India

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പൊലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീ വേഷത്തിലെത്തിയ ഇവരോട് ഈ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതേ സമയം പൊലീസിന് എതിരെ രൂക്ഷ ആരോപണങ്ങളുമായി ഭിന്നലിംഗക്കാര്‍ രംഗത്തെത്തി. ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറി. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചുവെന്നും ഭിന്നലിംഗക്കാര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.

പൊലീസ് ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ മോശമായാണ് പെരുമാറിയതെന്നും സംഘത്തില്‍ ഒരാളായ അനന്യ പറഞ്ഞു

രാജ്യം ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവാദത്തിൽ മുങ്ങിയിരിക്കുകയാണ് ബിജെപി. ബി.ജെ.പി മുന്‍മന്ത്രി അര്‍ച്ചന ചിത്നിസിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു അർച്ചനയുടെ വാക്കുകൾ. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു അര്‍ച്ചന.

ബര്‍ഹാന്‍പൂരില്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് ബിജെപി സ്ഥാനാർഥിയും മുൻമന്ത്രിയുമായ അർച്ചനയെ തോൽപ്പിച്ചത്. 5120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ഇതോടെയാണ് തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചന ഭീഷണി മുഴക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അര്‍ച്ചന വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

‘എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്‍ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും’ അര്‍ച്ചന പറഞ്ഞു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി.

എരുമേലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് തിരിച്ചയച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിരോധനം നിലനില്‍ക്കുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കിയെങ്കിലും പോലീസ് വഴങ്ങിയില്ല. ഇവരെ പമ്പയില്‍ നിന്ന് വനിതാ പോലീസിന്റെ സഹായത്തോടെ കോട്ടയത്തേക്ക് തിരികെ അയക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ നാല് ട്രാന്‍സ് ഭക്തരാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എരുമേലിയില്‍ വെച്ച് ഇവരെ പൊലീസ് തടയുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരെയാണ് പോലീസ് തടഞ്ഞത്. തങ്ങള്‍ വിശ്വാസികളാണെന്നും വ്രതമെടുത്താണ് എത്തിയതെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വാദിച്ച പോലീസ് ഇവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ സ്ത്രീ വേഷം മാറ്റി ദര്‍ശനം നടത്താമെന്നായിരുന്നു പോലീസ് പറഞ്ഞത്. വേഷം മാറാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് വാക്ക് മാറി. പോലീസ് നിസ്സഹകരണം തുടര്‍ന്നതോടെ തിരികെ പോരാന്‍ നിര്‍ബന്ധിതരായത്. തന്ത്രി ഉള്‍പ്പടെയുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഡി.വൈ.എസ്.പി ഉള്‍പ്പടെയുള്ളവര്‍ മോശമായി പെരുമാറിയതായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആരോപിച്ചു.

എടത്വാ: പ്രളയത്തിന് ശേഷം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ ലിവിംങ്ങ് വാട്ടര്‍ വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കുടിവെള്ള വിതരണം രണ്ട് മാസം പിന്നിട്ടു. കോളനിയിലെ ശുദ്ധജല ക്ഷാമത്തെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ദീര്‍ഘ വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയില്‍ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈന്‍ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല.പ്രധാന പൈപ്പില്‍ നിന്നും ഒരിടയിലേറെ ഉയരത്തില്‍ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാല്‍ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവര്‍ മഴയെ ആണ് ആശ്രയിക്കുന്നത്.

വെള്ളപൊക്കത്തിന് ശേഷം ലോറികളില്‍ സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ എത്താറില്ല ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകള്‍ പ്രളയം മൂലം ഉപയോഗ ശൂന്യമായി. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പോയി കന്നാസില്‍ വെള്ളം ശേഖരിക്കുകയായിരുന്നു പതിവ്.

ലിവിംങ്ങ് വാട്ടര്‍ വിഷന്റെ മുഖ്യ സാരഥികളായ വനജ അനന്ത (യു എസ് .എ), ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ കോളനിയില്‍ എത്തി സര്‍വ്വേ നടത്തിയതിന് ശേഷമാണ് ഇവിടെ കുടിവെള്ളം വിതരണം ഒക്ടോബര്‍ 15ന് ആരംഭിച്ചത്. മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ കോളനിയില്‍ ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതായി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.

സമീപത്തെ തോട്ടില്‍ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകല്‍ വളര്‍ന്ന് മൂടിയതോടെ അതും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം നേരിട്ടതിനാല്‍ മനുഷ്യാവകാശ ദിനത്തില്‍ കോളനി നിവാസികള്‍ എടത്വാ ചമ്പക്കുളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു.

വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ച് സ്‌റ്റൈല്‍ മന്നൻ രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമർശനം.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ കാണാന്‍ ചെന്നൈയിലെ സത്യം തീയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

സംഭവം വിവാദമായി ഒരു ദിവസം പിന്നിടുമ്പോഴും രജനീകാന്ത് മൗനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.

മാല മോഷ്ടിച്ചോടിയ കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പോയി ചവിട്ടി നിലത്തിട്ട് മാല തിരിച്ചു വാങ്ങി, കള്ളനെ പോലീസില്‍ ഏല്‍പ്പിച്ച വീട്ടമ്മയായ കച്ചേരിത്തടം കല്ലുപറമ്പില്‍ ബാലേഷ് എന്ന മുപ്പത്താറുകാരിയാണ് താരമായിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവത്തിനു തുടക്കം. കഴുത്തിലെ മാല ഊരി ബെഡ്റൂമിലെ മേശമേല്‍ മൊെബെല്‍ ഫോണിനു സമീപം വച്ച് സമീപത്തെ കിടക്കയില്‍ ഉറക്കത്തിലായിരുന്നു സോജി. ബെഡ്റൂമിന്റെ ജനല്‍ പാളി തുറന്ന കള്ളന്‍ നീളമുള്ള പെപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിച്ചു. തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ കൂടി മോഷ്ടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ശബ്ദം കേട്ട് സോജി ഉണര്‍ന്നു.

ജനലിനു വെളിയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് ബഹളം വച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു ബോധ്യമായി. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ബഹളം കേട്ട് ഓടിയ കള്ളനു പിന്നാലെ കുതിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ യുവതി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കള്ളനു പിന്നാലെ പാഞ്ഞു.

ജീവനും കൊണ്ട് ഓടിയ കള്ളന്‍ 100 മീറ്റര്‍ അകലെ വച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കുതിച്ചു. വീട്ടമ്മ വിട്ടുകൊടുക്കാന്‍ തയാറായില്ല. ബംഗല്‍ംകടവു-മുക്കം റോഡിലൂടെ പോയ മോഷ്ടാവിനെ സോജി പിന്തുടര്‍ന്നു. ജനവാസം കുറഞ്ഞ മേഖലയില്‍ കള്ളനെ ഒറ്റയ്ക്ക് നേരിടുന്നത് അപകടമാണെന്നു മനസിലാക്കിയ സോജി രണ്ടര കിലോമീറ്ററോളം ദൂരം പിന്നാലെ പോയി. ഏറെക്കുറെ ജനവാസമുള്ള പ്രദേശത്ത് എത്തിയതോടെ കള്ളന്റെ സ്‌കൂട്ടര്‍ സോജി ഇടിച്ചു വീഴ്ത്തി.

ദേഷ്യം തീരും വരെ പെരുമാറിയതിന് ശേഷം കള്ളന്റെ പോക്കറ്റില്‍ നിന്നും തന്റെ മാല സോജി പിടിച്ചു വാങ്ങി. പിടി അയഞ്ഞപ്പോള്‍ കള്ളന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപെട്ടു. ഭാര്യ കള്ളനു പിന്നാലെ സ്‌കൂട്ടര്‍ എടുത്ത് പാഞ്ഞതില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് മാത്യു ജോസഫ് അയല്‍വാസികളേയും കൂട്ടി രണ്ടര കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് മാല പിടിച്ചുവാങ്ങി സോജി നില്‍ക്കുന്നത് കണ്ടത്.

പുലര്‍ച്ചെ അഞ്ചോടെ ബംഗല്‍ംകടവു-മുക്കം റോഡിലൂടെ കള്ളന്‍ വീണ്ടും എത്തിയതാണ് പിടിയിലാകാന്‍ കാരണം. സ്‌കൂട്ടറില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതിനിടയില്‍ വഴിയില്‍ നഷ്ടമായ തന്റെ മൊെബെല്‍ ഫോണ്‍ തെരയുന്നതിനായിരുന്നു ഇയാള്‍ എത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരുടെ മുമ്പിലാണ് കള്ളന്‍ ആദ്യം എത്തിയത്.

രാത്രിയിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ അജി യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ട സോജിയെ തന്നെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞ യുവാവിനെ പെരുനാട് പോലീസിന് കെമാറുകയായിരുന്നു.

റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ഇടപാടിലും കരാറിലും സംശയങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ ആശ്വാസമാണ് വിധി.

റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. പ്രതിരോധ ഇടപാടുകളില്‍ കോടതി പരിശോധനയ്ക്ക് പരിധിയുണ്ട്. കരാറില്‍ തൃപ്തി അറിയിച്ചു.
വില താരതമ്യം ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍അഴിമതിയാരോപിച്ച് ബി.ജെ.പി വിമതനേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അന്വേഷിക്കുകയുണ്ടായി. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒാഫ് സെറ്റ് കരാറിന്‍റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്.

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പതിനാല് ദിവസത്തെ റിമാന്‍ഡില്‍ വിടുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രഹനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രഹന ഹൈക്കോടതിയെ സമീപിക്കുന്നത്.

യൂവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രഹന അയ്യപ്പ ദര്‍ശനം നടത്താനായി ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നു. ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് രഹന ഫെയിസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് ആധാരമായി പരാതിക്കാരനായ ബി.ജെ.പി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തിലാണ് ഹര്‍ത്താല്‍.

ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ അല്‍പം മുന്‍പാണ് മരിച്ചത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നുപുലര്‍ച്ചെയാണ് ആത്മഹത്യാശ്രമമുണ്ടായത്.

ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഈ സമയം പന്തലിനുള്ളില്‍ സി.കെ. പത്മനാഭനമുണ്ടായിരുന്നു.പൊലീസെത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

RECENT POSTS
Copyright © . All rights reserved