India

തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ജസ്റ്റിസുമാര്‍ക്കെതിരെ കടുത്ത ആരോപണവുമായി ആര്‍.എസ്.എസ് രംഗത്ത്. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്ന ഭീകര പ്രവര്‍ത്തനമാണ് ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹിന്റെ ദേശീയ തലവന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ആര്‍.എസ്.എസിന് കീഴിലുള്ള ബൗദ്ധിക സംഘടനകളെ നിയന്ത്രിക്കുന്ന ഉന്നതസമിതിയാണ് പ്രജ്ഞാപ്രവാഹ്.

ജഡ്ജിമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിപ്രായത്തെ ആര്‍.എസ്.എസ് പിന്തുണയ്ക്കുന്നുവെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ പ്രവര്‍ത്തിച്ചെതെന്നും നീതിന്യായ സംവിധാനത്തെ ട്രേഡ് യൂണിയന്‍ വത്കരിക്കുയാണ് ഇവര്‍ ചെയ്‌തെതെന്നും നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ സി.പി.ഐ നേതാവ് ഡി. രാജ ജഡ്ജിമാരിലൊരാളെ കണ്ടത് മറ്റാരുടെയോ പ്രതിനിധിയായാണെന്നും ജെ. നന്ദകുമാര്‍ ആരോപിച്ചു.

സിഖ് കലാപം പുനരന്വേഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന വിധി വന്ന് രണ്ടു ദിവസത്തിനകമാണ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ രംഗത്ത് വന്നിരിക്കുന്നത്. രാമജന്മഭൂമി കേസില്‍ വിധി 2019 ജൂലൈക്കു ശേഷം മതിയെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ആവശ്യം ജസ്റ്റിസ് ദീപക് മിശ്ര തള്ളിയിരുന്നു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഇതുമായും കൂട്ടിവായിക്കണമെന്നും ആര്‍.എസ്.എസ് നേതാവ് പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ചത്. നിവൃത്തികേടുകൊണ്ടാണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നും ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കില്‍ സുപ്രീംകോടതിയെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടിരുന്നു.

കൊച്ചി: ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നടി പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മെഗാസ്റ്റാര്‍ ആരാധകരുടെ പൊങ്കാല. പാര്‍വ്വതിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകളാണ് കൂടുതലും. നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് ഈ പോസ്റ്റ വഴി പാര്‍വ്വതി ലക്ഷ്യം വെക്കുന്നതെന്ന് തുടങ്ങി ഫെമിനിസ്റ്റുകളെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിനടിയിലുണ്ട്. കൂടുതല്‍ പേരും പാര്‍വ്വതി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ് എന്ന ആരോപണവുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.

ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്‌നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്ത പോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്‌നേഹം. ബഹുമാനം. ഐക്യം. എന്നായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.

നേരത്തെ പാര്‍വ്വതി മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രം സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞതാണ് മെഗാസ്റ്റാര്‍ ആരാധകരെ പിണക്കിയത്. സംഭവത്തിനു ശേഷം നിരവധി പോസ്റ്റുകളാണ് പാര്‍വ്വതിക്കെതിരെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഫെമിനിച്ചിയാണെന്ന് പറഞ്ഞ പാര്‍വ്വതിയെ ആരാധകര്‍ രൂക്ഷമായി തെറിവിളികളോടെയാണ് എതിരേറ്റത്. എന്നാല്‍ ആരോഗ്യപരമല്ലാത്ത വിമര്‍ശനങ്ങളോട് ഒഎംകെവിയെന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ കാമുകനാണ് രഞ്ജിത്ത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2013 ഒക്ടോബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടിയുടെ അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ രഞ്ജിത്ത് വിധിക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ റാണിയും സുഹൃത്ത് ബേസിലും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. റാണിയുടെ ഭര്‍ത്താവ് വിനോദ് ഈ സമയത്ത് കഞ്ചാവ് കേസിലകപ്പെട്ട് ജയിലിലായിരുന്നു. വിനോദിന്റെയും റാണിയുടേയും മൂത്ത മകളാണ് കൊല്ലപ്പെട്ട കുട്ടി. റാണിയും ബേസിലും സ്ഥലത്തില്ലാത്ത സമയത്ത് അമ്പാടിമലയിലെ വീട്ടില്‍ വെച്ച് രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്ത കുട്ടിയെ മര്‍ദ്ദിക്കുകയും ചുവരിലേക്ക് എടുത്തെറിയുകയും ചെയ്തു. തലയുടെ പിന്‍ഭാഗത്തായി പരിക്കേറ്റ കുട്ടി തത്സമയം മരണപ്പെട്ടു.

തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. ബേസിലും റാണിയും തിരിച്ചു വന്നതിനു ശേഷം അവരോട് കൊലപാതക വിവരം പറയുകയും മൂന്നു പേരും ചേര്‍ന്ന് മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. കുട്ടിയെ എവിടെ മറവുചെയ്യണമെന്ന് റാണിയാണ് നിര്‍ദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. പിറ്റേന്ന് റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്.

തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ശ്രീജിത്തിന് പിന്തുണയറിയിച്ചത്.

നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്യിരാജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നേരത്തെ നടന്‍ ടോവിനോ തോമസ് ശ്രീജിത്തിന് പിന്തുണയുമായി സമര പന്തലില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വന്‍ ജന പിന്തുണയാണ് ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഞാറാഴ്ച്ച പുലര്‍ച്ചയാണ് സംഭവം. ഹാക്ക് ചെയ്തവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് സൂചന, ഹാക്കര്‍മാരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലു ടിക്ക് മാര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് അപ്രത്യക്ഷമായിരുന്നു. ഹാക്ക് ചെയ്തതിനു ശേഷം പാകിസ്താന്‍ പ്രസിഡന്റ് മമ്നൂന്‍ ഹുസൈന്റെയും പാകിസ്താന്റെ പതാകയുടെയും ഫോട്ടോകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസ്സിലായത്. മണിക്കുറുകള്‍ക്ക് ശേഷം അക്കൗണ്ട് തിരികെ ലഭിക്കുകയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം വിവേചനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേത് ഒഴികെയുള്ള പാസ്‌പോര്‍ട്ടിന്റെ പുറംചട്ട കടും നീലയാണ്.

എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനാണ് തീരുമാനം. ബി.ജെ.പിയുടെ വിവേചനം പ്രകടമാക്കുന്നതാണ് പുതിയ നടപടിയെന്നും ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി ചീത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എമിഗ്രേഷന്‍ ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുകളുടെ പുറംചട്ട നേരത്തെയുള്ളതുപോലെ കടും നീല നിറത്തില്‍ തന്നെ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ സിപിഎം നേതാവ് കെ.കെ.രാമചന്ദ്രന്‍ നായരെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. 2006-ല്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയ കാലം തൊട്ട് തനിക്ക് രാമചന്ദ്രന്‍നായരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും, എംഎല്‍എ എന്ന നിലയില്‍ താന്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടികളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിഷ്ണുനാഥ് കുറിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു. തോറ്റതില്‍ ദുഖമുണ്ട്, പക്ഷേ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വസമുണ്ട്… mകെ.കെ.ആര്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ശനിയാഴ്ച്ച ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അസുഖം ഭേദമായി അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ തകര്‍ത്താണ് അദ്ദേഹം വിടവാങ്ങിയതെന്നും വിഷ്ണുനാഥ് പറയുന്നു.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.കെ.രാമചന്ദ്രന്‍ നായരും,യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി.വിഷ്ണുനാഥും,എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍പ്പിള്ളയുമായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് സ്വതന്ത്രസ്ഥാനാര്‍ഥിയായും മത്സരിച്ചു. ശക്തമായ മത്സരത്തിനൊടുവില്‍ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിഷ്ണുനാഥിനെ കെ.കെ.രാമചന്ദ്രന്‍നായര്‍ പരാജയപ്പെടുത്തിയത്.

വിഷ്ണുനാഥിന്‍റ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

കെ കെ ആര്‍ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ നമ്മെ വിട്ടുപിരിഞ്ഞു .
2006 ല്‍ ആദ്യമായി എംഎൽഎ ആയ കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു .കര്‍ണാടക സംഗീതത്തിലും കഥകളിയിലും അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിനു;

അദ്ദേഹം പ്രസിഡന്റ്‌ ആയ ‘സര്‍ഗ്ഗവേദി’ യുടെ എല്ലാ പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുമായിരുന്നു .ഞാന്‍ എം എല്‍ എ എന്ന നിലയില്‍ സംഘടിപ്പിച്ച എല്ലാ സാംസ്കാരിക പരിപാടിയുടെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു , തോറ്റതില്‍ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട് . ഗുരുതരാവസ്ഥയില്‍ ആണു എന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു . സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു . അദ്ദേഹത്തിന്‍റെ വിയോഗത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയനായ , മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് . കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികൾ

ഭുവനേശ്വര്‍: മല തുരന്ന് റോഡ് നിര്‍മിച്ച ദശരഥ് മാഞ്ചിയെ അറിയില്ലേ? മാഞ്ചിയുടെ 22 വര്‍ഷത്തെ കഠിനപ്രയത്‌നത്തിനു മുന്നില്‍ മല തോറ്റ കഥ സിനിമയുമായി. അതേ പാതയില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കാട് തെളിച്ച് ഒറ്റക്ക് പാതയുണ്ടാക്കിയിരിക്കുകയാണ് ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശിയായ ജലന്ധര്‍ നായക്. ഗുംസാഹിയിലെ കാട്ടുപാത കടന്ന് സ്‌കൂളിലേക്ക് പോകുന്നത് കുട്ടികള്‍ക്ക് ദുഷ്‌കരമാണ്. ഇതേതുടര്‍ന്നാണ് ഏതാണ്ട് 8 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലമ്പാത ജലന്ധര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജലന്ധറിന്റെ ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഈ പാത നിര്‍മ്മിക്കപ്പെട്ടത്.

ഗ്രാമത്തിലെ പച്ചക്കറി വില്‍പ്പനയാണ് ജലന്ധര്‍ നായിക്കിന്റെ ഉപജീവന മാര്‍ഗം. റോഡ് നിര്‍മ്മിക്കാനായി ഒരു ദിവസം ഏതാണ്ട് 8 മണിക്കൂറോളം ഇദ്ദേഹം ചെലവഴിച്ചു. തന്റെ ഗ്രാമമായ ഗുംസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് ജലന്ധര്‍ നിര്‍മ്മിച്ച പുതിയ പാത. ഇതുപയോഗിച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ കഴിയും. രണ്ടു വര്‍ഷത്തെ ജലന്ധറിന്റെ കഠിന പ്രയത്‌നം ഗുംസാഹിയിലെ കുട്ടികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

നിലവില്‍ ഈ പാത ഉപയോഗിക്കുന്നത് ജലന്ധറിന്റെ കുട്ടികള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഗ്രാമം വാസയോഗ്യമല്ലെന്ന് കണ്ട് ഗ്രാമത്തിലെ പലരും അവിടെ നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍ ജലന്ധറും കുടുംബവും മാറി താമസിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം നിലവിലുണ്ടായിരുന്ന പാത സഞ്ചാരയോഗ്യമാക്കുകയാണ് ജലന്ധര്‍ ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.

മിഡ്‌നാപൂര്‍: ലൈംഗീക ചൂഷണത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി മരിക്കാന്‍ അനുമതി തേടി കോടതിയില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി തേടി കോടതിയിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പെണ്‍കുട്ടി അപേക്ഷ നല്‍കിയത്.

അവിവാഹിതയായി അമ്മയായി തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷയുമായി പെണ്‍കുട്ടി രംഗത്തുവന്നെതെന്ന് കേസ് അന്വേഷിക്കുന്ന സുതഹാത പൊലീസ് സ്റ്റേഷന്‍ മേധാവി ജലേഷ്വര്‍ തിവാരി പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ഒരു യുവാവാണ് വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും തിവാരി പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിയാണ് എന്നറിഞ്ഞ ശേഷം പീഡനത്തിനിരയാക്കിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് പിന്‍മാറുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.

പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.

അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന്റെ നിരാഹാര സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വാര്‍ത്ത പ്രാധ്യാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

ട്രോള്‍ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും സമരപ്പന്തലിലേക്ക് ഒഴുകി എത്തുകയാണ്. അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.

Copyright © . All rights reserved