മുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ വ്യാജപ്രതിരോധ മരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്പന്‍ഡ് ചെയ്തു. നിപ്പയുടെ പ്രതിരോധ മരുന്നായി മുക്കം, മണാശേരി ഹോമിയോ ഡിസ്പെന്‍സറി വിതരണം ചെയ്ത ഗുളിക കഴിച്ച് മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ ഇത്തരമൊരു പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രാചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. കോഴിക്കോട് ഫറോക്കില്‍ അഞ്ചുപേരും കൊയിലാണ്ടിയില്‍ ഒരാളുമാണ് പിടിയിലായത്.

അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുന്നു. പേരാമ്പയിലെ സൂപ്പികടയില്‍ നിന്നും പിടികൂടിയ പഴംതീനി വവ്വാലുകളില്‍ രോഗബാധക്ക് കാരണമായ വൈറസ് കണ്ടെത്താനായില്ല. കൂടുതല്‍ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നതിനായി ചെൈന്നയില്‍ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട്ടെത്തി.

നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈമാസം 12ലേക്ക് മാറ്റി.

രോഗലക്ഷണങ്ങളുമായി മരിച്ച തലശേരി സ്വദേശി റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു മരിച്ച തലശേരി, തില്ലങ്കേരി സ്വദേശി റോജ. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമായി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 ലേയ്ക്ക് നീട്ടി‌. ഈമാസം അഞ്ചിന് തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.