ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തിലുള്ള സേനയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പു വിരമിച്ച പൊലീസ് നായ സെല്‍മ (11) വിടപറഞ്ഞു. കുരുക്കഴിയാത്ത പല കുറ്റകൃത്യങ്ങളിലും കേരള പൊലീസിനു തുമ്പുണ്ടാക്കിക്കൊടുത്ത സെല്‍മ പരിശീലകനായ കുമരകം കദളിക്കാട്ട് മാലിയില്‍ കെ.വി.പ്രേംജിയുടെ സംരക്ഷണയിലായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കു പ്രത്യേക അപേക്ഷ നല്‍കിയാണു പ്രേംജി സെല്‍മയെ സ്വന്തമാക്കിയത്. വിരമിച്ച നായയെ പരിശീലകന്‍തന്നെ സ്വന്തമാക്കിയതു കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു. കരള്‍രോഗമാണു മരണകാരണം. കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ രണ്ടുദിവസമായി ചികില്‍സയില്‍ ആയിരുന്ന സെല്‍മയെ ഞായറാഴ്ച പ്രേംജി വീട്ടിലേക്കു കൊണ്ടുവന്നു. ഏറെ സൗകര്യങ്ങള്‍ നല്‍കിയാണു പ്രേംജി സെല്‍മയെ സംരക്ഷിച്ചത്. വീട്ടുമുറ്റത്ത് നിര്‍മിച്ച കൂടിനുള്ളില്‍ ഫാനും മറ്റുമുണ്ടായിരുന്നു. സെല്‍മയുടെ ജന്മദിനം കേക്ക് മുറിച്ചാണു വീട്ടുകാര്‍ എല്ലാവര്‍ഷവും ആഘോഷിച്ചിരുന്നത്. 2008 ജനുവരി ഒന്നിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ‘ലാബ്രഡോര്‍ റിട്രൈവര്‍’ ഇനത്തില്‍പെട്ട സെല്‍മ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത്. സല്‍മയെന്ന പേരു നല്‍കിയതും പ്രേംജിയാണ്.
മനുഷ്യഗന്ധം കണ്ടെത്തുന്നതിലായിരുന്നു മിടുക്ക്. ഒന്‍പതരവയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സെല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെല്‍മയുടെ മരണവിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒട്ടേറെപ്പേര്‍ കുമരകത്തെ പ്രേംജിയുടെ വീട്ടിലെത്തി. വീട്ടുവളപ്പില്‍ ആചാരപ്രകാരംതന്നെയാണ് സെല്‍മയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മുണ്ടക്കയത്തെ കവര്‍ച്ചാനാടകത്തിലെ പ്രതിയായ വീട്ടമ്മയെ പിടികൂടി; വീട്ടമ്മ മുക്കുപണ്ടം കിണറ്റിലിട്ടശേഷം സ്വര്‍ണം മോഷണം പോയതായി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സെല്‍മ മണം പിടിച്ചു മുക്കുപണ്ടം എറിഞ്ഞ കിണറ്റിനരികിലെത്തി, കൂട്ടിക്കലിലെ കുരിശടി തകര്‍ത്ത കേസിലെ പ്രതികളുടെ വീടുകളിലെത്തി തിരിച്ചറിഞ്ഞു, നാഗമ്പടത്തെ സദന്‍ കൊലക്കേസില്‍ പ്രതി ഒളിച്ചിരുന്ന ഓടയില്‍നിന്നു പിടികൂടാന്‍ സഹായിച്ചതു സെല്‍മയായിരുന്നു, പാമ്പാടി വെള്ളൂര്‍ 12-ാം മൈലില്‍ പുരയിടത്തില്‍ പശുവിനെക്കെട്ടാന്‍ പോയ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുടുക്കി, പഴയിടം ഇരട്ടക്കൊലപാതകത്തിലെ പ്രതി ബൈക്ക് വച്ചിരുന്ന സ്ഥലം സെല്‍മ പൊലീസിനു കാട്ടിക്കൊടുത്തു,കറുകച്ചാലില്‍ വീട്ടമ്മയെയും മകളെയും തലയ്ക്കടിച്ചശേഷം മോഷണം നടത്തിയ പ്രതികളെ കോളനിയിലെ വീട്ടില്‍നിന്നു പിടികൂടാന്‍ സഹായിച്ചു, പാലാ അല്‍ഫോന്‍സ കോളജിലെയും മറിയപ്പള്ളി സ്‌കൂളിലെ കംപ്യൂട്ടര്‍ മോഷണത്തിനും തെളിവുണ്ടാക്കി.ഇങ്ങനെ സെല്‍മയുടെ കുറ്റാന്വേഷണ മികവിനു ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
തൃശൂര്‍ കെന്നല്‍ ക്ലബ് പൊലീസ് അക്കാദമിയില്‍ 2008-ലെ ആദ്യ ബാച്ചിലെ അംഗമായിരുന്നു സെല്‍മ. ഒന്‍പതുമാസം പരിശീലനം. ആ ഗ്രൂപ്പിലെ 11 നായ്ക്കളില്‍ ഒന്നാം സ്ഥാനക്കാരിയായി. മൂന്നുമാസം അനുസരണശീലത്തിനുള്ള പരിശീലനമാണ്. ഇതു പൂര്‍ത്തിയായാല്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നവരാകും നായകള്‍. അടുത്തപടിയായി മണം പിടിക്കാനുള്ള പരിശീലനമാണ്. ഇതു കഴിഞ്ഞ് അന്വേഷണരംഗത്തേക്ക് ഇറക്കും. പരിശീലനം കഴിഞ്ഞാല്‍ കൃത്യമായി ജീവിത ചിട്ടകളിലേക്കു നായ്ക്കള്‍ മാറും. ജാഗ്രതയും ശ്രദ്ധയും കൂടും. പ്രാഥമികാവശ്യങ്ങള്‍ക്കു ദിവസവും പുലര്‍ച്ചെ 6.15നു കൂട്ടില്‍നിന്നു പുറത്തിറക്കുന്നതോടെയാണു പരിശീലനം ആരംഭിക്കുക. തുടര്‍ന്നു ഭക്ഷണം. വൈകിട്ടു 3.30നു വീണ്ടും പുറത്തിറക്കും. അരമണിക്കൂറിനുശേഷം വീണ്ടും പരിശീലനം. ഇതാണു ദിനചര്യ. ഇത്തരം നായ്ക്കള്‍ പ്രാഥമികാവശ്യങ്ങളൊന്നും കൂട്ടില്‍ നിര്‍വഹിക്കില്ല. ഒരു ദിവസം പുറത്തിറക്കിയില്ലെങ്കില്‍പോലും പ്രാഥമികാവശ്യങ്ങള്‍ കൂട്ടില്‍ നിര്‍വഹിക്കില്ലെന്നു പരിശീലകനായ പ്രേംജി പറയുന്നു.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഖത്തറിലെ വ്യാപാരിയും സുഹൃത്തുമായ അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പോലീസില്‍ സമ്മതിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട രാജേഷും സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിന് കാരണമെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. രാജേഷ് നൃത്താധ്യാപികയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സത്താറിന് സംശയമുണ്ടായിരുന്നു. ഇതാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന് പിന്നിലുള്ള കാരണം.
കേസില്‍ ഇതുവരെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. അലിഭായി എന്ന മുഹമ്മദ് താലിഫ്, സ്വാതി സന്തോഷ്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് പിടിയിലായിരിക്കുന്നത്. നേരത്തെ അലിഭായിയെ പിടികൂടാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയാണ് അലിഭായി പിടിയിലായത്.
ന്യൂഡല്‍ഹി: വിമാനത്തില്‍ നിറയെ കൊതുകാണെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ ഇറക്കിവിട്ട് വിമാനക്കമ്പനി. ഇയാള്‍ ‘ഹൈജാക്ക്’ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ലക്‌നൗവില്‍നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 541 വിമാനത്തില്‍ വെച്ചായിരുന്നു സംഭവം.
വിമാനത്തില്‍ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സൗരഭ് റായ് എന്ന യാത്രക്കാരന്‍ ബഹളം വെച്ചു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട ജീവനക്കാര്‍ ഇത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിച്ചില്ല. ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ ഹൈജാക്ക് എന്ന പദം ഉപയോഗിച്ചു എന്നാരോപിച്ചാണ് ജിവനക്കാര്‍ ഇയാളെ പുറത്താക്കുന്നത്.
സംഭവത്തിന് ശേഷം സൗരഭ് വിഷയം ഉന്നയിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് സൗരഭിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തിനുള്ളിലുള്ള സമയത്ത് കൊതുകിനെ തുരത്താനുള്ള പുക പ്രയോഗം നടത്താന്‍ കഴിയില്ലെന്ന് ഇന്‍ഡിഗോ പറയുന്നു. ജെറ്റ് എയര്‍വേഴ്‌സിന്റെ വിമാനത്തിനുള്ളില്‍ വെച്ച് കൊതുക് ശല്യം കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു.
#WATCH A video shot by a passenger at Lucknow airport on a Jet Airways flight shows passengers swatting mosquitoes (8.4.18) pic.twitter.com/vVh3LbrMJk
— ANI UP (@ANINewsUP) April 10, 2018
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.
ഇടുക്കി: പ്രശസ്ത ഫോട്ടോഗ്രാഫര്‍ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. വന്യജീവി, ട്രാവല്‍, ഫുഡ് ഫോട്ടോഗ്രാഫി മേഖലയില്‍ പ്രശസ്തനായിരുന്നു. കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ ഇന്നു രാവിലെയാണു കുഴഞ്ഞുവീണത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡിറ്റ്ക്ടീവ് നോവലിസ്റ്റായ കോട്ടയം പുഷ്പനാഥിന്റെ മകനാണ് സലിം പുഷ്പനാഥ്.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. അലിഭായി എന്ന് അറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ ആണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ ഇന്ന് രാവിലെയാണ് ഇയാള്‍ പിടിയിലായത്. മറ്റൊരു പേരിലാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. വിസ റദ്ദാക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ഇയാള്‍ കള്ളപ്പേരില്‍ നാട്ടിലെത്തിയതെന്നാണ് കരുതുന്നത്.
മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചാണ് രാജേഷിന് വെട്ടേറ്റത്. ആക്രമണം നടത്തിയ സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിലെ മൂന്നാമനായ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. വടിവാളുകള്‍ ഷന്‍സീറാണ് പിന്നീട് ഒളിപ്പിച്ചത്.
രാജേഷുമായി സൗഹൃദമുണ്ടായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു മടവൂരിലെ സ്റ്റുഡിയോയില്‍ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എംഉം ദളിതര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടെന്ന് ആം ആദ്മി പാര്‍ട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളുടെ നേതാവിനെ അറസ്റ്റ് ചെയ്യുകയെന്നത് കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഇതിലൂടെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയം മറ നീക്കി പുറത്തുവന്നിരിക്കുന്നതെന്ന് ആം ആദ് മി പാര്‍ട്ടി ആരോപിച്ചു.
കേരളത്തില്‍ രാഷ്ട്രീയ കക്ഷികളും, തൊഴിലാളി സംഘടനകളും വ്യാപാരികളുംപലപ്പോഴും ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് എങ്കിലും, ഇത് വരെ ഉണ്ടാകാത്ത ഒരു നടപടി ഇന്നലെ നടന്നത്. എന്തുകൊണ്ട് ഇടതു സര്‍ക്കാര്‍ ഇതിനു മുമ്പ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കളെ ഒന്നും അറസ്റ്റ് ചെയ്തില്ല എന്നതിന് വിശദീകരണം നല്‍കേണ്ടതുണ്ട്.
ചരിത്രം പരിശോധിച്ചാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടത്തിയിട്ടുള്ളത് സിപിഎം ആയിരിക്കും. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ അറസ്റ്റിനെ ആം ആദ്മി പാര്‍ടി ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.
മുംബൈ: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് അച്ഛനില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കള്‍ വിവാഹമോചനം നേടുകയോ പിരിഞ്ഞു താമസിക്കുകയോ ആണെങ്കിലും അവിവാഹിതയായ മകള്‍ക്ക് അച്ഛനില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായെങ്കിലും അവിവാഹിതയായ മകള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അച്ഛന്‍ ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
പത്തൊമ്പതുകാരിയായ മകള്‍ക്കു വേണ്ടിയാണ് അമ്മ കോടതിയെ സമീപിച്ചത്. 1988 ലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹിതരായത്. 1997 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.
വിവാഹമോചനത്തിനു ശേഷവും കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നിടം വരെ ഇവരുടെ അച്ഛന്‍ ജീവനാംശം അമ്മയെ ഏല്‍പിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പതിനെട്ടു വയസ്സു പൂര്‍ത്തിയായതോടെ ജീവനാംശം നല്‍കുന്നത് അച്ഛന്‍ നിര്‍ത്തി ഇതേ തുടര്‍ന്നാണ് അമ്മ ആദ്യം കുടുംബകോടതിയെ സമീപിച്ചത്.
മകള്‍ക്ക് പ്രായപൂര്‍ത്തിയായെങ്കിലും ഉപരിപഠനം തുടരുന്നതിനാല്‍ ഇപ്പോഴും സാമ്പത്തിക ആവശ്യമുണ്ടെന്നും അമ്മ വ്യക്തമാക്കിയിരുന്നു. ആദ്യം കേസ് പരിഗണിച്ച കുടുംബ കോടതി ഇവര്‍ക്ക് അനുകൂലമായല്ല വിധി പ്രസ്താവിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കു മാത്രമാണ് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുള്ളതെന്നും പ്രായപൂര്‍ത്തിയായ മകള്‍ക്ക് അമ്മ മുഖാന്തരം ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നുമായിരുന്നു കുടുംബ കോടതിയുടെ വിധി. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ഭാരതി ഡാങ്‌ഗ്രെയാണ് വിധി പ്രസ്താവിച്ചത്.
തൃശൂര്‍: പൊലീസുകാര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപിയെ അസഭ്യം പറഞ്ഞ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ നഗരാതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ജോഫിന്‍ ജോണിയെയാണ് കമ്മിഷണര്‍ രാഹുല്‍ ആര്‍.നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
തൃശൂര്‍ സായുധസേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂര്‍’ എന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു അസഭ്യവര്‍ഷം. സിഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു കീഴിലാണു ജോഫിന്റെ അസഭ്യവര്‍ഷം വന്നത്. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തുകയും ചെയ്തിരുന്നു
മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്നു ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നതിനിടെയായിരുന്നു ഡിജിപിക്കെതിരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം.
കൊല്‍ക്കത്ത : തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമത്തെ തടഞ്ഞ ബിജെപിക്കൊപ്പം കൂടി സിപിഎം. ഇനിയും ഞങ്ങള്‍ക്ക് അടികൊള്ളാനാവില്ല എന്ന ന്യായീകരണവുമായാണ് സിപിഎമ്മിന്റെ വരവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത തൃണമൂലിനു നേരേ ബിജെപിയുടെ പോരാട്ടം അതിനൊപ്പം കൈകോര്‍ക്കുകയാണ് സിപിഎം. ബീര്‍ഭൂമില്‍ പത്രിക സമര്‍പ്പണം തടഞ്ഞ തൃണമൂല്‍ ഗുണ്ടകളെ ബിജെപി -സിപിഎം പ്രവര്‍ത്തകര്‍ പ്രതിരോധിച്ച് പത്രിക സമര്‍പ്പണം നടത്തി.
ബീര്‍ഭൂം ബ്‌ളോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ടത് . എന്നാല്‍ പ്രതിപക്ഷ കക്ഷി സ്ഥാനാര്‍ത്ഥികളെ പത്രിക നല്‍കാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളഞ്ഞിരുന്നു . പത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി സിപിഎം സ്ഥാനാര്‍ത്ഥികളെ ഇവര്‍ തടഞ്ഞു.
പിന്നീട് സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം നടന്ന് സംഭവ സ്ഥലത്ത് എത്തുകയും തൃണമൂല്‍ പ്രവര്‍ത്തകരെ തടഞ്ഞ്് പത്രിക സമര്‍പ്പണം നടത്തുകയുമായിരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പം പോലീസും ചേര്‍ന്നെങ്കിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തെ തടയാനായില്ല.സിപിഎം അംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സിപിഎം 56 ഇടത്തും ബിജെപി 80 ഇടത്തും പത്രിക സമര്‍പ്പിച്ചു.
എത്രനാളാണ് ഞങ്ങള്‍ അടികൊള്ളുന്നത് . അതുകൊണ്ട് ഞങ്ങള്‍ ശത്രുവിന്റെ ശത്രുവിനൊപ്പം ചേരാന്‍ തീരുമാനിച്ചുവെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. . പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമമാണ് ബംഗാളില്‍ നടത്തി വരുന്നത് . സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ഒന്‍പതു പ്രാവശ്യം എം.പിയുമായിരുന്ന ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
നേരത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തൃണമൂലിനെതിരെ പോരാടാന്‍ ബിജെപിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞിരുന്നു . തൃണമൂലിനെതിരെ പോരാടുന്ന കാര്യത്തില്‍ സിപിഎമ്മിനെയും സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് മുകുള്‍ റോയിയും വ്യക്തമാക്കിയിരുന്നു