സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
തെക്കൻ കേരളത്തിലാണ് കനത്ത മഴ ദുരിതമായത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി.കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.
പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന ചങ്ങനാശേരി അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്കും പഠിക്കാം. 74 വര്‍ഷമായി മികവിന്റെ പടവുകള്‍ ചവിട്ടിക്കയറി, മൂല്യബോധവും സാമൂഹിക പ്രതി ബദ്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധമായി നില കൊണ്ട അസംപ്ഷന്‍ ഓട്ടോണമസ് കോളജ് നാല് വര്‍ഷ യു.ജി പ്രോഗ്രാമിന്റെ ഭാഗമായാണ് കോ എഡ്യുക്കേഷനിലേയ്ക്ക് കാല്‍ വയ്പു നടത്തുന്നത്.
പഠനത്തോടൊപ്പം ‘തൊഴിലും തൊഴില്‍ നൈപുണ്യവും’ എന്ന ലക്ഷ്യം വച്ച് ഈ അധ്യയന വര്‍ഷം മുതല്‍ കോളജിലെ പഠന സമയത്തിലും മാറ്റം വരുത്തി. രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെയാണ് ഇനി പഠന സമയം.
19 യു.ജി കോഴ്‌സുകളും ഒമ്പത് പി.ജി കോഴ്‌സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്‌സുകളുമാണ് അസംപ്ഷന്‍ കോളജിലുള്ളത്. തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സമയം ഉച്ച കഴിഞ്ഞ്് രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രായഭേദമെന്യേ പൊതു സമൂഹത്തിലുള്ളവര്‍ക്കും പഠനത്തിനെത്താവുന്നതാണ്. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും കേരള ഗവണ്‍മെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രായ പരിധിയില്ലാതെ അഭിരുചിക്കനുസരിച്ച് ഏവര്‍ക്കും ചേരുകയും ചെയ്യാം.
റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉറപ്പ് വൈകുന്നു. പദ്ധതിക്കായി 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്‌റ്റിമേറ്റ് സംസ്‌ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണമെന്നാവശ്യപ്പെട്ട് റെയിൽവേ ചീഫ് എൻജിനീയർ 5 മാസം മുൻപ് ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സംസ്‌ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കത്ത് കിട്ടിയിട്ടേ പുതുക്കിയ എസ്‌റ്റിമേറ്റ് റെയിൽവേ ബോർഡിന് സമർപ്പിക്കുകയുള്ളൂ എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതുമൂലം പദ്ധതി സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നീളുകയാണെന്നാണ് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ആരോപിക്കുന്നത്.
ജില്ലയിൽ കല്ലിട്ട് തിരിച്ചത് 6 കിലോമീറ്റർ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി – ശബരി റെയിൽവേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. രാമപുരം റെയിൽവേ സ്‌റ്റേഷൻ പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിലാണ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്. പിഴക് വരെ മാത്രം റവന്യു – റെയിൽവേ സംയുക്‌ത സർവേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്‌ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2013ലെ പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനത്തിനു ശേഷം ഹിയറിങ് നടത്തി മാത്രമേ സ്ഥലമെടുപ്പ് സാധിക്കുകയുള്ളൂ. പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വിലയ്ക്ക് ഉടമസ്ഥൻ യോഗ്യനാണ്.
കോട്ടയത്ത് 5 സ്റ്റേഷനുകൾ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം, ഭരണങ്ങാനം റെയിൽവേ സ്റ്റേഷനുകൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ സ്റ്റേഷനുകൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം കഴിഞ്ഞ നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1905 കോടി രൂപയാണ് സംസ്‌ഥാന സർക്കാർ നൽകേണ്ടത്. ഇതിനുള്ള ഉറപ്പ് സർക്കാർ നൽകിയാലേ പദ്ധതിക്ക് പച്ചക്കൊടി ഉയരൂ.
മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്‍മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ (32) ആണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മക്കള്‍ ഷാന്‍ഷാജി, നേഹ, ഹെനന്‍, ഹെന്ന എന്നിവരുടെ മുന്നില്‍ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്.
ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്‌സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.
ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാര്‍ നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്‍സ്‌പെക്ടര്‍ എ എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയില്‍. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറയിലെ സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിന്റെ 19-ാം നിലയില്‍ നിന്നാണ് വീണതെന്നാണ് റിപ്പോര്‍ട്ട്.
ഷാനിഫയുടെ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയ യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ എത്തി തീയണച്ചു. രക്ഷപ്പെടുത്തിയ നവജാത ശിശുക്കളെ തുടർ ചികിത്സയ്ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റുമാനൂർ തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു.
ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. കയറ്റം കയറി വരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടർന്നത്. ഫയർഫോഴ്സിന്റെ കാര്യക്ഷമമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.
മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.
ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൃത്യ സമയത്തെ നാട്ടുകാരുടെയും പോലീസിന്റെയും ഇടപ്പെടലിൽ യാത്രികരെ രക്ഷിക്കാൻ കഴിഞ്ഞു. അതേസമയം കാർ ഒഴുകിപ്പോയി. കാർ തോട്ടിൽ നിന്ന് കയറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നവർ ഇവിടെ അപകടത്തിൽ പെടുന്നത് തുടർക്കഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കണ്ണിൽച്ചോരയില്ലാത്ത ആ കൊടുംക്രൂരതയ്ക്കുമുന്നിൽ പോലീസിന്റെ അക്ഷീണപ്രയത്നം. ഒൻപതാം നാൾ പ്രതി പിടിയിൽ. ഉറങ്ങിക്കിടന്ന ഒൻപതു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് ഇക്കഴിഞ്ഞ 15-ന്. അന്നു പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ അന്വേഷണം കൃത്യം ഒൻപതാംദിവസമായ വ്യാഴാഴ്ച പ്രതിയിലേക്കെത്തി. അതും അങ്ങകലെ ആന്ധ്രപ്രദേശിലെ അഡോനിയിൽച്ചെന്ന്.
പ്രതി കുടക് സ്വദേശി പി.എ.സലീമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ പോലീസ് സംഘം കർണാടകയിലേക്ക് പോയി. അവിടെ കുടകിലെ വീട്ടിലെത്തിയിരുന്നെങ്കിലും അന്നുതന്നെ ഇയാൾ മുങ്ങിയിരുന്നു. ഇയാളുടെ ബന്ധുവീടുകളും ഇയാൾ പോകാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. കണ്ണൂരും കാസർകോട്ടും കുടകിലും മടിക്കേരിയിലും മൈസൂരുവിലും രത്നഗിരിയിലും വരെ പോലീസെത്തി. ഓരോ ഇടത്തുമെത്തി രാപകലില്ലാതെ അന്വേഷണം. കാട്ടിലും നാട്ടിലും ആളൊഴിഞ്ഞ ഇടങ്ങളിലുമെല്ലാം പോലീസ് പ്രതിയെ തിരഞ്ഞു. ഫോൺ ലോക്കേഷൻ നോക്കിയുള്ള പ്രതിയെ പിന്തുടരൽ രീതി ഇവിടെ സാധ്യമായിരുന്നില്ല.
സലീമിന് സ്വന്തമായി ഫോണില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളുടെ ഭാര്യയുടെയും മാതാവിന്റെയും കുടകിലെ പെൺസുഹൃത്തിന്റെയുമൊക്കെ ഫോൺനമ്പർ വാങ്ങി നീരീക്ഷിച്ചു. ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ആന്ധ്രയിൽനിന്ന് കുടകിലെ പെൺസുഹൃത്തിനൊരു കോൾ. ആ സമയം മൈസുരൂ മാണ്ഡ്യയിലുണ്ടായിരുന്ന എസ്.ഐ. അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കാസർകോട്, നിഖിൽ അച്ചാംതുരുത്തി എന്നിവർ ആന്ധ്രയിലേക്ക് കുതിച്ചു.
ആറംഗ പോലീസ് സംഘം ആന്ധ്രപ്രദേശിലെ അഡോനിയിലെത്തി അവിടത്തെ ഇൻസ്പെക്ടറുടെ സഹായത്തോടെ പലയിടത്തായി തിരഞ്ഞു. ഒടുവിൽ അവിടത്തെ റെയിൽവേ സ്റ്റേഷനിലുമെത്തി. പിടിക്കപ്പെട്ട ആദ്യ നിമിഷം പ്രതി പറഞ്ഞത് അങ്ങനെയൊരു സംഭവമേ അറിയില്ലെന്നാണ്. എന്നാൽ, പോലീസിന്റെ കനപ്പെട്ട ചോദ്യത്തിനുമുന്നിൽ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കുറ്റം സമ്മതിച്ചു. തുടർന്ന് പോലീസ് വാഹനത്തിൽ നാട്ടിലേക്ക് തിരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെ കാസർകോട്ടും രാത്രി ഒൻപതോടെ ഹൊസ്ദുർഗ് സ്റ്റേഷനിലുമെത്തിച്ചു.
കുട്ടിയെ പീഡിപ്പിച്ച ദിവസം രാവിലെ 8.30-നാണ് ഇയാൾ ബാഗുമെടുത്ത് ഞാണിക്കടവിലെ വീട്ടിൽനിന്നിറങ്ങിയത്. ആദ്യ ദിവസം പോലീസ് ഇയാളുടെ പിറകെയൊന്നുമുണ്ടായിരുന്നില്ല.
രണ്ടാംദിവസം നേരിയ സൂചന കിട്ടിയപ്പോൾ തന്നെ പോലീസ് കുടകിലേക്ക് പോയി. അപ്പോഴേക്കും സലീം കുടകിൽനിന്ന് മടിക്കേരിയിലേക്ക് പോയി. പോലീസ് അവിടെയെത്തിയപ്പോഴേക്കും ഇയാൾ മൈസൂരുവിലെത്തി. ബെംഗ്‌ളൂരുവിലും രത്നഗിരിയിലും മുംബൈയിലേക്കും തീവണ്ടിയിൽ സഞ്ചരിച്ചു. ആറുദിവസം എങ്ങോട്ടെന്നില്ലാത്ത യാത്ര. ആന്ധ്രപ്രദേശ് അഡോനിയിലെ റെഡ് ചില്ലീസ് എന്ന ഹോട്ടലിലെത്തി പണി അന്വേഷിച്ചു. ഹോട്ടൽ ജോലിക്കിടെയാണ് അവിടെയുള്ള ഒരാളുടെ ഫോൺ വാങ്ങി പെൺസുഹൃത്തിനെ വിളിച്ചത്.
ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച മകനെ മനംനൊന്ത് ശപിക്കുന്നു പ്രതിയുടെ മാതാവ്. കുടകിലെ വീട്ടിലെത്തിയ പോലീസിനോട് മാതാവ് കണ്ണീർത്തൂകിപ്പറഞ്ഞു, ‘അവനെ കിട്ടിയാൽ അറിയിക്കണം.
ശിക്ഷ വാങ്ങിക്കൊടുക്കണം. പള്ളിയിൽ നേർച്ച നേർന്നിട്ടുണ്ട്…’ സലീമിനെത്തേടിയെത്തിയ പോലീസിന് കുടകിൽനിന്ന് കിട്ടിയത് നിർണായകമായ ഒട്ടേറെ വിവരങ്ങളാണ്. പിടിച്ചുപറിയും തട്ടിപ്പും പശുവിനെയും ആടിനെയും മോഷ്ടിക്കലുമൊക്കെയായി ഒരു പിടി കേസുകളുണ്ട് ഇയാൾക്ക് കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ. ചെറുപ്പത്തിലേ വിവാഹിതനായി. 15 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ യുവതിയെ കല്യാണം കഴിച്ചത്. അതിനുശേഷം കുടകിലും കാഞ്ഞങ്ങാട്ടുമായി താമസിക്കും.
ഇതിനിടെ കുറച്ചു വർഷം ഗൾഫിലേക്ക് പോയി. നാട്ടിലെത്തിയ ശേഷം ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഹോട്ടൽപ്പണിയെടുത്തു. നാട്ടിലുള്ളപ്പോൾ ഇടയ്ക്ക് കൂലിപ്പണിക്ക് പോകും.
ഞാണിക്കടവിലെ വീട്ടിൽ കുടക് സ്വദേശിയായ ഒരാൾ താമസിക്കുന്നുണ്ടെന്നല്ലാതെ സലീമിനെക്കുറിച്ച് അയൽപ്പക്കക്കാർക്കുപോലും കാര്യമായൊന്നും അറിയില്ല. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുമെന്ന് അയൽവാസികൾ പറയുന്നു. 13 വയസ്സുകാരനടക്കം നാല് മക്കളുണ്ട്. ഇയാളുടെ ഭാര്യ വീട്ടുവേലയ്ക്ക് പോയാണ് കുടുംബം പുലർത്തുന്നത്. പകൽ ഇയാൾ വീട്ടിൽ കഴിച്ചുകൂട്ടും.
രാത്രി പുറത്തേക്കിറങ്ങും. തോട്ടിൽ മീൻപിടിക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞാണ് നട്ടപ്പാതിരയ്ക്ക് പുറത്തേക്ക് പോകുക. താമസിക്കുന്നിടത്തെ വിവിധ സ്ഥലങ്ങളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമെല്ലാം പുലരുവോളം നടക്കും. ഈ നടത്തം കവർച്ച നടത്താനുള്ള സൗകര്യത്തെ നോക്കിയുള്ളതാണെന്ന് വീട്ടുകാർക്ക് മനസ്സിലായത് ഇപ്പോഴാണ്.
ഒരു വർഷം മുൻപ് ഞാണിക്കടവിലെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ കാണാതിയിരുന്നു. അതിനുപിന്നിൽ സലീമാണെന്ന് പോലീസ് സംശയിക്കുന്നു. കാരണം, ഏതാനും ദിവസം മുൻപ് ഇതേവീട്ടിൽ സലീം എത്തിയിരുന്നു. പുലർച്ചെ നാലിന് ജനാലയ്ക്കരികെ ഇയാളെ കണ്ടിരുന്നുവെന്ന് ഈ വീട്ടുകാരി പോലീസിനോട് പറഞ്ഞതാണ് അന്വേഷണത്തിന് തുമ്പായത്. തീരദേശഗ്രാമത്തിലെ ഒരു വീട്ടിലും ഇയാൾ കയറിയിരുന്നു.
പുലർച്ചെ വീട്ടിൽ കയറിയ ഇയാൾ സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചോടി. ഇവിടെനിന്ന് മൂന്നരക്കിലോമീറ്റർ വടക്കുള്ള ഒരു വീട്ടിലെ സി.സി.ടി.വി. ദൃശ്യത്തിൽ ഇയാൾ ഓടുന്നത് കണ്ടിരുന്നു. ഈ സ്ത്രീ പറഞ്ഞതും പോലീസ് അന്വേഷണത്തിന് നിർണായകമായി.
പിടിയിലായ സലീമിന്റെ കൈയിൽ ഫോണുണ്ടായിരുന്നില്ല. അതിനാൽ ലൊക്കേഷൻ നോക്കി പിന്തുടരാൻ സാധിച്ചില്ല. എങ്കിലും കിട്ടിയ സൂചനയുടെ പിന്നാലെ പോലീസ് സഞ്ചരിച്ചു. ആദ്യം കുടകിലും പിന്നീട് മടിക്കേരിയിലും മൈസൂരുവിലും ഒടുവിൽ ബെംഗളൂരുവിലുംവരെ ഇയാൾക്കുപിന്നാലെ പോലീസുമെത്തി. പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒരിടത്തും തങ്ങാതെ ആന്ധ്രയിലേക്ക് പോകുകയായിരുന്നു. ഇയാൾ പോകാനിടയുള്ള ബന്ധുവീടുകളും പോലീസ് നീരിക്ഷിച്ചു.
കുടകിലെ പെൺസുഹൃത്തിന്റെ ഫോൺനമ്പർ അന്വേഷണസംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ആന്ധ്രപ്രദേശിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് പ്രതി പെൺസുഹൃത്തിനെ വിളിച്ചു.
ഫോൺ ലൊക്കേഷനെടുത്ത പോലീസ് ആന്ധ്രയിലേക്ക് തിരിക്കുകയായിരുന്നു. കവർച്ചചെയ്ത കമ്മൽ ഇയാൾ കാഞ്ഞങ്ങാട്ട് വിറ്റതായും പോലീസിന് മനസ്സിലായിട്ടുണ്ട്.