്ച രാവിലെ ഈ ആഘോഷിക്കാന്‍ രാജൗരി ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സൈനികന്‍ തീവ്രവാദികളുടെ പിടിയില്‍ പെട്ടത്. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പിന്നീട് ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാറി ഗുസ്സു ഗ്രാമത്തില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും ആയിരുന്നു വെടിയേറ്റത്. 2017 ഒക്‌ടോബറില്‍ കൊലപ്പെടുത്തിയ വാസീംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ പറയുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് തീവ്രവാദികള്‍ ഔറംഗസേബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ജോലിയെക്കുറിച്ചും ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നും സൂപ്പര്‍വൈസിംഗ് ഓഫീസറുടെ പേരെന്താണെന്നുമെല്ലാം ഓഫീസര്‍ മേജര്‍ ശുക്‌ളയുമായി പെട്രോളിംഗിന് പോകാറുണ്ടോയെന്നും തീവ്രവാദികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിക്കുന്നു. പിതാവിന്റെ പേര് മൊഹമ്മദ് ഹനീഫ് എന്നാണെന്നും പൂഞ്ചില്‍ നിന്നുമാണ് താന്‍ വന്നതെന്നും മേജര്‍ ശുക്‌ളയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും വിനയത്തോടെ മറുപടി പറയുന്നു. ഷായ്ക്ക് എതിരേ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.
ഹിന്ദി സംസാരിക്കുന്ന ഇസ്‌ളാമികള്‍ കൂടുതലുള്ള പൂഞ്ചിലെ ആട്ടിടയന്മാരുടെ മേഖലയില്‍ നിന്നുമാണ് ഔറംഗസേബ് വരുന്നത്. 4 ജമ്മുവില്‍ നിന്നുള്ള ഷോപിയാനിലെ ഷദിമാര്‍ഗ്ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് ഔറംഗസേബ് ആദ്യം നിയോഗിതനായത്. രാവിലെ 9 മണിയോടെ കാറില്‍ വരികയായിരുന്ന ഔറംഗസേബിന്റെ വാഹനം തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇറക്കിവിട്ട ശേഷമാണ് ഔറംഗസേബിനെ കൊണ്ടുപോയത്. ഏപ്രില്‍ 30 ന് കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി സമീര്‍ ടൈഗറും കമാന്റര്‍ സദ്ദാം പഡ്ഡാറും ഉള്‍പ്പെടെ അഞ്ചു പേരെ ഇല്ലാതാക്കിയ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ അനേകം എന്‍കൗണ്ടറുകളില്‍ ഔറംഗസേബ് പങ്കാളിയായിട്ടുണ്ട്.
വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.
ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.
സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.
ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്.
ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു.
ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പോലീസുകാരന്‍ പറയുന്നു.
വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മെമ്പറുമായ വി.കെ. കൃഷ്ണന്‍(74) ആത്മഹത്യ ചെയ്തു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ച ശേഷം കായലില്‍ ചാടുകയായിരുന്നു.
കൃഷ്ണനെ കണ്ടെത്തുന്നതിനായി കായലില്‍ തെരെച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് കണ്ണമാലി കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ കൃഷ്ണന്‍ ആരോപിക്കുന്നു.
മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം പ്രസിഡന്റ് സ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് പട്ടികജാതി സംവരണ സ്ഥാനമായ പഞ്ചായത്ത് പ്രസിഡന്റ് കസേര കൃഷ്ണന് ലഭിക്കുന്നത്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയച്ചുണ്ടായ ആത്മഹത്യ ആയതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കാനാണ് സാധ്യത.
ന്യൂഡൽഹി: ലെഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും തുടങ്ങിയ കുത്തിയിരിപ്പുസമരം തുടരുന്നു. സമരം അഞ്ചാം ദിനത്തിലേക്ക് കടന്നിട്ടും പ്രശ്നം പരിഹരിക്കാൻ ലെഫ്.ഗവർണർ തയാറായിട്ടില്ല. സംസ്ഥാന ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി ഐ.എ.എസ് ഉദ്യോഗസ്ഥർ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്രിവാൾ കത്തെഴുതി. കെജ്രിവാളിനൊപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും അനിശ്ചിതകാല നിരാഹാരത്തിലാണ്.
ഉടുത്തിരിക്കുന്ന വസ്ത്രംപോലും മാറാതെയാണ് തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കുത്തിയിരിപ്പ്. കെജ്രിവാളിനും മന്ത്രി ഗോപാൽ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിച്ചുനൽകി. ഗവർണറുടെ വസതിയോട് ചേർന്നുള്ള ചെറിയ ശുചിമുറിയാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി ഒപ്പിടേണ്ട അത്യാവശ്യ ഫയലുകൾ കുത്തിയിരിപ്പ് സമരം നടക്കുന്നിടത്തേക്ക് എത്തിച്ചു.
െഎ.എ.എസ് സമരം അവസാനിപ്പിക്കാനോ, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകാനോ തയാറാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് കെജ്രിവാൾ ആവർത്തിച്ചു. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഒാഫിസിലും സമരം തുടങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രണയത്തിന്റെ മനോഹര ഒാര്‍കളുമായി അവള്‍ നടന്ന ആ കോളജിന്റെ മണ്ണില്‍ കെവിന്റെ തീരാനഷ്ടത്തിന്റെ ഒാര്‍മകളുമായി നീനു എത്തി. വിധിയോട് അവള്‍ ചിരിച്ചെങ്കിലും ആ പ്രണയത്തിന് കൂട്ടുനിന്ന ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ ഒരിക്കല്‍ കൂടി പൊട്ടിക്കരഞ്ഞു. കരയാന്‍ മറന്നിട്ടില്ല എന്നു സ്വയം തെളിയിക്കാനെന്നോണം. കേരളം ചേര്‍ത്ത് പിടിച്ച നീനുവിനെ പ്രിയ കൂട്ടുകാരും നെഞ്ചോടണച്ചു.
കാഴ്ചയുടെ ലോകം ഈ 17 ദിവസം കെവിന്റെ വീടുമാത്രമായിരുന്നു. അവള്‍ അറിഞ്ഞു ആ വീട്ടിനുള്ളില്‍ കെവിന്റെ ജീവിതം. അവനോളം അവളെ സ്നേഹിക്കുന്ന ആ വീട്ടുകാരുടെ സ്നേഹം. പക്ഷെ പഠിക്കണമെന്ന അവന്‍റെ സ്വപ്നത്തിനായി ഇന്നലെ അവള്‍ പുറത്തിറങ്ങി. ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കില്‍ പ്രണയിനിയെ കാത്ത് നിന്ന ആ കോളജ് കാവാടത്തിലേക്ക് പ്രണയത്തിന്റെ എവറസ്റ്റ് കീഴടക്കിയ ജേതാവിന്റെ സന്തോഷത്തോടെ കെവിന്‍ അവളെ പ്രിയ ബൈക്കിന്റെ പിറകിലിരുത്തി കൊണ്ടുപോയേനെ. കാലം ആ മുഹൂര്‍ത്തത്തിന് വില്ലനായി.
കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളജിലേക്ക് കൊണ്ടുപോയത്. രാവിലെ തന്നെ മെഴുതിരി നാളത്തിന്റെ വെളിച്ചത്തില്‍ ചിരിക്കുന്ന കെവിന്റെ ചിത്രത്തിന് മുന്നില്‍ അവള്‍ മൗനമായി നിന്നു. കെവിന്റെ ചേച്ചിയുടെ ചുരിദാറാണ് നീനു ധരിച്ചത്. അമ്മ മേരി അവള്‍ക്കായി പൊതിച്ചോറ് നീട്ടി. ഒരു പക്ഷേ അമ്മയുടെ ഉള്ളുതുറന്നുള്ള സ്നേഹം അവള്‍ക്ക് സമ്മാനിച്ചത് ദൈവപുത്രന്റെ അമ്മയുടെ പേരുള്ള മേരിയില്‍ നിന്നാകും.
ജോസഫ് ബൈക്കിന്റെ കിക്കറടിച്ചപ്പോള്‍ ആ വീടൊന്നുണര്‍ന്നു. 17 ദിവസം നീണ്ട ഉറക്കത്തില്‍ നിന്ന്. കോളജിലേക്കായിരുന്നില്ല അവരുടെ ആദ്യ യാത്ര. കെവിനെ ഒാര്‍ത്ത് ആദ്യമായി വിങ്ങിപ്പൊട്ടിയ അവളുടെ കണ്ണീരു വീണലിഞ്ഞ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയുടെ രംഗങ്ങള്‍ അരങ്ങേറിയ ആ പൊലീസ് സ്റ്റേഷന്‍ ഒരിക്കല്‍ കൂടി കാണേണ്ടി വന്നപ്പോള്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി പാഞ്ഞിട്ടുണ്ടാകും ആ മനസിലൂടെ. പക്ഷേ അന്ന് വാവിട്ട് കരഞ്ഞിട്ടും കേള്‍ക്കാത്ത സാറന്‍മാരുടെ മുന്നില്‍ ചങ്കുറപ്പോടെ തലയുയര്‍ത്തി അവള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കെത്തി. കോട്ടയം എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജോസഫും നീനുവും ഒരിക്കല്‍ കൂടി പൊലീസ് സ്റ്റേഷന്റെ വാരാന്ത കയറിയത്. കാര്യം അവതരിപ്പിച്ച ശേഷം അവിടെ നിന്ന് വേഗം ഇറങ്ങി. നല്ല ഒാര്‍മകള്‍ മാത്രം സമ്മാനിച്ച പ്രിയ കലായത്തിലേക്ക് അവരെയും കൂട്ടി ബൈക്ക് പാഞ്ഞു.
അവളെ ഒരുനോക്കു കാണാന്‍ ആ കലാലയം കൊതിച്ചിരിക്കുകയായിരുന്നു. കെവിന്‍ കാത്ത് നില്‍ക്കാറുള്ള സ്ഥലങ്ങള്‍, ആദ്യമായി സുഹൃത്തിന്റെ പ്രണയത്തിന് ദൂതുമായി കെവിന്‍ കലായത്തിലെത്തിയ നിമിഷം ഒക്കെ. അവിടെ നീനുവിന് മാത്രം ഒരിക്കല്‍ കൂടി ദൃശ്യമായി. പിന്നീട് നേരെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്. അവിടെ നിന്നും കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരുടെ ഇടയിലേക്ക്. ഒാര്‍കളുടെ പേമാരികള്‍ക്ക് ഉള്ളില്‍ ഉരുള്‍പൊട്ടുമ്പോള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ പഴയ നീനുവായി. ഇടയ്ക്ക് വിതുമ്പിയെങ്കിലും ചങ്ങാതിമാരുടെ ആ കരുത്ത് അവള്‍ക്ക് തുണയായി.
എന്റെ മോള് പഠിക്കട്ടെ. അവള്‍ക്കായി എന്നെകൊണ്ടാവുന്നത് ഞാന്‍ ചെയ്തുകൊടുക്കും. ഏതു കാറ്റിലും ഉലയാത്ത ആ അച്ഛന്‍ ഉറപ്പിച്ചുപറഞ്ഞു. ജോസഫ് കോളജിന്റെ കവാടം കടന്നിറങ്ങുമ്പോഴും ചാരത്തില്‍ നിന്നുയര്‍ന്ന നീനുവിനെ നോക്കി കെവിന്‍ എവിടെ നിന്നോ പുഞ്ചിരിക്കുന്നുണ്ടാകും. തീര്‍ച്ച.
ന്യൂഡെല്‍ഹി : രാജ്യ തലസ്ഥാനം ഞായറാഴ്ചയ്ക്ക് ശേഷം വീണ്ടും യുദ്ധക്കളമാകും. ഞായറാഴ്ചയ്ക്കുള്ളില്‍ ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി മോദിയായിരിക്കും കുടുങ്ങുന്നത് . ഉദ്യോഗസ്ഥവൃന്ദം തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ . വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ് മുന്നറിയിപ്പു നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനായിരിക്കും ഞായറാഴ്ചയ്ക്ക് ശേഷം ഡെല്‍ഹി സാക്ഷ്യം വഹിക്കുക.
ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാകുന്നു. 2013 ല്‍ കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതെങ്കില്‍, ഇന്ന് ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയാണ് സമരം നടക്കുന്നത് എന്നതാണ് വ്യത്യാസം. കോണ്‍ഗ്രസ്സിനും മന്‍മോഹനുമെതിരെ സമരം ആരംഭിച്ചത് India Against Corruption (IAC) എന്ന സംഘടനയായിരുന്നെങ്കില്‍, ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രക്ഷോഭം നടത്തുന്നത് ഒരു സംസ്ഥാന മുഖ്യമന്ത്രിയും സര്‍ക്കാറും അഴിമതി വിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നു വന്നഅവരുടെ പാര്‍ട്ടിയുമാണ്. കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും!
ഗവര്‍ണ്ണര്‍ക്കെതിരെയാണ് ആദ്യം സമരം ആരംഭിച്ചത്. ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് ഗവര്‍ണ്ണര്‍ തുടര്‍ച്ചയായി അംഗീകാരം നല്‍കിയില്ല. ഉദ്യേഗസ്ഥരുടെ നിസഹകരണത്താല്‍ പല പദ്ധതികളും നിലച്ചു. ഇവര്‍ക്കെതിരെ തീരുമാനമാകാതെ പോകില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെജ്രിവാളും മുന്ന് മന്ത്രിമാരും (മനിശ് സിസോദിയ, സത്യേന്തര്‍ ജയിന്‍, ഗോപാല്‍ റായ്) ഗവര്‍ണ്ണറുടെ വസതിയില്‍ 4 – മം ദിവസവും സമരം തുടരുകയാണ്. ഇവരെ കാണാന്‍ പോലും ഗവര്‍ണ്ണര്‍ തയ്യാറാകുന്നില്ല. രണ്ടാം ദിവസം മുതല്‍ മന്ത്രി സത്യേന്തര്‍ ജയിനും ഇന്നലെ മുതല്‍ (സമര ദിവസം 3) ഉപമുഖ്യമന്ത്രി മനിശ് സിസോദിയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍ നിന്ന് ഗവര്‍ണ്ണറുടെ വസതിയിലേക്ക് കാല്‍ ലക്ഷം ദില്ലിക്കാര്‍ അണിനിരന്ന ബഹുജന മാര്‍ച്ച് നടന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും മാര്‍ച്ചില്‍ അണിനിരന്നു. കെജ്രിവാളും മുതിര്‍ന്ന നേതാക്കളും ഗവര്‍ണ്ണറുടെ വീട്ടില്‍ സമരത്തിലായതിനാല്‍, പങ്കജ് ഗുപ്ത, സഞ്ചയ് സിംഗ്, ആരതി മെര്‍ലിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാര്‍ട്ടികളായ CPIM, SP, JDU, RLD, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പ്രക്ഷോഭത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു . കേന്ദ്ര സര്‍ക്കാറാണ് ഗവര്‍ണ്ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ തടസ്സപ്പെടുത്തുന്നത്. സമരത്തിന്റെ 4 – മം ദിവസമായ ഇന്ന് സമരക്കാര്‍ രാജ്ഘടില്‍ ഒത്തുകൂടും.
ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാവുകയാണ്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. 2012 ജന്‍ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച BJP, പിന്നീട് ലോക്പാല്‍ ബില്ലിനെ മറന്നു. ഇവയെല്ലാം പൊളിച്ചടുക്കുന്ന പ്രക്ഷോഭമായി ഇത് മാറുമോ എന്നാണ് രാഷ്ട്രം ഒറ്റുനോക്കുന്നത്. കെജ്രിവാള്‍ വീണ്ടും ജന്തര്‍ മന്ദറിലേക്ക്!
‘ ഉദ്യോഗസ്ഥരുടെ സമരം ഞായറാഴ്ചയോടെ പരിഹരിച്ചില്ലെങ്കില്‍ എ.എ.പി നേതാക്കന്മാരും പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ധര്‍ണ നടത്തും. വ്യാഴാഴ്ച പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും മെഴുകുതിരി മാര്‍ച്ച് നടത്തും.’ അദ്ദേഹം പറഞ്ഞു.
ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് എ.എ.പി സര്‍ക്കാര്‍ പ്രതിഷേധം നടത്തുന്നത്. ഈ ആവശ്യമുന്നയിച്ച് മൂന്നു ദിവസമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റേഷന്‍ ഡെല്‍ഹിയിലെ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന നിര്‍ദേശം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
അതിനിടെ, ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കുചേരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന കെജ്രിവാളിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എ.എ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള തെരുവില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ‘കെജ്രിവാള്‍ നിങ്ങള്‍ പൊരുതൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.
കേവലം രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ… എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുതരാന്‍ പറ്റുമോ…’ നെഞ്ചുപൊട്ടി ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഞെക്കാട് സ്വദേശിയായ ശ്രീജയായിരുന്നു മരണമടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ബന്ധുക്കൾ ഡോക്ടറുടെ കാർ തടഞ്ഞത്.
സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാർജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിൻ രംഗത്തെത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങൾ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം
പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.
ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.
സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.
താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലിൽ മൂന്നുകുട്ടികളും വീട്ടമ്മയും മരിച്ചു. അഞ്ചുവീടുകള്‍ തകര്‍ന്നു. മൂന്നെണ്ണം മണ്ണിനടിയിലായി. ഒൻപതു പേരെ കാണാനില്ല.
വെട്ടിയൊഴിഞ്ഞതോട്ടം സലിമിന്റെ മകള്‍ ദില്‍ന (7), മകന്‍ മുഹമ്മദ് ഷഹബാസ് (3), ജാഫറിന്റെ ഏഴുവയസുകാരനായ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചവർ. സലിമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും മെഡി. കോളജ് ആശുപത്രിയിലാണ്.
കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരെ പുറത്തെടുത്തു. അബ്ദുൾ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുൾപൊട്ടലിൽ മരിച്ച ദിൽനയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്.
ഇവരെ താമശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്.