കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.
ആദ്യ തെരഞ്ഞെടുപ്പുമുതല്‍ അത് പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം ഭരണം. അപ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും. പിന്നെ അഞ്ചുവര്‍ഷം വിശ്രമജീവിതം. ആ സമയത്ത് അല്ലറ ചില്ലറ സമരങ്ങളും ചില ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവര്‍ക്കറിയാം. അങ്ങനെ രണ്ട് മുന്നണികളും വോട്ടര്‍മാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.
ജനാധിപത്യം കുറച്ചുനാള്‍ കഴിയുമ്പോള്‍ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം..പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. – ശ്രീനിവാസന്‍ പറയുന്നു.
സിനിമയ്ക്ക് സമൂഹത്തെ തിരുത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഗാന്ധിജി പറഞ്ഞതു കേള്‍ക്കാത്തവരാണ് നമ്മള്‍. അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണ് ഗുണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമക്കാരുടെ മക്കള്‍ക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരിക്കും. പക്ഷേ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനവും ഭാഗ്യവും കഴിവും വേണം. നിലനിന്നുപോകുക എന്നതാണ് പ്രധാനം, അല്ലാതെ സിനിമയില്‍ വരുക എന്നതല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
തിരുവനന്തപുരം: കേരള സര്‍ക്കിളില്‍ തപാല്‍ വകുപ്പിന്റെ അഞ്ച് ഡിവിഷനുകളിലെ ഡാക് സേവക് നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞു. തിരുവനന്തപുരം നോര്‍ത്ത്, സൗത്ത്, കോഴിക്കോട്, തിരുവല്ല, കൊല്ലം ഡിവിഷനുകളിലെ നിയമനമാണ് നിര്‍ത്തിവെച്ചത്. നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്.
എസ്.എസ്.എല്‍.സി. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഡാക് സേവക് നിയമനപ്പട്ടിക തപാല്‍ വകുപ്പ് തയ്യാറാക്കിയത്. അപേക്ഷിക്കുന്നവരുടെ ഗ്രേഡ് അനുസരിച്ച് മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. മറ്റ് പരീക്ഷകളൊന്നുമില്ല. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 1185 പേരില്‍ ഭൂരിഭാഗത്തിനും 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഇത് അസ്വാഭാവികമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലത്ത് നിന്നുള്ള അപേക്ഷകയ്ക്ക് 95 ശതമാനത്തിലേറെ മാര്‍ക്കുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. അഞ്ച് ഡിവിഷനുകളിലേക്കാണ് ഈ ഉദ്യോഗാര്‍ഥി അപേക്ഷ നല്‍കിയത്. അവയിലെ നിയമനങ്ങളാണ് ട്രൈബ്യൂണല്‍ നിര്‍ത്തിവെച്ചത്. ഹര്‍ജിക്കൊപ്പം മാര്‍ക്ക് പട്ടികയും ഉദ്യോഗാര്‍ഥി ഹാജരാക്കിയിരുന്നു. റാങ്കിനുള്ള മാര്‍ക്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയതയും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് തപാല്‍ വകുപ്പ് നിയമനവിഭാഗം അറിയിച്ചു.
ഹൈദരാബാദിലെ സെന്റര്‍ ഓഫ് എക്‌സലന്റ് പോസ്റ്റല്‍ ടെക്‌നോളജി എന്ന സി.ഇ.പി.ടിയാണ് നിയമന നടപടികള്‍ നിയന്ത്രിക്കുന്നത്. അവര്‍ തയ്യാറാക്കിയ സോഫ്‌റ്റ്വേറിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ദേശീയതല തിരഞ്ഞെടുപ്പായതിനാല്‍ ഏകീകൃതശൈലിയിലാണ് മാര്‍ക്ക് കണ്ടെത്തുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് തപാല്‍ വകുപ്പ് വിശദീകരിക്കുന്നത്.
പ്രാദേശിക പരിഗണനകളില്ലാതെ നാല് ലക്ഷത്തിലേറെ അപേക്ഷകളാണ് ഈ തസ്തികയ്ക്ക് ലഭിച്ചത്. പത്താം ക്ലാസ് മാര്‍ക്ക് മാത്രം അടിസ്ഥാന യോഗ്യതയായി സ്വീകരിച്ചതുകൊണ്ടാണ് മറ്റ് സംസ്ഥാനക്കാരും നിയമനപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും ബിരുദാനന്തരബിരുദം, ബി.ടെക്., എം.ടെക്. തുടങ്ങിയ ഉയര്‍ന്ന ബിരുദങ്ങളുള്ളവരാണ്. 10,000 രൂപയില്‍ താഴെയാണ് ഇവര്‍ക്കുള്ള ശമ്പളം. എന്നിട്ടും അന്യനാടുകളില്‍നിന്ന് ഇത്രയേറെപ്പേര്‍ നിയമനം നേടുന്നത് ദുരൂഹമായിരിക്കുകയാണ്.
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ കസോലിയിൽ സ്വകാര്യ ഹോട്ടൽ കെട്ടിടം പൊളിക്കുന്നതിനു മേൽനോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. അതീവ ഗൗരവമുള്ള പ്രശ്നമാണിതെന്നു സുപ്രീംകോടതി വിലയിരുത്തി. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
‘ജനങ്ങളെ കൊല്ലാനാണു പദ്ധതിയെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു നിർത്താം. നിരവധി പേരാണു തങ്ങളുടെ ഉത്തരവുകൾ ലംഘിക്കുന്നത്. പൊലീസ് എന്തുകൊണ്ടാണു നടപടിയെടുക്കാത്തത്? ഏകദേശം 160 പൊലീസുകാർ നിയമനടപടിക്കു പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്നെന്നാണു വിവരം. അക്രമം നടക്കുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നു’– സുപ്രീംകോടതി ചോദിച്ചു.
ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെ കസോലിയിൽ 13 ഹോട്ടലുകളുടെ നിയമവിരുദ്ധ നിർമാണങ്ങൾ നീക്കുന്നതിനായിരുന്നു ശൈൽ ബാല എന്ന അസിസ്റ്റന്റ് ടൗൺ ആൻഡ് കൺട്രി പ്ലാനർ എത്തിയത്. നാരായണി ഗെസ്റ്റ് ഹൗസിന്റെ സമീപം ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉടമയായ വിജയ് സിങ് വെടിവയ്ക്കുകയായിരുന്നു.
സുപ്രീംകോടതി ഉത്തരവുപ്രകാരം കെട്ടിടം പൊളിക്കാനെത്തിയവർക്കു നേരെയായിരുന്നു അതിക്രമം. വെടിയേറ്റ ശൈൽ ബാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തൊഴിലാളി ഗുലാബ് സിങ്ങിനും വെടിയേറ്റിരുന്നു. രക്ഷപെട്ട അക്രമിയെ കണ്ടെത്തുന്നതിനു പൊലീസ് ശ്രമം തുടരുകയാണ്. പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണു കസോലി.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കനിയുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും പ്രതികളായ പോലീസുകാര്‍ അറസ്റ്റിലായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുടുംബത്തിന് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. സി.ഐയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കല്‍, കോടതിയില്‍ കൃത്രിമ രേഖ ഹാജരാക്കി, അന്യായമായി തടവില്‍ വച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് രാത്രി അറസ്റ്റിലായ ശ്രീജിത്ത് ഏഴിനാണ് അറസ്റ്റിലായത് എന്നാണ് സി.ഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ എഴുതിയിരുന്നത്. എന്നാല്‍ സി.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനാല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പകല്‍ സമയത്ത് കോടതിയില്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. വൈകിട്ട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയില്ല. ജാമ്യാപേക്ഷ വന്നാല്‍ അന്വേഷണ സംഘം എതിര്‍ക്കുമോ എന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ആര്‍.ടി.എഫിനെ സഹായിക്കാന്‍ ഗണേഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ നിര്‍ദേശിച്ചതും എസ്.പിയാണെന്നും സി.ഐ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള എസ്.പിയുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തിനു പിന്നാലെ സി.ഐ അടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ എസ്.പിയെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയതിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കും. പോലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ നിലയിലാണ്. കോടതിയിലേക്ക് എത്തുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സഹായത്തില്‍ ആശ്വാസമുണ്ടെന്നും ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി പിടികൂടണമെന്നും ശ്രീജിത്തിന്റെ അമ്മയും പറഞ്ഞു.
സിംല: ഹോട്ടലിലെ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാലയാണ് വെടിയേറ്റ് മരിച്ചത്. നാരായണി ഗസ്റ്റ് ഹൗസ് എന്ന ഹോട്ടലിന്റെ അനധികൃത നിര്‍മാണം ഒഴിപ്പിക്കാനെത്തിയതായിരുന്നു ഇവര്‍. ഹോട്ടല്‍ ഉടമ വിജയ് കുമാറാണ് ഷൈല്‍ബാലയെ വെടിവെച്ചു വീഴ്ത്തിയത്.
മറ്റൊരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പരിക്കേറ്റു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയ കോടതി അവ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാല് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇതില്‍ ഒരു സംഘത്തിന്റെ മേധാവി ആയിരുന്നു ഷൈല്‍ബാല.
സംഘം ഗേറ്റിന് സമീപം എത്തിയപ്പോള്‍ത്തന്നെ വിജയ് കുമാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തനായിരുന്നു വിജയ് കുമാര്‍ ഇങ്ങനെ ചെയ്തത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരും വിജയ് കുമാറും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വിജയ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഷൈല്‍ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു. നായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ കടിച്ചുതിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവസമയത്ത് മോര്‍ച്ചറിയില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് ഫാര്‍മസിസ്റ്റുകളെ സസ്പെന്‍ഡ് ചെയ്തത്. ആരുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചതെന്നത് വ്യക്തമല്ല.
മോര്‍ച്ചറിയിലെ മൃതദേഹം നായ്ക്കള്‍ വലിച്ചുകൊണ്ടുപോയി കടിച്ചുവലിക്കുന്നത് കണ്ട ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ വൈറലാകുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തി സംഭവസമയത്ത് മോര്‍ച്ചറി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തുവെന്ന് അലിഗഡ് സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എംഎല്‍ അഗര്‍വാള്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവം ലക്നോയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും നടന്നിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ച സ്ത്രീയുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചത്. സ്ത്രീയുടെ ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിനായി വിട്ടുനല്‍കിയപ്പോള്‍ നായ്്ക്കള്‍ കടിച്ചെടുത്തതിനെ തുടര്‍ന്ന് തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെയും മണ്ടന്‍ പ്രസ്താവനകള്‍ക്ക് പിന്തുണയുമായി ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഗുജറാത്ത് മുഖ്യമന്ത്രിപുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ചതില്‍ എന്താണ് തെറ്റെന്നാണ് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.
”നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിള്‍ തോറ്റുപോകും: എന്നു പറഞ്ഞാല്‍ എന്താ ഇത്ര വലിയ കുഴപ്പം?” മെന്ന് ട്വിറ്ററിലൂടെ ടിജി മോഹന്‍ദാസ്ചോ ദിക്കുന്നു.
നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിൾ തോറ്റുപോകും: എന്നു പറഞ്ഞാൽ എന്താ ഇത്ര വലിയ കുഴപ്പം?
— TG Mohandas (@mohandastg) May 1, 2018
നേരത്തെ പുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ച് റൂപാനി രംഗത്ത് വന്നിരുന്നു. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദനു അറിവുണ്ടായിരുന്നു. മനുഷ്യ ധര്‍മ്മത്തിനും മാനവിക പുരോഗതിക്കും വേണ്ടിയാണ് നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ലോകത്തിലെ സകല വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ തന്നെ അന്ന് നാരദനും അറിയാമായിരുന്നു. ‘ദേവര്‍ഷി നാരദ് ജയന്തി’ ആഘോഷത്തില്‍ സംസാരിക്കുമ്പോഴാണ് വിജയ് റൂപാനി ഇക്കാര്യം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ പരിഹാസവും ട്രോളും ഏറ്റുവാങ്ങുമ്പോഴാണ് പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി മോഹന്‍ദാസ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.
‘സര്‍ക്കാര്‍ ജോലിക്ക് പുറകെയുള്ള ഓട്ടം നിര്‍ത്തി പശുവിനെ കറക്കൂ, ലക്ഷങ്ങള്‍ സമ്പാദിക്കൂ, അല്ലെങ്കില്‍ മുറുക്കാന്‍ കട തുറക്കൂ’. എന്ന ത്രിപുര മുഖ്യമന്ത്രിയുടെ യുവാക്കളോടുള്ള ഉപദേശത്തിനും ബിജെപി നേതാവ് പിന്തുണ നല്‍കിയിയിട്ടുണ്ട്.
യുവാക്കളെ ഉപദേശിച്ച്
”പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താ കുഴപ്പം?” മെന്ന് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.
പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സിൽ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളർത്താൻ പറഞ്ഞാൽ എന്താ കുഴപ്പം?
— TG Mohandas (@mohandastg) May 1, 2018
‘സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.’ എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത്.
ടിജി മോഹന്‍സാദിന്റെ ട്വീറ്റുകള്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. ഈ ട്വീറ്റുകളെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല.
ആലുവ∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ അറസ്റ്റ് ഉടനുണ്ടാകും. ക്രിസ്പിനെ കേസിൽ പ്രതി ചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.
ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടിൽ രേഖകളിൽ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്ക്കെതിരെയുള്ള പരാതികളിലൊന്ന്.
എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നതിനുള്ള കുറ്റവും സിഐയുടെ പേരില്‍ വന്നേക്കാം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.
തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്. ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന.
വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.
ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതു കമ്പനിയുടെ അറിവോടെയാണോ ജീവനക്കാരിൽ ആരെങ്കിലും ചേർത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ മാസമാണു യുപിഎസ്‍സി വെബ്സൈറ്റിലും ക്രിപ്റ്റോ കറൻസി മൈനിങ് പ്രോഗ്രാമുകൾ കണ്ടെത്തിയത്. സാധാരണഗതിയിൽ വലിയ തുക ചെലവഴിച്ചു കൂടിയ പവറുള്ള കംപ്യൂട്ടറുകൾ വാങ്ങിയാണു മൈനിങ് നടത്തുന്നത്. എന്നാൽ മുതൽമുടക്കില്ലാതെ മറ്റുള്ളവരുടെ കംപ്യൂട്ടറിന്റെ ശേഷി അവരറിയാതെ മോഷ്ടിക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ച 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാന്‍ ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ബേക്കല്‍ കോട്ട ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനവുമാണ്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ നാല് ഘട്ടമായി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 95 സ്മാരകം ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.
കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയത്തെ ഉള്‍പ്പെടുത്തി. ബേക്കല്‍ കോട്ട രണ്ടാം ഘട്ടമാണ് ഏറ്റെടുക്കുക. പൈതൃകകേന്ദ്രങ്ങള്‍ ഏറ്റെടുക്കല്‍ പദ്ധതിക്ക് 2017ലെ ലോക വിനോദസഞ്ചാര ദിനത്തിലാണ് തുടക്കമായത്.
ടൂറിസംമന്ത്രാലയം മുന്‍കൈയെടുത്തുള്ള പദ്ധതി സാംസ്‌കാരികമന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തല്‍ക്കാലം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്.
അഞ്ചുവര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ നീട്ടി നല്‍കാവുന്ന തരത്തിലാണ് എഗ്രിമെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനായി കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ രാജ്യത്തെ പ്രമുഖമായ പൗരാണിക ക്ഷേത്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും പള്ളികലുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ പൈതൃകകേന്ദ്രങ്ങള്‍ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ അപാകതയില്ലെന്നാണ് ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ന്യായീകരണം.
സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേല്‍നോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, കമ്പനികള്‍ സഞ്ചാരികളില്‍നിന്ന് നിരക്കുകള്‍ ഈടാക്കുമോയെന്ന ചോദ്യത്തിന് മന്ത്രിക്കും വ്യക്തതയില്ല