സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ അടക്കമുള്ള ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധ്യതയുണ്ട്. ഇവിടെയും തീര്‍ന്നില്ല 25 വയസുവരെ കുട്ടി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി മോട്ടര്‍ വാഹന വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചതായി ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ വ്യക്തമാക്കി.
ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് 6 മുതല്‍ 8 വരെയാണ് പരിശോധന നടത്തിയത്. മൂന്നു ദിവസം കൊണ്ട് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ച 18 വയസ്സിനു താഴെയുള്ള 18 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
നിയമലംഘനം നടത്തിയതിനു 243 വാഹനങ്ങളും പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് 2046 പേര്‍ക്കെതിരെയും 3 പേര്‍ ബൈക്കില്‍ യാത്ര ചെയ്തതിന് 259 പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കും. വാഹനം ഓടിച്ച കുട്ടികളുടെ സാമൂഹികാവസ്ഥാ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശികളായ വാക്കാട്ടിൽ വീട്ടിൽ ജംഷാദ് (41) ചോലയിൽ വീട്ടിൽ കുഞ്ഞഹമ്മദ് മകൻ അബ്ദുള്ള (42) എന്നിവരാണ് ചിറ്റൂർ ഹോസ്പിറ്റൽ ജംഷനിൽ വെച്ച് പിടിയിലായത്.
പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ഹുണ്ടായി ക്രെറ്റ കാറിൻ്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പണം കടത്തി കൊണ്ടുവന്ന കാറും, പണവും പോലീസ് പിടിച്ചെടുത്തു.
കേരളത്തിലേക്ക് ഹവാല പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികൾ. പ്രതികളുൾപ്പെടുന്ന ഹവാല സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കും. കേരളാ തമിഴ്നാട് അതിർത്തി വഴി നടക്കുന്ന അനധികൃത ഹവാലപ്പണം കടത്തും, ലഹരി കടത്തും തടയാൻ കർശന പരിശോധനയാണ് പാലക്കാട് ജില്ലയിൽ പോലീസ് നടത്തി വരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് , പാലക്കാട് എ.എസ്.പി അശ്വതി ജിജി ഐപിഎസ് , ചിറ്റൂർ ഡി.വൈ.എസ്.പി കൃഷ്ണദാസ് വി.എ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം ചിറ്റൂർ ഇൻസ്പെക്ടർ ജെ. മാത്യു, സബ്ബ് ഇൻസ്പെക്ടർ ഷിജു കെ , എ.എസ്. ഐ സതീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ജാഫർ സാദിഖ്, ശബരി , കസബ സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, കൊഴിഞ്ഞാമ്പാറ സബ്ബ് ഇൻസ്പെക്ടർ പ്രമോദ്, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. റഹിം മുത്തു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്, ജെബിൻ ഷാ , മുഹമ്മദ് ഷനോസ്, മൈഷാദ്, ഷെമീർ, സൂരജ് ബാബു, ദിലീപ്, ജയൻ, അബ്ദുള്ള, ഉമ്മർ ഫാറൂഖ്, റിയാസുദ്ധീൻ, ദേവദാസ് , വിപിൽ ദാസ്, രമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.
എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.
‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് സെക്കന്‍ഡോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു.
സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.
സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപകർ പരാതി നല്‍കിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.
തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോർട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യ സഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണ വിവരം അറിയിച്ചത്.
1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പോളിറ്റ് ബ്യൂറോ വരെയെത്തി. 1977 ലാണ് ആദ്യമായി മന്ത്രിയാവുന്നത്. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ജ്യോതി ബസുവിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.
35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്. പിന്നീട് അദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. സിപിഎം പിബി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകൾക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.
ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ 500 അംഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്.
സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാഗങ്ങളിലെ മേധാവികളെ ആദരിച്ചു.
ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അഗ്നിരക്ഷാ സേന എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സേനവിഭാഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.
നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യസഹ മന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.
200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക.
പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരും.ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് നീക്കം.
അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് ഇതുവരെ സംസ്കരിച്ചത്.പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.
ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.