ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.
എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്‌ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ ടി.എന്‍.ശിവശങ്കര്‍ പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷൻ പാലോട് രവി. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’ എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം.
മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.
അതേസമയം, സമരാഗ്നി സമാപന വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സാധാകരന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. മുഴുവന്‍ സമയം ഇരിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നും പ്രസിഡന്റിന് അക്കാര്യത്തില്‍ ഒരു വിഷമം വേണ്ടെന്നും വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഗഗൻയാൻ സംഘത്തെ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുമെന്ന് ഐ എസ് ആർ ഒ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്ത് തന്റെ ഭർത്താവാണെന്നും ജനുവരി 17ന് പ്രശാന്തിനെ പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചെന്നും നടി ലെന വെളിപ്പെടുത്തിയത്.
നിരവധി ട്രോളുകൾ വന്ന തന്റെ പഴയ വീഡിയോയാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ലെന തുറന്നുപറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ട്രോളുകളും ഉണ്ടായി. വീഡിയോ കണ്ട് പ്രശാന്ത് തന്നെ വിളിച്ചു. പരിചയപ്പെട്ടപ്പോൾ രണ്ടാളും ഒരു വൈബാണെന്ന് മനസിലായി. അങ്ങനെ വിവാഹത്തിലെത്തിയെന്ന് താരം വ്യക്തമാക്കി.
ഇരുകുടുംബങ്ങളും ആലോചിച്ചാണ് വിവാഹം നടത്തിയത്. ജാതകം നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ടായിരുന്നു. അങ്ങനെ ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽവച്ച് വിവാഹിതരായെന്ന് നടി കൂട്ടിച്ചേർത്തു.
ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണിതെന്നായിരുന്നു വിവാഹ റിസപ്ഷനിൽ പ്രശാന്ത് പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിംഗ്സാണെന്ന് തന്നെ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നെന്മാറ തിരുവഴിയാട് വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും നാലുമക്കളിൽ രണ്ടാമനാണ് പ്രശാന്ത്.
ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എസ്.എഫ്.ഐ. നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഇരുസംഘടനകളും സമരം നടത്തുന്നത്. എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.
മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും മൃതദേഹപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മരണം നടന്ന് ഇത്രയുംദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവും ശക്തമാണ്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.
അറസ്റ്റിലായവർ
1 ബിൽഗേറ്റ് ജോഷ്വാ
സുൽത്താൻബത്തേരി സ്വദേശി
2 അഭിഷേക് എസ്
ഇടുക്കി സ്വദേശി
3 ആകാശ് എസ് ഡി
കൊഞ്ചിറവിള
തിരുവനന്തപുരം
4 ഡോൺസ് ഡായി
തൊഴുപുഴ സ്വദേശി
5 രഹൻ ബിനോയ്
തിരുവനന്തപുരം സ്വദേശി
6 ശ്രീഹരി ആർ ഡി
തിരുവനന്തപുരം സ്വദേശി
അതേസമയം സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. താനൂര്‍ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.
പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പോലീസിന് മൊഴി നല്‍കിയത്.
ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ ശേധം വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
ദുബായ് : ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങുവാനും വിൽക്കുവാനും , ഹോട്ടലുകൾ ബുക്ക് ചെയ്യുവാനും , ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുവാനും കഴിയുന്ന നിലയിലേക്ക് ദുബായിലെ ക്രിപ്റ്റോ കറൻസി വ്യവസായം പുരോഗമിക്കുകയാണ്. ദിർഹത്തിനും , ഡോളറിനും പകരം ക്രിപ്‌റ്റോ കറൻസികൾ നൽകികൊണ്ട് പ്രോപ്പർട്ടിക്കുള്ള പേയ്‌മെൻ്റ് രീതി സ്വീകരിക്കുക എന്ന ആശയം ദുബായ് സ്വീകരിക്കാൻ തുടങ്ങിയത് 2018 മുതലായിരുന്നു. നിലവിൽ, യുഎഇയിലെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഴി പല ക്രിപ്റ്റോ കറൻസികൾ നൽകി വീടുകൾ, വില്ലകൾ, അപ്പാർട്ടുമെൻ്റുകൾ, കെട്ടിടങ്ങൾ എന്നിവ വാങ്ങാവുന്നതാണ്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു മികച്ച ബിസിനസ്സ് ഡെസ്റ്റിനേഷനാണ്. ലോകത്തെ ഏതൊരു സാങ്കേതിക വിദ്യയേയും ആദ്യം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് UAE . അതുകൊണ്ട് തന്നെയാണ് മറ്റ് ഏത് ഗൾഫ് രാജ്യങ്ങളെക്കാളും വലിയ രീതിയിൽ വളർച്ച നേടാൻ UAE യ്ക്ക് കഴിഞ്ഞത്. ഇന്ന് മറ്റ് എല്ലാ ഗൾഫ് രാജ്യങ്ങളും UAE യെ മാത്യകയാക്കി വളരാനാണ് ശ്രമിക്കുന്നത്.
അതുകൊണ്ട് തന്നെ ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയ്നിനെയും, ക്രിപ്റ്റോ കറൻസികളെയും, WEB 3 യെയും , ആർട്ടിഫിഷ്യൽ ഇന്റലിജന്സിനെയും , ഡിസെൻട്രലൈസ്ഡ് ഫൈനാൻസിനെയും ഒക്കെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ഹബ്ബായി UAE മാറി കഴിഞ്ഞു.
ക്രിപ്റ്റോ കറൻസി മേഖലയിലെ വളർച്ച ഉപയോഗപ്പെടുത്തി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് UAE യിൽ ബിസിനസ്സുകൾ നടത്തുന്നത്. ഗൾഫ് മേഖലയിൽ ക്രിപ്റ്റോ കറൻസി റെഗുലേഷൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം എന്ന നിലയിൽ നിയമപരമായ എല്ലാ സഹായങ്ങളും , സുരക്ഷയും UAE ഗവൺമെന്റ് ഈ വ്യവസായത്തിന് നൽകുന്നുമുണ്ട് .
ഇതിനോടകം ഓൺലൈനിലും ഓഫ് ലൈനിലുമായി അനേകം ഗവണ്മെന്റ് അംഗീകൃത ക്രിപ്റ്റോ എക്സ്ചേഞ്ചുകളാണ് യുഎയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ നേരിട്ട് പോയി ഇടപാടുകൾ നടത്തുന്നതുപോലെ വിവിധ ബ്രാഞ്ചുകളിൽ നേരിട്ട് ചെന്ന് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും എക്സ്ചേഞ്ച് ചെയ്യുവാനും ഒക്കെ ഇന്ന് UAE ൽ അവസരമുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ക്രിപ്‌റ്റോ കറൻസികൾക്ക് UAE ൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാത്തരം ബിസ്സിനസ്സുകളിലേയ്ക്കും ക്രിപ്റ്റോ കറൻസികളുടെ കടന്നു വരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പല രാജ്യങ്ങളും അവരുടെ നിലവിലുള്ള കറൻസികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളെ ഔദ്യോഗിക കറൻസികളായി അംഗീകരിക്കാൻ ചർച്ചകൾ നടത്തുന്നതുകൊണ്ടും , എല്ലാ രാജ്യങ്ങളും ക്രിപ്റ്റോ റെഗുലേഷൻസ് നടത്താൻ തയ്യാറെടുക്കുന്നതുകൊണ്ടും അടുത്ത രണ്ട് വർഷങ്ങളിൽ പത്തിരട്ടിയായി ക്രിപ്റ്റോ വ്യവസായം വളരുമെന്നാണ് UAE പ്രതീക്ഷിക്കുന്നത്.
ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇന്ന് ക്രിപ്റ്റോ ലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന രീതിയിലേക്ക് ലോക രാജ്യങ്ങൾ മാറുന്നതും , കുടുതൽ കൂടുതൽ ഗവൺമെന്റുകൾ ക്രിപ്റ്റോയ്ക്ക് അംഗീകാരം നൽകുന്നതും ഒക്കെ ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിപ്പിച്ചു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. ഇത് ബിസിനസ്സ് പരമായും സാമ്പത്തികപരമായും കൂടുതൽ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് യു എ ഇ വിലയിരുത്തുന്നത്.
ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലാണ് സംഭവം. ദിവസ വേതനമുള്ള ജോലിക്കാരാണ് ഓപ്പറേഷൻ തിയ്യറ്ററുകളിൽ റീൽസ് ചെയ്തത്. തുടർന്ന് സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാവുകയും ചെയ്തു. ആശുപത്രിയിലെ നിയമപ്രകാരം ഓപ്പറേഷൻ തിയറ്ററുകളിൽ ഫോട്ടോസുകളോ വിഡിയോകളോ എടുക്കാൻ അനുവദീനിയമല്ല.
എന്നാല്‍ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ വെച്ച് മൂവരും ചേർന്ന് റീല്‍ ചിത്രീകരിച്ചത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയില്‍ പെട്ടിരുന്നു . കൂടാതെ റീല്‍സ് ഷൂട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ഒരു സീനിയർ നഴ്സിനോട് മൂവരും മോശമായി പെരുമാറിയതായും പരാതിയുണ്ട്. പരാതി ലഭിച്ചതിനെ തുടർന്നാണ് കർശനമായ നടപടിയുണ്ടായി നേഴ്സുന്മാരെ പിരിച്ച് വിട്ടതെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്.
തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.
മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തു മണിക്ക് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ടി പി വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എയും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ. മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നില്‍ വന്നിട്ടില്ല. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് എന്നും നിയമ പോരാട്ടം തുടരുമെന്നും മേല്‍ക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നല്‍കിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ ഷിനോജ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്.
ഇവര്‍ക്കെതിരെ വിചാരണ കോടതി കൊലപാതകത്തിന് മാത്രമാണ് ശിക്ഷിച്ചിരുന്നത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ഉത്തരവ്.