തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങാനിരിക്കുമ്പോള്‍ കേരള സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്‌സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഭയക്കുന്നു. അതുകൊണ്ട് തന്നെ ഏത് വിധേനയും സമരം അവസാനിപ്പിക്കാൻ ഉള്ള ശ്രമങ്ങളിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായി നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. വിജ്ഞാപനം ഇന്നുതന്നെ ഇറങ്ങും.

സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് നഴ്സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ്പെടാൻ തങ്ങൾ തയ്യറാല്ലെന്ന നിലപാടിലാണ് യുഎന്‍എ ഇപ്പോഴും.

സുപ്രീം കോടതിയുടെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്ത് നഴ്സുമാർക്ക് നൽകേണ്ട വേതനത്തെ സംബന്ധിച്ച് ഒരു മാർഗ്ഗരേഖ ശിപാർശ ചെയ്തിരുന്നു. ഈ മാർഗ്ഗരേഖയിൽ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാണ്. സംസ്ഥാനത്തെ നഴ്സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇന്ന് ലഭിച്ചു വരുന്നത് 2013-ലെ സർക്കാർ വിജ്ഞാപനപ്രകാരമുള്ള വേതനമാണ്. 2013-ലെ വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്സിന് അടിസ്ഥാന ശമ്പളം 8975 രൂപയാണ്. ഈ അനീതിക്കെതിരെയാണ് യുഎൻഎ പ്രതിഷേധം ഉയർത്തുന്നത്.