India

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലമേറ്റടുപ്പ് അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും നേരത്തെ പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തളര്‍ന്നു വീണ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. പോലീസ് സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

കനത്ത സുരക്ഷാ സന്നാഹത്തിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പ്രസ്തുത ഹൈവേ വന്നാല്‍ 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും സമര സമിതി പറയുന്നു. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭര്‍ത്താവിനെ ഇന്ന് പുലര്‍ച്ചെ അധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോര്‍ട്ടില്‍ അക്രമം നടത്തിനയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്‍ഡ്രൂസിനെ ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പറഞ്ഞയച്ചു.

മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയില്‍ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദര്‍ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും.

കഴിഞ്ഞ മാസം 14 ന് പോത്തന്‍കോട്ടുള്ള ആയൂര്‍വേദ ആശുപത്രിയില്‍ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍പ്പരിശോധനക്കായി സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങല്‍ വിദഗ്ധര്‍ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതര്‍ക്ക് കിട്ടിയിട്ടില്ല . വിഷാദ രോഗത്തിനടിമയായ ലിഗ ഏതെങ്കിലും വിധം കടലില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.

ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധി പ്രതിമക്കു നേരം ആക്രമണം. അജ്ഞാതരായ അക്രമികള്‍ പ്രതിമയുടെ തലയും സ്ഥാപിച്ചിരുന്ന പീഠവും തകര്‍ത്തു. നാഥ്ദ്വാരിയിലാണ് സംഭവം. അര്‍ദ്ധകായ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ത്രിപുരയില്‍ ബിജെപി അധികാരമേറ്റെടുത്തതിനു പിന്നാലെ ലെനിന്‍ പ്രതിമ തകര്‍ക്കുകയും അതിനു ശേഷം തമിഴ്‌നാട്ടിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും പ്രതിമകള്‍ക്കു നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായിരുന്നു. പെരിയാര്‍, അംബേദ്കര്‍ പ്രതിമകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്.

കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലാകുകയും ചെയ്തു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ ആക്രമിക്കപ്പെട്ടത്.

രാജേഷിന്റെ ജീവനെടുക്കാൻ സാലിഹിന്റെ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത് രാജേഷിന്റെ പരിചയക്കാരിയായ നൃത്താധ്യാപികയുടെ ഭർത്താവായ വ്യവസായി, ഓച്ചിറ നായമ്പരത്ത് വീട്ടിൽ സത്താർ എന്ന് പോലീസ്. നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ സത്താർ ഭായിയുടെ സ്വന്തം ആൾ. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. സത്താറിന്റെ വളർച്ചയ്ക്ക് പിന്നിൽ സാലിഹ് തന്നെയായിരുന്നു. ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്

ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണത്തിൽ യുവതിയുടെ സ്വഭാവം തന്നെ മാറാൻ തുടങ്ങി.

രണ്ട് പെൺകുട്ടികളുടെ അമ്മയായ തുമ്പോളി സ്വദേശിനിയുടെ സ്വഭാവ മാറ്റത്തിൽ സത്താർ അസ്വാസ്ഥനായിരുന്നു. ഇതിനിടയിലായിരുന്നു മുൻ റേഡിയോ ജോക്കിയായ രാജേഷിന്റെ വരവ്. രാജേഷിന്റെ അമിത അടുപ്പം പലപ്പോഴും സത്താർ വിലക്കിരുന്നു. പക്ഷെ യുവതി വീണ്ടും രാജേഷിലേയ്ക്ക് അടുക്കുകയായിരുന്നു. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു. നടുക്കുന്ന ആ വാർത്തയിൽ തളർന്നുപോയ സത്താറിന്റെ വേദന സഹോദരനെപോലെ കാണുന്ന സാലിഹിനെയും തളർത്തി.

ഇതോടെ സത്താറിന്റെ ബലമായ എന്തിനും പോന്ന സാലിഹ് രാജേഷിനെ വകവരുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്തു. പലപ്പോഴും രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. ജീവൻ തന്നെ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന് രാജേഷ് രണ്ട് വർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. നാട്ടിലെത്തിയിട്ടും രാജേഷും യുവതിയും തമ്മിൽ വീണ്ടും അടുക്കാൻ തുടങ്ങി. ഈ പകയായിരുന്നു രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ വ്യക്തമായ പ്ലാനിങ്ങോടുകൂടെയായിരുന്നു സത്താറിനുവേണ്ടി സാലിഹ് നാട്ടിലേയ്ക്ക് എത്തിയതും രാജേഷിനെ വെട്ടിനുറുക്കി മരിച്ചുവെന്ന് ഉറപ്പാക്കിയതും.

സാലിഹാണ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്. കായംകുളം സ്വദേശികളായ രണ്ടുപേർ നാട്ടിൽതന്നെ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, അപ്പുണ്ണി ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തിയ ശേഷം മുങ്ങി. സാലിഹ് ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിഞ്ഞു.

കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിച്ചു. ചിലവന്നൂര്‍ കായലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ബോട്ട് ജെട്ടിയാണ് പൊളിച്ചു നീക്കിയത്. കൊച്ചി കോര്‍പറേഷനാണ് കയ്യേറ്റത്തിനെതിരെ നടപടിയെടുത്തത്. ഇതി പൊളിക്കുന്നതിനെതിരെ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യ കായല്‍ കയ്യേറിയെന്ന പരാതി നല്‍കിയത്. കയ്യേറ്റം പൊളിച്ചു മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹര്‍ജിയില്‍ അനുകൂല വിധി വന്നിരുന്നെങ്കിലും ജയസൂര്യ അപ്പീല്‍ നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബോട്ട്‌ജെട്ടിയും ചുറ്റുമതിലും അനധികൃതമായി നിര്‍മിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

സമൂഹമാധ്യമങ്ങളിലെ കാർട്ടൂണുകളാണ് ട്രോളുകൾ. രാജ്യത്തെ ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഹോൽസവമാണ്. ചാനൽ ചർച്ചകളിൽ ഇന്ധന വിലവർധനയെ ന്യായീകരിച്ച ബിജെപി നേതാവ് ജെ.ആർ.പത്മകുമാറിനും ബി.ഗോപാലകൃഷ്ണനും നൊബേൽ സമ്മാനം നൽകിയാണ് ട്രോളൻമാർ രംഗത്തെത്തിയത്. ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിനാണ് ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാറിനും‍, ബി. ഗോപാലകൃഷ്ണനും ട്രോളൻമാർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൽ പുരസ്കാരം നൽകി ആദരിച്ചത്.

ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളു. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം. കേരളത്തിലെ വാർത്താചാനലുകളിലൂടെയാണ് ഇവർ പുതിയ സിദ്ധാന്തം അവതരിപ്പിച്ചതെന്നും ട്രോളൻമാർ പരിഹസിക്കുന്നു.

ഇത് ചാനലിലൂടെ കണ്ട സ്വീഡനിലെ നൊബേല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നുമെന്നാണ് ട്രോളൻമാർ പറയുന്നത്. ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ട്രോളുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ രണ്ടുപേർക്ക് കൂടി സമൂഹമാധ്യമങ്ങളിൽ ട്രോള്‍ ഒരുങ്ങിയത്

ട്രോളുകൾ കാണാം………..

troll-nobel-1

troll-2

troll-1

 

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ ബിജെപി നേതാവ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദലിത് പ്രക്ഷോഭകര്‍ക്കുനേരെ രാജ സിംങ് ചൗഹാന്‍ എന്ന ബിജെപി നേതാവ് വെടിയുതിര്‍ക്കുന്നത്. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് മൂന്നു ദളിതര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കഴിഞ്ഞ ദിവസം രാജ സിംങ് ചൗഹാന്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദലിത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നടക്കുന്ന വെടിവെപ്പ് എന്ന നിലയിലാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നത്. പിന്നീടാണ് ദലിത് പ്രക്ഷോഭകരല്ല മറിച്ച് ദലിതര്‍ക്കുനേരെ രാജ സിംങ് ചൗഹാനാണ് വെടിവെക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഭൂരിഭാഗവും ദളിതരാണ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു വിവാദമായ സുപ്രീംകോടതി വിധി വന്നത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദളിത് പീഡന പരാതികളില്‍ അറസ്റ്റ് പാടൂ എന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി ഈ നിലപാട് സ്വീകരിച്ചത്.

ശക്തമായ നിയമങ്ങളുണ്ടായിട്ട് പോലും രാജ്യത്ത് ദളിത് വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് വ്യക്തമാക്കി 150 ഓളം പട്ടിക ജാതി വര്‍ഗ സംഘടനകളുടെ അഖിലേന്ത്യ കോണ്‍ഫെഡറേഷനും കേന്ദ്ര സർക്കാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധി പുനഃപരിശോധിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ദളിത് നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ് വിട്ടയക്കപ്പെടുന്നവരുടെ തോത്. ദമുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെടുന്നുവെന്നതാണ് നിയമത്തിന്റെ നട്ടെല്ല്. അത് ദുര്‍ബലപ്പെടുത്തിയാല്‍ അക്രമം തടയുകയെന്ന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിച്ചു. വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കം.

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഭരണഘടനാ സംവിധാനങ്ങളുണ്ടെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. തിങ്കളാഴ്ച്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്ന കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പുറത്തിറക്കി ഉത്തരവില്‍ പറഞ്ഞിരുന്നു.

അച്ചടി മാധ്യമങ്ങളില്‍ വന്നിട്ടുള്ള വ്യാജ വാര്‍ത്ത സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനുമായിരിക്കും തീരുമാനങ്ങള്‍ എടുക്കുകയെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നാല് തൊഴിലാളികളും മൂന്ന് ക്രൂ അംഗങ്ങളും അടക്കം ഏഴ് പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ദണ്ഡില്‍ ഇടിച്ചതോടെ ഹെലികോപ്റ്ററിന് തീ പിടിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പെലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ വ്യാപിക്കാതിരുന്നതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. നിലത്തിറങ്ങിയ ഹെലികോപ്റ്റര്‍ തലകീഴായി മറിഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണില്‍ ഗൗരികുണ്ഡില്‍ എംഐ 17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് 20 പേര്‍ മരിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved