India

ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. സ്വകാര്യ ട്യൂഷൻ സെൻഡറുകൾ, സ്കൂളുകളിലെ അഡീഷണൽ ക്ലാസുകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമല്ല.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയ ക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തര യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ ദൈനംദിന പരിശോധന നടത്തും. സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. അത് മേയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ കൂടുതല്‍ വോട്ട് നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും രാഷ്ട്രീയക്കാരനല്ലാത്തതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകള്‍ മുഴുവനായി കിട്ടാന്‍ ഒരു സാധ്യതയുമില്ല. മുന്നണി നിര്‍ദേശം പാലിച്ചാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് മേടിച്ചാല്‍ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട്ട് ശോഭ മേടിച്ചാല്‍ അതിന്റെ ഗുണം വേണുഗോപാലിന് കിട്ടും. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടടി പിന്നോട്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോര്‍ട്ട് വിവാദമായിരിക്കാം. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണാറുണ്ട്. പക്ഷേ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കില്‍ തെറ്റില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അത് പറഞ്ഞിട്ടില്ലെങ്കില്‍ അത് പാര്‍ട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മികച്ച വിളവുണ്ടെകില്‍ കർഷകർക്ക് നല്ല ലാഭം നല്‍കുന്ന കൃഷിയാണ് ഏലം കൃഷി. ഏലത്തിനിപ്പോള്‍ വിപണിയില്‍ വില കുതിക്കുകയാണ്. എന്നാല്‍ ഹൈറേഞ്ചിലെ അത്യുഷ്ണത്തില്‍ കൃഷി നാശമാകാൻ തുടങ്ങിയതോടെ ആവശ്യത്തിന് ചരക്ക് കർഷകരുടെ കൈയിലില്ല. ഇതാണ് ഏലത്തിന് വില കൂടാനും അതിന്റെ പ്രയോജനം കർഷകർക്ക് നേടാനും സാധിക്കാത്തതിന്റെ കാരണം.

പുറ്റടി സ്‌പൈസസ് പാർക്കില്‍ ബുധനാഴ്ച നെടുങ്കണ്ടം ഹീഡർ സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ് നടത്തിയ ഓണ്‍ലൈൻ ലേലത്തില്‍ ഒരു കിലോ ഏലയ്ക്കയുടെ വില 3009 രൂപയിലും ശരാശരി വില കിലോയ്ക്ക് 1925.1 രൂപയുമായി ഉയർന്നിരുന്നു. മൂന്ന് ആഴ്ചയായി ഏലം വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കച്ചവടക്കാരുടെയും കർഷകരുടെയും കൈയ്യില്‍ സ്റ്റോക്ക് കുറഞ്ഞതിനാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 5,000 രൂപ കടക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലംകൃഷിയുള്ള ഇടുക്കി ജില്ലയിലെ 70 ശതമാനം ഏലം കൃഷിയും കൊടുവേനലില്‍ കരിഞ്ഞുണങ്ങി. എ സോണിലെ വണ്ടന്മേട് മേഖലയിലെ കൃഷി പൂർണമായും നശിച്ചു. നേരിട്ട് വെയില്‍ ബാധിക്കാത്ത ഏലം കൃഷി ഏറെയുള്ള ഉടുമ്ബഞ്ചോല മേഖലയില്‍ മാത്രമാണ് വേനല്‍ നാശങ്ങള്‍ ബാധിക്കാത്തത്.

മുൻ വർഷങ്ങളേക്കാള്‍ 3- 4 ഡിഗ്രി സെല്‍ഷ്യസ് അധിക ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റി. ഒരു ഏലം ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതില്‍ കുറവുണ്ടായാല്‍ ചെടികള്‍ വാടും.

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം.

നമ്മുടെ ഇടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങള്‍ സങ്കുചിതരായി തീര്‍ന്നാല്‍ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോകുമെന്നുള്ള സത്യം മനസില്‍ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു

ഇന്ന് നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തക്കവിധത്തില്‍ ഇവിടത്തെ യുവജനങ്ങള്‍ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.

നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും നമ്മള്‍ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.

താപനില ഉയര്‍ന്നതോടെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.

ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.

ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണ കാരണം എന്ന സംശയം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.

41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

അതേസമയം തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇ.പി-ജാവദേക്കര്‍ വിവാദം കത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാവദേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ളാറ്റിലേക്ക് വരികയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പു വേളയില്‍ കൂടിക്കാഴ്ച വിവാദമായതോടെ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.

കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍ഗോഡ്-75.94

ആകെ വോട്ടര്‍മാര്‍- 2,77,49,159
ആകെ വോട്ട് ചെയ്തവര്‍- 1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍- 94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 147(40.05%).

ഇന്നും നാളെയും (ഏപ്രിൽ 27, 28 തീയതികളിൽ ) കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

12 ജില്ലകളിൽ മഞ്ഞ അലർട്ട് (ഉയർന്ന താപനില മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. പാലക്കാട് (ഉയർന്ന താപനില 41°C വരെയും), കൊല്ലം (40°C), ത‍ൃശൂർ (40°C), കോഴിക്കോട് (38°C), കണ്ണൂർ (38°C),

ആലപ്പുഴ (37°C), കോട്ടയം (37°C), എറണാകുളം (37°C), മലപ്പുറം(37°C), കാസർകോട് (37°C), പത്തനംതിട്ട (37°C), തിരുവനന്തപുരം(36°C) ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണയെക്കാൾ 3-5°C കൂടുതൽ താലപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 01 വരെയുള്ള മുന്നറിയിപ്പാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിര. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. പലയിടത്തും പോളിങ് രാത്രി വൈകിവരെ തുടര്‍ന്നേക്കും.

08.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളില്‍ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ -പിണറായി വിജയന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved