77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ശ്രദ്ധേയമായ നേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസ്, സാഹിത്യകാരൻ പി നാരായണൻ എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ മേഖലയിൽ നൽകിയ ദീർഘകാല സംഭാവനകളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീയും സമ്മാനിക്കും. ഇതോടെ കേരളത്തിന് ആകെ എട്ട് പത്മ പുരസ്കാരങ്ങളാണ് ഈ വർഷം ലഭിച്ചത്.
മരണാനന്തര ബഹുമതിയായാണ് വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ നൽകുന്നത്. 2006–2011 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ച വി എസ്, കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു. വിവിധ മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് രാജ്യം ഈ വ്യക്തിത്വങ്ങളെ ആദരിക്കുന്നത്.
ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടർക്കെതിരെ എച്ച്ഐവി വൈറസ് അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കാമുകിയും കുർനൂൽ സ്വദേശിനിയുമായ ബി. ബോയ വസുന്ധര (34), അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോംഗെ ജ്യോതി (40), ജ്യോതിയുടെ ഇരുപതുകാരായ രണ്ട് മക്കളുമാണ് പിടിയിലായത്.
ഡോക്ടറായ യുവാവുമായി വസുന്ധരയ്ക്ക് നേരത്തെ പ്രണയബന്ധമുണ്ടായിരുന്നു. പിന്നീട് ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെ യുവാവ് വിവാഹം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെയാണ് പ്രതികാരബുദ്ധിയോടെ വസുന്ധര ഭീകരമായ പദ്ധതിക്ക് രൂപം നൽകിയത്.
സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളിൽ നിന്ന് ഗവേഷണമെന്ന വ്യാജേന എച്ച്ഐവി ബാധിത രക്തസാംപിളുകൾ ശേഖരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ മാസം ഒൻപതിന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വനിതാ ഡോക്ടറെ പ്രതികൾ അപകടം സൃഷ്ടിച്ച് വീഴ്ത്തി, സഹായിക്കാമെന്ന നാട്യത്തിൽ ഓട്ടോറിക്ഷയിൽ കയറ്റി ആക്രമണം നടത്തിയെന്നാണ് കേസ്. ഭർത്താവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിയെ ചുറ്റി മാസങ്ങളോളം കേരളം കടുത്ത രാഷ്ട്രീയ സംഘർഷ വേദിയായിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും ജനകീയ സമിതികളും ശക്തമായ പ്രതിഷേധം നടത്തി. എന്നാൽ, സിൽവർ ലൈനിന് പകരമായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രം പിന്തുണ നൽകാനൊരുങ്ങുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം കാണാം. പേരെന്തായാലും കേരളത്തിന് വേഗപാത വേണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിവേഗ റെയിൽപാതയെ കരുതലോടെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സ്വാഗതം ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, ഇത് പൂർണമായും കേന്ദ്ര പദ്ധതിയായി മാറ്റാനുള്ള ബിജെപിയുടെ നീക്കമാണോ എന്ന സംശയം എൽഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പദ്ധതി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ചില മന്ത്രിമാർ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും, വികസന പദ്ധതിയെന്ന നിലയിൽ എതിർപ്പില്ലെന്നതാണ് സർക്കാരിന്റെ പൊതുനിലപാട്.
സിൽവർ ലൈനിനെതിരെ മഞ്ഞക്കുറ്റി പറിച്ചെറിഞ്ഞ കോൺഗ്രസും പുതിയ അതിവേഗ പാതയെ എതിർക്കുന്നില്ല. കേരളത്തിൽ അതിവേഗ റെയിൽ സംവിധാനം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പദ്ധതിയെ സ്വാഗതം ചെയ്തു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ഇ. ശ്രീധരന്റെ അറിയിപ്പ്. ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇനി കേന്ദ്ര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരളം.
കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ബാബു തോമസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ മാനേജരായി പ്രവർത്തിച്ചിരുന്ന ബാബു തോമസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്റിന് നൽകിയ പരാതിയാണ് പിന്നീട് പൊലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊൻകുന്നം സ്വദേശിയായ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് നടത്തിയത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
കന്യാസ്ത്രീകളടക്കം വനിതാ ജീവനക്കാർക്ക് പ്രതി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കേസ് പരിഗണിച്ച വേളയിൽ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും, അത് ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ട്രെയിൻ ഗതാഗതത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടരുതെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. പാളങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.
പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ സുരക്ഷാ വിഭാഗം അറിയിച്ചു. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി പ്രത്യേക സർക്കുലർ പുറത്തിറക്കി ജീവനക്കാർക്ക് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ–മനക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കട തുറക്കാൻ എത്തിയ ഉടമ ജയരാജൻ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടയുടെ വാതിൽക്കൽ തണുപ്പേറ്റ് വിറങ്ങലിച്ച നിലയിലായിരുന്നു കുഞ്ഞെന്ന് ജയരാജനും ഭാര്യ ഇന്ദുവും പറഞ്ഞു. തുണികൊണ്ട് പുതപ്പിച്ച ശേഷമാണ് പൊലീസിനെ അറിയിച്ചത്.
അതേസമയം, ജനുവരി 17ന് പൂണെ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ടുവയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരിനും ആലുവയ്ക്കുമിടയിൽ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്.
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചിരുന്നു.
മൂന്നാമതായി രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലാണ് ഈ മാസം 11ന് രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കായിരുന്നു റിമാൻഡ്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അന്വേഷണം തുടരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി വീണ്ടും അപേക്ഷ നൽകിയത്.
അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച കോടതി റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു. നിലവിൽ രാഹുൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്. ജാമ്യഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ടെന്നും അടുത്ത ബുധനാഴ്ച കോടതി വിധി പറയുമെന്നും അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചയിൽ ധാരണയായി. പ്രചാരണ സമിതി അധ്യക്ഷനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്നോട്ടു വയ്ക്കാനുള്ള നീക്കം ശക്തമാണ്. രാഷ്ട്രീയ അനുഭവവും സംഘടനാ നിയന്ത്രണ ശേഷിയും കൂടാതെ, സമുദായ സമവാക്യങ്ങൾ കണക്കിലെടുത്തുള്ള തീരുമാനമായാണ് ചെന്നിത്തലയ്ക്ക് മുൻഗണന നൽകുന്നതെന്ന വിലയിരുത്തലും ഉയരുന്നു.
മധ്യകേരളം കേന്ദ്രീകരിച്ചുള്ള സീറ്റുകളിൽ എൻഎസ്എസിന്റെ സ്വാധീനം നിർണായകമാണെന്ന വിലയിരുത്തലാണ് ഡൽഹി ചർച്ചയിൽ ഉയർന്നത്. എൻഎസ്എസുമായി സൗഹൃദ ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയെ മുന്നിൽ നിർത്തുന്നത് തെരഞ്ഞെടുപ്പിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ്. അതിനാലാണ് പ്രചാരണത്തിന്റെ മുഖമായി ചെന്നിത്തലയെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്.
ഇതിനിടെ ഡൽഹി യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടി. എറണാകുളത്തെ പരിപാടിയുമായി ബന്ധപ്പെട്ട അസന്തോഷമാണ് കാരണം. ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും കൂടുതൽ നിർണായക തീരുമാനങ്ങൾ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏകദേശം 10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഈ ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കി തുറമുഖം പൂർണ സജ്ജമാക്കാനാണ് പദ്ധതി. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തന ശേഷി നിലവിലുള്ളതിന്റെ അഞ്ചിരട്ടിയായി ഉയരും.
ഇതിനകം വിഴിഞ്ഞം തുറമുഖത്ത് 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. 2015ൽ ആരംഭിച്ച നിർമാണം 2024ൽ വാണിജ്യ പ്രവർത്തനത്തിലേക്ക് കടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെടെ നിരവധി വൻകപ്പലുകൾ വിഴിഞ്ഞത്ത് എത്തിയതോടെ തുറമുഖം രാജ്യത്തിന്റെ പ്രധാന കടൽ വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ വീണ്ടും യുഡിഎഫിലേക്കു കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കോൺഗ്രസ് കേരള നേതൃത്വത്തിന് രാഹുൽ ഗാന്ധിയുടെ നിർദേശം. ഡൽഹിയിൽ വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം രാഹുൽ വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രമേ മാനദണ്ഡമാക്കേണ്ടതുള്ളുവെന്നും ഹൈക്കമാൻഡ് നേതാക്കളോട് നിർദേശിച്ചു.
ജോസ് കെ. മാണി യുഡിഎഫിലേക്കു തിരിച്ചെത്തിയാൽ മധ്യകേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അതിനാൽ അദ്ദേഹത്തെ മുന്നണിയിലേക്കു തിരികെ കൊണ്ടുവരാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരളത്തിലെ നേതാക്കളോട് രാഹുൽ ആവശ്യപ്പെട്ടു. മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.
എന്നാൽ, ജോസ് കെ. മാണി എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ്. യുഡിഎഫിലേക്കുള്ള വാതിൽ ഇനി തുറക്കാനില്ലെന്നും, ഇടതുമുന്നണിയിൽ തുടരുന്നതിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആവർത്തിച്ചു പറഞ്ഞു. അതേസമയം, ജോസ് വിഭാഗം ഇല്ലാതെയും ക്രൈസ്തവ സമൂഹത്തിൽ യുഡിഎഫിന് മുന്നേറ്റം സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലും മുന്നണിക്കുള്ളിലുണ്ട്. ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം മുന്നണിയിലും പാർട്ടിയിലും ഭിന്നത സൃഷ്ടിക്കുമോയെന്ന ആശങ്കയും ചില നേതാക്കൾ ഉയർത്തുന്നുണ്ട്.