India

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി.

എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാണോയെന്ന് അടുത്ത ദിവസം പുറത്തിറങ്ങുന്ന ഉത്തരവിലേ വ്യക്തതയുണ്ടാവൂ.

Image result for peace international school ernakulam

ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകായണ് പൊലീസ് ഇപ്പോള്‍.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നതാണ് പോലീസിന്റെ പ്രഥമിക റിപ്പോര്‍ട്ടിലുള്ളത്. വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടിയോ, സിബിഎസ്ഇയോ, എസ്‌സിഇആര്‍ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് തസ്രിഫ. കോളേജില്‍ പോകാന്‍ രാവിലെ 7.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു.

എന്നാല്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തസ്രിഫയുടെ കാല്‍ തെറ്റി. വീഴ്ചയിലും വാതിലില്‍ പിടിച്ചുനിന്ന തസ്രിഫയെ കുറച്ചുദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെ് ട്രെയിന്‍ നിന്നു.

ഉടന്‍ തന്നെ ഓടിക്കൂടിയവരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രെയിനിന്റെ അടിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം. ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സൈന്യം തടഞ്ഞത്. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.

രാവിലെ അഞ്ചേമുക്കാലോടെ അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ (ബിഒപി) രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം വെടിവയ്പ് ആരംഭിച്ചതായി ബിഎസ്ഫ് ഐജി റാം അവ്തര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചും വെടിവച്ചു.അതിനിടെ, ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഭീകരാക്രമണത്തിനും പാക്ക് സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി മാത്രം പാകിസ്താന്റെ രണ്ട് പോസ്റ്റുകള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നില്‍ പാക്ക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു. ഈ വര്‍ഷം ആദ്യമുണ്ടായ പാക്ക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്താനെതിരെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസങ്ങളിലും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ മൂന്നു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ്, പഞ്ചാബിലെ അഞ്ജന സെക്ടറിലും പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചിരുന്നു. പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ബുധനാഴ്ച രാത്രി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്ക് സൈന്യത്തിന്‍റെ മൂന്ന് പോസ്റ്റുകളും രണ്ട് മോര്‍ട്ടാര്‍ ലോഞ്ചിംഗ് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ പതിനഞ്ച് പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തിരുവനന്തപുരം: കേരളത്തിലെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം എല്ലാ ജില്ലകളിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരുമാണ് പരിശോധന നടത്തിയത്.

2249 പാലങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണ്ണമായും സുരക്ഷിതമെന്ന് പറയാവുന്നവ. 165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുതിയവ നിര്‍മിക്കണമെന്നാ ണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മറ്റ് നിരവധി പാലങ്ങള്‍ നവീകരിക്കുകയോ പൊളിച്ച് പണിയുകയോ വേണം.

പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പാലങ്ങളാണ് അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയത്. അതേസമയം നൂറ് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള പല പാലങ്ങളും യാതൊരും പ്രശ്‌നവുമില്ലാതെ നില്‍ക്കുന്നുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും. അതേസമയം ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു.

ഇന്നലെ രാജ്യസഭയിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ചർച്ചയ്‌ക്കു കാര്യോപദേശക സമിതി സമയം തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷം ഉടക്കിട്ടിരുന്നു. തുടർന്നാണ് ബിൽ ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ വൈകുന്നേരം ചേർന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങൾ വിട്ടുവീഴ്‌ചയ്‌ക്കു തയാറായിരുന്നില്ല. പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ പിരിയുകയായിരുന്നു.

ബിൽ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നു ഭരണപക്ഷവും, സിലക്‌ട് കമ്മിറ്റി പരിഗണിച്ചു ബിൽ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും മറ്റുമൊപ്പം, ഭരണപക്ഷത്തെ തെലുങ്കുദേശവും സിലക്‌ട് കമ്മിറ്റിക്കായി വാദിച്ചു.

നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്‌.

ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.

അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും മുതിര്‍ന്ന നേതാക്കളുമായും ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കുമാര്‍ വിശ്വാസിനെ പാര്‍ട്ടി തളളിയത്.

സത്യം പറയുന്നത് കൊണ്ടാണ് രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്.

 

മുംബൈ: പുണെക്കടുത്ത കൊരെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദില്‍ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. മുംബൈ മെട്രോ സര്‍വീസും തടസ്സപ്പെടുത്തി. നിരവധി ബസുകള്‍ തകര്‍ത്തു. സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല.

ബന്ദ് മൂലം വിമാനത്താവളത്തില്‍ എത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂര്‍ണ്ണമാണ്.

വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.

21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷം തടയാനായി നിയോഗിച്ചിരിക്കുന്നത്.

ചികിത്സ നിഷേധിച്ചതു മൂലം മരണത്തിനു കീഴടങ്ങിയ യുവതിയുടെ കുടുംബത്തിനു കാണേണ്ടി വന്നത് അതിധാരുണമായ രംഗങ്ങള്‍. ചിത്തിസ്ഗഡ് റായിഗഡ് ജില്ലയിലാണു ദാരൂണ സംഭവങ്ങള്‍ അരങ്ങേറിയത്. ഡിസംബര്‍ 24 നായിരുന്നു പ്രസവത്തിനായി യുവതിയെ അഡ്മിറ്റ് ചെയ്തത്. രക്തത്തില്‍ ഹിമോ​േ​ഗ്ലാബിന്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഉടനടി രക്തം സംഘടിപ്പിച്ചു കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ യുവതിയുടെ ഭര്‍ത്താവിനോടു പറയുകയായിരുന്നു. ഇവര്‍ 1600 രൂപയ്ക്കു രക്തം സംഘടിപ്പിച്ച നല്‍കി.

തുടര്‍ന്നു 28-ാം തിയതി വീണ്ടും ഡോക്ടര്‍മാര്‍ ഇയാളോട് രക്തം സംഘടിപ്പിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നു 4500 രൂപ മുടക്കി വീണ്ടും രക്തം സംഘടിപ്പിച്ചു കൊണ്ടു വന്നു. എന്നാല്‍ ആ സമയം ഡോക്ടറും നഴ്‌സ്മാരും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെ വരേയും യുവതിക്കു രക്തം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ നില വഷളാകുകയും ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി മരിക്കുകയും ചെയ്തു.

യുവതിയുടെ മൃതദേഹം അന്നു തന്നെ സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ദഹിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ചിത കത്തി തുടങ്ങിയപ്പോള്‍ മൃതദേഹത്തിന്റെ വയറുവീര്‍ത്തു പൊട്ടുകയായിരുന്നു. തുടര്‍ന്നു വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞു പുറത്തേയക്കു തെറിക്കുകയും ചെയ്തു. ആ നിമിഷം തന്നെ കുഞ്ഞ് അമ്മയ്‌ക്കൊപ്പം അഗ്നിയില്‍ വീണ് എരിഞ്ഞു. ഈ രംഗം കണ്ടു പലരും വാവിട്ടു നിലവിളിച്ചു. യുവതിയുടെ ഭര്‍ത്താവ് ഈ രംഗങ്ങള്‍ കാണാനാവതെ ബോധരഹിതനായി. ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത കാണിച്ചിരുന്നു എങ്കില്‍ തനിക്കു ഭാര്യയേയും കുഞ്ഞിനേയും നഷ്ട്ടപ്പെടില്ലായിരുന്നു എന്നു യുവാവ് പറയുന്നു.

ജോലികഴിഞ്ഞ് മടങ്ങിയ യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാരായമുട്ടും തോപ്പിൽ വീട്ടിൽ അരുൺ (21), വടകര തേരിയിൽ വീട്ടിൽ വിപിൻ (22) എന്നിവരെയും ഇവരെ ഒളിവിൽ പാർക്കാൻ സഹായിച്ച മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയിൽ വിജീഷിനെയുമാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകിട്ട് മാരായമുട്ടം ചപ്പാത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയെ പത്തടി താഴ്ചയുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ഒച്ചവയ്ക്കാൻ ശ്രമിച്ച ഇവരുടെ വായപൊത്തി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അതു വഴി വന്ന ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വിജീഷ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബാലരാമപുരം എസ്.ഐ വി.എം. പ്രദീപ് കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ 216 പേരെന്ന് കേരളം. 141 കേരളീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 പേരുമാണ് കേരള തീരത്ത് നിന്ന് കാണാതായതെന്നാണ് കണക്ക്. കേരളീയരായ 141 പേരെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര ലസംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് കാണാതായവരുടെ എണ്ണം 149 ആണ്. കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും കാണാതായിട്ടുണ്ടെന്നാണ് സഭ പറയുന്നത്. ഇതനുസരിച്ച് 298 പേരെ കടലില്‍ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നും സഭ വ്യക്തമാക്കുന്നു.

അതേ സമയം വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്കുള്‍പ്പെടെ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Copyright © . All rights reserved