ബംഗളൂരു: കുട്ടികളെ സീരിയല്‍ കാണാന്‍ അനുവദിക്കുമ്പോള്‍ അവ കുട്ടികളുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നതിന് തെളിവായി രണ്ടാം ക്ലാസുകാരിക്ക് സംഭവിച്ച ദുരന്തം. ഒരു കന്നഡ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന നന്ദിനി എന്ന മാന്ത്രിക സീരിയല്‍ കണ്ട രണ്ടാം ക്ലാസ്സുകാരി പ്രാര്‍ത്ഥന (7 വയസ്സ്) യാണ് സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. നന്ദിനി സീരിയലിലെ കഥാപാത്രം ചെയ്തത് പോലെ തീ കൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്നതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.
ദേവനാഗരി ജില്ലയിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരണമടഞ്ഞത്. നവംബര്‍ പതിനൊന്നിന് നടന്ന സംഭവമാണെങ്കിലും പുറംലോകത്ത് വാര്‍ത്ത അറിയുന്നത് വൈകിയാണ്. തീ പിടിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് അറിവില്ലാതെയാവാം കുട്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് പോലീസ് പറയുന്നു. കുട്ടികളെ സമീപമിരുത്തി ഇത്തരം സീരിയലുകള്‍ കാണുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പായിരിക്കുകയാണ് പ്രാര്‍ത്ഥനയുടെ മരണം.
തിരുവനന്തപുരത്ത് ഞായറാഴ്ച്ച ഉണ്ടായ ചില പ്രകൃതി പ്രതിഭാസങ്ങള്‍ ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും പരത്തിയിരുന്നു. കടലില്‍നിന്ന് ജലം ചുഴി പോലെ ആകാശത്തേക്ക് ഉയരുന്ന കാഴ്ച്ചയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ഇത് സുനാമിക്കും ചുഴലി കൊടുങ്കാറ്റിനുമുള്ള മുന്നറിയിപ്പാണെന്ന വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഗതികള്‍ വീണ്ടും വഷളായി.
കേരളത്തില്‍ സുനാമി മുന്നറിയിപ്പ് ഇല്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്നു തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു.
വാട്ടര്‍സപൗട്ട് എന്നൊരു പ്രതിഭാസമാണ് കടലില്‍ കണ്ടതെന്നും ഇത് സുനാമിയുടെയോ ചുഴലികാറ്റിന്റെയോ മുന്നറിയിപ്പല്ലെന്ന് കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സാധാരണയായി കടലിലും കായലിലുമുണ്ടാകുന്ന ഒന്നാണിതെന്നും ഇതിനെ ദുരന്തങ്ങളുടെ മുന്നറിയിപ്പായി കാണേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍ സുനാമി മുന്നറിയിപ്പുണ്ടെന്നും തിരുവനന്തപുരം പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പറഞ്ഞു. ഇടിമിന്നല്‍ വരുമ്പോള്‍ രണ്ടു മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസമാണിതെന്ന് കെഎസ്ഡിഎംഎയില്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പാര്‍വതി അഴിമുഖത്തോട് പറഞ്ഞു.
ഞായറാഴ്ച്ച വൈകിട്ടോടെയാണ് തിരുവനന്തപുരത്ത് വാട്ടര്‍സ്പൗട്ട് ദൃശ്യമായത്. ആ സമയത്ത് ഇടിമിന്നലുണ്ടായതും പരിഭ്രാന്തിയുടെ ആഴം കൂട്ടി.
കണ്ട് നിന്നവര്‍ക്കൊന്നും നിറകണ്ണുകളോടല്ലാതെ ബിജുവിന്റെ ധീര മരണത്തെപ്പറ്റി വിവരിക്കാന്‍ കഴിയില്ല. കുത്തനെയുള്ള ഇറക്കത്തിലാണ് ബിജു ഓടിച്ചിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടമാകുന്നത്. അതേനേരം നേര്‍ എതിരെ നിറയാത്രക്കാരുമായി വരുന്ന ബസ് കണ്ടതും ആ യുവാവിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബസിലുള്ളവരെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ അടുത്തുള്ള തട്ടിലേക്ക് ബിജു തന്റെ ലോറി ഇടിച്ചുകയറ്റി.
പൂര്‍ണ്ണമായും തകര്‍ന്ന ലോറിയുടെ ക്യാബിന്‍ ഇളകിമാറ്റി ബിജുവിനെ പുറത്തെടുത്തതും മരണം സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഈരാറ്റുപ്പേട്ട-തൊടുപുഴ റോഡില്‍ തോണിക്കല്ല് വളവിലാണ് അപകടം സംഭവിച്ചത്. ബിജുവിനോടൊപ്പമുണ്ടായിരുന്ന ലോറി ക്ലീനര്‍ ഝാര്‍ഖണ്ഡ് സ്വദേശി നജ്ബുള്‍ ഷെയിക്കിനെ ഈരാറ്റുപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മരണത്തിൻ്റെ ആഴങ്ങളിലേയ്ക്ക് എടുത്തു ചാടിയ ആ യുവാവിനെ രക്ഷിച്ചത് ദൈവത്തിൻ്റെ കൈകൾ; അതും ഒരു മലയാളി യുവാവിലൂടെ. ജീവിതത്തിന് പൂർണവിരാമമിടാൻ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിൻ്റെ നാലാം നിലയിലെ തൻ്റെ താമസ സ്ഥലത്തെ ജനാല വഴി ചാടിയ നേപ്പാളി യുവാവിൻ്റെ ജീവൻ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു, കരാമയിൽ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ എത്ര ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കാതെ വന്നപ്പോള്‍ സഹ താമസക്കാർ ഫോൺ ചെയ്യുകയായിരുന്നു. പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടൻ ബർ ദുബായിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് അവിടെ എത്തപ്പെട്ടു. നാലാം നിലയിലെ യുവാവിൻ്റെ ഫ്ലാറ്റിലേയ്ക്ക് ചെന്നപ്പോൾ ജനാലയ്ക്കടുത്ത് നിൽക്കുകയായിരുന്നു 28കാരൻ. ഷെബിയെയും സംഘത്തെയും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാൾ പുറത്തേയ്ക്ക് ചാടി. ഇതു കണ്ടതും എവിടെ നിന്നോ കിട്ടിയ ഉൗർജത്താൽ ഷെബി ജനാലയ്ക്ക് നേരെ കുതിച്ചു. നേപ്പാളി യുവാവിൻ്റെ അരയോളം താഴേയ്ക്ക് പതിക്കുകയും കാലുകൾ രണ്ടും മേൽപോട്ട് നിൽക്കുകയും ചെയ്തിരുന്നു. ഷെബിക്ക് പിടികിട്ടിയത് വലത്തേ കാൽ. സർവശക്തിയുമെടുത്ത് അതിൽ മുറുകെ പിടിച്ചു. ഉടൻ സഹപ്രവർത്തകൻ മാർക് ടോറിസും ചേർന്ന് വലിച്ച് മുകളിലേയ്ക്കിട്ടു. അല്ലായിരുന്നുവെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ജീവൻ പൊലിയുമായിരുന്നു.
എവിടെ നിന്നാണെന്നറിയില്ല, ആ നിമിഷം മുന്നോട്ട് കുതിക്കാൻ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു. അതിനെ ഞാൻ ദൈവത്തിൻ്റെ ഇടപെടലെന്ന് വിശേഷിപ്പിക്കുന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കാലിൽ പിടിത്തം കിട്ടുമെന്ന്. പക്ഷേ, അയാളുടെ ഭാഗ്യമെന്നേ പറയേണ്ടൂ, പിന്നെ ദൈവഹിതമെന്നും.കാസിം പറഞ്ഞു നിർത്തുന്നു
ജീവൻ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.നാട്ടിൽ പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 30കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസില്‍ പാരാമെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു:
മൂന്ന് വർഷത്തെ സേവനത്തിനിടയ്ക്ക് ഷെബിക്ക് ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഇതാദ്യം.
സ്വദേശികൾക്കും മലയാളികളടക്കമുള്ള വിദേശികൾക്കുമിടയിൽ ഹൃദയാഘാതമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അതിപ്പോൾ പ്രായവ്യത്യാസമില്ലാതെ മനുഷ്യ ജീവനുകൾ കവരുന്നു. വളരെ ചെറുപ്പക്കാർ പോലും ഹൃദയാഘാം മൂലം പിടഞ്ഞുവീണ് മരിക്കുന്നു. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് ഇതിന് മുഖ്യ കാരണം. ജോലി സ്ഥലത്തെയും കുടുംബത്തിലെ മാനസിക സമ്മർദ്ദങ്ങൾ, ഭക്ഷണക്രമത്തിലെ പാളിച്ചകൾ, വ്യായാമത്തിൻ്റെ അഭാവം തുടങ്ങിയവ തന്നെ ഇതിന് പ്രധാന കാരണങ്ങൾ. ജീവിതം മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും ഇൗ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഷെബി പറയുന്നു.
സ്ത്രീധനത്തിന്റെ കൂടെ സ്വിഫ്റ്റ് കാറില്ല !!! തിരുവനന്തപുരത്ത് കല്യാണത്തിനിടയിൽ വരന്റെ വീട്ടുകാരുടെ ബഹളം; വധുവുമായി പെൺവീട്ടുകാർ തിരിച്ചു പോയി സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാര്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിതെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം സുജ നിലയത്തില്‍ ബാഹുലേയന്റെ മകനും ഐആര്‍പിഎഫില്‍ ഡ്രൈവറുമായ പ്രണവും കൊല്ലം പരവൂര്‍ കുറമണ്ഡല്‍ പുത്തന്‍പുരയില്‍ ചന്ദ്രബാബുവിന്റെ മകളുമായ നീന ചന്ദ്രനും തമ്മിലുള്ള വിവാഹം ഇന്നലെ പരവൂരില്‍ വച്ചാണ് നടന്നത്.
വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ ഇന്നലെ വൈകിട്ട് ആറിന് മറുവീട് കാണല്‍ ചടങ്ങിന് എത്തി. എന്നാല്‍ സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാര്‍ കൊണ്ടു വരാഞ്ഞതിനെ ചൊല്ലി വരന്റെ പിതാവും സഹോദരനും വധുവിന്റെ വീട്ടുകാരുമായി തര്‍ക്കമായി. തുടര്‍ന്ന് തര്‍ക്കം മൂത്തതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോത്തന്‍കോട് പോലീസെത്തി ഇരുവീട്ടുകാരെയും ശാന്തരാക്കി.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുമായി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും പെണ്‍കുട്ടിയുമായി വീട്ടലേക്ക് മടങ്ങുകയുമായിരുന്നു. വരന്റെയും പിതാവിന്റെയും സഹോദരന്റെയും പേരില്‍ കേസെടുത്ത പോലീസ് വരനെ അറസ്റ്റ് ചെയ്തു
കോട്ടയം നഗരത്തില്‍ എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥ മൂലമുണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് പിഞ്ചുബാലിക മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. പരുന്തുംപാറ നടുവിലേപ്പറമ്പില്‍ റിന്റു – റിനു ദമ്പതികളുടെ മകള്‍ ഐലിനാണ്(5) മരിച്ചത്.
ഗുളിക തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെയും കൊണ്ട് അമ്മ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേര്‍ന്ന് കോട്ടയം എംസി റോഡിലേക്ക് ഓടി. വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല. അതുവഴി വന്ന അബ്ദുള്‍ സലാം കാര്‍ നിര്‍ത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കോട്ടയം നഗരത്തില്‍ റോഡുപണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. നഗരത്തിലൂടെ വാഹന പ്രചാരണ ജാഥ കൂടി കടന്നു പോകുന്നതിനാല്‍ ഗതാഗത തടസ്സം ഇരട്ടിയായി.
ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയം നഗരത്തിലേക്ക് വാഹനമോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് ഇടവഴിയിലൂടെ കാര്‍ ഓടിച്ചെങ്കിലും കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെന്ന് അബ്ദുള്‍ സലാം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 21ാം തീയതി വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചരണ ജാഥ കോട്ടയത്ത് കൂടി കടന്നുപോയതായി എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഹസീബ് സമ്മതിച്ചിട്ടുണ്ട്.
‘അല്‍പം കൂടി മുന്‍പ് ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയുടെ അച്ഛന്‍ റിന്റു പറഞ്ഞു’. ഐലിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തിച്ചേരുന്നതിനായി ബുധനാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷം ഇന്നലെയാണ് സംസ്‌കരിച്ചത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ റാലി നടത്തുന്നതിനെതിരായി സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ബുധനാഴ്ച കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ചതും വലിയ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ജയ്പൂര്‍: വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി 114 യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ തയാറായി നിന്ന യാത്രക്കാരാണ് വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി ആറു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നത്.
കഴിഞ്ഞ ബുധനാഴ്ച 1.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് രാത്രി എട്ടു മണി വരെ വെകിയത്. ടയറിന്റെ കാറ്റു പോയി എന്നും അത് മാറിയ ശേഷം വിമാനം പുറപ്പെടുമെന്നുമാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് അധികൃതര്‍ അറിയിച്ചത്. ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന്റെ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും ടേക്ക് ഓഫിന് സമയമായപ്പോള്‍ മാത്രമാണ് തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ജോധ്പൂര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിക്കുകയായിരുന്നു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും, 30 പേര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.
പോലീസ് പൊതുജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന പോലീസിന് തന്നെ മാതൃകയായി കണ്ണൂരില്‍ ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ഈ പോലീസ് സേന. വര്‍ഷങ്ങളായി തരിശ്ശ് ഭൂമിയായി കിടന്നിരുന്ന 2.5 ഏക്കര്‍ സ്ഥലമാണ് ചക്കരക്കല്‍ പോലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് കൃഷി ഇറക്കിയിരിക്കുന്നത്.
മുണ്ടേരി പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയായ ഒരുമയാണ് ഈ കൂട്ട്കൃഷിക്ക് മുന്‍കൈയെടുത്തത്. വരും ദിവസങ്ങളില്‍ തരിശായി കിടക്കുന്ന 77 ഏക്കറോളം ഭൂമിയിലും കൃഷിയിറക്കാന്‍ ഇവര്‍ ലക്ഷ്യം വെക്കുന്നു. കര്‍ഷക കൂട്ടായ്മക്കിടയില്‍ മികച്ച അഭിപ്രായം ലഭിച്ച ഈ പദ്ധതിയുമായി സഹകരിക്കാന്‍ പോലീസ് ഇങ്ങോട്ട് ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു എന്നാണ് ഒരുമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ നാടിന്റെ കാര്‍ഷികവൃത്തി സംസ്‌കാരം വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചക്കരക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ബിജു പറഞ്ഞു.2.5 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാനുള്ള പൂര്‍ണ്ണ ചിലവും ചക്കരക്കല്‍ പോലീസ് തന്നെയാണ് വഹിക്കുന്നത്.
ഭോപ്പാല്‍: പത്മാവതി വിവാദം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി. സംസ്ഥാനത്ത് സിനിമ നിരോധിച്ചതിന് പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലില്‍ പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ചൗഹാന്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
രജപുത്ര നേതാക്കന്‍മാരുമായും കര്‍ണിസേന പ്രതിനിധികളുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം നിരോധിച്ചത്. ചെറുപ്പം മുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ കേട്ടുവളര്‍ന്നതാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നത് സഹിക്കില്ലെന്നും ചൗഹാന്‍ പറഞ്ഞു.
പഞ്ചാബിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധങ്ങള്‍ ശരിയാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് നാഷണല്‍ കോണ്‍ഫറണ്‍സ് കത്തെഴുതി. കേരളത്തിലടക്കം സിനിമ റിലീസ് ചെയ്താല്‍ തീയറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം പദ്മാവതി സിനിമയെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നിട്ടുണ്ട്. വിവാദങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ബോധപൂര്‍വം നിര്‍മ്മിച്ചവയാണെന്ന് മമത ട്വീറ്റ് ചെയ്തു. സിനിമാ മേഖലയിലുള്ളവര്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരണം. ഈ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.
അതിനിടെ പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പദ്മാവതിയെ അവഹേളിക്കുന്നതാണ് സിനിമയെന്നും അനുമതി ഇല്ലാതെ സിനിമയിലെ പാര്‍ട്ടുകള്‍ പുറത്തുവിട്ടുവെന്നും ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങായത്. കോട്ടയം പുതുപ്പള്ളിയിലാണ് സമൂഹത്തിനാകെ മാതൃകയായ വിവാഹം നടന്നത്. അതിദാരുണമായ ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ജീവിതവഴിയില്‍ ഉണ്ണിമായയെ ഒറ്റയ്ക്കാക്കിയത്. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണചുമതലയിലായിരുന്നു ഈ പെണ്‍കുട്ടി. പുതുപ്പള്ളി സ്വദേശിയായ അഖില്‍, ഉണ്ണിമായയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സിപിഎം നേതാക്കള്‍ ഇരുവീട്ടുകാരുമായി സംസാരിച്ച് അനുവാദം വാങ്ങി.
സിപിഎം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സിഎസ് സുതന്റെ വീട്ടുമുറ്റത്തായിരുന്നു മതവും മാര്‍ക്‌സിസവും സംഗമിച്ച വിവാഹ ചടങ്ങുകള്‍. പിതൃസ്ഥാനത്തുനിന്ന് ഉണ്ണിമായയെ അഖിലിന്റെ കൈകളിലേക്ക് ഏല്‍പ്പിച്ചതും സുതനായിരുന്നു. ഇതോടെ നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്കും പര്യവസാനമായി.
ഉണ്ണിമായക്ക് ആരുമില്ല എന്ന തോന്നലുണ്ടാകാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തു നടത്തി. സദ്യവട്ടങ്ങളൊരുക്കിയതും വിവാഹത്തിന്റെ ക്ഷണക്കത്ത് തയ്യാറാക്കിയത് മുതലുള്ള ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. അഖിലിനും ഉണ്ണിമായക്കും ആശംസകളറിയിക്കാന്‍ നൂറുകണക്കിനാളുകളാണ് വിവാഹചടങ്ങിനെത്തിയത്. നിര്‍ഭാഗ്യങ്ങളുടെ പഴയകാലത്തെ ഉണ്ണിമായ ഇപ്പോള്‍ മറക്കുന്നു. ഏതൊരാളും ഒറ്റപ്പെട്ടു പോകാവുന്ന ജീവിതാവസ്ഥ. അതെല്ലാം പിന്നിട്ടാണ് ഈ സ്വയംവരപന്തല്‍ വരെ ഉണ്ണിമായ എത്തിയിരിക്കുന്നത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു ദുർബല നിമിഷത്തിലുണ്ടായ അവിവേകം മനസ്സിനെ കീഴ്‌പെടുത്തിയപ്പോള്‍ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിക്ക് ജീവിതത്തില്‍ കൈത്താങ്ങായി എത്തിയത് സിപിഎം പ്രവര്‍ത്തകരായിരുന്നു. അങ്ങിനെയാണ് നിര്‍ഭാഗ്യം നിഴല്‍ വിരിച്ച ജീവിതത്തില്‍ വിവാഹത്തിന് വേദിയൊരുങ്ങിയത്.
കോട്ടയം നഗരത്തില്‍ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെണ്‍കുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍കാലയില്‍ മിനിയുടേയും ഭര്‍ത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.
പിന്നീട് പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖില്‍ അറിയിച്ചതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.
സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവന്‍ സ്വര്‍ണം, വസ്ത്രങ്ങള്‍ എന്നിവ പാര്‍ട്ടി തന്നെ വാങ്ങി. വരനു വേണ്ടി ഒരു സ്വര്‍ണ്ണമാല ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചന്‍ സമ്മാനമായി നല്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂര്‍ത്തം. വിവാഹ ക്ഷണക്കത്തും പാര്‍ട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത ഉണ്ണിമായയുടെ മാതൃസഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സിപിഎം ശ്രദ്ധിച്ചു. തനിക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ണിമായക്ക് ഇനി ഉണ്ടാവില്ല. പുതുപ്പള്ളിയിലെ നാട്ടുകാര്‍ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ യും ഇടതു പക്ഷത്തേയും ജില്ലാ സംസ്ഥാന നേതാക്കളും ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തി.