India

പേരാമ്പ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍.

സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അനുവിന്റെ മരണം മുങ്ങിമരിച്ചതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന സംശയം പോലീസിന് നിലനിന്നിരുന്നു. ഇതിനിടയാണ് സിസിടിവിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇയാളെ കാണാൻ ഇടയായത്. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ തിങ്കാളാഴ്ച ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് വാളൂരിലെ തോട്ടില്‍ അർദ്ധനഗ്നയായി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത സമയത്ത് അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ്, പത്രിക സമർപ്പണം ഏപ്രിൽ 4 ന്, സൂഷ്മ പരിശോധ ഏപ്രിൽ 5 ന്,പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 വരെ , ഇലക്ഷൻ പെരുമാറ്റ ചട്ടം നിലവിൽ വന്നു.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1.5 കോടി പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് പ്രക്രിയയില്‍ പങ്കാളികളാകും.

പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 47.1 കോടിയുമാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടിയാണ് രാജ്യത്തുള്ളത്. നൂറ് വയസുള്ള 2.18 കോടി വോട്ടര്‍മാരും 1.8 കോടി വോട്ടര്‍മാരും രാജ്യത്തുണ്ട്. 48000പേരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍. 82 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ 82 ലക്ഷമാണ്. 88.4ലക്ഷം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 55 ലക്ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുള്ളത്.

85 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും. ശൗചാലയും കുടിവെള്ളവും ഉറപ്പാക്കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ഇതിനായി മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. പോളിങ് ബൂത്തില്‍ ശൗചാലയവും കുടിവെള്ളവും ഉറപ്പാക്കും. ബൂത്തുകളില്‍ മികച്ച സൗകര്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കരാര്‍ ജോലിക്കാരെ നിയോഗിക്കില്ല. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ബൂത്തുകളില്‍ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കുമെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചന്‍ പങ്കുവച്ചത്. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന്‍ പറഞ്ഞു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9-ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്‌. അടുക്കിലും ചിട്ടയിലും എല്ലാം പൂര്‍ത്തിയാക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് സിനിമയ്ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായകരമാകും.”-ബച്ചന്‍ കുറിച്ചു.

ബച്ചന്റെ രോഗവിവരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. പതിവു ചെക്കപ്പുകൾക്കായാണ് ബച്ചൻ ആശുപത്രിയിൽ എത്തിയതെന്നും പറയുന്നുണ്ട്. ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നൽകിയിട്ടുണ്ട്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച ഏതോ സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജെസ്ന കോളേജിന് പുറത്ത് എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജെസ്നയുടെ ഒപ്പം പഠിച്ച അഞ്ച് സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിയിട്ടില്ല. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനയ്ക്ക് ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് കണ്ടെത്തിയത്.

2018 മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ എറ്റെടുത്തത്. തിരോധാനത്തെക്കുറിച്ച് തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയെങ്കിലും സ്ഥിരീകരണം സിബിഐ നടത്തിയിട്ടില്ല. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയിൽ കരുതിയിട്ടില്ലായിരുന്നു.

വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തിരുന്നു. എരുമേലിയിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊച്ചി : എ ആർ റഹ്‌മാൻ ആൽബത്തിന്റെ 360 വെർച്ച്വൽ റിയാലിറ്റിയുമായി ആടു ജീവിതത്തിലെ ഹോപ്പ് സോങ്ങ് – മേക്കിങ് വീഡിയോ . ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ഓസ്കാർ ജേതാവ് എ.ആർ റഹ്‌മാനാണ് ഈ ആൽബം സംഗീതം ചെയ്തിരിക്കുന്നത്. അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഈ ആൽബത്തിന്റ ചിത്രീകരണ രംഗങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തലാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം.

വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നു.

യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

അഞ്ജനയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. പരുക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ചികിത്സയിലിരിക്കെയാണ് പ്രശാന്ത് മരണപ്പെട്ടത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരിച്ചത്. ഈ ഒരാഴ്ചയ്ക്കിടെ പ്രശാന്ത് ഉൾപ്പെടെ മൂന്ന് പേരാണ് കാട്ടാനാക്രമണത്തിൽ മരിക്കുന്നത്.

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. വിമാനത്താവള നിര്‍മ്മാണത്തിനായി 1000.28 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റവന്യു വകുപ്പ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. 47 സര്‍വേ നമ്പരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.

എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്പരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 21 ല്‍ ഉള്‍പ്പെട്ട 299 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 160 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ശൂരനാട് രാജശേഖരനാണ് വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പടുത്തതിനാല്‍ തല്‍ക്കാലം വിവാദം വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും ശൂരനാട് രാജശേഖരന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചതിനെതിരെയും ശൂരനാട് രാജശേഖരന്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, വിഷയം നേരത്തെതന്നെ ചര്‍ച്ചചെയ്തതാണെന്നും തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇനിയും വിവാദങ്ങള്‍ വേണ്ടെന്നുമാണ് യോഗത്തില്‍ വി.ഡി. സതീശന്‍ നിലപാടെടുത്തത്.

‘കരുണാകരന്റെ മകള്‍ എന്നുപറഞ്ഞ് പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരന്‍ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും,’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍.

ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ മടങ്ങി എത്തിയ ശേഷം ഭർത്താവ് കുളിക്കാൻ കയറിയ സമയത്താണ് സംഭവം.

ഭർത്താവ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പരിശോധനകൾ നടത്തി. സംഭവ സമയം രണ്ടു വയസുകാരനായ മകനും മുറിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved