മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ. മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ നരബലിയെന്നാണ് പ്രാഥമിക വിവരം കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് മോഷണ കേസിൽ അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീടിൻറെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പ്രതികൾ വെളിപ്പെടുത്തി.
ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. വിഷ്ണുവിൻറെ സുഹൃത്തായ നിതീഷിന് വിഷ്ണുവിൻറെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് കൈമാറി. പോലീസ് ചോദ്യം ചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവല്‍ ഏർപ്പെടുത്തി.
പ്രതികൾ പറഞ്ഞത് ശരിയാണോ എന്നറിയാൻ മൃതദേഹങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ദുർമന്ത്രവാദത്തിന്റെ പേരിൽ വേറെയും കൊലകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അടുത്ത നാളിൽ കാണാതായവരുടെ വിവരങ്ങൾ ശേവരിച്ചു വരികയാണ് പോലീസ്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിനഗുഡിയിലും ദേവര്‍ഷോല ദേവന്‍ ഡിവിഷനിലുമാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്.
മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനക്കലിക്കിരയായത്. കര്‍ഷകനായ നാഗരാജിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആന ആക്രമിക്കുന്നത്.
രാവിലെ എട്ടര മണിയോടെ എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിന് കാട്ടാനയുടെ ചവിട്ടേറ്റു. പ്രദേശങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തി.
കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099 പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്. ആറുപേർ ഇതിനകം മരിച്ചു.
2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേരളത്തിലായിരുന്നു. ഡെങ്കിപ്പനി രണ്ടാമതും വന്നാൽ ഗുരുതരാവസ്ഥയുണ്ടാകാമെന്നത് വലിയ ആശങ്കയായി മാറുകയാണ്. ഡെങ്കിപ്പനി സ്ഥിരമായി നിലനിൽക്കുന്ന പ്രദേശമെന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും.
ശക്തമായ പനി, തലവേദന, കണ്ണിനുപിറകിൽ വേദന, പേശി, സന്ധിവേദന, ചർമത്തിൽ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ
ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പിൽപ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാകും. ആന്തരിക രക്തസ്രാവമുണ്ടായി ഡെങ്ക് ഹെമറേജിക് ഫിവർ വരാം. അത് മരണത്തിന് കാരണമാകാം. ഡെങ്കിഷോക്ക് സിൻഡ്രോം ആണ് മറ്റൊരു അപകടാവസ്ഥ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം ഡെങ്കിപ്പനി ബാധിച്ചവരിൽ കുറയുന്നതാണ് ആന്തരിക രക്തസ്രാവത്തിന് വഴിയൊരുക്കുന്നത്.
കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രതിരോധ മാർഗം. കൊതുക് മുട്ടയിടാതിരിക്കാൻ ജലസംഭരണികളും പാത്രങ്ങളും അടച്ചു സൂക്ഷിക്കണം. ആഴ്ചയിൽ ഒരുദിവസം കഴുകി വൃത്തിയാക്കണം. ചെടിച്ചട്ടികളിലും ഫ്രിഡ്ജ്, കൂളറുകൾ എന്നിവയുടെ ട്രേകളിലും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കുക. എ.സി.യിൽനിന്നുള്ള വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആൻസി സോജൻ, ബേസിൽ ജോസഫ്, കെ. അഖിൽ, അശ്വിൻ പറവൂർ, സജീഷ് കെ.വി., ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളിൽ പുരസ്കാരത്തിന് അർഹത നേടിയത്.
ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.
12 വർഷമായി മത്സ്യകൃഷിയിൽ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്.
വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മിഷൻ എല്ലാവർഷവും പുരസ്കാരം നൽകുന്നത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആൻസി സോജൻ, ബേസിൽ ജോസഫ്, കെ. അഖിൽ, അശ്വിൻ പറവൂർ, സജീഷ് കെ.വി., ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളിൽ പുരസ്കാരത്തിന് അർഹത നേടിയത്.
ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.
12 വർഷമായി മത്സ്യകൃഷിയിൽ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്.
വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മിഷൻ എല്ലാവർഷവും പുരസ്കാരം നൽകുന്നത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.
ബിജെപി അംഗത്വം സ്വീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. ന്യൂ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അവര്‍ പാര്‍ട്ടി അംഗമായത്. മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പദ്മജയെ ബിജെപി സ്വീകരിച്ചത്.
വര്‍ഷങ്ങളായി താന്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിനോട് നിരവധി തവണ പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
താന്‍ നല്‍കിയ പരാതികള്‍ കോണ്‍ഗ്രസ് ചവറ്റുകൊട്ടയിലെറിഞ്ഞു. തന്നെ ബിജെപിയില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും പദ്മജ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് അവര്‍ സംസാരിച്ചത്. മോദി വലിയ നേതാവാണെന്നും കരുത്തനാണെന്നും പദ്മജ പറഞ്ഞു. പദ്മജയ്ക്ക് വലിയ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന സൂചനയാണ് പ്രകാശ് ജാവ്‌ദേക്കര്‍ നല്‍കുന്നത്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടിയുടെ ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി മമ്മൂട്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് ജോർജ്ജ് മാനുവലിന് മമ്മൂട്ടി ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് ജോർജ്ജ് മാനുവല്‍ പറഞ്ഞു.
ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിനാണ് ലോകത്ത് ആദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.
ഇന്ത്യയുടെ ഓസ്‌കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ ഡിഎന്‍എഫ്ടി അവകാശം കൂടി നേടാനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ നീക്കം.
കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു.
എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകിട്ടോടെ പത്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പത്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പത്മജ വേണുഗോപാല്‍ ഉള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പത്മജയ്ക്ക് സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 12 ഇടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.
പേപ്പതിയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം. എഴുപുറം പങ്കപ്പിള്ളി മലയിലാണ് ബുധനാഴ്ച വൈകീട്ടോടെ അപകടമുണ്ടായത്. മരിച്ച മൂന്നുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിൽ ജയിലില്‍ അടച്ചിരിക്കുന്നത് ഒരു കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവരെ. ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടര്‍ച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ലക്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു.
ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021 ലെ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ആരോപണമുണ്ട്. ഫാ. ഡൊമിനിക് പിന്റോയുടെയും മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽപ്പെട്ട് മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നു. 2024 ആരംഭിച്ച് രണ്ടുമാസം മാത്രം തികയുമ്പോൾ ഒമ്പത് പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. ഇനിയുമെത്ര മരണങ്ങളുണ്ടായാലാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുക എന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. പല സ്ഥലങ്ങളിലും വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു എന്ന വിമർശനവും ഉയരുന്നു. പ്രതിഷേധിക്കുന്നവരെ കൈയ്യൂക്കുപയോഗിച്ച് നേരിടുന്ന സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിലും ഇതേ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മാസങ്ങളായി തുടരുന്ന കാട്ടാന ആക്രമണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് മൂന്നാർ മേഖല. ആനക്കലിയിൽ ഇക്കൊല്ലം മാത്രം മേഖലയിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. അരിക്കൊമ്പൻ പോയിട്ടും ഇടുക്കിയിലെ ജനങ്ങൾക്ക് സമാധാനമില്ല. അവരുടെ ജീവനും കൃഷിയടക്കമുള്ള ജീവിതമാർഗങ്ങളും ഇന്നും അരക്ഷിതമായി തന്നെ തുടരുകയാണ്.
സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പലതും പാലിക്കാതെ പോകുന്നുവെന്ന ആരോപണവും പ്രദേശത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായി പ്രേതിഷേധമുണ്ടാകും. ഇതിന് പിന്നാലെ സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിക്കും. എന്നാൽ, അന്ത്യകർമങ്ങൾക്ക് ആവശ്യമായ ചെറിയ തുമാത്രം നൽകി സർക്കാർ സംവിധാനങ്ങൾ പതുക്കെ പ്രശ്‌നത്തിൽനിന്ന് തലയൂരുകയാണ് പതിവെന്ന ആരോപണവും പ്രദേശവാസികൾക്കുണ്ട്.
ഞെട്ടിക്കുന്നതാണ് കഴിഞ്ഞ നാളുകളിൽ വന്യജീവികളുടെ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക്. കൃഷിനാശം വേറെയും. കടം വാങ്ങി ചെയ്യുന്ന കൃഷിയെല്ലാം നശിപ്പിക്കും. തുച്ഛമായ നഷ്ടപരിഹാരം വല്ലതും സർക്കാറിൽ നിന്ന് ലഭിച്ചാലായി. മൂന്നാർ പോലുള്ള വിനോദസഞ്ചാരമേഖലകളിൽ പോലും കാട്ടാനയുടെ വിളയാട്ടമാണ്. ജനവാസമേഖലയിലേക്ക് കടക്കാനുള്ള ഇവയുടെ ശ്രമങ്ങൾ തടയാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
ജനുവരി എട്ടിനാണ് പ്രദേശത്ത് ഇക്കൊല്ലത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. തോട്ടംതൊഴിലാളിയായ പരിമളത്തെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. തേയില തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന പരിമളത്തെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒരുവർഷം മുമ്പ് ഇതേസ്ഥലത്തുവെച്ച് വനംവകുപ്പ് വാച്ചർ ശക്തിവേലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ശക്തിവേലിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കാടുകടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നയിച്ചത്.
ജനുവരി 23-ന് തെന്മലയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പാൽരാജ് കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം മൂന്നാറിലെത്തിയതായിരുന്നു വയോധികനായ അദ്ദേഹം. രാത്രിയിൽ കാന്റീനിൽ പോയി മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇദ്ദേഹത്തെ ആന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ.റാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളക്കല്ലിൽ സൗന്ദർരാജ് പിന്നീട് ആശുപത്രിയിൽ മരിച്ചു.
2024 ഫെബ്രുവരി 26-ന് മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) കൂടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജനരോഷം അണപൊട്ടി. ഓട്ടോ ഡ്രൈവറായ മണി കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു.
ഫെബ്രുവരി പത്തിനാണ് വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന പടമല ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷിനെ (അജി-47) ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട മോഴയാന ബേലൂർ മഖ്നയാണ് അജിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധത്തിനായിരുന്നു അന്ന് വയനാട് സാക്ഷ്യം വഹിച്ചത്. കൂട്ടത്തോടെ ജനങ്ങൾ നഗരത്തിലേക്കിറങ്ങി. ജില്ലാ പോലീസ് മേധാവി മുതൽ കളക്ടർ വരെയുള്ളവർ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറാൻ തീരുമാനമായി. ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി നൽകുമെന്നും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം കൂടെ വന്നതോടെയാണ് ഒരു പകൽ നീണ്ട ജനകീയപ്രതിഷേധത്തിന് അറുതിയായത്.
അജിയുടെ മരണത്തിന് ഒരാഴ്ച തികയുംമുമ്പേ ഫെബ്രുവരി 16-ന് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്തു. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് മരിച്ചത്. സഞ്ചാരികളെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുന്ന ജോലിയായിരുന്നു പോളിന്. വനത്തിൽനിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതുകണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന പോൾ ഓടിമാറിയെങ്കിലും ആന പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണ പോൾ എഴുന്നേറ്റ് ഓടിയെങ്കിലും ആന ചവിട്ടുകയായിരുന്നു. പോളിന്റെ ഭാര്യക്ക് ജോലിയും 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.
ഇതോടെ പൊറുതിമുട്ടിയ ജനം നിലനിൽപ്പിനായി തെരുവിലേക്കിറങ്ങി. ആളിക്കത്തിയ ജനരോഷത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായി. പോലീസും നാട്ടുകാരും തെരുവിൽ പലതവണ നേർക്കുനേർ ഏറ്റുമുട്ടി. വനംവകുപ്പിന്റെ വാഹനം തകർത്ത നാട്ടുകാർ, വാഹനത്തിലുണ്ടായിരുന്ന വനപാലകരെ കൈയേറ്റംചെയ്തു. ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വംനൽകാനെത്തിയ എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.
രണ്ട് സംഭവങ്ങളിലും സർവകക്ഷിയോഗം ചേർന്ന് തീരുമാനങ്ങൾ വേഗത്തിലാക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരത്തുനിന്ന് നിർദേശം നൽകുന്നതല്ലാതെ രണ്ട് മരണങ്ങളുണ്ടായിട്ടും ജില്ലയിൽ കാലുകുത്താൻ മന്ത്രി തയ്യാറായില്ല. ഏത് വിധേനയായിരിക്കും ജനങ്ങൾ പ്രതികരിക്കുകയെന്ന ആശങ്കയും ഇതിന് കാരണമായി.
മാർച്ച് ആരംഭിച്ച് അഞ്ചാംദിനം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിരയെ (71) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ഇറങ്ങിയവിവരം വനംവകുപ്പ് മുൻകൂട്ടി അറിയിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കൈമാറി.
പൊരിവെയിലിൽ ജനരോഷവും സംഘർഷവും തെരുവിൽ അരങ്ങേറിയ പകലിന് കോതമംഗലവും സാക്ഷിയായി. മരിച്ച ഇന്ദിരയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയേയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തു.
സമരപ്പന്തലിന് നടുവിൽ മൃതദേഹവും സമീപത്ത് നേതാക്കളും ചുറ്റും പ്രവർത്തകരും അണിനിരന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു പ്രദേശത്ത്. പോലീസ് സമരപ്പന്തലിലേക്ക് നീങ്ങി. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ്, സമരപ്പന്തൽ വളഞ്ഞ് പൊളിച്ചുനീക്കി. പിന്നാലെ, മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.
മാർച്ച് അഞ്ചിനാണ് മറ്റ് രണ്ട് മരങ്ങൾ കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോഴിക്കോട്ടും വാഴച്ചാലിലുമാണ് വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂർ വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. ഇതോടെ ഈ വർഷം മാത്രം മരിച്ചവരുടെ എണ്ണം ഒമ്പതായി. തൃശ്ശൂരും കോഴിക്കോട്ടും വലിയ പ്രതിഷേധങ്ങളും അരങ്ങേറി. സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകി പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും തൽക്കാലം തണുപ്പിക്കുന്നത് മാത്രമാണ് സർക്കാർ സ്വീകരിക്കുന്ന നടപടി. ശാശ്വത പരിഹാരം കാണാനുള്ള ശക്തമായ നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം മലയോരമേഖലയുടെ സമാധാന ജീവിതത്തിന് വലിയ ഭീഷണിയായി വന്യജീവി ആക്രമണങ്ങൾ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.