India

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടും മുറിവേൽപ്പിച്ചു. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി.

കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പീഡനം സഹിക്കവയ്യാതെ 3 കുട്ടികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ യുവാവ് മരിച്ചു. നൂൽപ്പുവ കാപ്പാട് ഉന്നതിയിലെ മനു (45 )ആണ് മരിച്ചത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

കേരള തമിഴ്നാട് അതിർത്തിയായ നൂൽപ്പുഴയിൽ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പി കൈകൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

മൂന്നുപേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതില്‍ രണ്ടുപേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഒരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നാലെയാണ് കൂടുതല്‍ കരസേന ഉദ്യോഗസ്ഥര്‍ ആ മേഖലയിലേക്ക് എത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാന്‍ നാല് കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്‌സ് ബുക്ക് സൗഹൃദം കെണിയായി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിന്റെ കണ്ണീര്‍ കഥപറഞ്ഞ് അങ്ങോളം ഇങ്ങോളം കല്യാണം കഴിച്ചുനടന്ന വിരുതന്‍ പിടിയിലായത്.

കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെ കോന്നി പോലീസ് ആണ് അകത്താക്കിയത്.

താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരില്‍നിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് തന്ത്രം. തുടര്‍ന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും.

കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. അടുത്തുതന്നെ കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അര്‍ത്തുങ്കല്‍വെച്ച് കല്യാണവും കഴിച്ചു.

രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് തന്റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാന്‍ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിന്‍റെ മാതാപിതാക്കളും അറസ്റ്റിൽ. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്‍റെ അച്ഛൻ കുഞ്ഞുമോന്‍റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്‍റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ കിരണിന്‍റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാൻ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കിരണിന്‍റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലാണ് ദിനേശിന്റെ മരണം വൈദ്യുതാഘാതം ഏറ്റാണെന്ന് കണ്ടെത്തിയത്. സംശയത്തിന് അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അയൽവാസിയായ കിരൺ കുറ്റം സമ്മതിച്ചത്. അമ്മയും ദിനേശനുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കിരൺ അന്വേഷണസംഘത്തോട് പറഞ്ഞു. ഇലക്ട്രിക്ക് ജോലി അറിയുന്ന കിരൺ വീടിന്റെ പിൻഭാഗത്ത് ഒരുക്കിയ കെണിയിൽ ദിനേശൻ വീഴുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം പാടശേഖരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷവും പ്രതി കിരൺ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുമെല്ലം മുന്നിലുണ്ടായിരുന്നു. സംഭവത്തിൽ കിരണിനെ ഇന്നലെ പുന്നപ്രയിലെ വീട്ടിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന് മകൻ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ദിനേശൻ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റതാണ് മരണകാരണമെന്ന് മനസ്സിലായത്. തുടരന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അതേസമയം കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്നും റിപ്പോർട്ട്.

കിരണിൻ്റെ അമ്മയുടെ സുഹൃത്താണ് കൊല്ലപ്പെട്ട ​ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടീലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോ​ഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് മാറ്റിയ മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും റിപ്പോർട്ട്. നിലവിൽ പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്.

പഞ്ചാബില്‍ ആംആദ്മി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് അരവിന്ദ് കെജരിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 30 ഓളം എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന ആശങ്ക നിലനില്‍ക്കെയാണ് അരവിന്ദ് കെജരിവാള്‍ ചൊവ്വാഴ്ച യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹി തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പഞ്ചാബിലും എഎപിക്ക് അധികാരം നഷ്ടപ്പെടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്‌വ ആരോപിച്ചത്. പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി താന്‍ ഏറെ കാലമായി ബന്ധപ്പെട്ടു നില്‍ക്കുകയാണെന്നും അവര്‍ ആരും ഇനി തിരിച്ച് എഎപിയിലേക്ക് വരില്ലെന്നും ബജ്‍വ പറഞ്ഞു. ഇതിന് പിന്നാലെയാണ് കെജരിവാളിന്റെ തിരക്കിട്ട നീക്കം.

കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടിക്കുണ്ടായത്. 22 സീറ്റുകള്‍ മാത്രമാണ് എഎപിക്ക് നേടാനായത്. എന്നാല്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന എട്ട് സീറ്റുകളില്‍ നിന്ന് 48 സീറ്റുകളിലേക്ക് ഉയര്‍ന്ന് ഭരണം പിടിച്ചെടുത്ത ബിജെപി വലിയ മുന്നേറ്റമാണ് ഡല്‍ഹിയില്‍ കാഴ്ചവെച്ചത്.

പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്ത പാലും മുട്ടയും വാങ്ങുന്നതില്‍ ബില്‍തുകയില്‍ തട്ടിപ്പ് നടത്തി സ്‌കൂളിലെ പ്രധാനാധ്യാപിക കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്.

പാലും മുട്ടയും വിതരണത്തില്‍ തട്ടിപ്പ് നടത്തിയ എടവണ്ണ ജി.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണമെന്നാണ് ധനകാര്യ റിപ്പോര്‍ട്ട്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ പാലിന്റെയും മുട്ടയുടെയും കണക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.

പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 281 കുട്ടികളാണ് ഭക്ഷണ പരിപാടിയിലുള്ളത്. ഇവര്‍ക്ക് നല്‍കുന്ന പാലിന്റെയും മുട്ടയുടെയും കണക്കിലാണ് കള്ളക്കളി നടത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയ പാലിനേക്കാളും മുട്ടയേക്കാളും കൂടുതല്‍ വാങ്ങിയതായി കാണിച്ച്‌ കണക്ക് തയാറാക്കി. പാലില്‍ അധികമായി കൈപ്പറ്റിയ 71240 രൂപ, സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ബിന്ദുവില്‍നിന്നും ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ മുട്ടയുടെ എണ്ണവും കൂട്ടികാണിച്ചാണ് രജിസ്റ്റരില്‍ രേഖപ്പെടുത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയതിനേക്കാള്‍ അധികമായി കൈപ്പറ്റിയ 51,266 രൂപ പ്രധാനാധ്യാപിക കെ. ബിന്ദുവിനിന്നും തിരിച്ചടക്കണമെന്നാണ് റിപ്പോര്‍ട്ട്. പാല്‍, മുട്ട എന്നിവ വിതരണം നടത്തിയതില്‍ ക്രമക്കേട് നടത്തിയതിനു കെ. ബിന്ദുവിനെതിരെ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി വിവിധ ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ ബന്ധപ്പെട്ട പരിശോധന നടത്തിയത്. ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ 2022-23, 2023- 24 വര്‍ഷത്തെ ചെലവുകളുമായി ബന്ധപ്പെട്ട രേഖകള്‍, രജിസ്റ്ററുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ തുടങ്ങിയവയാണ് പരിശോധന നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ശരാശരി 40 ലിറ്റര്‍ പാലും 263 മുട്ടയും വിതരണം ചെയ്തതായി ബില്ല് സമര്‍പ്പിച്ചു. തുടര്‍ന്ന് അടുക്കളയും സന്ദര്‍ശിച്ച്‌ പാചകക്കാരുമായി സംസാരിച്ചപ്പോഴാണ് ബില്ലില്‍ രേഖപ്പെടുത്തിയ പാലും മുട്ടയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമായത്.

കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ഏകദേശം 40 ലിറ്റര്‍ പാല്‍ വീതം വാങ്ങിയതായി രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച്‌ ബില്ലുകള്‍ തുക ക്ലെയിം ചെയ്തു. എന്നാല്‍, ശരാശരി 25 ലീറ്റര്‍ പാല്‍ മാത്രമാണ് ഒരു ദിവസം കുട്ടികള്‍ക്കായി വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പാലിന്റെ അളവ് കൂടുതല്‍ കാണിച്ച്‌ തുക കൈപ്പറ്റിയതു സംബന്ധിച്ച്‌ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുണ്ടായിരുന്ന കെ. സാലിമ, പ്രധാനാധ്യാപിക കെ. ബിന്ദു എന്നിവരില്‍ നിന്നും വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിയുടെ ചെലവഴിച്ച തുക കൃത്യസമയത്ത് ലഭിക്കാത്തതും പാലോ മുട്ടയോ ഉള്ള ദിവസങ്ങളില്‍ കുട്ടിയൊന്നിന് 150 എം.എല്‍ പാലും ഒരു മുട്ടയും നല്‍കുന്നുവെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പാലും മുട്ടയും കഴിക്കാത്ത നിരവധി കുട്ടികള്‍ ഉണ്ട്. രജിസ്റ്ററില്‍ തെറ്റായ കണക്ക് കാണിക്കുന്നതെന്ന് കെ. സാലിമ അറിയിച്ചു. ഇക്കാര്യം പ്രധാനാധ്യാപികയായ കെ. ബിന്ദുവും സമ്മതിച്ചു.

മുട്ട നല്‍കേണ്ട ദിവസങ്ങളിള്‍ ശരാശരി 263 മുട്ട വീതം വാങ്ങിയതായി രജിസ്റ്ററില്‍ എഴുതി. എന്നാല്‍ എന്നാല്‍ 100 മുട്ട മാത്രമാണ് ഒരു ദിവസം ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുട്ട നല്‍കേണ്ട ദിവസങ്ങളില്‍ തോരന്‍ രൂപത്തില്‍ ഉച്ചഭക്ഷണത്തോടൊപ്പമാണ് മുട്ട നല്‍കിയിരുന്നത്. ഇത്തരത്തില്‍ ബില്ലില്‍ ക്ലെയിം ചെയ്യുന്നതിനെക്കാള്‍ ശരാശരി 163 മുട്ടയോളം കുറവാണ് യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്.

ഇതു സംബന്ധിച്ച വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിക്കായി ചെലവഴിക്കുന്ന തുകകള്‍ യഥാസമയത്ത് ലഭിക്കാറില്ലായെന്നും സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കഴിക്കാറില്ല എന്നും, ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണം എം.ഡി.എം സൈറ്റില്‍ ചേര്‍ക്കുമ്ബോള്‍ കുട്ടികളുടെ എണ്ണത്തിനാനുപാതികമായ മുട്ടകളുടെ എണ്ണം രജിസ്റ്ററില്‍ വരുന്നതാണ് മുട്ടയുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസത്തിന് കാരണം എന്നതാണ് ചുമതലയുള്ള അധ്യാപികയും പ്രധാനാധ്യാപികയും നല്‍കിയ വിശദീകരണം. എന്നാല്‍ മുട്ടയുടെ എണ്ണത്തിനനുസരിച്ച്‌ ബില്ലുകള്‍ തയാറാക്കി ആനുപാതികമായ തുക കൈപ്പറ്റുന്നത് അംഗീകരിക്കാവുന്നതല്ല. ഇതിനാല്‍ത്തന്നെ ഈ വിശദീകരണം അംഗീകരിക്കാവുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്.

എന്‍. ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിരേന്‍ സിങിന്റെ രാജി.

ഇംഫാലിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് ബിരേന്‍ സിങ് രാജിക്കത്ത് കൈമാറി. മന്ത്രിമാരും ബിജെപി എംഎല്‍എമാരും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്ന് രാവിലെ ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി അമിത് ഷായടക്കമുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനു മുകളിലായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് രാജിയിലേക്ക് നയിച്ചത്.

രാജ്യത്തൊട്ടാകെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാടാകെ കത്തിയെരിയുമ്പോഴും മുഖ്യമന്ത്രി ബിരേന്‍ സിങ് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെന്നായിരുന്നു വിമര്‍ശനം. നിരവധി വിദേശ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചിരുന്നു.

2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കുക്കി-മെയ്‌തേയി കലാപത്തില്‍ ഇതുവരെ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. നിരവധി പേര്‍ ഭവന രഹിതരായി. നൂറ് കണക്കിന് ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കി. അമ്പതിനായിരത്തോളം ആളുകള്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നല്‍കിയത്.

കല്‍ബുറഗിയിലെ ഗാസിപുർ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്.

മുപ്പത് വർഷം മുൻപാണ് ഉമാദേവിയും ഗാസിപൂർ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച്‌ വിവാഹം കഴിച്ചത്. അടുത്തിടെയായി ഭർത്താവിന് തന്നോട് താല്‍പര്യമില്ലെന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവ് അടുപ്പത്തിലാണെന്ന ധാരണ ഉമാദേവിക്ക് തോന്നുന്നത്.

ഇതിന് പിന്നാലെ വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹർ, സുനില്‍ എന്നിവർക്ക് ക്വട്ടേഷൻ നല്‍കുകയായിരുന്നു. ഓരോരുത്തർക്കും ഇതിനായി ഉമാദേവി അഡ്വാൻസും നല്‍കി. പിതാവിന് മർദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകൻ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.

എന്നാല്‍ ഭാര്യ ക്വട്ടേഷൻ നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയില്‍മോചിതയായാല്‍ ഉമാദേവിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നുമാണ് ആക്രമണത്തിനിരയായ വെങ്കടേഷ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനുവരി 18നായിരുന്നു 62കാരൻ ആക്രമിക്കപ്പെട്ടത്. അൻപതിനായിരം രൂപ വീതമാണ് 61കാരി ക്വട്ടേഷന് അഡ്വാൻസ് തുക നല്‍കിയത്. ബ്രഹ്‌മപുര പൊലീസാണ് കേസില്‍ 62കാരന്റെ ഭാര്യ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

RECENT POSTS
Copyright © . All rights reserved