India

കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു.

വന്‍ സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി എർപ്പെടുത്തിയിട്ടുള്ളത്.  ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സാധരണഗതിയിൽ കാണാറുള്ള സുരക്ഷഭടന്മാർ ഉണ്ടായിരുന്നില്ല.

പ്രളയബാധിത യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോടെ സംസാരിച്ചു. രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വിഡിയോയില്‍ കാണാന്‍ കഴിയും.

റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്നും. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇരുപത് മിനുറ്റോളം ക്യാമ്പില്‍ ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരിട്ടു കേട്ടു. അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ചെങ്ങന്നൂര്‍ എന്‍ജിനീയറിങ്ങ് കോളേജിലെ ക്യാമ്പിലേക്ക് പോയി.

എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര അല്‍പം വൈകിപ്പിക്കാനും അദ്ദേഹം തയ്യാറായി.

പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് റോഹിങ്ക്യൻ അഭയാർഥികളുടെ ധനസഹായം. രണ്ട് ക്യാംപുകളിൽ നിന്നായി 40,000 രൂപയാണ് കേരളത്തിനുവേണ്ടി അഭയാർഥികൾ സമാഹരിച്ച് നൽകിയത്.

കമ്മ്യൂണിറ്റി ഫണ്ടെന്ന പേരിൽ 10,000 രൂപയാണിവർ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചുഫുട്ബോൾ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേർത്തുവേച്ചു. പിന്നീടാണ് ഫരീദാബാദിലെയും ശരൻവിഹാറിലെയും ക്യാംപുകളിലാണ് ധനസമാഹരണം നടത്തിയത്.

ഹ്യൂമൻ വെൽഫെയർ എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാൽ അഭയാർഥികളിൽ നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങൾക്കറിയാമെന്ന് ക്യാംപുകളിലുള്ള അഭയാർഥികൾ പറഞ്ഞു. പ്രളയകാലത്ത് കേരളക്കുറിച്ചാണ് സംസാരിച്ചിരുന്നത്. അഭയാർഥികളായ തങ്ങൾക്കുവേണ്ടി മലയാളികള്‍സംസാരിച്ചിരുന്നെന്നും അഭയാർഥികൾ ഓർക്കുന്നു.

കൊച്ചി: പ്രളയത്തിനിടെ വെള്ളം കയറിയ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് 300 കോടി രൂപയുടെ നഷ്ടം. വിമാനത്താവളത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ഇതോടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള താത്ക്കാലിക സര്‍വീസുകള്‍ നിര്‍ത്തലാക്കും.

വെള്ളമിറങ്ങിയതിന് ശേഷം ഏതാണ്ട് എട്ട് ദിവസത്തോളം ആയിരത്തിലേറെ പേരാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളും ഇന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തും.

വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി നിറഞ്ഞിരുന്നു. നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്‌റേ മെഷീനുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം കേടുപാട് സംഭവിച്ചവയില്‍പ്പെടും. 15നാണ് വിമാനത്താവളം അടച്ചത്. ആദ്യഘട്ടത്തില്‍ വേഗം തുറക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയായിരുന്നു.

ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ബി.എന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആം ആദ്മി പാര്‍ട്ടി പ്രളയ ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നു. സി.ബി.എന്‍ഫൗണ്ടേഷന്‍ ഹരിയാനയിലെ ഫിലാഡല്‍ഫിയ ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രണ്ടു വിദഗ്ധ ഡോക്ടര്‍മാരും 4 നഴ്‌സുമാരും മറ്റു സഹായികളും അടങ്ങുന്ന സംഘമാണ്. സംഘത്തിന്റെ കൈവശം സാധാരണഗതിയില്‍ ആവശ്യം വരുന്ന എല്ലാ മരുന്നുകളും ഉണ്ട് കേവലം ക്യാമ്പ് അടിസ്ഥാനത്തില്‍ പരിശോധിക്കുക മാത്രമല്ല അവരുടെ വീടുകളില്‍ തന്നെ ആവശ്യമെങ്കില്‍ പോയി പരിശോധിക്കുകയും അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ ഇപ്പോള്‍ കൈവശമില്ലെങ്കില്‍ അത് എത്തിച്ചുകൊടുക്കുകയും തുടര്‍ന്നുള്ള ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.

ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കളമശ്ശേരി, പറവൂര്‍ പ്രദേശങ്ങളില്‍ ആയിരുന്നു. ഇന്ന് വീണ്ടും പറവൂരിലും മറ്റു പ്രദേശങ്ങളിലും ക്യാമ്പ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് 30ാം തീയതി വ്യാഴാഴ്ച ചെങ്ങന്നൂര്‍ പ്രദേശത്തും, 31ന് കുട്ടനാട്ടിലും, ഡല്‍ഹി മെഡിക്കല്‍ ടീം പര്യടനം നടത്തുന്നു.

ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ് എറണാകുളം പി.സി.ഒ ഷക്കീര്‍ അലി എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ രണ്ട് ഖലിസ്ഥാന്‍ തീവ്രവാദികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. തജിന്ദര്‍ പാല്‍ സിങ്, സത്‌നാം സിങ് എന്നിവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. സമാന കേസില്‍ പാക് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. ഒരേ കേസില്‍ രണ്ട് തവണ ശിക്ഷിക്കരുതെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചത് പിന്നാലെയാണ് വിധി.

1981നായിരുന്നു കേസിനാസ്പദമായ സംഭവം. 111 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ആയുധധാരികളായി ഖലിസ്ഥാന്‍ തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു. തുടര്‍ന്ന് പാകിസ്താനിലെ ലാഹോറിലേക്ക് വഴിതിരിച്ചു വിട്ട വിമാനം പാകിസ്ഥാനിലിറങ്ങി. അവിടെ വെച്ച് പാക് കമാന്റോകള്‍ തിവ്രവാദികളെ കീഴ്‌പ്പെടുത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

പാക് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. തടവ് കാലാവധി അവസാനിച്ച ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് സമാന കുറ്റം ചുമത്തി ഇന്ത്യയും ഇവരെ അറസ്റ്റ് ചെയ്തു. ഒരു തവണ ശിക്ഷ അനുഭവിച്ച ഇരുവര്‍ക്കും നീതി ലഭ്യമാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിട്ടുണ്ട്. മറ്റ് രണ്ടുപേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

പ്രളയജലത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യതൊളിലാളികള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ സ്വീകരണം നല്‍കി. കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യ തൊളിലാളികള്‍ക്കാണ് സ്വീകരണം നല്‍കിയിരിക്കുന്നത്. ആരുടെയും അപേക്ഷയ്ക്ക് കത്തു നില്‍ക്കാതെയാണ് ചേര്‍ത്തല അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ഉള്ള ഇവര്‍ പറവുര്‍ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

85 വള്ളങ്ങളിലായി എത്തിയ ഇവര്‍ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ചത്. തങ്ങള്‍ രക്ഷിച്ച ആളുകളെ കാണാന്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകള്‍ക്ക് കൊച്ചിന്‍ കോളേജ് അലൂമിനി അസോസിയേഷന്റെ ‘ബാക്ക് ടു ഹോം’ കിറ്റുകള്‍ നല്‍കാനെത്തിയ അലൂമിനി പ്രവര്‍ത്തകര്‍ ആദരിക്കുകയായിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം കഴിയാന്‍ ഉള്ള അരി, പലവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ അടങ്ങിയതാണ് ‘ബാക്ക് ടു ഹോം’ കിറ്റുകള്‍.

കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിച്ചത്. കൊച്ചിന്‍ കോളേജില്‍ ദിവസങ്ങളിലായി വളണ്ടിയര്‍മാര്‍ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സന്‍ പൊള്ളയിലിനെയും ജില്ലാ പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും അസോസിയേഷന്‍ ജന.സെക്രട്ടറി ടി.പി.സലിം കുമാര്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ് പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാല്‍, അലക്‌സാണ്ടര്‍ ഷാജു എന്നിവരും നേതൃത്വം നല്‍കി.

ന്യൂസ് ഡെസ്ക്

പ്രളയക്കെടുതിയിൽ കേരള ജനത അതിജീവനത്തിനായി പൊരുതുമ്പോൾ ലോകമെങ്ങും അവർക്കായി അണി നിരക്കുന്നു. ഫണ്ട് റെയിസിംഗ് അടക്കമുള്ള സപ്പോർട്ടിംഗ് ആക്ടിവിടികളുമായി നിരവധി യുവജനങ്ങൾ രംഗത്ത് എത്തിക്കഴിഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിൽ ഭരണകൂടത്തോടൊപ്പം കൈകോർത്ത് നിരവധി യുവതീയുവാക്കൾ രാപകലില്ലാതെ അദ്ധ്വാനിക്കുന്നു. പ്രശംസനീയമായ പ്രവർത്തനമാണ് വരും തലമുറ പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി സമ്മാനിക്കുന്നത്.

വ്യത്യസ്തമായ ആശയം പ്രാവർത്തികമാക്കി മുംബൈയിലെ മാൻകുർദിലെ മിടുക്കരായ യുവജനങ്ങൾ സമാഹരിച്ചത് ഒന്നര ലക്ഷം രൂപയാണ്. പഴയ ന്യൂസ് പേപ്പർ സമാഹരിച്ച് അതിന്റെ വില്പനയിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കുക എന്ന പദ്ധതിയാണ് അവർ വിജയകരമായി നടപ്പാക്കിയത്. 10 ടൺ ന്യൂസ് പേപ്പർ സമാഹരിച്ച് ഒരു ലക്ഷം രൂപ സമാഹരിക്കുന്നതിനായി ഒരു കളക്ഷൻ പോയിന്റ് അവർ തുറന്നു. കല്യാൺ എപ്പാർക്കിയുടെ കീഴിലുള്ള മാൻകുർദ് ഇടവകയിലെ അമ്പതോളം യുവതീയുവാക്കൾ അഞ്ച് യൂത്ത് ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം. 10 ടൺ ന്യൂസ് പേപ്പർ കളക്ഷൻ എന്നുള്ള ടാർജറ്റ് കടന്ന് മൂന്നു ദിവസങ്ങൾക്കുള്ളിൽ 15 ടണ്ണിലെത്തി. ഇതിലൂടെ ലഭിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ ദുരിതബാധിതർക്കായി ഇവർ കൈമാറും.

നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.

അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകും. നിലവിലുള്ള റോഡ് വികസന പദ്ധതിയെ ബാധിക്കാത്ത രീതിയില്‍ 5000 കോടി രൂപകണ്ടെത്തലാകും സര്‍ക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. അതേസമയം, പൂര്‍ണമായും തകര്‍ന്ന റോഡുകളും പാലങ്ങളും പെട്ടെന്ന് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ആയിരം കോടി രൂപ ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്

പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ചെറിയ റോഡുകള്‍ മുതല്‍ നാഷണല്‍ ഹൈവേകള്‍ വരെയാണ് പുനര്‍നിര്‍മ്മിക്കാനുള്ളത്. റോഡുകള്‍ക്ക് മാത്രം 4978 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടലുകള്‍. പാലങ്ങള്‍ നന്നാക്കാന്‍ 293 രൂപയുമാണ് ആവശ്യം. ഇതിന് പുറമെ തകര്‍ന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പണം കണ്ടെത്തേണ്ടതുണ്ട്.

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും മുന്നോട്ടുവന്നിരിക്കുന്നു. കുറെ നാളുകളായി ഇരുവരും കാരുണ്യ പ്രവർത്തികളിൽ സജീവമാണ്. ഇപ്പോഴിതാ കേരളത്തെ സഹായിക്കാനും ഇവർ മുന്നോട്ടുവന്നിരിക്കുന്നു. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്.

യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.

2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗിവിങ് പ്ലെഡ്ജ് എന്ന സംഘടന ആരംഭിച്ചു. ആരൊക്കെയാണോ ഇതിൽ ചേരുന്നത് അവർ അവരുടെ പകുതി സമ്പാദ്യം ജീവകാരുണ്യം പ്രവർത്തനങ്ങൾക് കൊടുക്കണം എന്ന വ്യവസ്ഥയും ഇതിൽ വച്ചിരുന്നു . ആരോഗ്യമേഖലയില്‍ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ്‌ കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ സഹായഹസ്തവുമായെത്തുന്നുണ്ട്. എൻഡിടിവിയും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവർ കേരളത്തിനായി പണം സമാഹരിച്ചത്.

ആറുമണിക്കൂർ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനൽ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാൽ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ടെലിത്തോണിൽ പങ്കെടുത്തു. കേരളത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്രസർക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യോമ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എൻഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

RECENT POSTS
Copyright © . All rights reserved