വടകര: മഫ്തയിട്ട ഫോട്ടോ കൗതുകത്തിനായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവതിക്കെതിരെ സംഘപരിവാറിന്റെ ലൗ ജിഹാദ് പ്രചരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയും ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്സുമായ വീണക്കെതിരെയാണ് സംഘപരിവാറിന്റെ ആക്രമണം. വീണയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും മഫ്തയിട്ട ഫോട്ടോയും ചേര്‍ത്താണ് വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും സംഘപരിവാര്‍ അണികള്‍ കുപ്രചാരണം നടത്തുന്നത്.

‘അടുത്ത ലൗ-ജിഹാദ്… എറണാകുളം സ്വദേശിനിയായ ഈ കുട്ടി വടകരയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു… കുട്ടി അപകടത്തില്‍ ആണെന്നാണ് ഇന്നലെ വരെ കണ്ട പോസ്റ്റ്… അറിയുന്നവര്‍ ആരേലും ഉണ്ടെങ്കില്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുക…’, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിനും മഫ്തയിട്ട ഫോട്ടോക്കുമൊപ്പം റംഷീദ് റിച്ചു എന്ന മുസ്‌ലീം സുഹൃത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിചാരണ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലും കേരള ഹിന്ദു കമ്യൂണിക്കേഷന്‍ സെന്റര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒരു സുഹൃത്താണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്ന വിവരം അറിയിക്കുന്നതെന്ന് വീണ പറഞ്ഞു. ലെനിന്‍ എന്ന പേരിലുള്ളയാളുടെ നമ്പറില്‍ നിന്നാണ് സന്ദേശം ചില ഗ്രൂപ്പുകളിലെത്തിയിരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അയാളെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്ന് വീണ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ മാനസികാവസ്ഥയിലാണ് ആ പോസ്റ്റിട്ടതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്തിരുന്നു എന്നും വീണ പറഞ്ഞു. ഈ പോസ്റ്റും ഒരു മുസ്‌ലീം സുഹൃത്തിന്റെ പ്രൊഫൈലും ചേര്‍ത്ത് ലൗ-ജിഹാദിന് ഇരയാണെന്നു പ്രചരിപ്പിച്ചതോടെ തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ‘എന്റെ ഫേസ്ബുക്ക് വാളിലിപ്പോള്‍ ആര്‍.എസ്സ്.എസ്സുകാരുടെ കുത്തൊഴുക്കാണ്. ഞാന്‍ ഇവരീ പറയുന്ന ലൗ ജിഹിദിനിരയല്ല. എന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ച് എന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്’, വീണ വ്യക്തമാക്കി.

‘സംഭവത്തിന് ശേഷം പലരും ഫോണില്‍ വിളിക്കുന്നുണ്ട്. കൃസ്ത്യന്‍ ഹെല്‍പ് ലൈനില്‍ നിന്നെന്നും പറഞ്ഞും കോളുകള്‍ വന്നിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് അവര്‍ അറിയിച്ചത്. കൂടാതെ ഒരാള്‍ പല തവണ വിളിക്കുകയും ആരാണെന്ന് ചോദിച്ചപ്പോള്‍, ‘നിനക്കെന്നെ അറിയില്ല അല്ലേ ഓരോന്ന് ചെയ്തുവച്ചിരിക്കുകയല്ലേ നീ’ എന്നും ചോദിച്ച് ഫോണ്‍ കട്ട് ചെയ്തു’, വീണ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കാര്യങ്ങള്‍ വീണ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്തടിസ്ഥാനത്തിലാണ് സംഘികളെ നിങ്ങളിതൊക്കെ പ്രചരിപ്പിക്കുന്നത്. ഞാന്‍ ലൗജിഹാദില്‍ പെട്ട് കുടുങ്ങിയിരിക്കുകയാണെന്നും എന്നെ സഹായിക്കണമെന്നും നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്തിരുന്നോ?’, വീണ ചോദിക്കുന്നു. തന്നെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയ ശേഷം സഹായിക്കാമെന്ന് മെസേജ് അയക്കുകയാണ് എന്നും അവര്‍ പറഞ്ഞു. ഹിന്ദു ഹെല്‍പ് ലൈനെന്ന് പേരില്‍ നിങ്ങളെന്നെ സഹായിക്കുകയാണോ അതോ സമൂഹത്തിന് മുന്‍പില്‍ നാണം കെടുത്തുകയാണോ ചെയ്തിരിക്കുന്നതെന്നും വീണ ചോദിക്കുന്നു.

വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ 

വിഷയവുമായി ബന്ധപ്പെട്ട് താനിന്നലെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഫോണില്‍ വിളിച്ചിരുന്നെന്നും എന്നാല്‍ രാത്രി ഒന്നും സംസാരിക്കാനില്ലെന്നും നാളെ രാവിലെ വിളിക്കാനുമായിരുന്നു പ്രതികരണമെന്നും വീണ അറിയിച്ചു. ഇത്തരം ഒരു പ്രശ്‌നവുമായി വിളിച്ചതായിരുന്നിട്ട് പോലും പെണ്ണായതുകൊണ്ട് രാത്രി അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല, അവര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് വടകര പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വീണ അറിയിച്ചു.