India

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് കൂട്ട് നിന്നത് പോലീസാണെന്ന് കെവിന്‍ ജോസഫിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. കെവിനൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടു പോയ ആളാണ് അനീഷ്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനീഷിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മുഖ്യപ്രതി ഷാനുചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ചിരുന്നുവെന്നും കാര്യങ്ങള്‍ തിരക്കിയതായും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസുകാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും അനീഷ് ആരോപിച്ചു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പോലീസുകാര്‍ക്ക് 10000രൂപ നല്‍കിയതായി പറയുന്നത് കേട്ടതായും അനീഷ് വ്യക്തമാക്കി. വീടാക്രമിക്കുമ്പോള്‍ എസ്‌ഐ തോട്ടടുത്തുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ അനാസ്ഥ മൂലമാണ് കെവിന്‍ കൊല്ലപ്പെട്ടതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കോട്ടയം എസ്പി മുഹമ്മദ് റഫീഖിന് സ്ഥലം മാറ്റുകയും ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

കെവിന്റെ മരണത്തിനിടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമനടപടികളും വകുപ്പുതല നടപടികളുമുണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. കൊച്ചി റേഞ്ച് ഐജിയാണ് പോലീസിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുക. വരും ദിവസങ്ങളില്‍ പോലീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.

ബെംഗളൂരു: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാല’ കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. രജനീകാന്ത് കാവേരി വിഷയത്തില്‍ കര്‍ണാടകയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ‘കാല’യ്‌ക്കെതിരേ കന്നഡസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ കന്നഡ സംഘടനകളുടെ പരാതികള്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സാരാ ഗോവിന്ദ് വ്യക്തമാക്കി.

നടനെന്ന നിലയില്‍ രജനീകാന്ത് കാവേരി വിഷയത്തില്‍ യുക്തിപൂര്‍വം ഇടപെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിലേക്ക് വന്നതിനുശേഷം കര്‍ണാടകയ്‌ക്കെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും സംഘടനകള്‍ ആരോപിച്ചു.

കാവേരി വിഷയത്തില്‍ തമിഴ്‌നടന്‍ സത്യരാജിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ബാഹുബലി ഇറങ്ങിയ സമയത്തും ഈ സംഘടനകള്‍ എതിര്‍ത്തിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി മാപ്പു പറഞ്ഞതിനെത്തുടര്‍ന്നാണ് ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചത്.

ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിൻ പി.ജോസഫിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. കെവിന് അന്തിമോചാരമർപ്പിക്കാൻ നിരവധി പേരാണ് നട്ടാശേരിയിലെ വാടക വീട്ടിലേക്ക് എത്തുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പത്തരയോടെയാണ് അവസാനിച്ചത്. പൊതുദർശനത്തിനുശേഷം വൈകിട്ട് മൂന്നോടെ മൃതദേഹം സംസ്കരിക്കും.

സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെവിന്റെ പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലും രാഷ്ട്രീയ പാർട്ടികളുടെയും ദലിത് സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായി.

കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെയുളള ബാക്കിയുളള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ സഹോദരൻ സാനുവിന്റെ സുഹൃത്ത് ഇഷാൻ, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.

കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 14 പേർ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്‌ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മലല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.

വീഡിയോ കടപ്പാട് മാതൃഭൂമി ന്യൂസ്

ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫ് മുങ്ങി മരിച്ചതായിരിക്കാമെന്ന് പോസ്റ്റ്മോർട്ട്ം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട് ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം. പ്രതികൾ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.

തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ സഹോദരന്‍ ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്‍ക്കടയിലെത്തിയ ശേഷം നാഗര്‍കോവിലിലേക്ക് കടന്നതയാണ് വിവര. ഇതുവരെ പിടിയിലായത് മൂന്ന് പ്രതികൾ . ഷാനു വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത നീനുവിന് താങ്ങായി കെവിന്റെ വീട്ടുകാര്‍ മാത്രം

കോട്ടയം: താന്‍ കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്ന് നീനു. ഇവിടെ നിന്ന് തന്നെ ആരും കൊണ്ടുപോകരുതെന്നും നീനു പറഞ്ഞു. കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേസില്‍ ഇപ്പോള്‍ പിടിയിലായ നിയാസും മറ്റു ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും നീനു പറഞ്ഞു.

കെവിന്റെ കൊല ആസൂത്രിതമാണെന്ന് പിതാവ് രാജനും പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളോളം കോട്ടയത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ സഹായിച്ചതായി സംശയമുണ്ടെന്നും രാജന്‍ വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇയാള്‍ അന്ന് വന്ന അതേ ഇന്നോവയില്‍ തന്നെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍തന്നെയാണ് തീരുമാനമെന്നും രാജന്‍ അറിയിച്ചു.

കെവിന്റെ മരണത്തിനു കാരണമായ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. യുഡ്എഫ്, ബിജെപി, സിഎസ്ഡിഎസ്, കെപിഎംഎസ് പുന്നല വിഭാഗം തുടങ്ങിയവരാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര്‍ അറിയുന്നത് പ്രശ്‌നം ഉണ്ടായപ്പോള്‍. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര്‍ കുറവുള്ള ആളുമായ കെവിന്‍ പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര്‍ വിവാഹം ചെയ്തതും പ്രശ്‌നങ്ങള്‍ ഉണ്ടായതും.

അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല്‍ റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള്‍ കല്യാണമാണെന്നും കാര്യങ്ങള്‍ നേരില്‍  കാണുമ്പോൾ  പറയാമെന്നും കെവിന്‍ പറഞ്ഞു. പിന്നീട് സ്വിച്ച്‌ ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല.  ഫോണ്‍ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി  വീട്ടിലായിരുന്നു കെവിന്റെ താമസം.

കൊല്ലം തെന്മലയില്‍നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച്‌ യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്‍നിന്നു പോലും കെവിന്‍ ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്‌. മൗണ്ടില്‍ ടൂവീലര്‍ വര്‍ക്‌ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്‍) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്‌ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള്‍ ചെയ്യുകയായിരുന്ന കെവിന്‍ ഏതാനും നാള്‍  മുൻപ് ദുബായിലേക്ക് പോയത്.

സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന്‍ നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില്‍ നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര്‍ വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.

നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില്‍ അറിയിച്ചതോടെ  ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ നീനുവിനെ പോലീസിന്റെ മുന്നില്‍ മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.

കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്‍ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ്.

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട കോട്ടയത്ത് സംഘര്‍ഷവും നാടകീയ രംഗങ്ങളും. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പിക്കുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റഫീഖിനെ അടിക്കുകയും ചെയ്തു. തിരുവഞ്ചൂരും ഐജി വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി.

പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. വന്‍ പ്രതിഷേധത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം ഗാന്ധി നഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപവാസം തുടങ്ങി.

ഇതോടെ പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി വളരുകയാണ്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത്.

തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പിയെയും മാറ്റിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനാണ് സസ്പെൻഷൻ. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തുകയും ചെയ്തു. പൊലിസ് ആസ്ഥാനത്തെ എഐജി ഹരിശങ്കർ കോട്ടയം എസ്പി.

പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ നവവരന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്‍റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം.

മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം നീനുചാക്കോ ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നീനുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂര്‍: മകനെ അന്വേഷിച്ച് വീട്ടിലെത്തിയ ഗുണ്ടാസംഘം അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ഇരിങ്ങാലക്കുട മൊന്തച്ചാലില്‍ വിജയനെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്നാണ് കരുതുന്നത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബൈക്കിലെത്തി വിജയന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ഇവരുടെ മകനെ തിരക്കുകയായിരുന്നു. എന്നാല്‍ ആ സമയത്ത് വിജയന്റെ മകന്‍ വിനു അവിടെ ഉണ്ടായിരുന്നില്ല. ഗുണ്ടകള്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ ശ്രമിച്ച വിജയനെ ഇവര്‍ വാളുകൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. വീട്ടിലുണ്ടായിരുന്ന അംബികയുടെ അമ്മയെയും ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച്ച വൈകുന്നേരം ഇരിങ്ങാലക്കുട ടൗണില്‍ വെച്ച് വിനു ചിലരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാത്രി ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നതായി വിനുവിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട കെഎസ്ഇ ഉദ്യോഗസ്ഥനാണ് മരിച്ച വിജയന്‍.

കർണാടകയിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ എംഎൽഎ സിദ്ധു ബി ന്യാംഗൗഡ ആണ് മരിച്ചത്. ഗോവയിൽ നിന്നും ബാഗൽകോട്ടിലേക്കുള്ള യാത്രക്കിടെ എംഎൽഎ യുടെ വാഹനം തുളസിഗിരിയിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം.

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്‌സ് എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റത്.

മന്ത്രിപത്‌നിക്കായി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിമാസം 35000 രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും ഏഴു സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.

മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മുന്‍പ് സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നു.

ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

 

RECENT POSTS
Copyright © . All rights reserved