India

ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്തു. രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യൽ വൈകീട്ടുവരെ നീണ്ടു. ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസ് നിർദേശിച്ചിരുന്നു. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

കേസിൽ, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സന്ദർശകരെ എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാർട്ടിക്ക് ആവശ്യമായ ലഹരി എത്തിച്ചത് ഇയാളാണെന്നാണ് നിഗമനം.

ലഹരിപ്പാർട്ടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽനിന്നു കണ്ടെടുത്തത്‌ മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.പരിശോധനയിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാസപരിശോധനയിലൂടെയാണ് സിപ്പ് ലോക്ക് കവറിൽ പുരണ്ട മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴികൾ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഫോൺകോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യൽ ആരംഭിക്കും.

നവകേരള സദസിലെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവകേരള സദസില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ചത് രക്ഷാ പ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ മര്‍ദനത്തെ രക്ഷാ പ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു.ഈ ന്യായീകരണം കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്നും ഷിയാസിന്റെ സ്വകാര്യ അന്യായത്തില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ സണ്‍സിന്റെ എമിരറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വിടവാങ്ങി. 86 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജെആര്‍ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28 നായിരുന്നു അദേഹത്തിന്റെ ജനനം. 1962 ലാണ് ടാറ്റ ഗ്രൂപ്പില്‍ ചുമതലയേല്‍ക്കുന്നത്. 1981 ല്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്ന അദേഹം കാരുണ്യ പ്രവര്‍ത്തന മേഖലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ല്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡുകളായ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നിവ 2004 ല്‍ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാഗ്ദാനവുമായി 2009 ല്‍ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി.

കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനിയറിങ് ബിരുദം. ഹാവാര്‍ഡില്‍ നിന്ന് മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി. 2000 ല്‍ പത്മഭൂഷണും 2008 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്ന അദേഹത്തെ 13 മില്യണ്‍ പേര്‍ എക്‌സിലും പത്തുമില്ല്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവിവാഹിതനാണ്.

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യംചെയ്യും. വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് പ്രയാഗയ്ക്ക് നോട്ടീസ് നല്‍കി. പ്രയാഗയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. മരട് പോലീസ് സ്‌റ്റേഷനില്‍വെച്ചുതന്നെയോ എറണാകുളം എ.സി.പിയുടെ ഓഫീസിലോ ആവും ചോദ്യംചെയ്യുക. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗാമാര്‍ട്ടിന്റേയും നടന്‍ ശ്രീനാഥ് ഭാസിയുടേയും പേരുണ്ടായിരുന്നു.

ശ്രീനാഥ് ഭാസിയേയും കേസില്‍ ചോദ്യംചെയ്‌തേക്കും. ഉടന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. നിലവില്‍ ശ്രീനാഥ് കൊച്ചിയില്‍ ഇല്ലെന്നാണ് വിവരം.

ഓംപ്രകാശിനെ മുറിയില്‍ സന്ദര്‍ശിച്ച 20 പേരില്‍ സിനിമാതാരങ്ങളുമുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയത്. ഓം പ്രകാശ് താമസിച്ച ഹോട്ടലിലെ മൂന്നുമുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നയന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനേയും കൂട്ടാളി ഷിഹാസിനേയും പിടികൂടിയത്.

മലപ്പുറം പരാമര്‍ശ വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമര്‍ശനം ഉന്നയിച്ച കൈമാറിയ കത്തില്‍ രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സാങ്കേതികത്വം പറഞ്ഞ് ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ഒപ്പം താന്‍ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അവശ്യം. ഇന്ന് നാല് മണിക്ക് രാജ്ഭവനിലെത്താന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. ദേശവിരുദ്ധ പ്രവര്‍ത്തനം എന്താണെന്നും ദേശ വിരുദ്ധര്‍ ആരാണെന്നും അറിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനുള്ള വിശദീകരണം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടിക്കത്ത് നല്‍കിയത്.

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്.

ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന വ്യാജേന ഫോൺ ചെയ്യുകയായിരുന്നു.

വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാൻ പണം വേണമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സിബിഐ ഓഫീസറായി എത്തുക വടക്കേ ഇന്ത്യൻ സ്വദേശിയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും സംഭാഷണം കൂടെ ആകുമ്പോൾ ആരും വിശ്വസിക്കും.13 ലക്ഷത്തിലധികം രൂപയാണ് ചാലാട് സ്വദേശിയെ ഭയപ്പെടുത്തി തട്ടിയെടുത്തത്.

നാഗ്പൂരിൽ എസ്ബിഐ അക്കൗണ്ടിലേക്ക് പണം നൽകാനായിരുന്നു നിർദ്ദേശം. പോലീസിന്റെ അന്വേഷണത്തിലാണ് പണം നേരെ തൃശൂർ സ്വദേശി ജിതിൻ ദാസിന്റെ അക്കൗണ്ടിലേക്ക് എത്തി എന്ന് കണ്ടെത്തുന്നത്. പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ഇർഫാൻ ഇക്ബാലിന് കൈമാറുകയായിരുന്നു.

