India

കോട്ടയം: മദ്യം വിളമ്പുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ക്ലബില്‍ മദ്യപിക്കാനെത്തിയവര്‍ ഏറ്റുമുട്ടി.രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷത്തിനിടെ ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത് സംഘര്‍ഷം ഇരട്ടിയാക്കി.സംഭവമറിഞ്ഞ് വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് മദ്യപിക്കാനെത്തിയവരെ ക്ലബില്‍ നിന്ന് പുറത്താക്കിയത്. സംഭവമുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് കേസെടുത്തു.

കോട്ടയം ക്ലബില്‍ ഏതാനും നാളുകളായി പണം വച്ചുളള ചീട്ടുകളി നടന്നിരുന്നു. രാത്രി പതിനൊന്നിന് ക്ലബ് അടയ്ക്കണമെന്നാണ് എക്‌െസെസ് നിയമം. എന്നാല്‍, നിശ്ചിത സമയത്തിനു ശേഷവും ഇവിടെ ചീട്ടുകളി നടക്കാറുണ്ട്. ബാര്‍ സമയത്തിനു ശേഷവും ചീട്ടുകളിച്ചവര്‍ മദ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സംഘര്‍ത്തിനിടെ കാഴ്ചക്കാരായി നിന്നവര്‍ക്ക് നേരെയും ചിലര്‍ അതിക്രമത്തിന് മുതിര്‍ന്നതായി പറയുന്നു.

അടുത്തയിടെ അംഗത്വം കിട്ടിയ ഒരു അംഗത്തിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഇയാള്‍ മുതിര്‍ന്ന ചില അംഗങ്ങളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കോട്ടയം ക്ലബിലേക്കുളള റോഡില്‍ വാഹനം കുറുകേ നിര്‍ത്തി മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ഇയാള്‍ നിരപരാധികളെ തല്ലിയത്. ഈ സമയത്താണ് ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത്.തല്ലിയ ആള്‍ക്കെതിരേ വേറെയും ചില കേസുകള്‍ ഉളളതായാണ് അറിയുന്നത്. കോട്ടയം ക്ലബ് രാത്രി പതിനൊന്നിന് അടയ്‌ക്കേണ്ടതാണെങ്കിലും മിക്കപ്പോഴും ക്ലബ് അടയ്ക്കുന്നതു നേരം പുലരാറാകുമ്പോഴാണ്. ഇത് സംബന്ധിച്ച് എക്‌സൈസ് പലതവണ ഭരണസമിതിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതുപോലെ ഒരു ദിവസം പതിനഞ്ചു മുതല്‍ 20 ലക്ഷം രൂപ വരെയയുളള ചീട്ടുകളി ക്ലബില്‍ നടക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ പല പ്രമുഖരും ചീട്ടകളിക്കാനെത്തുന്നതിനാല്‍ പോലീസ് മൗനം പാലിക്കുകയാണ്. സാധാരണക്കാര്‍ മദ്യപിച്ചാല്‍ പിടികൂടാന്‍ നില്‍ക്കുന്ന പോലീസ് കോട്ടയം ക്ലബില്‍ നിന്നു മദ്യപിച്ചശേഷം വാഹനത്തില്‍ വരുന്നവരെ കണ്ടാല്‍ ഗൗനിക്കാറു പോലുമില്ല. സംഭവം വിവാദമായതോടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കുന്നതിനുളള നീക്കവും സജീവമാണ്.

 

കൊച്ചി: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലിസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. സംഭവത്തില്‍ മനംനൊന്ത പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എസ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാളുടെ ആത്മഹത്യക്കിടയാക്കിയ സംഭവം വിദ്യാര്‍ത്ഥികളിലൊരാളായ ആതിരയാണ് ഫെബ്രുവരി മൂന്നിന് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്.

പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത് വരികയായിരുന്നു. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ടീച്ചറെ പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം താമസിപ്പിച്ചത്.

കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ പറയുന്നു. ടീച്ചര്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിഷയത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും അമര്‍ഷമുണ്ട്. കുണ്ടറ സ്വദേശിയാണ് ആത്മഹത്യ ചെയ്ത പ്രിന്‍സിപ്പാള്‍ ശ്രീദേവി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ചില രക്ഷിതാക്കളുടെ ആവശ്യം. സംഭവം വിവാദമായതോടെ ഇക്കാര്യം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് റിമൂവ് ചെയ്തിരുന്നു.

സ്വന്തം ലേഖകൻ ; മഞ്ഞു തുള്ളികൾ ഇറ്റുവീഴുന്ന ചുവന്ന ബോഗെൻവില്ല പൂത്തുലഞ്ഞ വഴിയിലൂടെ ഞാൻ നടന്നു , അസ്ഥിയെപ്പോലും കുത്തി നോവിക്കുന്ന തണുപ്പാണീ മലമുകളിൽ. പലപ്പോഴും ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിലൂടെയാണ് ഞാൻ യാത്ര നടത്താറുള്ളത് .

രാത്രിയിൽ ബസ്
സ്റ്റാൻഡിലിരുന്ന് ഉറങ്ങുമ്പോൾ മനസിൽ തെളിഞ്ഞു നിന്നതു മഞ്ഞു നിറഞ്ഞ ഈ മലമുകളിലെ സൂര്യോദയമായിരുന്നു.പലപ്പോഴും എന്റെ സ്വപ്നത്തിൽ കടന്നു വരാറുള്ള അതേ കാഴ്ച.

പാതയിൽ നിന്നു മാറി ചെറിയ പച്ചപ്പന്നൽ ചെടികൾ പറ്റിപ്പിടിച്ച പടികെട്ടുകൾ കയറുമ്പോഴാണ് കുറേ മുന്നിലായി ഇടക്കു മഞ്ഞിൽ മറഞ്ഞും ചിലപ്പോൾ തെളിഞ്ഞും ജീൻസും ഓവർ കോട്ടും ധരിച്ച ക്യാപ്പ് വെച്ച ഒരു പെണ്‍ രൂപം..ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിച്ചപ്പോൾ അണച്ചു.അവൾ അനായാസം ആ കല്പടവുകൾ നടന്നു കയറി കൊണ്ടിരുന്നു.

പച്ചപ്പാർന്ന മരച്ചില്ലകളിലൂടെ അരിച്ചിറങ്ങിയ സൂര്യ രശ്മികൾ അവളുടെ മുടികൾക്ക് സ്വർണ്ണ വർണ്ണം നൽകിയിരുന്നു..അകലെ മലകൾക്കിടയിൽ മേഘകീറുകളിൽകൂടി ഉദിച്ചുയർന്ന സൂര്യനെ നോക്കി അവൾ ഒരു കാറ്റാടി മരത്തിൽ ചാരി നിൽക്കുന്നു.

ഞാൻ അടുത്തെത്തുമ്പോൾ അവൾ കൂസലില്ലാതെ ചോദിച്ചു

”മടുത്തുവോ”

”ഉം” ഞാൻ ഒന്നുമൂളി.

“ഇവിടെ ആദ്യമാണല്ലേ”

അതെയെന്നര്‍ത്ഥത്തില്‍, ഞാൻ തലകുലുക്കി…

“നിങ്ങളുടെ അലസമായ രൂപം കണ്ടിട്ടു ഒരു സഞ്ചാരി ആണന്നു തോന്നുന്നല്ലോ ”

“അതെ ,ഇവിടെ അടുത്താണോ വീട്..എന്നും വരാറുണ്ടോ ഇവിടെ..?”

അവൾ എന്റെ കണ്ണുകളിലേക്കു നോക്കി

“ഞാൻ താഴെയുള്ള ഓർഫനേജിലെ അന്തേവാസിയാണ്.. ഇവിടത്തെ സൂര്യോദയം വളരെ മനോഹരമാണ് ഓരോ നാളും ഓരോ അഴകാണിതിന്.”

സൂര്യൻ ഉദിച്ചു പ്രഭ ചൊരിഞ്ഞു മഞ്ഞുകണങ്ങൾ താഴ്വാരത്തെവിടെയോ പോയി മറഞ്ഞിരിക്കുന്നു..

“പേര് ?”

“അലീന…, എനിക്ക് മടങ്ങാന്‍ സമയമായി, അവിടെ കുട്ടികളെ ഒരുക്കി സ്കൂളിൽ വിടണം ..”

ഞാൻ തലയാട്ടി അവൾ ഇറങ്ങി നടന്നു..പിന്നെ തിരിഞ്ഞുനിന്നു

“ഓർഫനേജിൽ വരുവാണേൽ തണുപ്പ് മാറ്റാൻ ഒരു ചൂട് മസാല കാപ്പി കുടിക്കാം..”

ഞാൻ എന്റെ ബാഗ് തോളിലിട്ടു പഴഞ്ചൻ ക്യാമറ കയ്യിൽ പിടിച്ചു അവളുടെ പിന്നാലെ നടന്നു..കല്പടവുകൾക്ക് ഇരുവശവും നിന്ന കാട്ടുപൂക്കളെ എന്റെ ക്യാമറ എത്തിനോക്കി കൊണ്ടേയിരുന്നു… ഞങ്ങൾ പാതയിലേക്ക് ഇറങ്ങി നടന്നു.

“പേരെന്താണ് ”

“ജോർജ്”

പച്ചപ്പാർന്ന തേയില തോട്ടങ്ങളിലൂടെ നടക്കുമ്പോൾ കൊളുന്തു നുള്ളുന്ന സ്ത്രീകളോട് മലയാളം കലർന്ന തമിഴിൽ അവൾ വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..

ഏതോ സായിപ്പിന്റെ പഴയ ബംഗ്ളാവ് പോലെ തോന്നി പച്ചനിറമുള്ള ഓർഫനേജ്. ബ്രിട്ടീഷ് കുലീനത നിറഞ്ഞ ഭക്ഷണ മുറിയിൽ എന്നെ ഇരുത്തി അവൾ ഏതോ പേരു നീട്ടിവിളിച്ചിട്ടു അകത്തേക്കു നടന്നു പോയി…അല്പം കഴിഞ്ഞപ്പോൾ കപ്പിൽ ആവി പറക്കുന്ന കാപ്പിയുമായി സാന്റാക്രോസിന്റെ പൊലെ വെള്ള താടിയുള്ള ഒരു വൃദ്ധരൂപം ഇറങ്ങി വന്നു.. ഒന്നും മിണ്ടാതെ തിരിച്ചു പോയി..കാപ്പി കുടിച്ചു ,ഭിത്തിയിൽ തൂക്കിയ ചിത്രങ്ങൾ നോക്കി നിൽക്കുമ്പോൾ അലീന വന്നു.

“കുട്ടികൾ സ്കൂളിലേക്ക് പോയി…” അവൾ പറഞ്ഞു.

അലീനയുമായി കുറെ സംസാരിച്ചു ഇരുന്നു വലിയ പ്ലാന്ററായിരുന്നു അവളുടെ അപ്പച്ചൻ .അപ്പച്ചനും അമ്മയും ആക്‌സിഡന്റിൽ മരിച്ചു..കുറെകാലം ഡിപ്രെഷനിലയിരുന്നു അവൾ ,അകന്ന ബന്ധത്തിൽ ഉള്ള ഒരു സിസ്റ്ററിന്റെ ഒപ്പമായിരുന്നു കുറേക്കാലം. അവരാണ് അവളെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അവരുടെ നിർദ്ദേശ പ്രകാരമാണ് ഈ വീടു ഓർഫനേജ് ആക്കി മാറ്റിയത്..ഇപ്പോൾ പത്തു കുട്ടികൾ ഉണ്ട്..

“വിവാഹാലോചനകളുമായി വന്നവർ ഒക്കെയും എന്റെ സ്വത്തു നോക്കിയാണ് വന്നത്.പിന്നീടുള്ള ചിന്തകളിൽ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചു…”
അവൾ പറഞ്ഞു നിറുത്തി.

പ്രഭാത ഭക്ഷണം കഴിച്ചു അലീനയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ .അവളും ബസ് സ്റ്റോപ്പിൽ വരെ വന്നു..

എന്റെ ഓർഫനേജ് ജീവിതത്തിന്റെ പൊള്ളിക്കുന്ന കഥകൾ അവളോട്‌ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളില്‍ എതൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു…

“ഇനിയും സൂര്യോദയം കാണാൻ വരുമ്പോൾ ഇവിടെ ഞാനുണ്ടാവും തീർച്ചയായും ഇതുവഴി വരണം മസലാകാപ്പി കുടിച്ചു കഥകൾ പറഞ്ഞു മടങ്ങാം …” അവൾ പറഞ്ഞു മൃദുവായി ചിരിച്ചു..

“ഐ ടി കമ്പനിയിലെ മനസു മടുക്കുന്ന ജോലികളിൽ നിന്നും ഒളിച്ചോട്ടമായിരുന്നു എന്റെ യാത്രകൾ പലപ്പോഴും..
ഒരർത്ഥവുമ ല്ലാത്ത യാത്രകൾ…”

മലമ്പാതയിലൂടെ ഹോണമടിച്ചു കയറി വന്ന ചുമന്ന ആനവണ്ടിയിൽ കയറുമ്പോൾ എന്റെ കയ്യിൽ ഏൽപിച്ച പേപ്പറിൽ ഓർഫനേജിന്റെ ഫോണ് നമ്പർ അവൾ കുറിച്ചിരുന്നു….

