ജെസ്നയുടെ തിരോധാനം നിർണായക വഴിത്തിരിവിലേയ്ക്ക്. ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് വീട്ടുകാർ കരുതുന്നത്. അത് എവിടെയാണെന്ന് കണ്ടെത്താനുള്ള തുമ്പൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ഇതിനിടെ ജെസ്‌നയുടെ തിരോധാനത്തിൽ ചില സംശയങ്ങൾ പിസി ജോർജ് എംഎൽ എ ഉയർത്തി. അതിൽ കഴമ്പില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

അതുകൊണ്ട് തന്നെ ജെസ്‌ന നാടുവിട്ടുവെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട് പോവുകയാണ്. ജെസ്‌നയുടെ യുവ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കൃത്യമായ മറുപടി നൽകുന്നുമില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.

ജെസ്‌നയുമായി ഫോണിൽ സംസാരിച്ചിരുന്ന സുഹൃത്തിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പൊലീസ് ആലോചിക്കുന്നു. ജെസ്‌നയെ കാണാതായതിനു തൊട്ട് മുമ്പ് പോലും ഇയാളുടെ ഫോണിലേക്ക് എസ്എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും ഇയാൾ ഒന്നും പറഞ്ഞില്ല. പെൺകുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവർത്തിച്ചുള്ള മറുപടി.

ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാൾ പരുന്തുംപാറയിൽ പോയിരുന്നതായും പൊലീസ് സൂചന നൽകി. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യും. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കാൻ നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം.