ഏഴാം നാളും നിരാശ. അർജുന് വേണ്ടിയുള്ള കരയിലെ തിരച്ചിൽ ഫലം കണ്ടില്ല. ലോറി കരയിൽ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവർത്തകരും. ഇതോടെ കരയിലെ പരിശോധന നിർത്താനാണ് തീരുമാനം. പ്രദേശത്ത് റെഡ് അലേർട്ട് ആണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
രക്ഷാപ്രവർത്തകർ ഓരോ സംഘങ്ങളായി തിരിച്ചു വന്നു തുടങ്ങി. കരയിലെ തിരച്ചിൽ സൈന്യം പൂർണമായും അവസാനിപ്പിച്ച നിലയിലാണ്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന്റെ പക്കൽ ആവശ്യമായ സംവിധാനങ്ങൾ ഇല്ല എന്ന് കാർവാർ എം.എൽ.എ. പറഞ്ഞു. ഇനിയും അവർ തുടരേണ്ട സാഹചര്യമില്ല എന്നാണ് കാർവാർ എം.എൽ.എ. സതീഷ് സെയില്‍ വ്യക്തമാക്കിയത്. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാൽ റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും ലോറി ഉണ്ടായിരുന്നില്ല. കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചു. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ഇന്ന് നേരം വൈകിയതോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കാനാണ് സാധ്യത. പുഴയിൽ ലോറി ഒഴുകിപ്പോയതാകാം എന്ന നിഗമനത്തിലാണ് സൈന്യം അടക്കമുള്ള രക്ഷാപ്രവർത്തക സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ ഗംഗാവാലിപുഴയിലും പരിശോധന ശക്തമാക്കാനാണ് ശ്രമം. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ നാളെ (ചൊവ്വാഴ്ച) വീണ്ടും രക്ഷാപ്രവർത്തനം തുടരും.
പുഴയിൽ രണ്ട് മണൽതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന്റെ ഭാഗമായി ഉണ്ടായതാകാം എന്നാണ് കരുതുന്നത്. ഇവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ റഡാറുകളുൾപ്പെടെ എത്തിച്ചിട്ടുണ്ട്. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്ന് സതീഷ് സെയിൽ വ്യക്തമാക്കി.
അതേസമയം അപകടം നടന്നതിന്റെ ഏഴു കിലോമീറ്റർ അകലെ പുഴയിൽ കൂടി ഒഴുകിപ്പോയ ടാങ്കറിന്റെ ദൃശ്യങ്ങളും ഇത് കരയ്ക്കടുപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസങ്ങൾ മുമ്പുള്ള ദൃശ്യമാണ് ഇത്. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഒഴുകിപ്പോയതാണെന്നാണ് ലഭിക്കുന്ന വിവരം.
പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു.
ഇരുവരും ഉടൻതന്നെ ഡൽഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റിൽ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കൾ സുരക്ഷാകവചം ഭേദിച്ച് ലോക്‌സഭയിൽ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു. പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതൽ ശക്തമാവുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.
യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.
സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്.
പത്താം തിയതി പനി ബാധിച്ച കുട്ടിക്ക് 12 ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആദ്യം പരിശോധനക്ക് അയക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.
അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.
ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത് . ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം. ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്.
ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത് .
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണിത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് ദിവസം മുമ്പ് ഒരാള്‍ മരിച്ചിരുന്നു.
ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. റോഡില്‍ വീണ മണ്ണ് പൂര്‍ണമായും നീക്കംചെയ്തു. റോഡിന് മുകളിലായി ലോറിയോ മനുഷ്യനെയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.
ജി.പി.എസ് ട്രാക്ക് ചെയ്ത് കൈമാറിയ സ്ഥലത്ത് ലോറിയില്ലെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. അതിനിടെ, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലം സന്ദർശിച്ച് മടങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തുണ്ട്. എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോൺ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നൽകി.
മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയിൽ മെറ്റൽ ഡിറ്റക്ടറും തെർമൽ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.
കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
നിലവില്‍ ഷിരൂരില്‍ കോരിച്ചൊരിയുന്ന മഴയാണ്. നേരത്തെ, പത്ത് മണിവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഉണ്ടാവാന്‍ 70% സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. അതിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് റഡാറില്‍ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി.
മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ് ഒ പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇത് കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അഗ്നിരക്ഷാ സേനയെത്തി കുടംബത്തെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും നാലുപേരുടെയും ജീവൻ നഷ്ടമായിരുന്നു. തീപിടിത്തം സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാട്ടാക്കടയിൽ യുവതിയെയും സുഹൃത്തിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ ഇതേ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എട്ടുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികൾ ഉണ്ട്.