മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ ശുഭവാര്‍ത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയെ കണ്ടെത്തിയ വിവരം തിരുവനന്തപുരം എ.സി.പി. നിധിന്‍രാജ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.
പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറയുന്നത്.
തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നു ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികനടക്കം മൂന്നുപേർ അറസ്റ്റിൽ. കൊട്ടാരക്കര മൈലം ചരുവിളവീട്ടിൽ കൃഷ്ണൻകുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി കിഴക്കതിൽ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തിൽ റിന്റു (20) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീടുമായി അടുപ്പം പുലർത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണൻകുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്ന് ഗവർണർ വിളിച്ചു. ക്രിമിനലുകള്‍ക്ക് മറുപടിയില്ലെന്നായിരുന്നു ഗവർണറുടെ പരാമര്‍ശം. ഇല്ലാത്ത അധികാരം മന്ത്രി പ്രയോഗിച്ചു. ചാൻസലറോ ചാൻസലർ നിർദേശിക്കുന്ന ആളോ ആകണം അദ്ധ്യക്ഷത വഹിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമര്‍ശിച്ചതിന് മന്ത്രി മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ പരാമര്‍ശവുമായി രംഗത്തെത്തിയത്.
താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ് ഗവര്‍ണര്‍ക്കെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. നിയമം ലംഘിച്ചിട്ടില്ലെന്നും സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവർണർക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി ചോദിച്ചു.
സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക് അധികാരമില്ലെന്ന് ഗവർണർ ആവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നുമായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തല്‍.
വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി . കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തുടർന്ന് കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി’-. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്.
സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. പുല്‍പ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഭ്യര്‍ത്ഥിച്ചു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.
ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.
വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങൾ അക്രമാസക്തരായത്.
പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു
രണ്‍വീർ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ‘ശക്തിമാൻ’ ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.
സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്‍വീർ സിംഗിന്റെ ‘ഡോണ്‍ 3 ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാൻ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോർട്ടില്‍ പറയുന്നു.
ടോവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടൻമാർ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രണ്‍വീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാണ് ശക്തിമാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം പറയുന്നത്.
അങ്ങനെയെങ്കില്‍ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവർത്തകർ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍തിരുന്ന ശക്തിമാൻ പരമ്ബരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല്‍ 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് ‘ശക്തിമാൻ’ സംപ്രേഷണം ചെയ്‍തത്. കരണ്‍ ജോഹറിൻ്റെ സംവിധാനത്തില്‍ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് രണ്‍ബീറിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ . ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.