ബസ് നീങ്ങുമ്പോൾ തേയില തൊട്ടത്തിനടുത്തു ഒരു യൂക്കാലിപ്റ്റസ് മരത്തിൽ ചാരി അവൾ നിൽപ്പുണ്ടായിരുന്നു.

ഇനിയും ഇതു പോലെയുള്ള യാത്രകൾ നല്ല സൗഹൃദങ്ങൾ നേടുന്നതിന് കൂടിയാവട്ടെ എന്ന ചിന്തയോടെ ..വീണ്ടും ഞാൻ ഓഫീസ് തിരക്കുകളിലേക്ക്‌ മടങ്ങി..

പിന്നീട് കമ്മീറ്റെഡായ പല യാത്രകളും ഉള്ളതിനാൽ അലീനയുടെ മനോഹരമായ കുന്നിൻ ചെരുവിലേക്ക് പോകാൻ കഴിഞ്ഞില്ല..

ഒരു വർഷത്തിനു ശേഷം വീണ്ടും പോകുവാൻ തുടങ്ങുമ്പോൾ ഓർഫനേജിലെ അവൾ തന്ന നമ്പറിൽ വിളിച്ചു ആരും അറ്റൻഡ് ചെയ്തില്ല.എന്നാൽ അവൾക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന ചിന്തയിലാണ് അന്ന് രാവിലെ ഓർഫനേജിന്റെ കല്പടവുകൾ കയറി ചെന്നത് . അവിടെ എന്തൊക്കെയോ ഒരു അപൂർണ്ണതയും പഴയപോലെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടത് പോലെ തോന്നി എനിക്ക്. പ്രധാന വാതിലിൽ തുക്കിയിരുന്ന ബെൽ അടിച്ചു.വാതിൽ തുറന്നതു അന്നത്തെ നീണ്ട നരച്ച താടിയുള്ള മനുഷ്യനായിരുന്നു.അയാൾ കൂടുതൽ ക്ഷീണിതനായിരിക്കുന്നു .

“ഞാൻ ജോർജ് മുൻപ് വന്നിട്ടുണ്ട് ഇവിടെ…അലീന..”

അയാൾ “എനിക്കറിയാം മിസ്റ്റർ ജോർജ്ജ് നിങ്ങളെ …നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..,”

“അലീന..”എന്റെ ചോദ്യം അയാളിൽ ഒരു നിശ്ശബ്ദത നിറച്ചു.. പ്രധാന മുറിയിലേക്ക് എന്നെ ആനയിച്ചു..അവിടെ ഭിത്തിയിൽ തൂക്കിയ ഫോട്ടോ എന്നെ ..കണ്ണുകൾകൊണ്ടു കാണിച്ചു തന്നു ,അതേ അലീനയുടെ മാല ചാർത്തിയ ഫോട്ടോ.. ചോദിക്കാൻ ശ്രമിച്ച ചോദ്യം
എന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം മാത്രമായിനിന്നു..
..

“അലീന മോളുടെ ശരീരത്തെ കാർന്നു തിന്നത് ക്യാൻസറായിരുന്നു .അതിന്റെ മേജർ സ്റ്റേജിൽ എത്തുമ്പോളാണ് അറിഞ്ഞത്. പിന്നീട് കുറെ ചികിത്സകൾ.. ഒന്നും ഫലം കണ്ടില്ല ”

അയാൾ ദൂരേക്ക്‌ നോക്കി ചാരു ബെഞ്ചിൽ ഇരുന്നു..

“അവസാന നാളുകളിൽ എപ്പോളോ ഒന്നു രണ്ടു വട്ടം ജോർജിനെ അന്വേഷിച്ചിരുന്നു ”

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു..

സെമിത്തേരിയിൽ ‘അലീന മാത്യു’ എന്നു കുറിച്ചിരുന്ന കല്ലറയിൽ മുഖം അമർത്തി ഇരുന്നു ഞാൻ. എന്റെ അരുകിൽ നേർത്ത വെയിലിലും ചെറിയ മഞ്ഞു വന്നു നിറഞ്ഞപോലെ തോന്നി..അവൾ പരിഭവം പറയുകയാവും. ഞാൻ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ആ ചെറിയ മഞ്ഞും എങ്ങോ പോയി മറഞ്ഞിരുന്നു…പാതവക്കുകളിൽ ബോഗെന്‍വില്ലകൾ ഇനിയും ആർക്കോ വേണ്ടി നിറംതൂവി
പൂത്തുനിന്നിരുന്നു…

മനു ശങ്കർ പാതാമ്പുഴ

47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് നടന്‍ ജിതേന്ദ്രന്‍ പീഡിപ്പിച്ചതായി ബന്ധു. ഫേസ്ബുക്കില്‍ നടന്ന മീ റ്റൂ കാമ്പയിന്‍ ഭാഗമായിട്ടാണ് പുതിയ വെളിപ്പെടുത്തല്‍. സ്വന്തം അമ്മാവന്റെ മകളാണ് ജിതേന്ദ്രക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ ജിതേന്ദ്രക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

അന്ന് എനിക്ക 18 വയസ്സുമാത്രമായിരുന്നു പ്രായം അയാള്‍ക്ക് 28 വയസ്സും. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു അയാള്‍ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാള്‍ക്കെതിരെ അന്ന് ഞാന്‍ ഒന്നും ചെയ്തില്ല. പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഹൃദയം തകര്‍ന്ന് മരിച്ചേനെ.

അതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സില്‍ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല’- അവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ രഥയാത്ര നടത്താന്‍ ആര്‍.എസ്.എസ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നാളെ വാദം ആരംഭിക്കാനിരിക്കെയാണ് ആര്‍ എസ് എസ് രഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയാണ് രഥയാത്ര.

മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യാത്ര ഫെബ്രുവരി 13ന് ആരംഭിക്കും. നാലുസംസ്ഥാനങ്ങിലൂടെ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ 39 ദിവസത്തെ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. യു.പിക്കു പുറമേ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുക. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍സുരക്ഷയൊരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.

 

കൂത്തുപറമ്പ്: കണ്ണൂര്‍ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്.

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് 4 ലക്ഷം രൂപ വരെ ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പരസ്പര ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എടിഎം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ: ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികള്‍ മകന്‍ രാഹുലിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷം. കേരളത്തില്‍ കുട്ടികളെ കാണാതായ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഏഴര വയസുകാരന്‍ രാഹുലിന്റെ തിരോധാനത്തോളം കോളിളക്കം സൃഷ്ടിച്ച സംഭവം മറ്റൊന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സാക്ഷാല്‍ സി.ബി.ഐ തന്നെ എത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്ത കേസ്. രാഹുല്‍ എങ്ങനെ അപ്രത്യക്ഷനായെന്നത് ഇന്നും നിഗൂഢം.

മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞനുജത്തി ശിവാനിയുമുണ്ടിപ്പോള്‍. 2005 മേയ് 18ന് െവെകിട്ട് വീടിനോട് ചേര്‍ന്ന െമെതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സമീപവാസിയായ യുവാവിനെ നാര്‍കോ അനാലിസിസിന് വിധേയനാക്കി. എന്നാല്‍ ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് വ്യക്തമായി. കുട്ടിയുടെ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതം പോസ്റ്ററുകളും പ്രചരിപ്പിച്ചു.

രാഹുലിന്റെ ചിത്രം. ഒപ്പം രാഹുലിന്റെ ഇപ്പോഴത്തെ മുഖം ചിത്രകാരനായ ആലപ്പുഴ സ്വദേശി ശിവദാസ് വാസുവിന്റെ ഭാവനയില്‍

ഇടയ്ക്ക് മനോരോഗിയായ കൃഷ്ണപിള്ള എന്നൊരാള്‍ താന്‍ രാഹുലിനെ കൊന്നു കുഴിച്ചുമൂടിയെന്ന് അവകാശപ്പെട്ട് രംഗത്തുവന്നു. തുടര്‍ന്ന് പ്രദേശത്തെ ഉപയോഗശൂന്യമായ കുളങ്ങള്‍ വറ്റിച്ചുവരെ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 2012 ഫെബ്രുവരിയില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് 2013 ഒക്‌ടോബറില്‍ കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടി സി.ബി.ഐ. അപേക്ഷ നല്‍കിയത്.

രാഹുലിന്റെ തിരോധാനത്തിനുപിന്നാലെ പിതാവ് രാജുവിനെ അര്‍ബുദം കീഴ്‌പ്പെടുത്തിയത് മറ്റൊരു ആഘാതമായി. ശസ്ത്രക്രിയയ്ക്കുശേഷം രാജു ജോലി തേടി കുെവെത്തിലേക്കു മടങ്ങി. രാഹുലിന്റെ മാതാപിതാക്കള്‍ സംശയമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അവരെക്കുറിച്ച് അന്വേഷണം ഉണ്ടായില്ല.

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കും.

പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി വലഞ്ഞത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഈ മാസത്തിലും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.

 

ഡെല്‍ഹി : ഗാസിയബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയ വിഹാന്‍ ഗുപ്തയെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത് ഡല്‍ഹി പൊലീസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെ. ഒരിടത്തും പാളിച്ച പറ്റരുതെന്ന് ഉറപ്പു വരുത്തിയാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന് ഇറങ്ങിയത്. മൂന്നു തവണ പരാജയപ്പെട്ടിട്ടും പോരാട്ട വീര്യം നഷ്ടപ്പെടാതെ വീണ്ടും വിഹാനു വേണ്ടി ശ്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഘം സി-റിവര്‍ എന്ന പുതിയ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്. ഇതിലൂടെ സാഹസികമായാണ് പൊലീസ് സംഘം അക്രമികളെ കീഴടക്കി കുട്ടിയെ രക്ഷിച്ചത്.

അഞ്ചു വയസുകാരനായ വിഹാന്‍ ഗുപ്തയെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ജനുവരി 25ന് രാവിലെ ഏഴു മണിക്കാണ് ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂള്‍ വാഹനത്തില്‍ നിന്ന് വിഹാനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. വാന്‍ ഡ്രൈവര്‍ വിഹാനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ഒരാള്‍ കാലില്‍ വെടിവെച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

തട്ടിക്കൊണ്ടു പോയവരുടെ ആദ്യത്തെ ഫോണ്‍ വിളി വന്നത് ജനുവരി 28ന് രാത്രി 12 മണിക്കായിരുന്നു. 60 ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വിഹാന്റെ മാതാപിതാക്കളെ വിളിച്ച ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത് ഒരാളാണെന്ന് കണ്ടെത്തുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്.

സൈബര്‍ സെല്ലിന്റേയും വിദഗ്ധരുടേയും സഹായത്തോടെ നീങ്ങിയ പൊലീസ് സംഘം ഫോണ്‍ കോളിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി ഷാഹിദാബാദിനടത്തു നിന്നാണ് സംഘം വിളിക്കുന്നതെന്നു മനസിലാക്കി പൊലീസ് തുടര്‍ന്ന് വിഹാനെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നിതിന്‍ ശര്‍മ്മ എന്നൊരാളാണെന്ന് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ വിവേക് വിഹാറില്‍ ഇയാളുമായി ബന്ധപ്പെട്ടവരുണ്ടെന്ന് പൊലീസ് സംഘം മനസിലാക്കിയതോടെ ഇവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ സംഘം പുറത്തിറങ്ങുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. 18 പേരടങ്ങിയ പൊലീസ് സംഘം നാലു കാറിലും , രണ്ടു മോട്ടോര്‍ സൈക്കിളിലുമായാണ് അക്രമികളെ കാത്തിരുന്നത്.

ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ പൊലീസ് പിന്തുടര്‍ന്നത് 90 മിനുട്ട് , സംശയം തോന്നിയ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തതോടെ പൊലീസ് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനിടയില്‍ ഉണ്ടായ ട്രാഫിക് കുരുക്കില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.

അതേസമയം , മോട്ടോര്‍ സൈക്കിളല്‍ പിന്തുടര്‍ന്ന പൊലീസുകാര്‍ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികളുടെ താവളത്തില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ സംഘത്തിലുള്ളവരെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലും വെടിയൊച്ചയും ഭയപ്പെടുത്തിയ വിഹാനെ കുഴപ്പമൊന്നും കൂടാതെ പൊലീസ് വീട്ടിലെത്തിച്ചു. അക്രമികള്‍ രക്ഷപ്പടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് സംഘം അവരെ കീഴ്ടുപ്പെത്തുകയായിരുന്നു.

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പോലീസ് അറിയിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുകാലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ വടയമ്പാടി വിഷയത്തെക്കുറിച്ചും അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. പ്രസംഗത്തിനു ശേഷം പോകാന്‍ തയ്യാറെടുത്തപ്പോളായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെയാണ് കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. ഇേവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

RECENT POSTS
Copyright © . All rights reserved