കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ നീക്കങ്ങളുമായി ബിജെപി രംഗത്ത്. പല സംസ്ഥാനങ്ങളിലും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ മല്ലികയ്യ വെങ്കയ്യ ഗുട്ടെഡര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നേരത്തെ അകല്‍ച്ചയിലായിരുന്നു ഗുട്ടെഡര്‍. മന്ത്രി സ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശന്ങ്ങളുണ്ടായിരുന്ന ഗുട്ടെഡര്‍ കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ സാന്നിധ്യമായി കര്‍ണാടകയിലുണ്ട്. മുതിര്‍ന്ന നേതാവിന്റെ മനം മാറ്റം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്. ഗുട്ടെഡറുടെ രാജിയോട് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്സല്‍പൂരില്‍നിന്ന് ആറു തവണ എംഎല്‍എയായിട്ടുള്ള വ്യക്തിയാണ് ഗുട്ടെഡര്‍.
രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദ ഭൂമിയിടപാട് വിഷയത്തെ പരോക്ഷമായി സൂചിപ്പിച്ച് ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തിലാണ് ആലഞ്ചേരിയുടെ പ്രസ്താവന. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നും ആലഞ്ചേരി പറഞ്ഞു.
കോടതി വിധി ഉപയോഗിച്ച് സഭയെ നിയന്ത്രിക്കാനാവും എന്ന ധാരണയുള്ള ആളുകള്‍ സഭയ്ക്കുള്ളില്‍ തന്നെയുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭ അനുശാസിക്കുന്ന നിയമങ്ങള്‍ക്കാണ് വിശ്വാസിയായ ഒരാള്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
വിവാദ ഭൂമിയിടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന ഹൈക്കോടതിക്കുള്ള പരോക്ഷ മറുപടിയാണെന്നാണ് സൂചനകള്‍. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയുടെ സ്വത്ത് നോക്കിനടത്തുന്നയാള്‍ മാത്രമാണെന്നും സിവില്‍ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതികളുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബസ്സ് തടഞ്ഞ് നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.
ഇന്നലെയാണ് പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഒരു സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഡ്രൈവറായ അബൂബക്കറിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന കേസ് അന്വേഷിക്കുന്ന മണ്ണാര്‍ക്കാട് സിഐ മാധ്യമങ്ങളോട് പറഞ്ഞു.
അബൂബക്കറിനെ ഒരു സംഘം അക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബസിലേക്ക് ചാടിക്കറിയ അക്രമി പ്രകോപനം ഒന്നും കൂടാതെ അബൂബക്കറിനെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമിയുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ മര്‍ദ്ദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.
തിരുവനന്തപുരം: കാലൊടിഞ്ഞ് കമ്പിയിട്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയുടെ കൈഞെരിച്ച് അറ്റന്‍ഡറുടെ ക്രൂരത. സ്വന്തമായി എഴുന്നേല്‍ക്കാന്‍ പോലും കഴിവില്ലാതെ കിടക്കുകയായിരുന്ന വിളക്കുപാറ സ്വദേശി വാസുവാണ് നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിന്റെ ക്രൂരതയ്ക്കിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം.
സമീപത്ത് കിടക്കുകയായിരുന്ന മറ്റൊരാള്‍ സുനില്‍ കുമാറിന്റെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സുനില്‍ കുമാറിനെതിരെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രോഗിയുടെ കൈ പിടിച്ച് ഞെരിച്ച് സുനില്‍ കുമാര്‍ അസഭ്യവര്‍ഷം നടത്തുന്നത് പുറത്തു വന്ന വീഡിയോയില്‍ വ്യക്തമായി കാണാം. അറ്റന്‍ഡര്‍ കൈഞെരിക്കുന്ന സമയത്ത് രോഗി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സൂപ്രണ്ടിന് സമര്‍പ്പിക്കും.
മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം
പ്രണവ് രാജ്
ന്യൂഡല്‍ഹി : ശത്രുഘ്നന്‍ സിന്‍ഹ ബി ജെ പി വിടുന്നു . ” ഈ പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ എന്നെ വേദനിപ്പിക്കുന്നു . അവര്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ് . അതിനാല്‍ പുറംലോകത്തോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചു വിശദീകരിക്കാനാവില്ല. നിരവധിയാളുകളോടു പാര്‍ട്ടി മോശമായാണു പെരുമാറുന്നത്. പുറത്തുപോകാനായല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദാര്‍ശനികനും ഗുരുവും സുഹൃത്തുമായ എല്‍.കെ. അഡ്വാനിയുടെ കാര്യം നോക്കൂ. രണ്ടില്‍ നിന്നു 200 സീറ്റിലേക്കു പാര്‍ട്ടിയെ വളര്‍ത്തി നേതാവാണ്. അദ്ദേഹം ഇപ്പോഴെവിടെയാണ്. അഡ്വാനിയിപ്പോള്‍ ഒന്നുമല്ല ” – സിന്‍ഹ ചൂണ്ടിക്കാട്ടി.
മോദിയുടെ ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ചിരുന്ന ബി ജെ പിയുടെ വലിയ നേതാവായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ . അതോടൊപ്പം കെജരിവാളിന്റയും, ആം ആദ്മി പാര്‍ട്ടിയുടെയും ജനക്ഷേമ ഭരണത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു . അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ബി ജെ പി യില്‍ നിന്ന് രാജിവച്ച് യശ്വന്ത് സിന്‍ഹയുടെയും , മമതയുടെയും മറ്റ് ബി ജെ പി വിരുദ്ധ പാര്‍ട്ടികളുടെയും പിന്തുണയോടെ , ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് . ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യതയും കാണുന്നു . അദ്വാനിയുടെ മൌനസമ്മതം ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്നും അറിയുന്നു .
ദേശീയ ജനാധിപത്യ മുന്നണിയില്‍നിന്നു പാര്‍ട്ടികള്‍ കൊഴിയുന്നതിനിടെ, ബിജെപിയെ കൈവിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും. പാര്‍ട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണു പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി.
‘പല പാര്‍ട്ടികളില്‍നിന്നും വാഗ്ദാനങ്ങളുണ്ട്. എന്റെ പാര്‍ട്ടിയിലോ മറ്റു പാര്‍ട്ടികളിലോ സ്വതന്ത്രമായി നിന്നോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ തന്നെയായിരിക്കും 2019ലും മത്സരിക്കുക’- ദേശീയ ചാനലിനോടു സിന്‍ഹ പറഞ്ഞു. പാര്‍ട്ടി ഉപേക്ഷിക്കാന്‍ സിന്‍ഹ തയാറെടുക്കുന്നെന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നാണു നിരീക്ഷണം.
‘2014ല്‍ ഞാന്‍ മത്സരിക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ബിജെപി ടിക്കറ്റ് തന്നു. ഇപ്പോഴിതാ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ ജയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് എനിക്കാണ്. പിന്നെന്തുകൊണ്ടു വീണ്ടും സ്ഥാനാര്‍ഥിയായിക്കൂടാ? ‘- സിന്‍ഹ ചോദിച്ചു. മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തോല്‍വി മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിയെ ഞെട്ടിച്ച് പുതിയ വാര്‍ത്ത എത്തുന്നത്.
പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരവും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയുള്‍പ്പെടെ 77 യാത്രക്കാരുമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. തിരുപ്പൂരില്‍ നിന്നും പുറപ്പെട്ട് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ചക്രം പൊട്ടിത്തെറിച്ചത് മൂലം യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് എയര്‍ലെന്‍സ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 77 യാത്രക്കാരും നാല് ജീവനക്കാരുമാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്നി സുരക്ഷാസേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ചക്രം പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് വിമാനം പൂര്‍ണമായും നിലത്തിറക്കാന്‍ പൈലറ്റിന് കഴിഞ്ഞതാണ് വന്‍ അപകടം ഒഴിവാകാന്‍ കാരണം.
കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആം ആദ്മി പാര്‍ട്ടിയുടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ നിവേദനങ്ങളിന്മേല്‍ നടപടിയുണ്ടാവാത്തതിനേത്തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.
2013ലെ സുബ്രഹ്മണ്യന്‍ സ്വാമി വേഴ്സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിധിയില്‍ വോട്ടര്‍മാരുടെ ‘വിശ്വാസം പുനഃസ്ഥാപിക്കാന്‍’ വിവിപാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ട്. തുടര്‍ന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹര്‍ജ്ജിയില്‍ സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷന് വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കി. എന്നാല്‍ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ പോലും സ്ലിപ്പുകള്‍ 1% മുതല്‍ 5% വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പികളു എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കുമ്പൊഴേ വോട്ടര്‍മ്മാരുടെ ആശങ്ക ദൂരീകരിക്കാനാവൂ എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനയ്ക്കിടെ രണ്ടുയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കഞ്ഞിക്കുഴി സ്വദേശി ക്ഷേബുവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തു. അപകടത്തില്‍ ക്ഷേബുവിന്റെ ഭാര്യ മരിക്കുകയും രണ്ടു പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടും നീതി കിട്ടുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
എഴുന്നേല്‍ക്കാന്‍പോലുമാവാത്ത വിധം കിടപ്പിലാണ് ക്ഷേബു. നട്ടെല്ലിനാണ് പരുക്ക്. മറ്റൊരു മുറിയില്‍ കാലിനും കൈക്കും പ്ലാസ്റ്ററിട്ട് മൂത്തമകള്‍ ഹര്‍ഷ. തൊട്ടടുത്ത് ഈ അവസ്ഥയില്‍ ഇളയമകള്‍ ശ്രീലക്ഷ്മി. ഇരുവരുടെയും കാലുകള്‍ക്ക് ശസ്ത്രക്രിയ നടത്തി ലോഹദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. ബൈക്കില്‍ ഒപ്പം യാത്രചെയ്തിരുന്ന അമ്മ ഇപ്പോള്‍ ഓര്‍മ്മ മാത്രമാണ്.
പക്ഷേ പൊലീസിന്റെ രേഖകളില്‍ ഈ കുടുംബമാണ് ഇപ്പോഴും കുറ്റക്കാര്‍. ആപത്തുവരും വിധം, അതിവേഗതയില്‍, ഉദാസീനമായി ബൈക്കോടിച്ച് ക്ഷേബു രണ്ടുപേരുടെ മരണത്തിനിടയാക്കി എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ അപകടം നടന്നത് പൊലീസ് വാഹനം കുറുകെയിട്ടതുകൊണ്ടാണെന്ന് ക്ഷേബുവിന്റെ മൊഴിയിലുണ്ട്. പക്ഷേ ഇക്കാര്യം പൊലീസ് പരിഗണിച്ചതേയില്ല.
സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആലപ്പുഴ എസ്.പി. എസ് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈവേ പൊലീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതും രണ്ട് സിപിഓമാര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതും. എന്നിട്ടും രണ്ടുപെണ്‍മക്കള്‍ക്കൊപ്പം ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഈ ഗൃഹനാഥനാണ് അന്വേഷണവഴിയില്‍ കുറ്റക്കാരന്‍.
ജില്ലാപൊലീസ് മേധാവിയുടെയും ഐജിയുടെയും നടപടി തള്ളുന്നതാണ് മാരാരിക്കുളം പൊലീസിന്‍റെ അന്വേഷണം എന്നതാണ് വിചിത്രം.
തിരുവനന്തപുരം കടയ്ക്കാവൂരില്‍ ബൈക്ക് ഇടിച്ചിട്ട മല്‍സ്യവില്‍പനക്കാരിയെ തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍. കടയ്ക്കാവൂര്‍ സ്വദേശിനി ഫിലോമിന റോഡില്‍ ചോരവാര്‍ന്ന് കിടന്ന പതിനഞ്ച് മിനിറ്റിനുളളില്‍ സര്‍ക്കാരിന്റേതടക്കം നാല്‍പത് വാഹനങ്ങള്‍ ഈ വഴി കടന്നുപോയതായി സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. നൗഫലെന്ന യുവാവാണ് ഒടുവില്‍ ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റുചെയ്തു.
കടയ്ക്കാവൂര്‍ മേല്‍പ്പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. മല്‍സ്യവില്‍പനയ്ക്കിറങ്ങിയ ഫിലോമിനയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്താതെ പോയി. ഇത് കണ്ടിട്ടോ ഫിലോമിന റോഡില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ടിട്ടോവഴിയാത്രക്കാരാരും തിരിഞ്ഞുനോക്കിയില്ല.
പതിനഞ്ച് മിനിട്ടിനുള്ളില്‍ കടന്നുപോയത് സര്‍ക്കാരിന്റേത് അടക്കം നാല്‍പത് വാഹനങ്ങള്‍. ഒടുവില്‍ നൗഫല്‍ എന്ന യുവാവാണ് പൊലീസിന്റ സഹായത്തോടെ ഫിലോമിനയെ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല. നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ ആറ്റിങ്ങല്‍ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫിലോമിനയെ രക്ഷിച്ച നൗഫലിനെ പൊലീസ് ആദരിച്ചു. മൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഫിലോമിന തന്നെയാണ് നൗഫലിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയാവുകയും ചെയ്തു.
പെസഹായും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് ആണ്ടുകുമ്പസാരത്തിന് അവധി നല്‍കാതെ താനെങ്ങനെ കുമ്പസാരിക്കുമെന്ന് നിയമസഭയില്‍ പിസി ജോര്‍ജ് എംഎല്‍എ. തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് തന്നെ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജിന്റെ പ്രസ്താവനയാണ് ചര്‍ച്ചയായത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ രണ്ടുമിനിറ്റു പോലും കുമ്പസാരിക്കേണ്ട പാപമില്ല തനിക്കെന്നായി പിസി ജോര്‍ജ്. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എ കുമ്പസാരിക്കാനായുള്ള അവധി ആവശ്യവുമായി എത്തിയത്. ‘നാളെയാണ് ആണ്ടു കുമ്പസാരം..അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ നാളെയെങ്ങനെ ആണ്ടു കുമ്പസാരം നടത്തും. അപ്പോ എന്നെ പാപത്തിലേക്ക് പറഞ്ഞു വിടാമോ’ എന്നായിരുന്നു സഭയോടുള്ള പിസിയുടെ ചോദ്യം.
ഇതോടെ ഒരോ സാമാജികരും ഇതില്‍ അഭിപ്രായവുമായി എത്തി. ആദ്യ മറുപടിയുമായെത്തിയത് മുന്‍ മന്ത്രി അടൂര്‍ പ്രകാശാണ്. ഇത്രയും നാള്‍ ചെയ്ത പാപങ്ങള്‍ എല്ലാം എറ്റു പറയേണ്ടതായി വരുമെന്നും അതിനുള്ള ചാന്‍സാണ് പിസി ചോദിച്ചതെന്നും ആയി അടൂര്‍ പ്രകാശ്. സാധാരണ ആളുകള്‍ക്ക് കുമ്പസാരിക്കാന്‍ ഒരു ദിവസം മതി.. പക്ഷേ പിസി ജോര്‍ജിന് ഒരു ദിവസം മതിയാകില്ലെന്ന് ആര്‍ രാജേഷും കുമ്പസാരം കേള്‍ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാറും ചോദിച്ചു. തന്റെ നാട്ടില്‍ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്നായിരുന്നു തളിപറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ കമന്റ്.
എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം നേരിട്ട് കൊച്ചുങ്ങളാണ് നിങ്ങളൊക്കെയെന്നും അതിനാല്‍ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പറഞ്ഞ് പിസി തന്നെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.