ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.
അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും മുതിര്‍ന്ന നേതാക്കളുമായും ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കുമാര്‍ വിശ്വാസിനെ പാര്‍ട്ടി തളളിയത്.
സത്യം പറയുന്നത് കൊണ്ടാണ് രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്.
മുംബൈ: പുണെക്കടുത്ത കൊരെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദില്‍ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. മുംബൈ മെട്രോ സര്‍വീസും തടസ്സപ്പെടുത്തി. നിരവധി ബസുകള്‍ തകര്‍ത്തു. സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല.
ബന്ദ് മൂലം വിമാനത്താവളത്തില്‍ എത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂര്‍ണ്ണമാണ്.
വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.
21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷം തടയാനായി നിയോഗിച്ചിരിക്കുന്നത്.
ചികിത്സ നിഷേധിച്ചതു മൂലം മരണത്തിനു കീഴടങ്ങിയ യുവതിയുടെ കുടുംബത്തിനു കാണേണ്ടി വന്നത് അതിധാരുണമായ രംഗങ്ങള്‍. ചിത്തിസ്ഗഡ് റായിഗഡ് ജില്ലയിലാണു ദാരൂണ സംഭവങ്ങള്‍ അരങ്ങേറിയത്. ഡിസംബര്‍ 24 നായിരുന്നു പ്രസവത്തിനായി യുവതിയെ അഡ്മിറ്റ് ചെയ്തത്. രക്തത്തില്‍ ഹിമോേഗ്ലാബിന് കുറഞ്ഞതിനെ തുടര്‍ന്ന് ഉടനടി രക്തം സംഘടിപ്പിച്ചു കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ യുവതിയുടെ ഭര്‍ത്താവിനോടു പറയുകയായിരുന്നു. ഇവര്‍ 1600 രൂപയ്ക്കു രക്തം സംഘടിപ്പിച്ച നല്‍കി.
തുടര്‍ന്നു 28-ാം തിയതി വീണ്ടും ഡോക്ടര്‍മാര്‍ ഇയാളോട് രക്തം സംഘടിപ്പിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നു 4500 രൂപ മുടക്കി വീണ്ടും രക്തം സംഘടിപ്പിച്ചു കൊണ്ടു വന്നു. എന്നാല്‍ ആ സമയം ഡോക്ടറും നഴ്‌സ്മാരും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെ വരേയും യുവതിക്കു രക്തം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ നില വഷളാകുകയും ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി മരിക്കുകയും ചെയ്തു.
യുവതിയുടെ മൃതദേഹം അന്നു തന്നെ സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ദഹിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ചിത കത്തി തുടങ്ങിയപ്പോള്‍ മൃതദേഹത്തിന്റെ വയറുവീര്‍ത്തു പൊട്ടുകയായിരുന്നു. തുടര്‍ന്നു വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞു പുറത്തേയക്കു തെറിക്കുകയും ചെയ്തു. ആ നിമിഷം തന്നെ കുഞ്ഞ് അമ്മയ്‌ക്കൊപ്പം അഗ്നിയില്‍ വീണ് എരിഞ്ഞു. ഈ രംഗം കണ്ടു പലരും വാവിട്ടു നിലവിളിച്ചു. യുവതിയുടെ ഭര്‍ത്താവ് ഈ രംഗങ്ങള്‍ കാണാനാവതെ ബോധരഹിതനായി. ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത കാണിച്ചിരുന്നു എങ്കില്‍ തനിക്കു ഭാര്യയേയും കുഞ്ഞിനേയും നഷ്ട്ടപ്പെടില്ലായിരുന്നു എന്നു യുവാവ് പറയുന്നു.
ജോലികഴിഞ്ഞ് മടങ്ങിയ യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാരായമുട്ടും തോപ്പിൽ വീട്ടിൽ അരുൺ (21), വടകര തേരിയിൽ വീട്ടിൽ വിപിൻ (22) എന്നിവരെയും ഇവരെ ഒളിവിൽ പാർക്കാൻ സഹായിച്ച മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയിൽ വിജീഷിനെയുമാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകിട്ട് മാരായമുട്ടം ചപ്പാത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയെ പത്തടി താഴ്ചയുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ഒച്ചവയ്ക്കാൻ ശ്രമിച്ച ഇവരുടെ വായപൊത്തി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അതു വഴി വന്ന ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വിജീഷ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബാലരാമപുരം എസ്.ഐ വി.എം. പ്രദീപ് കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ 216 പേരെന്ന് കേരളം. 141 കേരളീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 പേരുമാണ് കേരള തീരത്ത് നിന്ന് കാണാതായതെന്നാണ് കണക്ക്. കേരളീയരായ 141 പേരെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര ലസംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് കാണാതായവരുടെ എണ്ണം 149 ആണ്. കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും കാണാതായിട്ടുണ്ടെന്നാണ് സഭ പറയുന്നത്. ഇതനുസരിച്ച് 298 പേരെ കടലില്‍ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നും സഭ വ്യക്തമാക്കുന്നു.
അതേ സമയം വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്കുള്‍പ്പെടെ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ട്രെയിനിൽ ഉടമസ്ഥനില്ലാതെ ബാഗ് കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് പെരുമ്പാമ്പിനെ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം ട്രൈനിൽനിന്നാണ് പെരുമ്പാമ്പുള്ള ബാഗ് കണ്ടെത്തിയത്.റെയില്‍വേ സ്റ്റേഷന്റെ പരിധിയിലുള്ള പ്ളാച്ചേരി വനംവകുപ്പ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി.രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. ഇതിലെ മേല്‍വിലാസം വച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) സംഭവത്തിൽ പിടിയിലായത്.ബാഗ് കിട്ടിയതിന്റെ പിറ്റേദിവസം പുളിങ്കുന്നിലെ വീട്ടില്‍നിന്നും ജിജോയെ പിടികൂടുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് പാമ്പിനെ കിട്ടിയതെന്നും എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനിൽനിന്നു പുറത്തിറങ്ങി, മടങ്ങിയെത്തിയപ്പോള്‍ ട്രെയിൻ വിട്ടുപോയി എന്നും ജിജോ പറഞ്ഞു.പാമ്പിനെ കറിവെച്ച് കഴിക്കാനാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വന്യജീവി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
ഭീമ കോറിഗോൺ യുദ്ധത്തിന്റെ ഇരു നൂറാം വാർഷിക അനുസ്മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ച ഉടലെടുത്ത സംഘർഷം സംസ്ഥാനമാകെ വ്യാപിക്കുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. നൂറു കണക്കിന് പേരെ മുബൈ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് മറാത്ത വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ചെമ്പൂരിനും ഗോവണ്ടിയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനുകൾ പ്രക്ഷോഭകാരികൾ തടഞ്ഞു. മഹാരാഷ്ട്രാ ഗവൺമെൻറിന്റെ 134 ട്രാൻസ്പോർട്ട് ബസുകൾ ഇന്നത്തെ സംഘർഷത്തിനിടെ തകർക്കപ്പെട്ടു. കുർളയ്ക്കും വാഷിയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസ് റെയിൽവേ നിറുത്തി വച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കപ്പെട്ടു. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു.
നാളെ മഹാരാഷ്ട്രാ ബന്ദിന് ദളിത് സംഘടനകൾ ആഹ്വാനം നല്കിയിട്ടുണ്ട്. ബാബാ സാഹിബ് അംബേദ്കറിന്റെ ചെറുമകൻ പ്രകാശ് അംബേദ്കർ ആണ് ബന്ദ് പ്രഖ്യാപിച്ചത്. സംഘർഷത്തെ തുടർന്ന് നിരവധി സ്കൂളുകൾ അടച്ചിരിക്കുകയാണ്. മുംബയിലും മറ്റു പ്രധാന നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 1818 ൽ ജനുവരി ഒന്നിന് ബ്രിട്ടീഷ് സൈന്യം പെഷവാ ബജീറോ വിഭാഗത്തിനുമേൽ നേടിയ വിജയ സ്മരണ ആഘോഷിക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണം. ദളിത് വിഭാഗമായ മഹർ സമുദായക്കാർ അക്കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടന്റെ വിജയം ആഘോഷിക്കുന്നതിനെതിരെ വലതു പക്ഷ ഗ്രൂപ്പുകൾ പ്രതിഷേധമുയർത്തിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
പുനെ സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങൾ ശാന്തരാകണമെന്നും സംഘർഷം നിർത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
മില്‍മാ പാലില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ച് നവമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.
മില്‍മാ പാലില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച ശേഷം പാലിനെതിരെ അപവാദ പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
മില്‍മ പുന്നപ്ര യൂണിറ്റ് മാനേജര്‍ സജീവ് സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുന്നപ്ര എസ്.ഐ ശ്രീജിത്തും സംഘവും ശ്യാം മോഹനെ പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
ബവ്‌റിജസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ 67.91 ലക്ഷം രൂപയുടെ മദ്യം വിറ്റ് കണ്ണൂര്‍ പാറക്കണ്ടിയിലെ ചില്ലറ വില്‍പ്പന ശാല മുന്നില്‍. എറണാകുളം പാലാരിവട്ടത്തെ ചില്ലറ വില്‍പ്പന ശാലയാണ് 66.71 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാമത്. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള വില്‍പ്പന കണക്കുകളാണിത്.
ഇക്കാലയളവില്‍ 62.14 ലക്ഷം രൂപ മദ്യ വില്‍പ്പനയിലൂടെ നേടി പട്ടാമ്പി കൊപ്പം വില്‍പ്പനശാലയാണ് മൂന്നാമത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ വില. 2016ല്‍ ഇതേകാലയളവില്‍ 402 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ 2017ല്‍ ഇത് 480 കോടി രൂപയായി.
പുതുവത്സര തലേന്നാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 61.74 കോടി രൂപയ്ക്കുള്ള മദ്യം കുടിച്ചാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്.
കണ്ണൂർ∙ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പേരു വെളിപ്പെടുത്താതെ കേസിലെ ഒരു പ്രതി തുറന്നു പറയുന്നു.
പ്രതി പറഞ്ഞത്: ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി.
സിബിഐ അന്വേഷണത്തിനെതിരെ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായെന്നും പ്രതി തുറന്നു സമ്മതിക്കുന്നു. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.