India

മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമാകും വാഹനങ്ങൾക്ക് പ്രവേശനം. ഒമ്പതാം വളവിൽ പാർക്കിങ് അനുവദിക്കില്ല. ചുരത്തിൽ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. ചെറിയ വാഹനങ്ങളാണ് കടത്തിവിട്ടത്. വെള്ളിയാഴ്ച വിശദ പരിശോധന നടത്തിയ ശേഷമാണ് ഗതാഗത നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്.

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. ഇന്ന് വൈകുന്നേരമാണ് സംഭവം. വയോധികരായ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.

വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾക്കടുത്തുനിന്ന് ചുറ്റികയും മറ്റൊരു ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് പിറകിൽ പൊട്ടുള്ളതായി കണ്ടെത്തി. ഇത് അടിയേറ്റ് വീണതാവാം എന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണ്. ഇതിന് ശേഷം മാത്രമാണ് കൊലപാതകമാണോ എന്ന് പറയാനാവൂ. സംസ്ഥാന മന്ത്രിസഭയിലെ മുതിർന്ന മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരീ പുത്രിയാണ് ശ്രീലേഖ. അതിനാൽ തന്നെ വളരെ ​ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. ഇന്ന് രാത്രി ഇവരുടെ മകൾ വിദേശത്ത് നിന്ന് എത്തുമെന്ന് വിവരം ലഭിച്ചിരുന്നു. അതിന് മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്.

അതേസമയം, ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റു തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവർ സരോഷ് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടിയ നിലയിലും മുറിയിൽ രക്തവും കണ്ടെന്നും ഡ്രൈവർ പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് രാത്രി 10 മണിക്ക് നൽകിയ മുന്നറിയിപ്പാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നെയ്യാറ്റിൻകരയിൽ തമിഴ്നാട് കൃഷ്ണഗിരിയില്‍ സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഘം അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പാറശ്ശാല പോലീസിന്റെ പിടിയിലായി. സംഭവത്തിന് പിന്നില്‍ ബ്ലാക്ക്‌മെയിലും, ക്വട്ടേഷനുമാണെന്ന് പോലീസ് വ്യക്തമാക്കി.

കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞായിരുന്നു ക്വട്ടേഷന്‍ നടത്തിയത്. ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം ചെങ്കല്‍ ഉദിയന്‍കുളങ്ങരക്ക് സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തി. പോലീസ് ലഹരി ഉണ്ടെന്ന സംശയത്തോടെ പരിശോധനയ്ക്കായി ചെന്നു.

പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിന്റെ അകത്ത് ഫാന്‍ കറങ്ങിയത് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തുനിന്ന് രക്ഷിക്കണമെന്ന് ശബ്ദംകേട്ടു. വയോധികരായ രണ്ട് കൃഷ്ണഗിരി സ്വദേശികളായിരുന്നു അകത്തുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറക്കാതിരിക്കാന്‍ മരക്കഷണങ്ങള്‍കൊണ്ട് തടസ്സമുണ്ടാക്കിയിരുന്നു.

പോലീസ് വാതില്‍ ചവിട്ടി തുറന്നു. കേരള കര്‍ണാടക- അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്ന രണ്ടുപേരെയാണ് അകത്ത് കണ്ടെത്തിയത്. ചങ്ങല കൊണ്ട് ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുെവച്ചത്. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകൾ കേരളത്തിലെ കമ്പനികൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.

ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതിൽ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ ഓർഡറുകൾ മുന്നിൽ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികൾ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.

അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറയുന്നതിനാൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്‌നാമും തായ്‌ലാൻഡും നേരത്തേ നൽകിയ ഓർഡറുകളിൽനിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാൽ, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.

കോടിക്കണക്കിനു രൂപ മുതൽമുടക്കി വാങ്ങിയ സമുദ്രോത്പന്നങ്ങൾ, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. കോവിഡിനെക്കാൾ കടുത്ത പ്രതിസന്ധിയാണ്‌ ഇപ്പോൾ മേഖല നേരിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളാണ് തട്ടിപ്പിനിരയായത്.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സെയ്ത് മുഹമ്മദ് അഭിലാഷില്‍നിന്ന് തട്ടിയെടുത്തത്. വൈക്കം പോലീസാണ് സെയ്ത് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായിരുന്നു.

നിലവില്‍ നിഫ്റ്റിയില്‍ 25000 ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 25 ശതമാനത്തിന് പുറമേ അധികമായി 25 ശതമാനം പിഴയായി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത് ഈ മാസം ആദ്യമാണ്. ഇതിന് ഓഗസ്റ്റ് 27 വരെ സമയവും അനുവദിച്ചിരുന്നു. സമയ പരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ വരുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്.

ബാങ്ക്, മെറ്റല്‍ സെക്ടറാണ് പ്രധാനമായി കൂപ്പുകുത്തിയത്. വോഡഫോണ്‍ ഐഡിയ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ സണ്‍ഫാര്‍മ, അദാനി എന്റര്‍പ്രൈസ്, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസയുടെ നഷ്ടത്തോടെ 87.78 എന്ന നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അധികമായി 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന അമേരിക്കന്‍ തീരുമാനം തന്നെയാണ് രൂപയെയും ബാധിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന പ്രഖ്യാപനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ടുമാസത്തിനുള്ളില്‍ ചേരാന്‍സാധ്യയുള്ളത് രണ്ടു സമ്മേളനങ്ങള്‍. പരമാവധി 25-30 ദിവസങ്ങള്‍. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ‘നിശ്ശബ്ദന്‍’ ആകും.

ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷിയോഗത്തിന് ക്ഷണിക്കില്ല. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.

പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്.

പൊതുകാര്യങ്ങള്‍ ഉന്നയിക്കാന്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാല്‍, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല.

പാര്‍ട്ടി അച്ചടക്കലംഘനത്തിന് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഒട്ടേറെപ്പേര്‍ എംഎല്‍എമാരായിരിക്കെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്. അതൊന്നും ധാര്‍മികതലത്തില്‍ ചോദ്യംചെയ്യപ്പെടുന്നതായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലും എംഎല്‍എ എന്നനിലയ്ക്ക് രാഹുലിന് പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരമാകും. സിപിഎമ്മും ബിജെപിയും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭപാതയിലാണ്. പാര്‍ട്ടിയുടെ സംരക്ഷണംകൂടി ഇല്ലാതാകുമ്പോള്‍ പ്രതിരോധിക്കുക അസാധ്യമാകും.

നിയമസഭാംഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള പ്രിവിലേജ് കമ്മിറ്റിക്ക് സമാനമായി അവരുടെ ഭാഗത്തുനിന്നുള്ള അധാര്‍മിക പെരുമാറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിയുണ്ട്. കമ്മിറ്റിക്ക് മുന്‍പാകെ എംഎല്‍എതന്നെ പരാതിപ്പെടണമെന്നില്ല. ആര്‍ക്കും പരാതി നല്‍കാം. നേരത്തെ ഗൗരിയമ്മയ്‌ക്കെതിരേയും കന്യാസ്ത്രീകള്‍ക്കെതിരേയും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി.സി ജോര്‍ജിനെ സമിതി രണ്ടുപ്രാവശ്യം താക്കീത് ചെയ്തിട്ടുണ്ട്.

യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനെന്നപേരില്‍ നടക്കുന്ന കോടികളുടെ പണപ്പിരിവ്‌ വന്‍ തട്ടിപ്പെന്നു കേന്ദ്രസര്‍ക്കാരിനു സംശയം. നിമിഷപ്രിയയ്‌ക്കു വേണ്ടി കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്ന്‌ അവകാശപ്പെട്ടു രംഗത്തുവരുന്ന കെ.എ. പോള്‍, ജേക്കബ്‌ ചെറുവള്ളി, സാമുവല്‍ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിലാണു കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്‌.

സാമൂഹികമാധ്യമങ്ങള്‍ വഴി കോടികളുടെ പണപ്പിരിവിനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. പണപ്പിരിവ്‌ തട്ടിപ്പാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചനനീക്കം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണു നിലവിലുള്ളതെന്നാണു വിവരം. കേന്ദ്ര സര്‍ക്കാരിന്‌ മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്നു മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്‌തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയശേഷം തുടര്‍നടപടികളില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌. ദയാധനം സംബന്ധിച്ചു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണു ഗ്ളോബല്‍ പീസ്‌ ഇനീഷ്യേറ്റീവ്‌ സ്‌ഥാപകന്‍ കെ.എ. പോള്‍ കടന്നുവന്നത്‌. നിമിഷപ്രിയയ്‌ക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ശക്‌തമായ ഇടപെടല്‍ നടത്തുമ്ബോള്‍ പോളിനു പിന്തുണ നല്‍കുന്ന സമീപനമാണു നിമിഷപ്രിയയുടെ ഭര്‍ത്താവ്‌ ടോമി സ്വീകരിക്കുന്നത്‌.

ഇതോടെ ‘സേവ്‌ നിമിഷപ്രിയ’ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിനെതിരേ നിലപാട്‌ സ്വീകരിക്കുന്ന ആളാണ്‌ പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍നിന്നു കാന്തപുരത്തേയും അഡ്വ. സുഭാഷ്‌ ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട്‌ പോള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.

ഇത്തരത്തില്‍ നിലപാട്‌ സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ്‌ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്‌തമാക്കുന്നത്‌.

RECENT POSTS
Copyright © . All rights reserved