തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറനീക്കുന്നത് കൊടുംക്രൂരത. മര്‍ദനത്തില്‍ കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയതായും തലച്ചൊറിന് ക്ഷതമേറ്റയതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായി ക്രൂരത നടത്തിയ അമ്മയും കാമുകനും അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ വിവരം പുറത്തുവരുന്നത്.

ശനി രാവിലെയാണ് പ്രതികള്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് അപകടം മണത്തു. മെഡിക്കല്‍ കോളജിലേക്ക് മാറ്റണം എന്ന ഉടനെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്

ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ചെറുകുടല്‍ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മര്‍ദനമേറ്റാല്‍ മാത്രമോ കൊച്ചുകുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും നിഗമനത്തിലെത്തി.

ഏകലവ്യന്‍ എന്ന രണ്ട് വയസുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ കുട്ടിയെ ഒഴിവാക്കാനായിരുന്നു ക്രൂരത. വര്‍ക്കലയ്ക്ക് സമീപം പന്തുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു മനുരാജ്…ഉത്തര ദമ്പതികളുടെ മകനായിരുന്നു ഏകലവ്യന്‍. ശനിയാഴ്ച മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

ഏതാനും മാസമായി മനുവുമായി വേര്‍പെട്ട് രജീഷിനൊപ്പമാണ് ഉത്തര കഴിഞ്ഞിരുന്നത്. ഈ സമയം മുതല്‍ ഉപദ്രവം തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനും ഇവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.