തട്ടിപ്പിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് നിഗമനം. സംഘത്തിലെ മറ്റുള്ളവർക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിജയം ഇവിഎം ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. മൂന്ന് ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഹരിയാനയിലെ വിജയം ബിജെപി അട്ടിമറിച്ചതാണെന്നും മാറ്റത്തിന് വേണ്ടിയുള്ള ജനവികാരത്തിനെതിരാണെന്നും ജയറാം രമേശ് ആരോപിച്ചു. ഇത് കൃത്രിമത്വത്തിന്റെ വിജയമാണെന്നും ജനാധിപത്യത്തിനെതിരായ നടപടിയാണെന്നും ജയറാം രമേശും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളില്‍ ബിജെപി വിജയിച്ചു. 60 മുതല്‍ 70 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളില്‍ കോണ്‍ഗ്രസും. ഇതില്‍ കൃത്രിമം സംശയിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി അപ്രതീക്ഷിത വിജയമാണ് നേടിയത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വളരെ പിന്നില്‍ നിന്ന ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്.

90 അംഗ നിയമസഭയില്‍ 48 സീറ്റില്‍ ബിജെപിയും 37 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. പത്ത് സീറ്റുകളിലെ ഫലം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

ഡല്‍ഹിക്കും പഞ്ചാബിനും പുറമെ ഹരിയാനയിലും ശക്തി പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറി. ഒരിടത്തും എഎപിക്ക് വിജയിക്കാനായില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറിയ കോണ്‍ഗ്രസിന്, പക്ഷെ നഗര മേഖലയിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ അടി തെറ്റി.

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് തകര്‍പ്പന്‍ ജയം നേടി. രാഷ്ട്രീയ ഗോദയിലെ കന്നി മത്സരത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശി കമലം (65) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരില്‍ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ഓമശേരി ശാന്തി ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം അപകടത്തില്‍ ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെഎസ്ആര്‍ടിസി എംഡിക്ക് ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും നിലവില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും നാട്ടുകാര്‍ അറിയിച്ചു. നാല്‍പതിലധികം പേരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞത്. കലുങ്കില്‍ ഇടിച്ച ശേഷം ബസ് തലകീഴായി മറിയുകയായിരുന്നു.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഹരിയാണയില്‍ ബിജെപി മുന്നിൽ. തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നെങ്കില്‍ വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മുന്നേറുകയാണ്. കേവല ഭൂരിപക്ഷം എന്ന മാന്ത്രിക സഖ്യ 46 ആണ്. അന്തിമ ഫലം ഈ നിലയിലാണെങ്കില്‍ സ്വതന്ത്രരും ചെറുകക്ഷികളുമായി അഞ്ച് സീറ്റില്‍ ലീഡ് ചെയ്യുന്നവര്‍ നിര്‍ണായകമാകും

എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിപ്പിച്ചപ്പോഴും ബി.ജെ.പി ആത്മവിശ്വാസത്തിലായിരുന്നു. മോദി മാജിക്കില്‍ ഇത്തവണയും ഭരണം കൈവിട്ട് പോവില്ലെന്ന് ബിജെപി കണക്കു കൂട്ടി. ആകെയുള്ള 90 സീറ്റില്‍ 46 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് ആവശ്യമെങ്കിലും 55 സീറ്റ് വരെയായിരുന്നു കോണ്‍ഗ്രസിന് പ്രധാന എക്‌സിറ്റ് പോളുകളുടെയെല്ലാം പ്രവചനം. പക്ഷെ ഇതിനെ മറികടക്കുന്നതായി കാര്യങ്ങള്‍.

വിമതശല്യവും കര്‍ഷക സമരവും ജെ.ജെ.പിയുടെ പിണങ്ങിപ്പോക്കുമെല്ലാം ലോക്‌സഭയ്ക്ക് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അടിപതറുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ആദ്യ ഘട്ടംമുതല്‍ക്ക് തന്നെ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റവും നടത്തിയിരുന്നു. ഇതോടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തവര്‍ ആഘോഷവും തുടങ്ങിയിരുന്നു.

ജലക്ഷാമത്തെ തുടര്‍ന്ന് കേരളത്തിന്റെ സ്വന്തം ജവാന്‍ നിര്‍മ്മിക്കാനാകാതെ പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറി. സമീപത്തെ രണ്ട് പഞ്ചായത്തുകള്‍ വെള്ളം നല്‍കാനാകില്ലെന്ന നിലപാടുമായി രംഗത്തെത്തിയതോടെയാണ് മലബാര്‍ ഡിസ്റ്റിലറി പ്രതിസന്ധിയിലായത്. ചിറ്റൂര്‍ പുഴയിലെ കുന്നങ്കാട്ടുപതി റഗുലേറ്ററിലെ മുങ്കില്‍മട ശുദ്ധ ജല പദ്ധതിയില്‍ നിന്ന് പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഡിസ്റ്റിലറിയ്ക്ക് വെള്ളത്തിന്റെ പ്രതിസന്ധി നേരിടേണ്ടി വന്നത്. ദിവസവും രണ്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കാന്‍ ആവശ്യമായി വരുന്നത്. നേരത്തെ വെള്ളം എത്തിക്കുന്നതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്ക്കുകയും പൈപ്പുകളും മറ്റും വാങ്ങുകയും ചെയ്തു.

വടകരപ്പതി- എലപ്പുള്ളി പഞ്ചായത്തുകളിലെ ജലക്ഷാമമാണ് ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. ഇത്രയും അളവില്‍ ജലം പൈപ്പിട്ട് ഡിസ്റ്റിലറിക്ക് നല്‍കിയാല്‍ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക. ജലലഭ്യത ഉറപ്പാക്കി എത്രയും വേഗം പ്ലാന്റ് യാഥാര്‍ഥ്യമാക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍.

Copyright © . All rights reserved