ദിസ്പൂര്‍: ആശുപത്രിയില്‍ വെച്ച കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയ സംഭവത്തില്‍ അപൂര്‍വ്വ നിര്‍ദേശം മുന്നോട്ടു വെച്ച് അസം കോടതി. അച്ഛനമ്മമാര്‍ പരസ്പരം മാറി ജീവിച്ച കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചാണ് ഒരു ബോഡോ കുടുംബത്തിലും മുസ്ലീം കുടുംബത്തിലും ജനിച്ച കുട്ടികള്‍ പരസ്പരം മാറിപ്പോകുന്നത്.
മാറിപ്പോയ വിവരം ഏതാണ്ട് മൂന്നുവര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞ ഇരു കുടുംബവും കുട്ടികളെ പരസ്പരം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൂടെ ജീവിച്ച അച്ഛനെയും അമ്മയേയും വിട്ടുപോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികള്‍ ഇരു കുടുംബങ്ങളെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് കുട്ടികളെ കൈമാറേണ്ടതില്ലെന്ന് രണ്ട് കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
സ്വന്തമല്ലെങ്കിലും ഇത്രയും നാള്‍ കൂടെ ജീവിച്ച പൊന്നുമക്കളെ ജീവിതകാലം മുഴുവന്‍ തങ്ങളോടൊപ്പം കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയിലെത്തി. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കട്ടെയെന്ന നിര്‍ദേശം കോടതി മുന്നോട്ട വെച്ചത്.
2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടികളെ പരസ്പരം മാറിപ്പോകുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മാറിയതായി ഇവര്‍ക്ക് മനസ്സിലാകുന്നത്. 48 കാരനായ അധ്യാപകന്റെ ഭാര്യയ്ക്കാണ് തങ്ങളുടെ കൂടെ വളരുന്നത് സ്വന്തം കുഞ്ഞല്ലെന്ന് ആദ്യം സംശയം തോന്നുന്നത്. പിന്നീട് തങ്ങള്‍ക്കൊപ്പം വളരുന്ന കുട്ടിക്ക് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലെന്നും തനിക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായ ബോഡോ സ്ത്രീയുടെ മുഖച്ഛായയാണെന്നും ഇവര്‍ തിരിച്ചറിയുകയായിരുന്നു.
കുട്ടി മാറിപ്പോയ വിവരം മനസ്സിലാക്കിയ ശേഷം ആശുപത്രിയിലെത്തിയെങ്കിലും അധികൃതര്‍ ഇവരുടെ ആരോപണം നിഷേധിച്ചു. പിന്നീട് ഡിഎന്‍എ ഫലവുമായി ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടികള്‍ മാറിയ വിവരം സ്ഥിരീകരിച്ചത്. ജനുവരി നാലിനാണ് ഇവര്‍ കുട്ടികളെ കൈമാറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൈമാറ്റ സമയത്ത് അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ച കുട്ടികള്‍ രണ്ട് കുടുംബങ്ങളുടെയും തീരുമാനത്തെ മാറ്റി മറിക്കുകയായിരുന്നു.
പല പ്രമുഖവ്യക്തികളുടെയും മരണവും മരണാനന്തര ചടങ്ങുകളും റിപ്പോര്‍ട്ട് ചെയ്യാന്‍പോയിട്ടുണ്ടെങ്കിലും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ധീരജവാന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന ചടങ്ങ് ആദ്യമായാണ് കണ്ടത്. തിരുവല്ല ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്ക് പെട്ടെന്നൊരു അവധി എടുക്കേണ്ടി വന്നതിനാല്‍ ലാന്‍സ് നായിക് സാം എബ്രഹാമിന്റെ സംസ്‌കാരചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറി. പെട്ടെന്നുവന്ന അസൈന്റ്‌മെന്റ് ആയതിനാല്‍ ഒരു ചായപോലും കുടിക്കാതെയാണ് രാവിലെ മാവേലിക്കരയ്ക്ക് പുറപ്പെട്ടത്. മാവേലിക്കരയില്‍ ചെന്നപ്പോള്‍ ഹര്‍ത്താലാണ്. അത് ഓര്‍ത്തതുമില്ല. വിശപ്പും ദാഹവുമെല്ലാം മറന്നുപോകുന്ന നിമിഷങ്ങളായിരുന്നു പിന്നെ…
മാവേലിക്കരയില്‍ നിന്ന് അല്‍പംകൂടി പോകണം പുന്നമൂടിലേക്ക്. സാമിന്റെ വീട്ടിലേക്കുള്ള ഇടറോഡ് തുടങ്ങുന്നിടത്ത് പൊലീസുണ്ട്. ചെറിയ വഴിയാണ്, വാഹനങ്ങള്‍ പ്രവേശിച്ചാല്‍ യാത്ര തടസമാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കാര്‍ നിര്‍ത്തി, നടന്നുതുടങ്ങി. ഞങ്ങള്‍ക്ക് മുന്നിലും പിന്നിലുമെല്ലാമായി കുറേപ്പേര്‍ ആ ജവാന്റെ വീട്ടിലേക്ക് നടന്നുനീങ്ങുകയാണ്. ഒരുപക്ഷേ അവര്‍ക്കെല്ലാം സാം എന്ന ചെറുപ്പക്കാരനെ നന്നായി അറിയാമായിരിക്കും. എനിക്കുപക്ഷേ രണ്ടുദിവസം മുന്‍പുള്ള പരിചയം മാത്രമേയുള്ളു. ഡല്‍ഹിയില്‍നിന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ജോമി അലക്‌സാണ്ടറാണ് ഈ മരണവാര്‍ത്ത വിളിച്ചുപറഞ്ഞത്. സൈന്യം നല്‍കിയ സാമിന്റെ മരണവാര്‍ത്തയില്‍ ആലപ്പുഴ ജില്ലക്കാരനാണ് എന്നുണ്ട്. ആലപ്പുഴയില്‍ എവിടെയാണെന്ന് കണ്ടുപിടിക്കാമോ എന്നായിരുന്നു ജോമിയുടെ ചോദ്യം. മാവേലിക്കരയെന്ന് കണ്ടെത്തി, തിരികെ വിവരം നല്‍കി. അപ്പോഴും ഈ വാര്‍ത്ത എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല എന്നായിരുന്നു എന്റെ ബോധ്യം. ആലപ്പുഴ ജില്ലയിലാണെങ്കിലും മാവേലിക്കര പുതുതായി തുടങ്ങിയ തിരുവല്ല ബ്യൂറോയുടെ ഭാഗമാണ്…
ഇടറോഡിലൂടെ യാത്ര തുടരുകയാണ്. ഒരു ട്രെയിന്‍ മരണത്തിൻറെ ചൂളംവിളിച്ച് ചീറിപാഞ്ഞുപോകുന്നു. അതാ, ആ റയില്‍പാളത്തിനടുത്താണ് സാമിൻറെ വീട്. അവിടെ ഇരുമ്പുകമ്പികളും കയറുംകെട്ടി പൊതുദര്‍ശനത്തിന് എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വീട്ടിലും റോഡിലും തൊട്ടടുത്ത വീടിൻറെ വരാന്തയിലുമെല്ലാം സ്ത്രീകളുള്‍പ്പടെ കാത്തുനില്‍ക്കുകയാണ്. വീട്ടുവരാന്തയില്‍ സാമിൻറെ പിതാവുണ്ട്, തോപ്പില്‍ എബ്രഹാം. ചെറുപ്രായത്തില്‍ രാജ്യരക്ഷയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട മകനെകുറിച്ച് ഓര്‍ക്കുമ്പോള്‍ തോപ്പില്‍ എബ്രഹാമിന് അഭിമാനമേയുള്ളു. അവനിപ്പോള്‍ വയസ് മുപ്പത്തിയഞ്ച്. വരുന്ന നവംബറില്‍ സൈനികസേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കിയാണ് ശത്രുപക്ഷത്തിൻറെ ആയുധം സാമിൻറെ ജീവനെടുത്തത്. സങ്കടങ്ങള്‍ സങ്കടങ്ങളായി അവശേഷിക്കുമ്പോഴും മകനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാനുളള നിമിഷങ്ങള്‍ ആ പിതാവിൻറെ മനസിലൂടെ കടന്നുപോയിരിക്കണം…
തിരുവനന്തപുരത്തുനിന്ന് മൃതദേഹം മാവേലിക്കരിയിലെത്തിച്ചപ്പോള്‍ തന്നെ കാണാമായിരുന്നു സാമിനോടുള്ള നാടിൻറെ സ്‌നേഹം. മാതൃവിദ്യാലയമായ ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ആദ്യപൊതുദര്‍ശനം. അവിടെ ആയിരങ്ങളെത്തി. വീട്ടിലേക്ക് വിലാപയാത്രയായാണ് പുറപ്പെട്ടത്. സൈന്യത്തിൻറെ പ്രത്യേക വാഹനം ഇടറോഡിലൂടെ വന്ന് ഗേറ്റിന് മുന്നില്‍നിന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. സൈനികര്‍ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ആരോ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു.. ‘ഭാരത് മാതാ കീ ജയ്…’ പിന്നെ മുഴങ്ങിയത് ഒറ്റ സ്വരത്തിലാണ്. മനസും ശരീരവും എന്തിനോ പാകപ്പെടുന്നപോലെ തോന്നിയ വൈകാരിക നിമിഷങ്ങള്‍. ആ ധ്വനികള്‍ ഉയര്‍ത്തിയ അതിവൈകാരികതയില്‍നിന്ന് അവിടെ കൂടിയവര്‍ മോചിതരാകാന്‍ സമയമെടുത്തു. ഒന്നിനുപുറകെ ഒന്നായി ആളുകള്‍ സാമിന് ഉപചാരം അര്‍പ്പിക്കാന്‍ നടന്നുനീങ്ങി. വീട്ടുമുറ്റത്ത് സാമിനെ കിടത്തിയപ്പോള്‍ പിന്നെയും കേട്ടു ആ വൈകാരികമായ മുദ്രാവാക്യം. അത് സഹോദരനും സൈനികനുമായ മാത്യു എബ്രഹാമിൻറെ വകയായിരുന്നു… കണ്ണുനിറഞ്ഞുപോയ നിമിഷങ്ങള്‍…
കണ്ണീര്‍പ്പാടായി അവള്‍..
അപ്പോഴും എൻറെ കണ്ണുതിരഞ്ഞത് എയ്ഞ്ചലിനെയാണ്. സാമിൻറെ രണ്ടരവയസുള്ള മകള്‍. അവള്‍ മുറിയില്‍ നിന്ന് മുറ്റത്തേക്ക് വന്നു. ഒരു പട്ടാളക്കാരന്‍ അവളെയെടുത്ത് അച്ഛനരികിലേക്ക് കൊണ്ടുപോയി. അടുത്തുനിന്ന് കാണിച്ചുകൊടുത്തു. കണ്ടുനിന്ന സ്ത്രീകളില്‍ പലരും സാരിത്തുമ്പുകൊണ്ട് അവരവരുടെ ചുണ്ടിലെ വിതുമ്പല്‍ മറച്ചു. ചിലര്‍ കണ്ണുതുടച്ചു. ചേതനയറ്റ ആ ദേഹത്തോട് പക്ഷേ എയ്ഞ്ചലിന് ഒരടുപ്പവും തോന്നിക്കണ്ടില്ല. അല്ലെങ്കില്‍ അച്ഛനുറങ്ങുകയാണ്, ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചുകാണും. അതെ, അങ്ങിനെത്തന്നെ തോന്നാനാണ് സാധ്യത. കാരണം നമ്മളെല്ലാം സ്വസ്ഥമായി ഉറങ്ങാന്‍വേണ്ടി ഉണര്‍ന്നിരുന്നൊരു അച്ഛന്റെ മകളാണവള്‍..!
ഉച്ചകഴിഞ്ഞതോടെ മൃതദേഹം വീണ്ടും സൈനിക വാഹനത്തില്‍ കയറ്റി. ഇനി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്കാണ്. വിലാപയാത്രയായി നൂറുകണക്കിനുപേര്‍ അവിടെയെത്തുമ്പോള്‍ അതിലേറെ ആളുകള്‍ പള്ളിമുറ്റത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മൂവര്‍ണക്കൊടി മൂടിയ ഒരു ഭൗതികദേഹം കടന്നുപോയി. പളളിയില്‍ മതപരമായ ചടങ്ങുകള്‍ തുടങ്ങി. അകത്തുനിന്നുള്ള ദൃശ്യങ്ങള്‍ തല്‍സമയം കാണാന്‍ പുറത്ത് സൗകര്യം ഒരുക്കിയിരുന്നു. വലിയ സ്‌ക്രീനില്‍ എയ്ഞ്ചലിനെ കാണാം. അവളുടെ തലമുടിയില്‍ ആരോ തലോടുന്നുണ്ട്. ഓമനിക്കുന്നുണ്ട്. ആ കാഴ്ച പതിഞ്ഞവരെല്ലാം മനസുകൊണ്ട് ചെയ്യുന്നതും അതുതന്നെയായിരുന്നു…
പതറാതെ അവൻറെ പാതി..
ചടങ്ങുകള്‍ കഴിഞ്ഞ് മൃതദേഹം പുറത്തേക്ക് എടുത്തു. പള്ളിമുറ്റത്ത് സൈന്യത്തിൻറെ ഔദ്യോഗിക ബഹുമതി നല്‍കുകയാണ്. സാമിൻറെ ഭാര്യ അനുവിനെ അടുത്തേക്ക് കൊണ്ടുവന്നു. അവര്‍ക്ക് ഇരിക്കാന്‍ ഒരു കസേര നല്‍കി. ശത്രുപക്ഷത്തിൻറെ നെഞ്ചിലേക്കെന്നോണം സൈന്യം ആചാരവെടി മുഴങ്ങി. പിന്നെ ആകെ നിശബ്ദത… രണ്ടാമതും ആകാശത്തേക്ക് വെടിയുതിര്‍ത്തു. ശ്വാസമടക്കിപ്പിടിച്ച് ഈ കാഴ്ചകളിലേക്ക് ഏവരും ഉറ്റുനോക്കുമ്പോള്‍ പുറകില്‍നിന്നെവിടെ നിന്നോ വീണ്ടും ആ ധ്വനികള്‍ ഉയര്‍ന്നു. ‘ഭാരത് മാതാ കീ…’ ചോരതിളച്ച മനസുമായി ഉച്ചത്തില്‍ ഉയര്‍ന്നു ജയ് വിളികള്‍. ഒരു പട്ടാളക്കാരന്‍ വന്ന് നാടിൻറെ വീരപുത്രനെ പുതപ്പിച്ച ദേശീയപതാക മടക്കിയെടുത്ത് ഭാര്യ അനുവിനെ ഏല്‍പ്പിച്ചു. അവരുടെ ക്ലോസ് വിഷ്വലുകളിലേക്ക് എൻറെ ക്യാമാറാമാന്‍ സഞ്ജീവ് സുകുമാര്‍ ക്യാമറ പായിച്ചു. അനുവിൻറെ തേങ്ങലാണ് ഈ രാജ്യത്തിൻറെ ദുഃഖം. അതുപകര്‍ത്തണം. പക്ഷേ അവര്‍ പതറിയില്ല, വിതുമ്പിയില്ല. ആരാലും കരഞ്ഞുപോകുമായിരുന്ന ആ നിമിഷത്തില്‍ അവര്‍ ധീരതയോടെ നിന്നു. കരയരുത് സഹോദരി, നിങ്ങളുടെ ഉദരത്തില്‍ വളരുന്ന എട്ടുമാസം വളര്‍ച്ചയുള്ളൊരു കുഞ്ഞ് കരയാത്ത, പതറാത്ത, തളരാത്തൊരു ധീരൻറെ ചോരയാണ്…
വൈകീട്ട് നാലുമണികഴിഞ്ഞ് മാവേലിക്കരയില്‍നിന്ന് തിരിച്ചുപോരുമ്പോഴാണ് ഞാന്‍ ഓര്‍ത്തത്. നേരമിത്രയായിട്ടും ഒന്നും കഴിച്ചില്ലല്ലോ. രാവിലെ എപ്പോഴോ വിശന്നിരുന്നു. പിന്നെയെന്തു സംഭവിച്ചു? വിശപ്പും ദാഹവും മറന്നുപോയോ? ബുള്ളറ്റ് പ്രൂഫ് ധരിച്ച് ശത്രുവിനെതിരെ നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇടത്തേകയ്യിനു താഴെയുള്ള ഒഴിവിലൂടെ നെഞ്ചിലേക്ക് ചെന്നുതറച്ച തിരയാണ് സാമിൻറെ ജീവനെടുത്തത്… നാലുമണിക്കൂറോളം നീണ്ട കനത്ത വെടിവെപ്പിനിടയില്‍ വെടിയേറ്റുവീണ സാമിനെ അവിടെനിന്ന് മാറ്റുകപോലും പ്രയാസമായിരുന്നു. എങ്കിലും പ്രാണനുവേണ്ടി പിടഞ്ഞ ആ ധീരജവാന് ആവശ്യമായ ശുശ്രൂഷ നല്‍കിയെന്നാണ് സൈന്യം അറിയിച്ചത്. പ്രിയ സഹോദരാ, നിങ്ങള്‍ അനുഭവിച്ച മരണവേദനയ്ക്ക് മുന്നില്‍ രണ്ടുനേരത്തെ വിശപ്പിനെക്കുറിച്ചോര്‍ത്ത എന്നോട് ക്ഷമിക്കുക..!
സാം നിങ്ങളെത്ര ഭാഗ്യവാനാണ്. വഴിവക്കില്‍ രാഷട്രീയതിമിരം പിടിച്ചവൻറെ പീച്ചാത്തികുത്തേറ്റല്ല താങ്കള്‍ മരണപ്പെട്ടത്. മതഭ്രാന്തന്മാരുടെ ഊരുവിലക്കുകളില്‍പെട്ട് ആത്മഹത്യചെയ്തതുമല്ല. അശോകചക്രാങ്കിതമായൊരു മൂവര്‍ണക്കൊടി നെഞ്ചിലേറ്റിയാണ് നിത്യനിദ്രയിലേക്ക് നീങ്ങുന്നത്. നിങ്ങളുയര്‍ത്തിയ മൂവര്‍ണക്കൊടി ഞങ്ങളിതാ വന്നേറ്റുപിടിക്കുന്നു. പ്രിയ സഹോദരാ, രണ്ടുമാസങ്ങള്‍ക്കപ്പുറം അനു നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കും. നിങ്ങള്‍ക്ക് മരണമില്ല..! വന്ദേമാതരം….
നെടുമങ്ങാട് : പച്ചില മരുന്നുകളുടെ കാവലാളിന് രാജ്യത്തിന്റെ ആദരം. ആദിവാസി ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്. ലക്ഷ്മികുട്ടി അമ്മയ്ക്ക് നാട്ടു വൈദ്യത്തിനാണ് പത്മശ്രീ ലഭിച്ചത്.
പൊന്മുടി റോഡില്‍ വിതുരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെ നിന്ന് വീണ്ടും രണ്ടുകിലോമീറ്റര്‍ താണ്ടിയാല്‍ ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുകയായി. ആദിവാസി സെറ്റില്‍മെന്റല്‍ കൊടുംകാട്ടില്‍ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട്. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്.
പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭ, ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി തുടങ്ങി നിരവധിയാണ് ഇവരുടെ വിശേഷങ്ങള്‍. ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്ബോഴാണ് കൗതുകം.
1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിയെത്തി. വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു അത്. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്ബുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നത് ഏറെ പ്രശസ്തമായി.
ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കരിന്തേള്‍, കടുവാചിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ട്. ഒന്നും നട്ടുപിടിപ്പിക്കുന്നതല്ല. എല്ലാം വനത്തില്‍നിന്നും എടുക്കുന്നതു തന്നെ.
ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഗന്ധവും, സുഗന്ധവും മാത്രമല്ല അതിന്റെ പ്രായോഗികരീതികളും ലക്ഷ്മിക്ക് കാണാപ്പാഠമാണ്.
അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി ‘കാട്ടറിവുകള്‍’ എന്ന പുസ്തകമിറങ്ങിയത്.
ന്യൂഡല്‍ഹി: പ്രതിഷേധവും അക്രമവും തുടരുന്നതിനിടെ റിലീസ് ചെയ്ത സഞ്ജയ് ലീല ഭന്‍സാലി ചിത്രം പത്മാവത് ആദ്യ ദിനം കണ്ടത് പത്തുലക്ഷം പേരെന്ന് നിര്‍മ്മാതാക്കള്‍. ഭീഷണിയും പ്രതിഷേധവും മുന്‍ കണ്ട് കനത്ത സുരക്ഷയിലാണ് ചിത്രം റിലീസ് ചെയ്തത്. ദക്ഷിണേന്ത്യയില്‍ 600 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ഭീഷണിയെ തുടര്‍ന്ന് രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ റിലീസിങ് നടന്നില്ല. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭാഗികമായിരുന്നു റിലീസിങ്. ഉത്തര്‍പ്രദേശില്‍ കര്‍ണി സേന തിയേറ്ററുകള്‍ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചിത്രം കാണരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് നേരെ വ്യപക അക്രമമുണ്ടായി. കേരളത്തില്‍ റിലീസിങ് സമാധാനപരമായിരുന്നു. അതിനിടെ, സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച നാല് സംസ്ഥാന സര്‍ക്കാറുകള്‍ക്കും അക്രമം നടത്തിയ ശ്രീ രാഷ്ട്രീയ രജ്പുത് കര്ണിസേനക്കുമെതിരെ കോടതിയലക്ഷ്യക്കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകന് വിനീത് ധണ്ട, കോണ്‍ഗ്രസ് അനുഭാവി തഹ്സീന് പൂനവാല എന്നിവരാണ് ഹരജിക്കാര്‍. ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ െബഞ്ച് വ്യക്തമാക്കി.
തിരൂര്‍: മലപ്പുറം തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുര്‍ പറവണ്ണ സ്വദേശി കാസിമിനാണ് അജ്ഞാതരുടെ വെട്ടേറ്റത്. മാരകമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാലക്കാട്: ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് സംഭവം. സര്‍ക്കുലര്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് നടപടി.
വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്ക് കീഴിലായത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഇന്നലെ വൈകീട്ട് പാലക്കാട് എത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ പാലക്കാട് നടക്കുന്ന നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ നടപടി വിവാദമായിരുന്നു. മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമെന്ന നേരത്തെ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് 14ന് രാത്രി ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് വകവെക്കാതെ സ്‌കൂള്‍ അധികൃതര്‍ മോഹന്‍ ഭഗവതിനെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ നടത്തി. നോട്ടീസ് ലംഘനം നടത്തിയ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടന്ന റിപബ്ലിക്ക് ദിന ചടങ്ങില്‍ മോഹന്‍ ഭഗവതിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചേര്‍ത്തല: പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ മുട്ട് മടക്കാതെ നീതിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന അനുപമ… വാർത്തകളിൽ അല്ല മറിച്ച് പ്രവർത്തനങ്ങളിൽ മറ്റുള്ളവക്ക് മാതൃകയായ പെൺപുലി കളക്ടർ അനുപമ… ഇങ്ങനെ ഒരുപാട് പേരുടെ ആരാധനാപാത്രമായ കളക്ടർ… എന്നാൽ കെവിഎം ആശുപത്രിയില്‍ നേഴ്‌സുമാരുടെ സമരത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപയ്ക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്. സമരത്തില്‍ പങ്കെടുക്കുന്ന ജിജി ജേക്കബാണ് കളക്ടര്‍ക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. അത് ഇങ്ങനെ..
കളക്ടര്‍ മാഡത്തിനു ഒരു തുറന്ന കത്ത്,
പെണ്‍ പുലിയായിരുന്ന കളക്ടര്‍ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ? ഉള്ളില്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു പേരാണ് അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരു പേരാണ് കളക്ടര്‍ അനുപമ ! കുത്തകകളുടെ ഭക്ഷ്യ മായം കണ്ടു പിടിച്ചു നടപടി എടുത്ത വീര ശൂര ,മന്ത്രിയെ കസേരയില്‍ നിന്ന് വലിച്ചു വാരി താഴെയിടാന്‍ പോന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ധീര ,ചുരുക്കി പറഞ്ഞാല്‍ ആരുടെ മുന്നിലും തലകുനിക്കാത്ത പെണ്‍ പുലി ,..ഇതൊക്കെയാണ് എന്റെയും എന്നെ പോലത്തെ ഒരുപാട് പേരുടെയും മനസ്സില്‍ അനുപമ എന്ന ആലപ്പുഴ ജില്ലാ കളക്ടറെ കുറിച്ചുള്ള സങ്കല്പം …
ഇപ്പൊ എന്ത് പറ്റി എന്നാണ് ചോദ്യമെങ്കില്‍ പറയാന്‍ ചിലതൊക്കെ എന്റെ കയ്യിലുണ്ട്. ചേര്‍ത്തല കെവിഎമ്മില്‍ നേഴ്‌സുമാര്‍ സമരം തുടങ്ങിയിട്ടിപ്പോ നൂറ്റമ്പത്തഞ്ചു ദിവസം ആവുകയാണ് .ഈ മാഡത്തിന്റെ അധികാര പരിധിയിലാണ് സമരം നടക്കുന്ന ആശുപത്രി .ഉള്ളത് പറയണമല്ലോ ആദ്യ നാളുകളില്‍ കളക്ടര്‍ മാം അല്ലെങ്കില്‍ കളക്ടര്‍ ചേച്ചി കട്ട സപ്പോര്‍ട്ടും ആയിരുന്നു. ഞങ്ങളുടെ സമര പന്തല്‍ സന്ദര്ശിച്ചപ്പോ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു …
സമരത്തില്‍ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയര്‍മാര്‍ തല ഉയര്‍ത്തി തന്നെ ഇരുന്നു. കാരണം ജില്ല ഭരിക്കുന്നത് ഞങ്ങളില്‍ ഒരാളാണ് …പെണ്‍ പുലി ..ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ല എന്ന് പറയുന്നതാണ് സത്യം. ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീര്‍ക്കാന്‍ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചര്‍ച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാന്‍ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു
സമരം തീര്‍ക്കാന്‍ ശക്തമായ നിലപാട് മാഡം ആ യോഗത്തില്‍ എടുത്തു .എന്നാല്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ മാഡത്തിന്റെ മേശയില്‍ ആഞ്ഞടിച്ചു ഞങ്ങള്‍ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാന്‍ പറഞ്ഞു വെല്ലു വിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടര്‍ക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരല്‍ അനക്കാന്‍ പിന്നീട് കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല ..
