India

ബംഗളുരു: കര്‍ണാടക വോട്ടെടുപ്പ് പുരോഗമിക്കവെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. മെയ് 17 ന് താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് യെദ്യൂരപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.

ശിക്കാരിപുരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. ‘തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 15ന് തന്നെ ഞാന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകും. 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാന്‍ അദ്ദേഹത്തേയും മറ്റുള്ളവരേയും ക്ഷണിക്കും.’ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.

224 അംഗ നിയമസഭയില്‍ 145 മുതല്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘സംസ്ഥാനം മുഴുവന്‍ മൂന്നുതവണ ഞാന്‍ പര്യടനം നടത്തി. വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന് 100% വിശ്വാസമുണ്ട്. ഈ വൈകുന്നേരം തന്നെ എക്‌സിറ്റ് പോള്‍ എന്തു പറയുന്നുവെന്ന് നിങ്ങള്‍ക്ക് കാണാം’ എന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ സമയത്ത് 75കാരനായ യെദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2011ലാണ് അദ്ദേഹം രാജിവെച്ചത്.

ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.

രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.96 കോടിയിലേറെ വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ട്രാന്‍സ്‌ജെന്ററുകളുമാണ്.

55600ലേറെ വോട്ടിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല നടന്നതെന്നും ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയത്.

‘ചുമതലപ്പെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ല.’

സീറോ മലബാര്‍ സഭാ ഭൂമിയിടപാടിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതിരൂപതയുടെ കടം വീട്ടുന്നതിനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവന ചെയ്യണമെന്ന് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചിരുന്നു. ഈ നിര്‍ദേശം ഭൂമി ഇടപാട് പ്രശ്നം ഒരിക്കലും അവസാനിക്കാതിരിക്കാനും അതുവഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഭൂമി ഇടപാടിനെ തുടര്‍ന്ന് ഇടനിലക്കാരനായി സാജു വര്‍ഗീസ് കോടികളാണ് സഭയ്ക്ക് നല്‍കാനുള്ളത്. ഇത് ലഭിക്കാതെ വന്നപ്പോള്‍ സാജുവിന്റെ പേരില്‍ കോട്ടപ്പടിയിലുള്ള ഭൂമി സഭ ഈടായി വാങ്ങിയിരുന്നു. ഉടന്‍ തന്നെ ഈ ഭൂമി വിറ്റ് സഭയുടെ കടങ്ങള്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മുതിര്‍ന്ന വൈദികര്‍ സിനഡിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

നേരത്തെ അങ്കമാലി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സീറോ മലബാര്‍സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആലഞ്ചേരി പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനമായിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഇടപെട്ട ഭൂമിയിടപാട് കേസില്‍ അന്തിമപരിഹാരമാകുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്നാണ് വൈദികരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഭാവന ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞതോടെ ചിലര്‍ താരത്തെ തെറിവിളിക്കാന്‍ തുടങ്ങി. മറ്റ് ചിലര്‍ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ തെറി മുഴുവന്‍ ലഭിച്ചത് മലയാളി നടി ഭാവനയ്ക്കും.

മലയാളി നടി ഭാവന പാര്‍ട്ടിയില്‍ അംഗമായെന്ന് അറിഞ്ഞതോടെ സംഭവം കേട്ടപാതി കേള്‍ക്കാത്തപാതി ഒരൂ കൂട്ടം പേര്‍ ഭാവനയുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്’ എന്നിങ്ങനെ പോയി കമന്റുകള്‍. ഭാവനയുടെ അക്കൗണ്ടില്‍ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.

ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കിയ ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.

തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ വിവരം അറിയിക്കണം. ഫോണ്‍: 9497990035.

ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലും തുടര്‍ന്ന് മൈസൂരിലേക്കു കടന്നുവെന്ന സൂചനയില്‍ അവിടെയും തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസിനു തിരിക്കേണ്ടി വന്നു. ധര്‍മാരാമിലെ ആശ്വസഭവവനിലും നിംഹാന്‍സ് ആശുപത്രിയിലും കണ്ടുവെന്ന സൂചനയില്‍ അവിടുത്തെ സിസിടിവിയില്‍ പരിശോധിച്ചുവെങ്കിലും ജെസ്‌നയുടെ മുഖം പതിഞ്ഞിട്ടില്ലെന്ന് വടശ്ശേരിക്കര സിഐ എംഐ ഷാജി പറഞ്ഞു. ആശ്രമത്തില്‍ ജെസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി ഒഴികെ മറ്റാര്‍ക്കും ജെസ്‌നയെ കണ്ടതായി ഓര്‍മ്മയില്ല.

ജെസ്‌ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജെസ്‌നയ്‌ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഒരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.

 

കൊച്ചി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ രംഗത്ത്. രാഷ്ട്രീയ ഗൂഡാലോചന അനുസരിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് എന്നും അമ്മ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ചാണ് ഗൂഡാലോചന നടന്നത്.

പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാക്കളായ ഭരതന്‍, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും അന്വേ,ണം ഇവരിലേക്ക് നീങ്ങണമെന്നും

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിന്റെ സസ്പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.

കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിനെ സസ്പെന്റ് ചെയ്താല്‍ പോരെന്നും പ്രതിചേര്‍ക്കണമെന്നും ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.

സ്വാധീനം ഉപയോഗിച്ച് എ.വി ജോര്‍ജ് രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആശങ്ക പ്രകടിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നതര്‍ രക്ഷപെടുവാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേസ് സിബിഐക്ക് വിടണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പ്രിയ ഭരതന്‍ ഇവരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

അജ്മീര്‍: സ്വാതന്ത്ര്യസമര സേനാനി ലോക്മാന്യ ബാല ഗംഗാധര തിലകിനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. ബാല്‍ ഗംഗാധര തിലക് ‘ഭീകരവാദത്തിന്റെ പിതാവ് ‘ ആണെന്ന് രജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു. സോഷ്യല്‍ സ്റ്റഡീസിന്റെ 22ാം അധ്യായത്തിലാണ് വിവാദ പാഠഭാഗം. 18 ഉം 19ഉം നൂറ്റാണ്ടുകളില്‍ നടന്ന ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള പാഠത്തിലെ ഒരു ഉപ അധ്യായത്തിലാണ് തിലകിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിലേക്ക് വഴി തെളിച്ചത് തിലകാണ്. അതുകൊണ്ട് അദ്ദേഹത്തെ ‘ഭീകരവാദത്തിന്റെ പിതാവ് ‘എന്നു വിളിക്കാമെന്നും പുസ്തകത്തിലെ 267ാം പേജില്‍ പറയുന്നു.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന് കീഴിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ പുസ്തകം. മഥുരയിലെ ഒരു പ്രസാധകരാണ് പുസ്തകമിറക്കിയിരിക്കുന്നത്.

‘ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുകൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയില്ലെന്ന് തിലക് വിശ്വസിച്ചിരുന്നു. ശിവാജി, ഗണപതി ഉത്സവങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര്യം എന്ന മന്ത്രം അദ്ദേഹം കൊണ്ടുവന്നു. അതുവഴി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയെന്നും’ പുസ്തകത്തില്‍ തുടര്‍ന്ന് പറയുന്നു.

പുസ്തകത്തിലെ പരാമര്‍ശത്തെ അപലപിച്ച് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇത്തരം മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മുന്‍പ് ചരിത്രകാരന്മാരുമായി ആലോചിക്കുക എങ്കിലും വേണമെന്ന് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നു.

പുസ്തകത്തിന്റെ വിവാദ പേജ് ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്. തെറ്റു തിരുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിംഗ് ആവശ്യപ്പെട്ടു.

ഇതാദ്യമായാല്ല രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ മണ്ടത്തരങ്ങള്‍ കടന്നുകൂടുന്നത്. 2017ല്‍ ഹിന്ദുത്വ ആശയവാദത്തിന്റെ നേതാവ് വീര്‍ സവാര്‍ക്കറെ പുകഴ്ത്തിയ പുസ്തകം സംസ്ഥാന സിലബസ് പുറത്തിറക്കിയിരുന്നു. ഗാന്ധിയ്ക്കും നെഹ്‌റുവിനും ഈ പുസ്തകത്തില്‍ ഒരു മൂലയിലായിരുന്നു സ്ഥാനം.

 

ഇന്‍ഡിഗോ-എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍. പൈലറ്റുമാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിക്കുമായിരുന്നു. ഇരുവിമാനങ്ങളും 700 മീറ്റര്‍ മാത്രം അകലത്തില്‍ എത്തി. വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓട്ടോമാറ്റിക്ക് അപായ സന്ദേശം വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ലഭിച്ചതാണ് ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവമുണ്ടായത്.

ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ വിമാനം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടിസിഎഎസ്) മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഇരുവിമാനങ്ങളും ഏതാണ്ട് 8300 അടി ഉയരത്തിലായിരുന്നു. അപായ സിഗ്‌നല്‍ ലഭിച്ചയുടന്‍ ഇരുവിമാനങ്ങളും സുരക്ഷിതമായ അകലത്തിലേക്ക് പൈലറ്റുമാര്‍ മാറ്റി. അപകടരമായ സാഹചര്യം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാകുവെന്ന് അധികൃതര്‍ അറിയിച്ചു.

 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമ രംഗത്തെ പ്രമുഖര്‍ ശ്രമിക്കുന്നതായി ആലുവ മുന്‍ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വം അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി.ജോര്‍ജ് പറയുന്നു. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  1. താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെകുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വരാപ്പുഴ കേസിന് മുമ്പ് യാതൊരു ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി.ജോര്‍ജ് വ്യക്തമാക്കി. കഞ്ചാവ്, ലഹരി, മണല്‍ മാഫിയഎന്നിവകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു.

 

കുഞ്ചറിയാ മാത്യൂ

ഒത്തിരിയേറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചാണ് ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായികയും ലേഡിസൂപ്പര്‍സ്റ്റാറുമായി അറിയിപ്പെടുന്ന ശ്രീദേവി മരണത്തിലേക്ക് നടന്നുപോയത്. എന്നാല്‍ ശ്രീദേവിയുടെ ജീവന്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നാണ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ പേരിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി തന്നെ 240 കോടിയോളം രൂപയുടേതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നായിരുന്നു പോളിസി എടുത്തിരുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്ന് വ്യവസ്ഥ പോളിസിയില്‍ ഉള്ളതായി പറയപ്പെടുന്നു.

ശ്രീദേവിയുടെ മരണവും വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രീദേവിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുള്ള സുനില്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിങ് സുപ്രീം കോടതിയെ അറിയിച്ചു.

ശ്രീദേവി ദുബായിലെ ആഢംബര ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ മരണം. എന്തായാലും ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ തെളിയിക്കുന്നത് തങ്ങളുടെ പ്രിയ താരത്തിന്റെ മരണത്തില്‍ ബോളിവുഡിന് സംശയങ്ങള്‍ ഉണ്ട് എന്നതാണ്.

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ അബദ്ധ പ്രസ്താവനകള്‍ തുടരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയെന്നാണ് ഏറ്റവും പുതിയ പ്രസ്താവന. ഉദയ്പൂരില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലവിന്റെ പരാമര്‍ശം. ചരിത്രത്തെക്കുറിച്ച് ഒട്ടും ധാരണയില്ലാത്തവരാണ് ബിജെപി നേതാക്കളെന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് ബിപ്ലബിന്റെ പരാമര്‍ശം പുറത്തു വരുന്നത്.

1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സര്‍ പദവി ടാഗോര്‍ തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍ 1913ല്‍ ലഭിച്ച നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയതായിട്ടോ നിരസിച്ചതായിട്ടോ ചരിത്രത്തിലെവിടെയും പറുന്നില്ല. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വമെന്ന നിലയ്ക്ക് ടാഗോറിനെക്കുറിച്ചുള്ള കേവല ധാരണയെങ്കിലും ബിജെപി നേതാവിന് ഉണ്ടാകണമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ടാഗോറിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്ന വീഡിയോ വൈറലായിട്ടുണ്ട്. പ്രാചീന ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് പ്രസ്താവനയിറക്കി സോഷ്യല്‍ മീഡയയില്‍ ട്രോള്‍ മഴ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ് ബിപ്ലബ്. ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നുമായിരുന്നു ബിബ്ലവ് ദേബ് പറഞ്ഞിരുന്നത്.

RECENT POSTS
Copyright © . All rights reserved