രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അയോധ്യയിലെ ഹോട്ടലുകള്‍ മുഴുവൻ ബുക്ക് ചെയ്ത് ശിവസേന പ്രവർത്തകർ. ആയിരക്കണക്കിന് ശിവസേന പ്രവർത്തകരാണ് സ്പെഷ്യൽ ട്രെയിനുകളിലായി അയോധ്യയിലെത്തുന്നത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ അയോധ്യയിലെത്തിയിരുന്നു.
പ്രവർത്തകർക്കായി ഒരുമാസം മുൻപെ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. 80,000ത്തോളം ശിവസേന പ്രവര്‍ത്തകർ അയോധ്യയിലെത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് അയോധ്യ.
രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കുകയാണ് ശിവസേനയുടെ ലക്ഷ്യം. മുപ്പതു മിനിറ്റുകൊണ്ട് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണത്തിന് വൈകുന്നത് എന്തുകൊണ്ടെന്ന് ഉദ്ധവ് താക്കറേ ചോദിച്ചു. ശിവസേനയുടെ പ്രതിഷേധത്തിന് പിന്നാലെ വിശ്വഹിന്ദ് പരിഷത്തിന്‍റെ റാലി നാളെ നടക്കാനിരിക്കെ അയോധ്യ മുള്‍മുനയിലാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യം രാമക്ഷേത്രം പിന്നെമതി സര്‍ക്കാര്‍. ഈ മുദ്രാവാക്യവുമായി ശിവസേന അയോധ്യയില്‍ നടത്തുന്ന അശീര്‍വാദ് സമ്മേളനെന്ന രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം ബിജെപിയെ വെട്ടിലാക്കുക. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം സജീവമാക്കി നിര്‍ത്തുക. നാലായിരത്തോളം പ്രവര്‍ത്തകരെയാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചിട്ടുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം എപ്പോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടു. വാജ്പേയ് സര്‍ക്കാരിന് സഖ്യകക്ഷികളുടെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് ഇനിയും വൈകരുതെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.
ക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ധര്‍മ സന്‍സദ് എന്ന പേരില്‍ നാളെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി നേതൃത്വം അറിയിച്ചിട്ടുള്ളത്. 1992 നുശേഷം ഏറ്റവും അധികം ആളുകളെ അണിനിരത്തുകയാണ് ലക്ഷ്യം. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. പട്ടാളത്തെ ഇറക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കാതെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് സമാജ്‍വാദി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തുവന്നു.
മാണ്ഡ്യ: കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അഞ്ചു പേര്‍ കുട്ടികളാണ്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്.
അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. മുങ്ങിക്കിടക്കുന്ന ബസില്‍ നിന്നും ആളുകളെ കരക്കെത്തിക്കുമ്പോഴേക്കും ഭൂരിപക്ഷം പേരും മരിച്ചിരുന്നു.
ബസ് വടം ഉപയോഗിച്ച് കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഡ്രൈവര്‍ അലക്ഷ്യമായാണ് ബസ് ഓടിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ശനിയാഴ്ച തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അപലപിച്ചു.
ഹൈദരാബാദ്: സി.ബി.ഐയെ വിലക്കിയ ആന്ധ്രാപ്രദേശില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും ഇറക്കി കേന്ദ്രസര്‍ക്കാര്‍. തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രമുഖനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി എം.പിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കലും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടക്കുന്നത്. ആന്ധ്രയില്‍ സി.ബി.ഐയ്ക്കും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്ന പൊതുധാരണ പിന്‍വലിച്ച് കഴിഞ്ഞ എട്ടിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
എം.പിയുടെ വീട്ടിലും റെയ്ഡ് നടക്കുന്ന വിവരം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭമായ സുജന ഗ്രൂപ്പ് സ്ഥിരീകരിച്ചു. സുജന ഗ്രൂപ്പുമായി ബന്ധപ്പെട്ട് മുന്‍പ് സിബിഐ നടത്തിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് സൂചനയുണ്ട്. സുജന ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്ന കടലാസ് കമ്പനി ഡയറക്ടര്‍മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെടുത്തിയിരുന്നു. നാഗര്‍ജുന ഹില്‍സിലും ജൂബിലി ഹില്‍സിലുമുള്ള ചൗധരിയുടെ കമ്പനികളില്‍ രണ്ട് സംഘമായി തിരിഞ്ഞാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്.
നരേന്ദ്ര മോഡി സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി മാര്‍ച്ചില്‍ സര്‍ക്കാരിന് ടിഡിപി പിന്തുണ പിന്‍വലിച്ചതോടെയാണ് രാജിവച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഇത് ബാധിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ ഇത് പ്രയാസമുണ്ടാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വരുംദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷങ്ങളിലും നടവരവ് കുറയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അപ്പോള്‍ മുതല്‍ വാ മൂടിക്കെട്ടിയിരിക്കുകയായിരുന്നു. പമ്പ വരെ ഇവര്‍ ബസ്സിലാണ് എത്തിയത്. വാ മൂടിക്കെട്ടി മൗനവ്രതത്തില്‍ മാത്രമല്ല, ഭക്ഷണം കഴിക്കാതെ ഉണ്ണാവ്രതത്തിലും ആയിരുന്നു നടി.
സന്നിധാനത്ത് എത്തി തൊഴുമ്പോള്‍ മാത്രമാണ് നടി വാ മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം സന്നിധാനത്തെ വടക്കേ നടയില്‍ നടന്ന നാമജപത്തില്‍ ഉഷ പങ്കെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് താന്‍ ശബരിമലയില്‍ എത്തുന്നത് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയില്‍ ഇതുവരെ വളരെ സമാധാന പൂര്‍ണമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. ആ സമാധാനം നഷ്ടപ്പെടാന്‍ പാടില്ല. അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്ന് ഉഷ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുളള പ്രതിഷേധമാണോ വായ മൂടിക്കെട്ടിയുളളത് എന്നത് വ്യക്തമല്ല.
കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിന്റെ മകൻ പി.ടി. ഷബീറും മകളുടെ ഭർത്താവ് ഷബീർ വായൊളിയും സൗദിയിൽ അറസ്റ്റിൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സൂചന .ഇതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡിആർഐ ക്ക് കൈമാറി. പത്തു ദിവസം മുൻപ് അറസ്റ് ചെയ്തതായാണ് നാട്ടിലേക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവർ എപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഹവാല സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കുടത്തു മലയാളികൾ അടക്കം 19 പേര് അറസ്റ്റിലായതായാണ് സൂചന
വൈറ്റില സ്വരാജിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ്, പ്രമുഖരായ സംരംഭകരുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി വൈറ്റില റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തി. ഹെലന്‍ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം വെല്‍ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ഫാദര്‍ പോള്‍ ചെറുപുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സിസിലി ജോസ്, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ നമിത, ഹേമ ജോസഫ്, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ സുദര്‍ശനന്‍ പിള്ള, ജീസ് പി. പോള്‍, അക്വപോണിക്‌സ് വിദഗ്ധന്‍ ബിജു, ഫോജി ജോണ്‍, അഡ്വക്കേറ്റ് അനില്‍ ക്ലീറ്റസ്, നിപുണ്‍ ചെറിയാന്‍, എന്നിവര്‍ വിവിധ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി, അതോടൊപ്പം തന്നെ സര്‍ക്കാരില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ പറ്റിയും, സബ്‌സിഡി കളെ പറ്റിയും പല പദ്ധതികളെപ്പറ്റിയും, അതെല്ലാം എങ്ങനെ എളുപ്പത്തില്‍ ലഭ്യമാക്കാം എന്നും വിശദീകരിക്കുകയുണ്ടായി.
ഏകദേശം എണ്‍പതോളം പുതിയ സംരംഭകര്‍ ക്ലാസില്‍ പങ്കെടുത്തു, പിന്നീടും വേണ്ട ഉപദേശങ്ങളും, പ്രോജക്ട് റിപ്പോര്‍ട്ട്, വായ്പാസഹായം, അപേക്ഷകള്‍ തയ്യാറാക്കലും മറ്റും സ്വരാജ് ഭാരവാഹികള്‍ വേണ്ട പിന്തുണ നല്‍കുന്നതാണെന്നും അറിയിക്കുകയുണ്ടായി.
സന്നിധാനം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്നവരാണ് പ്രതികള്‍. നിരോധനാജ്ഞ ലംഘിച്ചതിനു പുറമേ നാലു വകുപ്പുകള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. ഇവരെ വടക്കേനടയില്‍ പോലീസ് തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. എന്നാല്‍ നിരോധനാജ്ഞ തുടരും.
വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്താം. ‘ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തും.
ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്.
ഫേസ്ബുക്ക് പ്രണയത്തിനൊരു അടിപിടി കലാശം. രണ്ടു വര്‍ഷത്തെ പ്രണയം പൂത്ത് പുഷ്പിച്ച് ഒടുവില്‍ കാമുകിയെ നേരിട്ടുകണ്ടപ്പോള്‍ അത്ര പോര എന്നു കാമുകന്് തോന്നിയെങ്കിലും സ്വീകരിക്കേണ്ടി വന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ കാമുകന്റെ അമ്മ കാമുകിയെ ഒന്നു പൂശുകയും ചെയ്തു. കോട്ടയം നഗര പരിസരം സംഘര്‍ഷ വേദിയാത് ഇങ്ങനെ:
കോട്ടയം നഗരത്തില്‍ കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്ര പരിസരത്ത് ഇന്നലെ രാവിലെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. അയ്മനം സ്വദേശിയാണു കാമുകന്‍. ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിദേശത്തായിരുന്ന യുവാവ് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച യുവാവ് കൊട്ടാരക്കരയില്‍ എത്തി യുവതിയെ കോട്ടയത്തിനു കൂട്ടികൊണ്ടു പോന്നു.
ഇന്നലെ രാവിലെ വരെയും ഒരുമിച്ച് കഴിയുകയും ചെയ്തു. ഇതിനിടെ ഇരുവീട്ടുകാരെയും വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ വിവാഹം നടക്കുകയാണെന്നും എത്തണമെന്നുമായിരുന്നു അറിയിപ്പ്. അതിനായി രാവിലെ 11 കഴിഞ്ഞ് എത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ നട അടച്ചതിനാല്‍ വിവാഹം നടന്നില്ല. ഇതിനിടയില്‍ എത്തിയ യുവാവിന്റെ അമ്മയും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ യുവാവിന്റെ അമ്മ യുവതിയെ ഒന്നു പൂശി.
താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയാണന്ന ദുരഭിമാനമാണു മര്‍ദനത്തിലേക്കു വഴി വച്ചതെന്നുമാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് പ്രശ്ന പരിഹാരത്തിന് ഇടപെട്ടു. ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. ക്ഷേത്രത്തില്‍ വിവാഹത്തിനും സമ്മതിച്ചു. രണ്ട് പേരുടേയും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍, ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കംമൂത്തതോടെ വിവാഹം മുടങ്ങി.
പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചതോടെ രണ്ടുദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായി. ആദ്യം വിവാഹത്തിന് കാമുകന്‍ വിസമ്മതം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ വിവാഹത്തില്‍നിന്ന് പിന്മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന്‍ വഴങ്ങുകയായിരുന്നു.