India

ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാതം മിത്താണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് തമിഴ് സിനിമാ താരം പ്രകാശ് രാജ്. കേന്ദ്രമന്ത്രി സത്യപാല്‍സിങിന്റെ അഭിപ്രായത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പരിഹസിച്ചത്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം.

കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിക്ക് മനുഷ്യന്‍ കുരങ്ങനാവുന്നതും ശിലായുഗത്തിലേക്ക് കൊണ്ടു പോകുന്നതും നിഷേധിക്കാനാവുമോ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തെ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കേന്ദ്രമന്ത്രി സത്യപാല്‍സിങിനെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.

‘കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സാറെ, വിപരീത കാര്യത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ. അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’, പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന കൊടും ഭീകരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്‌ഫോടന പരമ്പരയുള്‍പ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇന്ത്യന്‍ മൂജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയുടെ സഹസ്ഥാപകനും കൂടിയാണ് ഇയാള്‍.

2008 ജൂലൈയിലും സെപ്റ്റംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയ്ക്ക് വേണ്ടി ബോംബ് നിര്‍മ്മിച്ചു നല്‍കുന്നവരില്‍ പ്രധാനിയാണ് ഖുറേഷി. 2007നും 2008നും ഇടയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളില്‍ ഒന്നാമതാണ്.

നേരത്തെ ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിമിയുമായി അടുത്ത ബന്ധമുള്ള ഖുറേഷി കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗമണ്ണില്‍ നടന്ന സിമിയുടെ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം.

ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് സൈബര്‍ ആക്രമണം നടത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ നീക്കത്തെ തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുള്ള അക്കൗണ്ടുകളില്‍ കടന്നു കയറാന്‍ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയ സൈനികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഹാക്കിംഗ് ശ്രമം പരജയപ്പെടുത്താനായത്.

തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ നിരന്തരം നടക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാക്കിംഗ് ശ്രമം മനസ്സിലാക്കിയ സൈനികന്‍ മറ്റോരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഹാക്കര്‍മാരെ തുരത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ നേടിയ ജവാനാണ് ഉദ്യോഗസ്ഥന്റെ സഹായത്തിന് എത്തിയത്. ഇരുവരുടെയും പേരുവിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു.

ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് നിരവധി പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

കൊച്ചി: പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. സ്നേഹത്തോടെ സിദ്ദിഖ്  എന്നാണ് ഫേസ്ബുക്കില്‍ സിദ്ദിഖ് എഴുതിയിരിക്കുന്നത്.

ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്ബാടി ക്ഷേത്രത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കള്‍ക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

ചലച്ചിത്ര മേഖലയില്‍ നിന്നും മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, നവ്യ നായര്‍, ലെന, മിയ, മിഥുന്‍, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹന്‍ തുടങ്ങിയവര്‍ റിസെപ്ഷനില്‍ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ലുലു കണ്‍വെന്‍ഷന്‍ സെന്റരില്‍ റിസപ്ഷെന്‍ നടത്തും. ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കുന്ന റിസെപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഗുഡ്ഗാവ്: ആകാശത്ത് നിന്ന് വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് പതിച്ച വസ്തു ഫ്രിഡ്ജിലും മറ്റും എടുത്ത് സൂക്ഷിച്ചുവെച്ചവര്‍ നെട്ടോട്ടത്തില്‍. ഗുഡ്ഗാവിന് സമീപം ഫാസില്‍പൂര്‍ ഗ്രാമത്തിലാണ് ആകാശത്ത് നിന്ന് ഒരു പെട്ടിയുടെ രൂപത്തിലുള്ള വസ്തു പതിച്ചത്. സംഭവം ബോംബോ മറ്റോ ആണെന്നു കരുതി ഗ്രാമ വാസികള്‍ പരിഭ്രാന്തരായി. അടുത്ത ഗ്രാമത്തില്‍ നിന്ന് വരെ നിരവധി ആളുകളാണ് ആകാശത്ത് നിന്ന് വീണ പെട്ടി കാണാന്‍ ഗ്രാമത്തില്‍ എത്തിയത്.

ആളുകള്‍ കൂടിയതോടെ എന്താണ് പെട്ടിയിലെന്നറിയാന്‍ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ഇതോടെ ജില്ലാ വകുപ്പിന്റെ നിര്‍ദേശപ്രകാരം കാലാവസ്ഥാ നീരിക്ഷണ വകുപ്പിലേയും ദുരന്ത നിവാരണ സംഘത്തിലേയും ഏതാനും അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പരിശോധനാ സംഘത്തെ അധികൃതര്‍ ഗ്രാമത്തിലേക്ക് അയച്ചു. അന്വേഷണ സംഘം എത്തുന്നതിനു മുന്‍പ് അന്യഗ്രഹത്തില്‍ നിന്ന് വന്ന അദ്ഭുത വസ്തുവാണെന്ന് വരെ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതോടെ ഐസ് പോലുള്ള വസ്തു പൊട്ടിച്ച് പലരും വീടുകളിലേക്ക് കൊണ്ടുപോയിരുന്നു. ഇവര്‍ ഇതിന്റെ കഷണങ്ങള്‍ ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുകയും ചെയ്തു.

എന്നാല്‍ അന്വേഷണ സംഘം എത്തിയതോടെ കാര്യങ്ങളില്‍ വ്യക്തത വന്നു. വിമാനത്തില്‍ നിന്നും താഴെ വീണ മനുഷ്യവിസര്‍ജ്യമാണ് (frozen human waste) ഗ്രാമത്തിലെത്തിയ ‘അത്ഭുത വസ്തു’ എന്നായിരുന്നു പരിശോധന സംഘം കണ്ടെത്തിയത്. ബ്ലൂ ഐസ് എന്നാണ് വിമാനങ്ങളില്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന വിസര്‍ജ്യത്തെ വിളിക്കുന്നത്. വിമാനത്തില്‍ നിന്ന് അബദ്ധവശാല്‍ താഴെ വീണതായിരിക്കാം ഇതെന്നാണ് നിഗമനം.

കെട്ടിടനികുതി നിശ്ചയിക്കുന്നതിന്റെ ഭാഗമായി വീട് അളക്കാനെത്തിയ വില്ലേജ് ഓഫിസറെയും ജീവനക്കാരനെയും കെട്ടിടയുടമ മർദിച്ചു. മർദനമേറ്റ കുളത്തുമ്മൽ വില്ലേജ് ഓഫിസർ ഇബനീസർ, ഫീൽഡ് അസിസ്റ്റന്റ് രതീഷ്കുമാർ എന്നിവരെ കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം.റവന്യു വകുപ്പിനു ലഭിക്കേണ്ട കെട്ടിടനികുതി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണു വില്ലേജ് ഓഫിസറും സംഘവും എട്ടിരുത്തി ബർമാറോഡിലുള്ള എഎം ഹൗസിൽ ഷഹറുദീന്റെ വീട്ടിലെത്തിയത്. വീട് അളക്കുന്നതിനിടെ ഭാര്യ അറിയിച്ചതിനെത്തുടർന്ന് ഷഹറുദീൻ വീട്ടിലെത്തി. വന്നപാടെ വീട് അളക്കുകയായിരുന്ന വില്ലേജ് ഓഫിസറെ മർദിച്ചു.

ഒപ്പമുണ്ടായിരുന്ന ഫീൽഡ് അസിസ്റ്റന്റ് രതീഷിനും മർദനമേറ്റു. ടേപ്പ് വലിച്ചു പൊട്ടിച്ച്, കഴുത്തിനു കുത്തിപ്പിടിച്ച് വീടിനു പുറത്താക്കുകയായിരുന്നു. കെട്ടിടനികുതിയായി റവന്യു വകുപ്പിന് ഒറ്റത്തവണ നൽകേണ്ട നികുതി നിശ്ചയിക്കുന്നതിനു റവന്യു സംഘം വീടുകളിലെത്തുക പതിവാണ്. എത്ര ചതുരശ്ര അടിയാണ് എന്നു കണ്ടെത്തിയാണു നികുതി നിശ്ചയിക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന നികുതി ഒടുക്കേണ്ട ബാധ്യത കെട്ടിടയുടമയ്ക്കുണ്ട്. ഒരുതവണ മാത്രമേ ഇത്തരത്തിൽ നികുതി റവന്യു വകുപ്പിനു നൽകേണ്ടതുള്ളൂ. എന്നാൽ, ഭൂരിഭാഗം പേരും റവന്യു നികുതി ഒടുക്കാറില്ല. സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഇപ്പോൾ റവന്യു സംഘം നികുതി നിർണയത്തിനിറങ്ങിയിട്ടുള്ളത്.

ഒടുക്കലിന്റെ ഭാഗമായാണു റവന്യു അധികൃതർ വീട് അളക്കാനെത്തിയത്. ഇതിനു വില്ലേജ് ഓഫിസർക്കും സംഘത്തിനും മർദനമേറ്റ വീടിനു സമീപത്തെ ഏഴു വീടുകൾക്കു നികുതി നിശ്ചയിക്കാൻ ഇന്നലെ അളവ് നടത്തിയിരുന്നു. ഇവിടെയൊന്നും ചെറുത്തുനിൽപുണ്ടായില്ല. എട്ടാമതാണു മർദനമേറ്റ എഎം ഹൗസിലെത്തിയത്. ഇതേസമയം, ഷഹറുദീന്റെ ഭാര്യ ആൻസി വില്ലേജ് ഓഫിസർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ദുരുദ്ദേശ്യത്തോടെ തന്റെ വീട്ടിലെത്തിയെന്നാണു പരാതിയെന്നു പൊലീസ് പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണു പ്രതിയുടെ പരാതിയെന്നു റവന്യു ജീവനക്കാർ ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ഫെബ്രുവരി ആദ്യവാരം മുതൽ സമരം ആരംഭിക്കും. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് നഴ്സുമാർ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അത്യാഹിത വിഭാ​ഗത്തിലൊഴികെയുള്ള നഴ്സുമാർ സംസ്ഥാനവ്യാപകമായി സമരത്തിൽ പങ്കെടുക്കും.

ചേർത്തല കെവിഎം ആശുപത്രിയിലെ സമരം 154 ദിവസമായി തുടരുകയാണ്. ഇവിടെ 110 നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ആശുപത്രി പാലിച്ചിട്ടില്ലെന്നാണ് നഴ്സുമാരുടെ പരാതി. 7000 രൂപയാണ് മിനിമം ശമ്പളം. ഇത് കൂടാതെ 12 മണിക്കൂർ‌ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.

മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നതെന്നാണ് യുഎന്‍എ വ്യക്തമാക്കി.

ന്യൂഡല്‍ഹി:ശത്രുഘ്‌നന്‍ സിന്‍ഹയും ആം ആദ്മിയിലേയ്‌ക്കോ ? ആശങ്കപ്പെടേണ്ട കാര്യമില്ല, സത്യം ജയിക്കുമെന്ന് പറഞ്ഞുകൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് പിന്നാലെ സമ്മര്‍ദ്ദത്തിലായ ആം ആദ്മി പാര്‍ട്ടിയേയും അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനേയും പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ.
നിലവിലെ പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ ശത്രുഘ്നന്‍ സിന്‍ഹ സ്ഥാപിത താല്‍പര്യങ്ങളുള്ള രാഷ്ട്രീയ കളികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ടു. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം.

എല്ലായിടത്തും നിങ്ങളാണിപ്പോള്‍ ചര്‍ച്ചാ വിഷയം, പിന്നെന്തുകൊണ്ടാണ് നിങ്ങള്‍ ആശങ്കാകുലരാവുന്നത്. എത്രയും പെട്ടന്ന് ആം ആദ്മിക്ക് നീതി ലഭിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചില രാഷ്ട്രീയക്കളികള്‍ക്ക് തങ്ങള്‍ ഇരകളായി എന്നതിന്റെ ഫലമാണ് ആം ആദ്മി എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി നേതൃത്വം ആരോപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയെ പിന്തുണച്ച് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയത്.

ഇരട്ടപ്പദവി ആരോപണത്തെ തുടര്‍ന്നാണ് എഎപിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കമ്മീഷന്റേത് ഏകപക്ഷീയവും പക്ഷാപാത പരവുമാണെന്നും പാര്‍ട്ടിയുടെ ഭാവി ജനങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു കമ്മീഷന്‍ നടപടിയോട് ആം ആദ്മി നേതൃത്വത്തിന്റെ പ്രതികരണം. നീതി തേടി ഞങ്ങള്‍ ജനങ്ങളിലേക്ക് തന്നെയാണ് ഇറങ്ങുന്നത്, തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും എഎപി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു.

ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്‌സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്.

കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ജോലി ചെയ്യുന്നത്. വിയന്നയില്‍ ജോലി ചെയ്യുമ്പോഴാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ഷീലയെ വിവാഹം ചെയ്യുന്നത്. ഇതിനു ശേഷം ഷീലയെ രാജിവെപ്പിച്ച് വിയന്നയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ ജോലി രാജിവെച്ച് ഭര്‍ത്താവിനൊപ്പം പോയ ഷീലയ്ക്ക് അവിടെ ജോലിയും ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ഇവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ വളര്‍ന്നു വന്നു.

ഭാര്യയെ ജോലിക്ക് വിട്ട് ഭര്‍ത്താവ് പണം തട്ടിയെടുക്കുന്നത് പതിവായി മാറി. ശമ്പളമായും മറ്റും ഷീലക്ക് ലഭിച്ചിരുന്ന തുക മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തി. വിദേശത്തുള്ള സമ്പാദ്യം മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തിയെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിക്കുന്നത്. ജോര്‍ജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനില്‍ക്കുകയും മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തെന്നും ഷീല കോടതിയില്‍ ബോധിപ്പിച്ചു. സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റില്‍ നാട്ടില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു.

മറ്റൊരിക്കലും വിദേശത്തു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകളുമായി ജോര്‍ജ്ജ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കടന്നു കളയുകയായിരുന്നു. ഇത് വഴി തനിക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.ജോര്‍ജിന്റെ ബന്ധുക്കള്‍ ഷീലയെയും മകളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായാണ് പലിശസഹിതം ഷീലയ്ക്കും മകള്‍ക്കും രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ ടി.ഗോപകുമാറിന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്. തൂങ്ങിമരിച്ച ലോഡ്ജ് മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ ജീവിക്കാന്‍ കഴിയാത്ത വിധം മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്.

പ്രമോഷന്‍ ലഭിച്ചതിനു ശേഷം കഴിഞ്ഞ ഒരാഴ്ച്ചയായി ഗോപകുമാര്‍ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കണ്ടെടുത്ത നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുറിയിലാണ് കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം താമസിച്ചു വരുന്നത്. ആത്മഹത്യയെക്കുറിച്ച് വീട്ടുകാര്‍ക്ക് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ രാവിലെ ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ നോര്‍ത്ത് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാരാണ് മൃതദേഹം കണ്ടെടുത്തത്. തന്റെ മൃതദേഹം പോലും വിപിന്‍ ദാസിനെയും പീറ്ററിനെയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഗോപകുമാര്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

RECENT POSTS
Copyright © . All rights reserved