India

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയില്‍ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ് എന്നാണ് സൂചന. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ.

അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ആനമങ്ങാട് വാഹനപരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചെടുത്തത്. പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ കസ്റ്റഡിയിലെടുത്തു.

KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. 11.15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.

സ്വന്തം പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിരയെന്ന വയോധിക കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ മൂന്നു കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു.

ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നതുകണ്ടതോടെ അവയെ തുരത്താന്‍ ഇന്ദിര ശ്രമിക്കുകയായിരുന്നു. രണ്ട് കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോയെങ്കിലും ഒരു ആന പുരയിടത്തിലേക്കെത്തി ഇന്ദിരയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

കാലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ദിരയ്ക്ക് പെട്ടെന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നാണ് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്ത് റബ്ബര്‍ വെട്ടുകയായിരുന്ന തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നതായും ആന തലയ്ക്ക് ചവിട്ടിയിട്ടുണ്ടാകാം എന്നുമാണ് ഇവര്‍ പറയുന്നത്.

രാവിലെ 7.15-ഓടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് എന്നാണ് വിവരം.

ഇടുക്കി- എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതും മലയാറ്റൂര്‍ റിസര്‍വ്വിനോട് ചേര്‍ന്നതുമായ പ്രദേശവുമാണ് കാഞ്ഞിരവേലി. കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശമാണിത്. വന്യജീവി ആക്രമങ്ങളെ ഭയന്ന് പ്രദേശത്തെ വലിയ ശതമാനം ജനങ്ങളും നേരത്തെ ഇവിടംവിട്ടുപോയിരുന്നു.

പകല്‍ സമയത്തുപോലും കൊച്ചി- ധനുഷ്‌കോടി ദേശീയപാത കാട്ടാനകള്‍ മുറിച്ചുകടക്കാറുണ്ട്. വനംവകുപ്പ് ആര്‍.ആര്‍.ടി. സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇവയെ വിരട്ടിയോടിക്കാറ്.

നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം റേഞ്ച് ഓഫീസിന് മുന്നിലൂടെയാണ് കൊണ്ടുവരിക എന്നാണ് വിവരം.

അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ബിജെപിയില്‍ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി.

അതിനെ പിന്നാലെയാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളും അതൃപ്തി പരസ്യമായി പറഞ്ഞ് രംഗത്ത് വരുന്നത്. കർഷക മോർച്ച ജിലാ പ്രസിഡന്റ്‌ ശ്യാം തട്ടയിൽ നേതൃത്വത്തെ രൂക്ഷമായ വാക്കുകളിൽ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു.

എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിന്‍റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കർഷകമോർച്ച ജില്ലാ പ്രസിഡന്‍റ് കൂടിയായ ശ്യാം തട്ടയിലിനെ കെ. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കി.

ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ അനില്‍ ആന്‍റണി ഒട്ടും അനുയോജ്യല്ലെന്നാണ് ജില്ലയിലെ വലിയ നേതാക്കൾ തന്നെ പറയുന്നത്.

ജോബ് ആപ്പ് വഴി പ്രവാസിയുടെ 19.5 ലക്ഷം രൂപ തട്ടിയതായി പരാതി. മുദാക്കല്‍ വാളക്കാട് പീലിയോട്ടുകോണം കോയിക്കല്‍വീട്ടില്‍ പ്രശാന്തിനാണ് (36) പണം നഷ്ടമായത്. മൂന്ന് മാസം മുമ്പ് നടന്ന തട്ടിപ്പ് സംബന്ധിച്ച് പ്രശാന്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. കേസെടുത്തതായി ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.

പ്രശാന്തും കുടുംബവും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്. ഓണ്‍ലൈന്‍ ജോലിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ പ്രശാന്ത് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടത്. ആറ് അംഗങ്ങളുളള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രശാന്തിനെ അംഗമാക്കിക്കൊണ്ടാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്. നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് നല്‍കുമ്പോള്‍ ഒരു ഓണ്‍ലൈന്‍പ്രവൃത്തി ലഭിക്കും. ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യമാദ്യം ചെറിയ തുകകള്‍ നല്‍കി ലഭിച്ച പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിച്ചു. ഇത് വിശ്വസിച്ച് വലിയ തുകകള്‍ നല്‍കി പ്രവൃത്തികള്‍ ഏറ്റെടുത്തു. എന്നാല്‍ ഇവയില്‍ നിന്ന് പ്രതിഫലം ലഭിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കി കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നല്‍കിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതായ വിവരങ്ങള്‍ ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നല്‍കുന്നത്‌ നിര്‍ത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലായതായി പ്രശാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൻ പുരയിടം വീട്ടിൽ രാജേഷ്.ആർ (കണ്ണൻ 21 ) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച് . ഓ . പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

ഇയാൾക്ക് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. .

പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.

കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.

ഗുജറാത്തിലെ ജാംനഗറിപ്പോള്‍ ആഘോഷത്തില്‍ മുങ്ങിയിരിക്കുകയാണ്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെലിബ്രിറ്റി അതിഥികള്‍ ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നടക്കുന്ന പരിപാടി ജാംനഗറിലെ റിലയന്‍സിന്റെ ടൗണ്‍ഷിപ്പിലാണ് നടക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ ഗ്രീന്‍ ടൗണ്‍ഷിപ്പ്.

ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇതിന് മുന്നോടിയായി ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും ആനന്ദിന്റേയും രാധികയുടേയും കുടുംബം നടത്തിയിരുന്നു.

ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരൊക്കെ അതിഥികളില്‍പ്പെടുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാനടക്കമുള്ള ബോളിവുഡ് താരങ്ങളും ജാംനഗറിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. പോര്‍ ഇറ്റ് അപ്, വൈല്‍ഡ് തിങ്‌സ്, ഡയമണ്ട്‌സ് തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം റിഹാനയും സംഘവും വേദിയില്‍ തകര്‍ത്താടി. ഏകദേശം 66-74 കോടി രൂപയാണ് റിഹാനയെ ചടങ്ങിലെത്തിക്കാന്‍ അംബാനി കുടുംബം ചെലവഴിച്ചത്. രണ്ട് ദിവസം മുമ്പ് റിഹാന ജാംനഗറില്‍ വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോയും റിഹാനയുടെ ലഗേജുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം എയര്‍ബസിലാണ് താരം പറന്നിറങ്ങിയത്. അര്‍ജിത് സിങ്ങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍ എന്നിവരുടെ പരിപാടികളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും.

ജാംനഗറിലെ വിമാനത്താവളത്തിന് താത്കാലികമായി അന്താരാഷ്ട്രപദവിയും നല്‍കിയിട്ടുണ്ട്. വിദേശ അതിഥികളുടെ സ്വകാര്യവിമാനങ്ങള്‍ വരുന്നത് പരിഗണിച്ച് പത്തുദിവസത്തേക്കാണ് ഈ പദവി. മൂന്ന് വിമാനങ്ങള്‍മാത്രം സര്‍വീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തിയത്‌. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്.

വ്യത്യസ്ത തീമുകളെ ആസ്പദമാക്കിയാണ് പ്രീ വെഡ്ഡിങ് ആഘോഷം. എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ്സ് കോഡായിരിക്കും. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം നടക്കും. അതിഥികള്‍ക്കായി ഹെയര്‍സ്‌റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരേയും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 51,000 ഗ്രാമവാസികള്‍ക്ക് അംബാനിയുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ്‌ അംബാനി കുടുംബം അന്ന സേവ നടത്തിയത്. മുകേഷ് അംബാനി, ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ്, വീരേന്‍ മെര്‍ച്ചന്റ്, ഷൈല മെര്‍ച്ചന്റ് എന്നിവര്‍ ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങള്‍ വിളമ്പി. പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഒരുക്കിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവാഹം നടക്കുക. ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും. പട്ടികയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന്‌ വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്‌.

ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ. കൃഷ്ണദാസിന് പ്രധാനമണ്ഡലങ്ങളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയില്‍ അദ്ദേഹമില്ലെന്നത് ശ്രദ്ധേയമാണ്. കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ബി.ജെ.പി. സ്ഥാനാര്‍ഥികള്‍

കാസര്‍കോട്- എം.എല്‍. അശ്വിനി
കണ്ണൂര്‍- സി. രഘുനാഥ്
വടകര- പ്രഫുല്‍ കൃഷ്ണ
കോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാര്‍
തൃശ്ശൂര്‍- സുരേഷ് ഗോപി
ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍
പത്തനംതിട്ട- അനില്‍ ആന്റണി
ആറ്റിങ്ങല്‍- വി മുരളീധരന്‍
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരന്‍

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെയാണ് (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ഏഴ് ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു.

ഇത്തരത്തില്‍ വിവിധ കേസുകളില്‍പെട്ട് ഒളിവില്‍കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇയാള്‍ ഇവിടെ വ്യാജപേരിലാണ് കഴിഞ്ഞുവന്നിരുന്നത്.

വാകത്താനം എസ്.എച്ച്‌.ഒ എ.ഫൈസല്‍, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഒമാരായ ലൈജു ടി.എസ്, ചിക്കു ടി.രാജു എന്നിവരാണ് എസ്.പിയുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved