ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി നിലമ്പൂരില്‍ എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തിയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ദിവസം പൂര്‍ണമായും പ്രിയങ്കാഗാന്ധി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. പി.വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. 23 ന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം. സ്വരാജും മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി പി.വി അന്‍വറുമാണ് പ്രധാനമായും മത്സരരംഗത്ത്.
ഒടുക്കം കോലി ചിരിച്ചു, ശ്രേയസ്സ് അയ്യര്‍ കണ്ണീരോടെ മടങ്ങി. അഹമ്മദാബാദില്‍ ഇതിഹാസതാരത്തിന് സ്വപ്‌നസാഫല്യം. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.
ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി. 19 പന്തില്‍ 24 റണ്‍സെടുത്താണ് താരം പുറത്തായത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എന്നാല്‍ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല്‍ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്തു.
എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറില്‍ വേണ്ടത് 55 റണ്‍സ്. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.
ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ കത്തിക്കയറിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ഒമ്പത് പന്തില്‍ നിന്ന് സാള്‍ട്ട് 16 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും വിരാട് കോലിയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. മായങ്കിന്റെ വെടിക്കെട്ടില്‍ ടീം ആറോവറില്‍ 55-ലെത്തി. പിന്നാലെ ചാഹല്‍ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്‍സെടുത്തു. അതോടെ ആര്‍സിബി 56-2 എന്ന നിലയിലായി.
നായകന്‍ രജത് പാട്ടിദാറാണ് പിന്നീട് ആര്‍സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. 11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.
മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170-കടന്നു. ലിവിങ്‌സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 190 റണ്‍സെടുത്തു. കൈല്‍ ജേമിസണും അര്‍ഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.
വയനാട് കൊളവയൽ മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ശരത്, വിഷ്ണു പ്രകാശ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ആക്രമിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.
കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒൻപത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും.
മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളില്‍ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളില്‍ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
മണ്‍സൂണ്‍ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്.
അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കാം.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്. മെയ് 24നാണ് കേരളത്തില്‍ മണ്‍സൂണ്‍ തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് എട്ട് ദിവസം കൊണ്ട് കേരളത്തില്‍ പെയ്തത് 440.1 ശതമാനം മഴ.
81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവില്‍ കിട്ടേണ്ടത്. കണ്ണൂരില്‍ പെയ്തത് 684.6 മി.മീ മഴ. 775% അധികം. സാധാരണ 88 മി.മീ മഴ കിട്ടേണ്ടിയിരുന്ന പാലക്കാട് പെയ്തത് 888% അധികം മഴ.
ആലപ്പുഴയിലും കൊല്ലത്തുമാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച് അല്‍പം കുറവ്. കാലവർഷം നേരത്തെ തുടങ്ങയെങ്കിലും ഇന്ന് മുതലുള്ള മഴയേ കണക്കില്‍പ്പെടുത്തൂ. ഈ ദിവസങ്ങളില്‍ പെരുംമഴയ്ക്ക് സാധ്യത കുറവാണ്.
കണ്ണൂർ, കാസർകോട് തീരമേഖലകളില്‍ മഴ ശക്തമായേക്കാം. മറ്റിടങ്ങളില്‍ ഇടനാടുകളിലും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടിലിലെയും മാറ്റങ്ങള്‍ അനുസരിച്ച് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കും. മത്സ്യതൊളിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.
താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.
കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു.
സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത് സജീവ പ്രവർത്തനമില്ല. ഏഴ്വർഷം കേരളാ കോൺഗ്രസ് ബി-യുടെ മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു. കേരളാ കോൺഗ്രസിൽ ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിൽനിന്ന് പിരിയുമ്പോൾ നമ്മുടേതായ നിലപാടുകളുണ്ടാകും. അതിനനുസരിച്ച് താൻ മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.
കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് അപകട നിലയില്‍. മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്‍മുടി ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.
മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവര്‍ഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നു. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 4 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളാണിത്.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പ് നൽകി കർണാടക സർക്കാർ.
കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.