എണ്ണം പറഞ്ഞ കേസുകൾക്ക് തുമ്പുണ്ടാക്കിയ പോലീസ് നായ സെല്‍മ വിടപറഞ്ഞു; കോട്ടയം കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു, സെൽമയുടെ ചില സുപ്രധാന കേസ് വഴികളിലൂടെ……

എണ്ണം പറഞ്ഞ കേസുകൾക്ക് തുമ്പുണ്ടാക്കിയ പോലീസ് നായ സെല്‍മ വിടപറഞ്ഞു; കോട്ടയം കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു, സെൽമയുടെ ചില സുപ്രധാന കേസ് വഴികളിലൂടെ……
April 10 12:15 2018 Print This Article

ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തിലുള്ള സേനയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പു വിരമിച്ച പൊലീസ് നായ സെല്‍മ (11) വിടപറഞ്ഞു. കുരുക്കഴിയാത്ത പല കുറ്റകൃത്യങ്ങളിലും കേരള പൊലീസിനു തുമ്പുണ്ടാക്കിക്കൊടുത്ത സെല്‍മ പരിശീലകനായ കുമരകം കദളിക്കാട്ട് മാലിയില്‍ കെ.വി.പ്രേംജിയുടെ സംരക്ഷണയിലായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കു പ്രത്യേക അപേക്ഷ നല്‍കിയാണു പ്രേംജി സെല്‍മയെ സ്വന്തമാക്കിയത്. വിരമിച്ച നായയെ പരിശീലകന്‍തന്നെ സ്വന്തമാക്കിയതു കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു. കരള്‍രോഗമാണു മരണകാരണം. കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ രണ്ടുദിവസമായി ചികില്‍സയില്‍ ആയിരുന്ന സെല്‍മയെ ഞായറാഴ്ച പ്രേംജി വീട്ടിലേക്കു കൊണ്ടുവന്നു. ഏറെ സൗകര്യങ്ങള്‍ നല്‍കിയാണു പ്രേംജി സെല്‍മയെ സംരക്ഷിച്ചത്. വീട്ടുമുറ്റത്ത് നിര്‍മിച്ച കൂടിനുള്ളില്‍ ഫാനും മറ്റുമുണ്ടായിരുന്നു. സെല്‍മയുടെ ജന്മദിനം കേക്ക് മുറിച്ചാണു വീട്ടുകാര്‍ എല്ലാവര്‍ഷവും ആഘോഷിച്ചിരുന്നത്. 2008 ജനുവരി ഒന്നിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ‘ലാബ്രഡോര്‍ റിട്രൈവര്‍’ ഇനത്തില്‍പെട്ട സെല്‍മ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത്. സല്‍മയെന്ന പേരു നല്‍കിയതും പ്രേംജിയാണ്.

മനുഷ്യഗന്ധം കണ്ടെത്തുന്നതിലായിരുന്നു മിടുക്ക്. ഒന്‍പതരവയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സെല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെല്‍മയുടെ മരണവിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒട്ടേറെപ്പേര്‍ കുമരകത്തെ പ്രേംജിയുടെ വീട്ടിലെത്തി. വീട്ടുവളപ്പില്‍ ആചാരപ്രകാരംതന്നെയാണ് സെല്‍മയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മുണ്ടക്കയത്തെ കവര്‍ച്ചാനാടകത്തിലെ പ്രതിയായ വീട്ടമ്മയെ പിടികൂടി; വീട്ടമ്മ മുക്കുപണ്ടം കിണറ്റിലിട്ടശേഷം സ്വര്‍ണം മോഷണം പോയതായി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സെല്‍മ മണം പിടിച്ചു മുക്കുപണ്ടം എറിഞ്ഞ കിണറ്റിനരികിലെത്തി, കൂട്ടിക്കലിലെ കുരിശടി തകര്‍ത്ത കേസിലെ പ്രതികളുടെ വീടുകളിലെത്തി തിരിച്ചറിഞ്ഞു, നാഗമ്പടത്തെ സദന്‍ കൊലക്കേസില്‍ പ്രതി ഒളിച്ചിരുന്ന ഓടയില്‍നിന്നു പിടികൂടാന്‍ സഹായിച്ചതു സെല്‍മയായിരുന്നു, പാമ്പാടി വെള്ളൂര്‍ 12-ാം മൈലില്‍ പുരയിടത്തില്‍ പശുവിനെക്കെട്ടാന്‍ പോയ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുടുക്കി, പഴയിടം ഇരട്ടക്കൊലപാതകത്തിലെ പ്രതി ബൈക്ക് വച്ചിരുന്ന സ്ഥലം സെല്‍മ പൊലീസിനു കാട്ടിക്കൊടുത്തു,കറുകച്ചാലില്‍ വീട്ടമ്മയെയും മകളെയും തലയ്ക്കടിച്ചശേഷം മോഷണം നടത്തിയ പ്രതികളെ കോളനിയിലെ വീട്ടില്‍നിന്നു പിടികൂടാന്‍ സഹായിച്ചു, പാലാ അല്‍ഫോന്‍സ കോളജിലെയും മറിയപ്പള്ളി സ്‌കൂളിലെ കംപ്യൂട്ടര്‍ മോഷണത്തിനും തെളിവുണ്ടാക്കി.ഇങ്ങനെ സെല്‍മയുടെ കുറ്റാന്വേഷണ മികവിനു ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.

തൃശൂര്‍ കെന്നല്‍ ക്ലബ് പൊലീസ് അക്കാദമിയില്‍ 2008-ലെ ആദ്യ ബാച്ചിലെ അംഗമായിരുന്നു സെല്‍മ. ഒന്‍പതുമാസം പരിശീലനം. ആ ഗ്രൂപ്പിലെ 11 നായ്ക്കളില്‍ ഒന്നാം സ്ഥാനക്കാരിയായി. മൂന്നുമാസം അനുസരണശീലത്തിനുള്ള പരിശീലനമാണ്. ഇതു പൂര്‍ത്തിയായാല്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നവരാകും നായകള്‍. അടുത്തപടിയായി മണം പിടിക്കാനുള്ള പരിശീലനമാണ്. ഇതു കഴിഞ്ഞ് അന്വേഷണരംഗത്തേക്ക് ഇറക്കും. പരിശീലനം കഴിഞ്ഞാല്‍ കൃത്യമായി ജീവിത ചിട്ടകളിലേക്കു നായ്ക്കള്‍ മാറും. ജാഗ്രതയും ശ്രദ്ധയും കൂടും. പ്രാഥമികാവശ്യങ്ങള്‍ക്കു ദിവസവും പുലര്‍ച്ചെ 6.15നു കൂട്ടില്‍നിന്നു പുറത്തിറക്കുന്നതോടെയാണു പരിശീലനം ആരംഭിക്കുക. തുടര്‍ന്നു ഭക്ഷണം. വൈകിട്ടു 3.30നു വീണ്ടും പുറത്തിറക്കും. അരമണിക്കൂറിനുശേഷം വീണ്ടും പരിശീലനം. ഇതാണു ദിനചര്യ. ഇത്തരം നായ്ക്കള്‍ പ്രാഥമികാവശ്യങ്ങളൊന്നും കൂട്ടില്‍ നിര്‍വഹിക്കില്ല. ഒരു ദിവസം പുറത്തിറക്കിയില്ലെങ്കില്‍പോലും പ്രാഥമികാവശ്യങ്ങള്‍ കൂട്ടില്‍ നിര്‍വഹിക്കില്ലെന്നു പരിശീലകനായ പ്രേംജി പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles