India

പതിനായിരം രൂപയില്‍ താഴെ വരുന്ന രണ്ടു മരങ്ങള്‍ക്കു വേണ്ടിയുള്ള തര്‍ക്കമാണ് മൂക്കന്നൂരിലെ അരും കൊലയില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട ശിവന്റെ വീടിന്റെ കിണറിനു സമീപം നില്‍ക്കുന്ന രണ്ടു പ്ലാവുകളെ സംബന്ധിച്ചായിരുന്നു തര്‍ക്കം.

അമ്മയ്ക്കു വേണ്ടി അവസാന കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കുരുന്ന് അതുലിനു കരച്ചില്‍ അടക്കാനായില്ല. അനുജത്തി അപര്‍ണ ബന്ധുവിന്റെ മടിയിലിരുന്നു അന്ത്യചുമ്പനം നല്‍കിയപ്പോള്‍ കണ്ടു നിന്നവര്‍ക്കു സങ്കടം അടക്കാനായില്ല.
കുവൈത്തില്‍ നിന്നു ഇന്നലെ രാവിലെ നാട്ടിലെത്തിയ ഭര്‍ത്താവ് സുരേഷിനു സ്മിതയുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നു. വെട്ടേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തി ഏറെ കഴിയും മുന്‍പാണ് അശ്വിനെ എടക്കാടുള്ള വീട്ടില്‍ സംസ്കാരചടങ്ങുകള്‍ക്ക് എത്തിച്ചത്. മൂക്കന്നൂര്‍ എരപ്പില്‍ എത്തിച്ച സ്മിതയുടെ കുട്ടികള്‍ അമ്മയുടെയും മത്തച്ഛന്റെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചു കണ്ട് കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു.

athul-and-sister

ആശുപത്രിയില്‍ നിന്ന് ഉറ്റവരെ കാണാനായി വീട്ടിലെത്തിച്ച ബന്ധുക്കളെ കുട്ടികള്‍ ചേര്‍ത്തു പിടിച്ചു. മൂത്തമകന്‍ അതുല്‍ അമ്മയുടെ കാല്‍തൊട്ടു നെറുകയില്‍ വച്ചപ്പോള്‍ കൂട്ടക്കരച്ചിലുയര്‍ന്നു.

വിധി വളരെ പെട്ടെന്നാണ് ഇവരുടെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തിയത്.

ശിവരാത്രി ആഘോഷിക്കാന്‍ എടലക്കാട്ടുള്ള വീട്ടില്‍ നിന്ന് എരപ്പിലെ വീട്ടിലേയ്ക്കു വന്ന ഒറ്റ ദിവസംകൊണ്ട് ഇവരുടെ ജീവിതം മാറി മറിഞ്ഞു. മൂത്ത കുട്ടി അതുലാണ് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മകന്‍ അശ്വിന്റെ അടുത്തേയ്ക്കാണ് സുരേഷ് ആദ്യം എത്തിച്ചത്. കുട്ടികളായ അപര്‍ണയും അതുലും അശ്വിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവരൊന്നിച്ചാണ് വീട്ടിലേയ്ക്ക് പോയത്.

പ്രതി ബാബുവിനു തറവാടു വീട് നല്‍കിയിരുന്നു.തറവാടു വീടിനോടു ചേര്‍ന്ന് തന്നെയാണ് ശിവനും വീടുവച്ചിരുന്നത്.മക്കളെ വിവാഹം ചെയ്തയച്ച ശേഷം ശിവനും വല്‍സയും മാത്രമായിരുന്നു താമസം.

മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,378 കോടി രൂപയുടെ തട്ടിപ്പ്. മുംബൈയിലെ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് സംശയം. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.

വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം പിന്‍വലിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് നല്‍കിയ പരാതിയില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഈ ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ബോസ്റ്റണ്‍: രാഷ്ട്രീയം പ്രവേശത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി നടന്‍ കമല്‍ ഹാസന്‍. ഇനി താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനം ഈ മാസം നടക്കും. നിലവില്‍ രണ്ടു ചിത്രങ്ങളാണ് കമലിന്റെ പുറത്തിറങ്ങാനുള്ളത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുമോയെന്ന ചോദ്യത്തിന് തോല്‍ക്കില്ലെന്നാണ് കമല്‍ ഹാസന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ 37 ഓളം വര്‍ഷങ്ങളായി സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് 10 ലക്ഷത്തോളം അണികളെ സംമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നീതിപൂര്‍വമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. തമിഴനെ സംബന്ധിച്ചിടത്തോളം കറുപ്പ് ഒരു മോശം നിറമല്ല. ദ്രാവിഡ ജനതയെയും കറുത്ത വര്‍ഗ്ഗത്തെയും പ്രതിനിധാനം ചെയ്യുന്ന കറുപ്പായിരിക്കും തന്റെ രാഷ്രട്രീയം. രാജ്യത്ത് കാവി നിറം വ്യാപിക്കുന്നത് അതീവ ആശങ്കയിലാണ് താന്‍ വീക്ഷിക്കുന്നത്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. രജനികാന്തിന്റെ രാഷ്ട്രീയം കാവിയില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല. ഒരു കാരണവശാലും ബിജെപിയുമായി സംഖ്യത്തിലേര്‍പ്പെടില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.

ന്യൂഡല്‍ഹി: ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഒരു മാസത്തോളം വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവ്‌ദേശ് ശാക്യ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കരണ്‍ സിങ്ങിന്റെ മകന്‍ ആശിഷിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം.

മൂന്ന് വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. കഴിഞ്ഞ മാസം ആറാം തിയതിയാണ് മകനെ കാണാനില്ലെന്ന് കരണ്‍ സിങ് പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം അവ്‌ദേശ് പോലീസ് സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു.

ഇതിനിടെ അവ്‌ദേശ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നു. അയല്‍ക്കാര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എലി ചത്തുചീഞ്ഞതാണെന്ന് മറുപടിയാണ് ഇയാള്‍ നല്‍കിയത്. പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ സ്യുട്ട്‌കേസിലുണ്ടായിരുന്ന മൃതദേഹം ഇയാള്‍ക്ക് മറവ് ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

ഇതില്‍ ദേഷ്യം തോന്നിയ താന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവ്‌ദേശ് നല്‍കിയ മൊഴി. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മൂന്ന് തവണയും മെയിന്‍ പരീക്ഷ രണ്ട് തവണയും എഴുതിയിട്ടുണ്ട്.

റായ്പൂര്‍: വരന്‍ സഞ്ചരിച്ച കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 25 ഓളം പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ 9 പേരുടെ നില ഗുരുതരമാണ്. ചത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരനെ സ്വീകരിക്കുന്ന ചടങ്ങ് വലിയ ആഘോഷമാണ്. നിരവധി പേരാണ് ഈ ചടങ്ങിനായി എത്തുക. വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെയായിരുന്നു കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയത്.

വരനെ വഹിച്ചുകൊണ്ടുള്ള സ്‌കോര്‍പിയോ വിവാഹം ആഘോഷിച്ചു കൊണ്ടിരുന്നവര്‍ക്കൊപ്പം പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിരവധി പേരാണ് വരന്റെ വാഹനത്തോടപ്പം നടന്നു നീങ്ങിയിരുന്നത്. എന്നാല്‍ പെട്ടന്ന് വാഹനത്തിന്റെ വേഗം കൂടുകയും ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബ്രേക്ക് എന്നു കരുതി ആക്സിലറേറ്ററില്‍ കാലമര്‍ന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുന്നോട്ടെടത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പുറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഈ സേവനം വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ ഈ സേവനം എനേബിള്‍ ചെയ്തിട്ടുള്ള വാട്‌സാപ്പ് അക്കൗണ്ടുകളില്‍ പുതുതായി ‘പേയ്‌മെന്റ്’ എന്നൊരു ഐക്കണ്‍ കൂടി കാണാനാകും. ഈ ഐക്കണ്‍ അമര്‍ത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിന്‍ കൂടി നല്‍കിയാല്‍ ഇടപാട് പൂര്‍ണ്ണമായി.

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാനുള്ള സൗകര്യം നിലവില്‍ ഇല്ല. എന്തായാലും ഗൂഗിള്‍ അവതരിപ്പിച്ച തേസില്‍ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്‌സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

കോഴിക്കോട്: ഇനി ജന്മദിനവും വിവാഹവാര്‍ഷികദിനവും കോഴിക്കോട്ടെ പൊലീസുകാര്‍ക്ക് വീട്ടുകാരോടപ്പം ആഘോഷമാക്കാം. ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും പൊലീസുകാര്‍ക്ക് അവധി നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. പൊലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിച്ച ശേഷം പുതിയ ഉത്തരവ് നിലവില്‍ വരും. പൊലീസ് സേനാംഗങ്ങള്‍ക്ക് നിലവില്‍ കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. ഇവയില്‍ പലതും പൊലീസുകാര്‍ക്ക് എടുക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഗുരുതര ക്രമസമാധാന പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമുള്ള അവധി അനുവദിക്കണമെന്നാണ് നിര്‍ദേശം.

മാനസിക പിരിമുറക്കവും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക അവധി ദിവസങ്ങള്‍ അനുവദിക്കാന്‍ കാരണം. നേരത്തെ ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇത്തരത്തില്‍ പ്രത്യേക അവധി നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.

കൊച്ചി : കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടു ​​പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പില്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം.

കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

 

ചെന്നൈ: ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയും മലയാളിയുമായ ബിനു കീഴടങ്ങി. അമ്പത്തൂര്‍ കോടതിയിലെത്തിയാണ് ബിനു കീഴടങ്ങിയത്. ഇയാളുടെ പിറന്നാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡില്‍ 73 ഗുണ്ടകള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 6-ാം തിയതിയായിരുന്ന പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അന്ന് പിടിയിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നിന്ന് ബിനുവും 20ഓളം പേരുമാണ് രക്ഷപ്പെട്ടത്.

ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. പിടിയിലായ ഇവരെ പിന്നീട് വിവിധ കോടതികളില്‍ ഹാജരാക്കുകയും മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പുഴല്‍ ജയിലിലാണ് ഗുണ്ടകളെ പാര്‍പ്പിച്ചിരിക്കുന്നത്. എട്ട് കൊലക്കേസുകളില്‍ ബിനു പ്രതിയാണ്.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകള്‍ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്ക് ഇരയായപ്പോള്‍ നാടിന്റെ സമാധാനത്തെ കൂടിയാണ് കൊലയ്ക്ക് കൊടുത്തത്. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലാണ്.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തുക. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടാം.

ഷുഹൈബിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ …

#CPM_terror
#കൊലയാളി_പാര്‍ട്ടി_സിപിഎം

 

RECENT POSTS
Copyright © . All rights reserved