സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്. ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്ന് മുഖ്യ പരാതിക്കാരായ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് അപ്പീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നതെന്നും ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പള്ളിയോ, ഭദ്രാസനമോ, രൂപതയോ ആണ് പണം ചിലവാക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. നിയമം എല്ലാവര്‍ക്കും തുല്യമാണ്. ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ പറഞ്ഞു.
ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നല്‍കുന്നത് ശമ്പള ഇനമായിട്ടാണ് കണക്കില്‍ രേഖപ്പെടുത്തുന്നത്. വ്യക്തിക്ക് നല്‍കുന്ന ശമ്പളം മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞ് നികുതി ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം 1940 മുതല്‍ നികുതി പിരിക്കാറില്ല എന്നത് കോടതി അംഗീകരിച്ചില്ല. കൃത്യമായ നിയമമില്ലാതെ നികുതി പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
Leave a Reply