കുറച്ചു കാലം അടച്ചിട്ടവര്‍ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങള്‍ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങള്‍ പെണ്‍ പുലിയില്‍ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചം. ഇപ്പൊ ചരിത്ര പുസ്തകത്തിലെ ,അല്ലെങ്കില്‍ വായിച്ചു മറന്ന ഫാന്റസി കഥകളിലെ ചിതലരിച്ച കഥാപാത്രങ്ങളായി ഇവരൊക്കെ ഞങ്ങളുടെ മനസ്സില്‍ രൂപ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴില്‍ നിയമങ്ങള്‍ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതര്‍ക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല ,ഉത്തരവിടുന്ന പേന മഷി ചുരത്തുന്നില്ല …
അപ്പൊ മാഞ്ഞു പോയ മന്ത്രിയെക്കാള്‍ ബലമുള്ള ആരോ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇതിലിടപെടുന്നുണ്ട് ! കുറച്ചു കൂടെ സ്വാധീനമുള്ള ഒരാള്‍ ..കളക്ടര്‍ക്കും മീതെ ,കളക്ടര്‍ക്ക് പേടിക്കാവുന്ന ഒരാള്‍ ..അതാരാവും …? മാഡം ,താങ്കളെ പോലുള്ളവര്‍ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാല്‍ ഞങ്ങളെ പോലുള്ളവര്‍ ആരെ ആശ്രയിക്കും വിശ്വസിക്കും ..അത് കൂടി പറഞ്ഞു തരൂ …മാഡം വീണ്ടും ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് ആ പഴയ പെണ്‍ സിംഹമായി ഉയിര്‍ത്തെഴുനേറ്റിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ …
കൊച്ചി: എം. സ്വരാജ് എം.എല്‍.എയ്ക്കൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്ത് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ ഡിജിപിക്ക് പരാതി നല്‍കി. തന്റെയും എം.എല്‍.എയുടേയും ചിത്രം ഉപയോഗിച്ച് ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നുവെന്നാണ് ഷാനിയുടെ പരാതി.
അപവാദ പ്രചരണം തന്റെ അന്തസിനേയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയേയും ബാധിക്കുന്നുവെന്നും പ്രസ്തുത നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു. അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ലിങ്കുകള്‍ സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്.
ഷാനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഡി.ജി.പിക്ക് നല്‍കിയ പരാതി
_______________________
സര്‍,
ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.
ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. 60 കാരിയായ വയോധികക്ക് നേരെ അക്രമി സംഘം നിറയൊഴിച്ചത് 10 തവണ. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ മൊഴി കൊടുക്കാനിരിക്കെയാണ് 60 കാരിയായ നിചേതര്‍ കൗറും മകന്‍ ബല്‍വിന്ദറും കൊല്ലപ്പെട്ടത്.
വീടിന് പുറത്ത് അയല്‍വാസിയായ സ്ത്രീയോടപ്പം സംസാരിച്ചിരിക്കുമ്പോഴാണ് മൂന്ന് പേരടങ്ങിയ അക്രമി സംഘം നിചേതര്‍ കൗറിനു നേരെ വെടിയുതിര്‍ത്തത്. അക്രമിസംഘത്തിലൊരാള്‍ നിചേതറിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. ആറ് തവണ തുടര്‍ച്ചയായി വെടിവച്ചശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയോട് എഴുന്നേറ്റ് പോകാന്‍ അക്രമിസംഘം ആവശ്യപ്പെട്ടു.
വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് സമീപത്ത് വെച്ചാണ് നിചേതറിന്റെ മകന്‍ ബല്‍വിന്ദറിന് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് നിചേതറിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ചില അകന്ന ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് സാക്ഷിപറയാനിരിക്കെയാണ് ഇരുവരും കൊല്ലപ്പെട്ടത്.
എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ടീസര്‍ പുറത്തിറക്കി സിപിഐ. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളം പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു വരുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ അവതരിപ്പിക്കുന്നതാണ് ടീസര്‍. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതാരകനാകുന്ന ടീസര്‍ സംവിധായകന്‍ എം. പത്മകുമാറാണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി ഗൗതമന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ടീസറിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗോപകുമാറാണ്. ഫെബ്രുവരി 1,2,3,4 തിയ്യതികളില്‍ തൃപ്പൂണിത്തുറയില്‍ വെച്ചാണ് സമ്മേളനം.
ടീസര്‍ കാണാം: