സാധാരണക്കാരുടെ പാര്‍ട്ടിയെന്നും തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ എന്നവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ തൊഴിലാളികളും കുടുംബങ്ങളും പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നത് ഈ സര്‍ക്കാരിന് അപമാനകരമാണ്. ജീവിതത്തിന്റെ നല്ലൊരു പങ്കും കെ.എസ്.ആര്.ടി.സി ജോലി ചെയ്തു വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് തുണയാകേണ്ടത് ഗവര്‍മെന്റ് അവരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും തള്ളിവിടരുത് എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിനു വേണ്ടി പ്രത്യേകിച്ചും പൊതുഗതാഗത ത്തിനുവേണ്ടി മുടക്കുന്ന പണം പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ബോധ്യമുണ്ടാകണം.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഇപ്പോള്‍ സര്‍ക്കാരിനും കെ.എസ്.ആര്.ടി.സിക്കും ബാധ്യതയായി മാറിയിരിക്കുന്നു. ഇതിന്റെ നഷ്ടവും തൊഴിലാളികളിലും പെന്‍ഷന്‍കാരനുമാണ് പ്രതിഫലിക്കുന്നത് എന്നത് ദുഃഖകരമാണ്. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികളും ഷോപ്പിങ് കോംപ്ലക്സുകളും എത്രയും വേഗം സര്‍ക്കാര്‍ പൊതുലേലത്തില്‍ വച്ച് വാടകയ്ക്ക് കൊടുക്കണമെന്നും നഗരത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ കെട്ടിടങ്ങളിലേക്ക് മാറ്റിസര്‍ക്കാരിനും അതുപോലെതന്നെ പൊതുജനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. പൊതുഗതാഗതം സംരക്ഷിക്കുന്ന കെഎസ്ആര്‍ടിസിയുടെ ബാധ്യതകളും പെന്‍ഷനുകളും മുഴുവനായും ഗവണ്മെന്റ് തന്നെ ഏറ്റെടുത്ത് പെന്‍ഷനുകളും ശമ്പളവും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നടത്തുന്ന സമരത്തിന് ആം ആദ്മി പാര്‍ട്ടി എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യവും പ്രകടനവും നടത്തി. ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്. നീലകണ്ഠന്, രാഷ്ട്രീയകാര്യസമിതി അംഗം ഷൈബു മഠത്തില്‍, ബോബ്ബന്‍ എ. എസ്, പെന്ഷന് അസോസിയേഷന് ഭാരവാഹി, പി. ആര് സിങ്കരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന് സഹോദരനെ 19 കാരി കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തക്കിലുള്ള സമര് ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. സഹോദരനെ കൊലപ്പെടുത്തിയതിന് 19 വയസുകാരിയായ കാജളിനെ പോലീസ് അറസ്റ്റ് ചെയ്തു. 10ാം ക്ലാസുകാരനായ തന്റെ സഹോദരന് മോണ്ടി സിങ്ങിനെ കഴിഞ്ഞ ശനിയാഴ്ചയാണ് കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.
മോണ്ടി സിങ്ങിനെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയതിന് ശേഷം കാജള്‍ മൃതദേഹം വീട്ടിലെ കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം വീട്ടില്‍ നിന്നിറങ്ങി പാനിപ്പത്തിലേക്ക് ബസില്‍ രക്ഷപ്പെട്ടു. ശേഷം അവിടെ നിന്ന് അമ്മ സുശീലയെ വിളിച്ച് അച്ഛന് തേജ് പാല് മോണ്ടിയെയും തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും അറിയിച്ചു. ഇതേതുടര്‍ന്ന് സുശീല താന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് മോണ്ടിയുടെ മൃതദേഹമാണ്. ഉടൻതന്നെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു.
മോണ്ടിയെ കൊന്നത് അച്ഛന് തേജ്പാലാണെന്നാണ് കാജള്‍ പോലീസിനോടും പറഞ്ഞിരുന്നത്. തേജ്പാല്‍ മക്കളെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന കാര്യം സുശീല പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് വിശദമായ പരിശോധനയില്‍ കാജളിന്റെ മൊഴിയിലെ വൈരുധ്യങ്ങള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. ഇതുവച്ച് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യാഥാര്‍ഥ്യം പുറത്തുവന്നത്. താന്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മോണ്ടി സിങ്ങിനെ താന്‍ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ കാജള്‍ സമ്മതിച്ചു.
പയ്യോളി: അര്‍ദ്ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ കെ.എസ്.ആര്.ടി.സി. മിന്നല്‍ബസ് ജീവനക്കാരുടെ പെരുമാറ്റത്തെപ്പറ്റി തിങ്കളാഴ്ച പെണ്‍കുട്ടി പ്രതികരിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി ശനിയാഴ്ച രാത്രിയിലെ ഭയപ്പാടില്‍നിന്ന് മുക്തമായിട്ടില്ല.
പയ്യോളിയില്‍ ബസ് നിര്‍ത്തില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞതോടെ അക്കാര്യം വിദ്യാര്‍ഥിനി പിതാവിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് പിതാവ് പള്ളിക്കര കെ.സി. അബ്ദുള്അസീസ് പയ്യോളി പോലീസിന്റെ സഹായം തേടി. സ്റ്റേഷനുമുന്നില്‍ പോലീസുകാരനും ബാപ്പയും ബസിന് കൈകാണിക്കുന്നത് ദൂരേനിന്ന് കണ്ടപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറുടെ അടുത്തുവന്നു പറഞ്ഞു, ‘എന്നെ ഇറക്കാന്‍ വേണ്ടിയാണ് പോലീസ് കൈകാണിക്കുന്നത്. അടുത്തുനില്ക്കുന്നത് ബാപ്പയാണ്’. ഡ്രൈവര്‍ ഉടന്‍ പറഞ്ഞത് കണ്ടക്ടറോട് പറയാനാണ്. കണ്ടക്ടറുടെ അടുത്തേക്ക് തിരിഞ്ഞപ്പോഴുള്ള പ്രതികരണം അസഹനീയമായിരുന്നു- ‘ഇതൊക്കെ ഏത് കാട്ടില്‍നിന്നാണ് ഇറങ്ങിവരുന്നത്’. അപ്പോഴേക്കും ബസ് പയ്യോളി ടൗണ്‍ വിട്ടു.
ചില യാത്രക്കാരെ കൂട്ടുപിടിച്ച് കണ്ടക്ടര്‍ കളിയാക്കി സംസാരിച്ചെങ്കിലും യാത്രക്കാരില്‍ നല്ലവരുമുണ്ടായിരുന്നതായി വിദ്യാര്‍ഥിനി പറഞ്ഞു. അര്‍ധരാത്രിയായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു.
കോഴിക്കോട് സ്റ്റാന്‍ഡ് വിട്ടപ്പോള്‍ പയ്യോളി നിര്‍ത്തില്ലെന്ന് പറഞ്ഞ കണ്ടക്ടര്‍ മാവൂര്‍റോഡില്‍ ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ ആരും പ്രതികരിച്ചില്ല. അപ്പോള്‍, സമയം രണ്ടുമണിയായിരുന്നു. ബസ് പയ്യോളിയില്‍ നിര്‍ത്താതെ പോയപ്പോള്‍ ബാപ്പ വിളിച്ചു. മൂരാട് പാലത്തിന് മുന്നില്‍നിന്ന് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താത്തപ്പോള്‍ മാനസികമായി പിരിമുറുക്കത്തിലായെന്നും ചോമ്പാലില്‍ പോലീസ് ജീപ്പ് റോഡില്‍ കുറുകെയിട്ടത് കണ്ടപ്പോഴാണ് ആശ്വാസം കിട്ടിയതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
രാത്രി 12 മണിമുതല്‍ ചോമ്പാലില്‍നിന്ന് മകളെ വീട്ടില്‍ എത്തിക്കാന്‍ പുലര്‍ച്ചെവരെ റോഡില്‍ ബൈക്കുമായി അലഞ്ഞ അബ്ദുള്‍അസീസിന് ഞായറാഴ്ച രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ കിടക്കേണ്ടിയും വന്നു. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അസീസ് പറഞ്ഞു.
കോഴിക്കോട് സ്റ്റാന്‍ഡില്‍നിന്ന്, ഇത് മിന്നല്‍ബസാണെന്നും ഇനി കണ്ണൂരിലാണ് നിര്‍ത്തുകയുള്ളൂവെന്ന് അറിയിച്ചിരുന്നതായും കണ്ടക്ടര്‍ കോട്ടയം സ്വദേശി അജേഷ് പറഞ്ഞു. പോലീസ് കൈകാണിച്ചാലും ബസ് നിര്‍ത്തേണ്ടതില്ലെന്ന് മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ നിര്‍ദേശമുണ്ടെന്നും കണ്ടക്ടര്‍ പറഞ്ഞു.
ഇതിനിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് പയ്യോളി പോലീസ് പെറ്റി കേസെടുത്തിട്ടുണ്ട്. പയ്യോളി, ചോമ്പാല പോലീസ് വടകര ഡിവൈ.എസ്.പി.ക്കും കെ.എസ്.ആര്.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചോമ്പാല പോലീസ് ബസ് ജീവനക്കാരെ വിളിപ്പിച്ചിട്ടുമുണ്ട്.
ഹരിയാന: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന ആയുധധാരികളായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണക്ക് അനുസരിച്ച് ഹരിയാന സര്‍ക്കാരിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.
നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയെന്ന് ആരോപണം. രണ്ട് കേസുകളിലും സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് സുഖ ചികിത്സ ഒരുക്കുന്നത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ചികിത്സക്കിടെ വീടുകളില്‍ പോയിരുന്നതായും ആരോപണം ഉയരുന്നു.
ടി.പി വധക്കേസിലെ പ്രധാന പ്രതിയായ സി.പി.ഐ.എം പ്രവര്ത്തകന് കെ.സി രാമചന്ദ്രന് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211-ാം നമ്പര്‍ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചികിത്സയൊരുക്കുമ്പോള്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ മാത്രമേ പ്രതികള്‍ക്ക് ചികിത്സ നല്‍കാവുയെന്ന നിയമം കാറ്റില്‍ പറത്തിയാണ് കെ.സി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ സി.പി.എം അനുഭാവികളാണെന്നും ഇവരാണ് പ്രതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഇതേ ആശുപത്രിയില്‍ 45 ദിവസത്തെ സുഖവാസത്തിനു എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി: ലൈംഗിക ചൂഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെയും മനുഷ്യക്കടത്തിനെതിരെയും ഇന്ത്യയില്‍ ശക്തമായ നിയമം നിലവിലുണ്ട്. എന്നാല്‍ വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെ കുടുക്കുന്ന നിയമം നിലവില്ല. പക്ഷേ ആന്ധ്രയില്‍ നിലവില്‍ വന്നിരിക്കുന്ന പുതിയ നിയമ ഭേദഗതിയില്‍ ഇടപാടുകാരും ഇടനിലക്കാരും തുടങ്ങി കൃത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കുറ്റക്കാരാകും. ഇടനിലക്കാരോടൊപ്പം ഇടപാടുകാരും നിയമത്തിന് മുന്നിലെത്തുന്നതോടെ വേശ്യാലയം നടത്തിപ്പ് കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനാവുമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
വേശ്യാലയങ്ങള്‍ വഴി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് ധാരാളമാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചൂഷണങ്ങളും കുറയുമെന്നാണ് പ്രതീക്ഷയെന്ന് ആന്ധ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. ഇത്തരമൊരു നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
ആന്ധ്ര സര്‍ക്കാര്‍ നിയോഗിച്ച നിയമ വിദഗ്ദ്ധരടങ്ങിയ സംഘമാണ് പുതിയ നിയമത്തിന്റെ സാധുത പരിശോധിച്ചത്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് തീര്‍ച്ചപ്പെടുത്താനും 60 ദിവസത്തിനകം ശുപാര്‍ശകള്‍ നല്‍കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
2013ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലാകെ രണ്ട് കോടിയോളം വരുന്ന ലൈംഗിക തൊഴിലാളികളുണ്ടെന്നും ഇതില്‍ ഒന്നരലക്ഷത്തിലധികം വരുന്ന സ്ത്രീകളും കുട്ടികളും കടുത്ത ലൈംഗിക ചൂഷണത്തിനിരകളാവുന്നുണ്ടെന്നും പറയുന്നു.
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടര്‍ക്ക് നല്കി വന്നിരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ എഴുനൂറ് കോടി രൂപയാണ് കേന്ദ്രം ഹജ്ജ് സബ്സിഡിക്കായി നീക്കിവെച്ചിരുന്നത്. നിര്‍ത്തലാക്കിയ സബ്സിഡി ന്യൂനപക്ഷ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
2022ഓടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്കി വരുന്ന സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്താലാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഘട്ടംഘട്ടമായി മാത്രമേ സബ്സിഡി നിര്‍ത്തലാക്കാവൂ എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ നാല് വര്‍ഷം ബാക്കിയിരിക്കെയാണ് ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയത്. വിമാന യാത്രയ്ക്കും മറ്റു ചെലവുകള്‍ക്കുമാണ് നിലവില്‍ സബ്സിഡി അനുവദിച്ചു നല്‍കിയിരുന്നത്.
സര്‍ക്കാരിന്റെ ഉദ്ദേശ്യം ന്യൂനപക്ഷ പ്രീണനമല്ല മറിച്ച് അവരെ ശക്തിപ്പെടുത്തലാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. പതിവിലും കൂടുതലായി ഇത്തവണ 1,75,000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇന്ത്യയില്‍ നിന്നും പോകുന്നത്. നാല് ലക്ഷം പേര് നല്കിയ അപേക്ഷകളില്‍ നിന്ന് 1,75,000 പേരെ തെരെഞ്ഞെടുക്കുകയായിരുന്നു
കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്ഡേഴ്സണ് എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്ഡേഴ്സണ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്ഡേഴ്സണ് പറയുന്നു.
നേരത്തെ രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കാണുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് മുന്‍പ് ചെന്നിത്തലയെ ശ്രീജിത്തിനൊപ്പം പോയി കണ്ടെതായി ആന്ഡേഴ്സണ് പറയുന്നു. അന്ന് തങ്ങളെ പരിഹസിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ആന്ഡേഴ്സണ് ആരോപിച്ചു. ശ്രീജിത്തിന്റെ കാര്യം സംസാരിക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച ചെന്നിത്തലയോട് ഞാന്‍ പൊതുജനമാണെന്ന് മറുപടി പറഞ്ഞ ആന്‍ഡേഴ്സണിന്റെ വാക്കുകള്‍ക്ക് നവ മാധ്യമങ്ങളില്‍ വന്‍ അംഗീകാരമാണ് ലഭിച്ചത്.
കല്ലുകള്‍ എറിയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ എന്നെ എറിയുക, ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും എതിരേ എറിയുന്നത് ഭീരുത്വമാണെന്ന് ആന്ഡേഴ്സണ് ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്യു പ്രവര്ത്തകന് ശ്രീദേവ് സോമന് ഫേസ്ബുക്കില്‍ ‘കുന്നത്തൂരിലെ യൂത്ത് കോണ്ഗ്രസ്സുകാര് ആന്‍ഡേഴ്സണെ രാഷ്ട്രീയമായി നേരിടും’ എന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ആന്‍ഡേഴ്സന്റെ വീടിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച സമരം 767 ദിവസങ്ങള്‍ പിന്നിട്ടു.
വിദ്യാർഥിയുടെ സെൽഫിഭ്രമത്തിന്റെ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്റെ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർഥിയെ ആശ്വസിപ്പിച്ച് ഫോട്ടോയും എടുപ്പിച്ച് മടക്കി അയച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലത്തെ ഫോട്ടോസെഷനാണ് പ്രശ്നമായത്. പുതിയ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പാനൽ തയാറാക്കിയ ജില്ല കമ്മിറ്റിക്കുശേഷം പുറത്തേക്ക് വരുേമ്പാഴാണ് സംഭവങ്ങളുടെ തുടക്കം.
മുഖ്യമന്ത്രിയെ കണ്ടതോടെ ഒപ്പംനിന്ന് ഫോേട്ടാ എടുക്കാൻ സമീപത്തെ ഗവ. ബോയ്സ് സ്കൂളിലെ പത്തോളം വിദ്യാർഥികളും എത്തിയിരുന്നു. ചിരിച്ച മുഖത്തോടെയാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളുമൊത്തു പുറത്തേക്കു ഇറങ്ങിവന്നത്. ആദ്യം നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തു. ഇതിന് ശേഷം ‘ബോയ്സ് സ്കൂളിലെ ബോയ്സ്’ വരാൻ ചിരിയോടെ മുഖ്യമന്ത്രി നിർദേശിച്ചു. ഇൗ സമയത്താണ് വിദ്യാർഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ആഞ്ഞത്.
ഇതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തിൽ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോട്ടോയെടുക്കാൻ വിദ്യാർഥികളെയെല്ലാമായി വിളിച്ചപ്പോഴും സെൽഫിയെടുക്കാൻ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി. തുടർന്ന് വിദ്യാർഥിയുടെ കൈവശമിരുന്ന ഫോൺ മറ്റൊരാൾക്ക് നൽകി ഫോട്ടോ എടുക്കാൻ നിർദേശിച്ചു. ഫോണിന്റെ ലോക്ക് ഒഴിവാക്കി ഫോട്ടോയെടുക്കാൻ സമയവും നൽകി. ടെൻഷൻ ഒഴിവാക്കി ചിരിച്ച മുഖത്തോടെ പോസ് ചെയ്യാനും ആവശ്യപ്പെട്ടു. പകർത്തിയ ചിത്രം പരിശോധിച്ചപ്പോൾ ‘ആയില്ലേ, ഐശ്വര്യമായിട്ട് പോയി വരു’ എന്ന ചിരിയോടെയുള്ള ആശ്വസിപ്പിക്കലോടെയാണ് വിദ്യാർഥിയെ പറഞ്ഞയച്ചത്.
ബഹറൈന്‍: പത്തനാപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാലുവാരിയെന്ന് ഭീമന് രഘു. ബിജെപി പ്രവര്‍ത്തകര്‍ കാലുവാരിയത് കാരണമാണ് തോറ്റത്. തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിലെ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മുന്‍തൂക്കമുണ്ടായിരുന്നു. പ്രചരണത്തിനായി കൂടെ നിന്നവര്‍ പിന്നീട് എത്തിയില്ലെന്നും അവര്‍ കാലു വാരുകയായിരുന്നെന്നും ഭീമന് രഘു ആരോപിക്കുന്നു. ഇനി പാര്‍ട്ടി നേതാവായി തുടരാനില്ലെന്നും രഘു വ്യക്തമാക്കി.
ബഹ്റൈനില്‍ ബന്ധുവിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഭീമന് രഘു രംഗത്തു വന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. മറ്റുവല്ല സ്വാധീനത്തിന്റെ ഫലമായിരിക്കും ഈ രീതിയില്‍ തന്നോട് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചതെന്ന് തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കാലുവാരിയവരില്‍ സുരേഷ് ഗോപിയും ഉള്‍പ്പെടുമെന്ന് ഭീമന് രഘു പരോക്ഷമായി സൂചിപ്പിച്ചു.
തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി പലതവണ സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി. ഫലം വന്നപ്പോള്‍ തനിക്ക് വോട്ട് കിട്ടിയതില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളുടേതായിരുന്നെന്നും ഭീമന് രഘു അവകാശപ്പെട്ടു.
ചെറുപ്പകാലം മുതല്‍ക്കെ ആര്‍എസ്എസിനോടുള്ള താല്പര്യവും നരേന്ദ്ര മോഡിയെന്ന വ്യക്തിയോടുള്ള ഇഷ്ടവുമാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം സ്ഥാനാര്‍ഥിയായതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നും രഘു പറയുന്നു.