India

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരമാര്‍ശത്തില്‍ വിവാദത്തിലായി ബിജെപി എംഎല്‍എ. ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നില്ലെന്നും മുസ്ലീംകള്‍ ചെയ്യാറില്ല, പക്ഷേ അവര്‍ ധനികരാണല്ലോ എന്നുമായിരുന്നു പരാമര്‍ശം.

ബിഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലാലന്‍ പസ്വാന്‍ ആണ് പ്രസംഗത്തിനിടെ പുലിവാല് പിടിച്ചത്. ” ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നാണല്ലോ. മുസ്ലിംകള്‍ സാധാരണയായി ലക്ഷ്മിദേവിയെ ആരാധിക്കാറില്ല. അവരെന്താ ധനികരല്ലേ?” എന്ന് ബിജെപി നേതാവ് ചോദിക്കുന്നു.

”അവര്‍ സരസ്വതി ദേവിയെ ആരാധിക്കാറില്ല, അവര്‍ക്കിടയില്‍ നിന്ന് പണ്ഡിതര്‍ ഉണ്ടാകുന്നില്ലേ? അവര്‍ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ?” എന്നുമായിരുന്നു പരാമര്‍ശം. കൂടാതെ ആത്മ, പരമാത്മ തുടങ്ങിയവ ജനങ്ങളുടെ വിശ്വാസം മാത്രമമാണെന്നും പ്രസംഗത്തില്‍ പസ്വാന്‍ പറഞ്ഞു.

കരുത്തിന്റെ ദൈവം ബജ്‌റംഗബലിയാണെന്നാണല്ലോ വിശ്വാസം, മുസ്ലിംകളോ, ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല. അവരെന്താ കരുത്തരല്ലേ? വിശ്വാസങ്ങള്‍ നിര്‍ത്തുമ്പോഴേ ജനങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കുകയുള്ളൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ബിജെപി എംഎല്‍എ നേരിടുന്നത്. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ബിഹാറില്‍ നടക്കുകയാണ്.

കേരളത്തിന്റെ തീരാവേദനയാണ് വിസ്മയ. സ്ത്രീധന ജീവനെടുത്ത ഇരയാണ് വിദ്യാര്‍ഥിയായിരുന്ന വിസ്മയ. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന കാറും, നൂറു പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും സ്ത്രീധനമായി നല്‍കിയിട്ടും സ്ത്രീധനത്തിന്റെ പേരില്‍ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്ന് അവസാനം സ്വന്തം ജീവന്‍ തന്നെ ബലി നല്‍കേണ്ടി വന്നവള്‍.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ്
കിരണ്‍ വിസ്മയുടെ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. കേസില്‍ അകപ്പെട്ടതോടെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട കിരണ്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയ അനുഭവിച്ചിരുന്നത്.

കാര്‍ കാരണം മകള്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നെങ്കിലും മകളുടെ ഓര്‍മ്മയില്‍ പുതിയ ഓഡി കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ത്രിവിക്രമനും അമ്മ സജിതയും ചേര്‍ന്ന്. സഹോദര്‍ വിജിത്ത് ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ഒരു വിന്‍ഡോ കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്. 2021 ജൂണ്‍ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും വെളിപ്പെടുത്തിയിരുന്നു.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നേഴ്‌സായ, കോട്ടയം പാമ്പാടി സ്വദേശിനിയായ ദേവീ പ്രഭ(38) നിര്യാതയായി .സെപ്‌സിസ് മൂലം ടുള്ളമോര്‍ ഹോസ്പിറ്റലില്‍ ഐ. സി. യു വില്‍ ചികിത്സയിലായിരുന്ന ദേവിപ്രഭ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്ത്യയാത്രയായത്. ശ്രീരാജിന്റെ ഭാര്യയായ ദേവീപ്രഭ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്. ശിവാനി, വാണി എന്നിവരാണ് മക്കള്‍.

പോര്‍ട്ട് ലീഷ് ഹോസ്പിറ്റലില്‍ നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറി താമസിച്ചത്.പോര്‍ട്ട്‌ലീഷിലെ ഓണാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ദേവപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുള്ളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനായില്ല.

വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.മൃതദേഹം പിന്നീട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ്. സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്താന്‍ ആണ് തീരുമാനം

ബലാത്സംഗ കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിയുണ്ടാകും. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ വിശദീകരണം നല്‍കിയാലും എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടര്‍ന്ന്, ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ, എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി.

എല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം.

ബലാല്‍സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് നിലവിലുമുണ്ട്.

സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വി എസ് അച്യുതാനദൻ വിവിധ കാലഘട്ടങ്ങളിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷത്തിന് നേതൃത്വം വഹിച്ചു. 1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്.പതിനാറാം വയസില്‍ ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളി സമരത്തിലൂടെയായിരുന്നു വി എസിൻറെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. പി കൃഷ്ണ പിള്ളയാണ് വിഎസിലെ പ്രക്ഷോഭകാരിയെ കണ്ടെത്തിയത്. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ്‌ 1940ൽ പതിനേഴാം വയസ്സിലാണ്‌ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്‌. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും വി എസിന് നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍റെയും അമ്മയുടേയും മരണം വി എസ്സിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു.

രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ്‌ 18 ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജയപരാജയങ്ങളൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ തളർത്തിയിരുന്നില്ല. 1965ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനെ എതിരിട്ടപ്പോൾ 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാൽ 1967-ൽ കോൺഗ്രസിലെ തന്നെ എ അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് അദ്ദേഹം നിയമസഭാംഗമായി. 1970 -ൽ ആർ എസ് പിയിലെ കെ കെ കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. പിന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം 1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകൾക്ക് തോല്‍പ്പിച്ചുകളഞ്ഞു വി എസ്. 1996 -ൽ മാർക്സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോല്‍പ്പിച്ചു.

പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.

1946 ൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമര നേതാക്കളിൽ പ്രധാനിയായിരുന്നു വി എസ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്. ഒളിവിൽ കഴിയവെ പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൊടിയ മർദ്ദനം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്.1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐഎം രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വിഎസ്. അവിടന്നിങ്ങോട്ടുള്ള സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേധന ചരിത്രത്തില്‍ സംഘാടകനായും നേതാവായും എന്നും ഉണ്ടായിരുന്നു. പാർട്ടിയുടെ 23-ാം കോൺഗ്രസിൽ ശാരീരിക അവശതകള്‍ മൂലം അദ്ദേഹം വിട്ടുനിന്നു. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.

അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല.പലപ്പോഴും അതിനൊക്കെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്അച്ഛന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് അഭയ.അച്ഛന്റെ വാച്ച് തന്റെ കയ്യിൽ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓർമ പുതുക്കിയത്.

താൻ കാനഡയിൽ പോയി വന്നപ്പോൾ അച്ഛനു സമ്മാനിച്ചതാണ് ആ വാച്ച് എന്നും എല്ലാ വിശേഷ ദിവസങ്ങളിലും അച്ഛൻ ആ വാച്ച് അണിയുമായിരുന്നെന്നും അഭയ ഹിരൺമയി കുറിച്ചു.താൻ അച്ഛന്റെ രാജകുമാരിയാണെന്നും തനിക്ക് അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്നും അഭയ കുറിച്ചു.2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മ രിച്ചത്. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.

എരഞ്ഞിപ്പാലത്ത് അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ച മകനെ പൊലീസ് പിടികൂടിയത് കഠിന പരിശ്രമത്തിനൊടുവിലാണ്. ലഹരിക്ക് അടിമയായ ഷൈന്‍ ആണ് സ്വന്തം മാതാപിതാക്കളായ ഷാജി (50), ബിജി (48) എന്നിവരെ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും കുത്തേറ്റ ഷാജിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് പറയുകയാണ് നടക്കാവ് എസ് എച്ച് ഒ.

അദ്ദേഹത്തിന്റെ വാക്കുകള്‍

രാത്രി 10.30 മണിയോടെയാണ് എസ്‌ഐ സംഭവത്തെ കുറിച്ച് എന്നെ അറിയിക്കുന്നത്.ആ സമയത്ത് പ്രതി തന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അവരെ വളരെ പരിശ്രമപ്പെട്ടാണ് രക്ഷിച്ചത്. പിന്നീടാണ് കാല് പൊട്ടിക്കിടക്കുന്ന അച്ഛനെ കുത്തികൊല്ലുമെന്ന അവസ്ഥയിലേക്ക് പ്രതി എത്തിയത്. അപ്പോഴാണ് എസ്‌ഐയുടെ കോള്‍ എത്തുന്നത്.

ഗുരുതരാവസ്ഥ മനസിലായതോടെ തോക്ക് കൂടെക്കരുതി. അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ച് അനുമതി ചോദിച്ചു. വളരെ സൂക്ഷിക്കണം, അത്യാവശ്യം വന്നാല്‍ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

തുടര്‍ന്ന് 10.30 മുതല്‍ 1.30 വരെ അവനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ പെട്ടെന്നവന്‍ ഭയങ്കരമായി വയലന്റായി. ഇനി അച്ഛന്‍ ഈ ഭൂമിയില്‍ വേണ്ട, തന്നെ ശ്രദ്ധിക്കാതെ പെങ്ങള്‍ക്കു മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും പറഞ്ഞാണ് കുത്താന്‍ ചെന്നത്.

ചെറിയൊരു റൂമായതിനാല്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും കഴിയാത്ത അവസ്ഥയായിരുന്നു, അച്ഛനെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോള്‍ ജോലി പോയാലും വേണ്ടീല എന്ന് കരുതി ഫയര്‍ ചെയ്യുകയായിരുന്നു. യൂണിഫോമിട്ട് നമ്മള്‍ അവിടെ നില്‍ക്കുമ്പോള്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പിന്നെന്താണ് കാര്യം? ”

‘ആണും പെണ്ണും’ സിനിമയിലെ ഇന്റിമസി സീനുകളെ കുറിച്ച് പറഞ്ഞ് നടി ദര്‍ശന രാജേന്ദ്രന്‍. ഇത്തരം രംഗങ്ങളൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്.

ആണും പെണ്ണും ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു. കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു. എങ്കിലും അതിനെ കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ചോദിച്ചിരുന്നില്ല.

കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ തനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ. ആ ഒരു എന്‍വയോണ്‍മെന്റില്‍ വരുന്ന ചെറിയൊരു ടെന്‍ഷന്‍ ഉണ്ടാകും. ഇതൊരു പുതിയ കാര്യമാണല്ലോ ചെയ്യുന്നത്, ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന ചെറിയ ടെന്‍ഷന്‍.

അത് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണ്. തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്പേസ് അങ്ങനെയുള്ളതായിരുന്നു.

വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോള്‍ സ്റ്റേജില്‍ നിന്ന് തന്നെയാകും വസ്ത്രം മാറുക. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്ന് തനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും എന്നാണ് ദര്‍ശന പറയുന്നത്.

വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചായിരുന്നു അപകടം. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോ‍ഡരികിലെ ഭിത്തിയിൽ ഇടിക്കുകയും പിന്നിൽ വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

അപകടത്തിൽ ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാറിലേക്ക് എതിര്‍ ദിശയിൽ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും കാറിൻ്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വാവായുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.

തൃശ്ശൂര്‍ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകന്‍ സഹദ് (23)നെയാണ് അച്ഛന്‍ സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം.

സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved